SignIn
Kerala Kaumudi Online
Tuesday, 07 April 2026 10.35 PM IST

ജൻ വിശ്വാസ് ഭേദഗതി നിയമം

Increase Font Size Decrease Font Size Print Page
s

നിയമങ്ങളുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് മാറ്റമില്ലെങ്കിലും അതിന്റെ രൂപരേഖയും ചട്ടക്കൂടും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകേണ്ടതാണ്. ബ്രിട്ടീഷുകാർ ഭാരതത്തിനു നൽകിയ സംഭാവനകളിൽ ഏറ്റവും പ്രമുഖമായി ചൂണ്ടിക്കാണിക്കാറുള്ളത് ഭരണ സംവിധാനത്തിന്റെ തട്ടുകൾ ക്രമപ്രകാരം ചിട്ടപ്പെടുത്തി അതിനൊരു പ്രൊഫഷണൽ ഘടന നൽകി എന്നതാണ്. ബ്രിട്ടീഷുകാർ ഭരണ സംവിധാനത്തിന്റെ ചട്ടക്കൂട് ഒരുക്കിയത് അവരുടെ ഭരണം കാര്യപ്രാപ്തിയോടെ നടത്താനായിരുന്നു. അന്ന് ഒരു ചെറിയ കാര്യത്തിനു പോലും മുകളിലുള്ളവരുടെ രേഖാമൂലമുള്ള അനുമതി ആവശ്യമായിരുന്നു. ഒന്നാമത്,​ അവർ വിദേശികൾ ആയിരുന്നതിനാൽ താഴെ തട്ടിലെ ഓരോ ചലനവും മാറ്റവും മുകളിലുള്ളവരും അറിയണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. അന്നത്തെ ഒരേയൊരു ആശയവിനിമയ മാർഗം എഴുത്തുകുത്തായിരുന്നു. ഇന്നാകട്ടെ,​ കമ്മ്യൂണിക്കേഷന്റെ രീതികളിൽ വിപ്ളവകരമായ മാറ്റമാണ് വന്നിരിക്കുന്നത്.

പക്ഷേ,​ ബ്രിട്ടീഷുകാർ തുടങ്ങിവച്ച രീതികൾ ഇന്നും പൂർണമായും മാറിയിട്ടില്ല. ചുവപ്പുനാട എന്ന പ്രയോഗം തന്നെ അതിന്റെ ഭാഗമായി ഉടലെടുത്തതാണ്. ഇതൊക്കെ കാലാകാലങ്ങളിൽ മാറ്റി,​ ഭരണം സുഗമവും വേഗത്തിലുള്ളതും സുതാര്യവുമാക്കി മാറ്റുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കുന്നതിനാണ് ജനങ്ങൾ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. പക്ഷേ ഇന്നും നിലവിലുള്ള ഏതു നിയമം മാറ്റുമ്പോഴും ശക്തമായ എതിർപ്പുകൾ ഉയരാറുണ്ട്. നിലവിലുള്ളതിൽ നിന്നുള്ള ഏതു മാറ്റത്തെയും എതിർക്കുക എന്നത് മാറ്റത്തിന് വിധേയമാവാനുള്ള,​ മനുഷ്യനിൽ അന്തർലീനമായിട്ടുള്ള ഒരു വിമുഖതയെയാണ് പ്രതിഫലിപ്പിക്കുന്നത്. പക്ഷേ,​ ഭരിക്കുന്ന സർക്കാർ കൊണ്ടുവരുന്ന മാറ്റം ജനക്ഷേമത്തിന് ഉതകുന്നതാണെങ്കിൽ അത് സ്വീകരിക്കപ്പെടുകതന്നെ വേണം. അത്തരത്തിൽ ഒന്നാണ് 79 നിയമങ്ങളിലെ 784 വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചുകൊണ്ട് പാർലമെന്റ് പാസാക്കിയ ജൻ വിശ്വാസ് ഭേദഗതി ബിൽ.

ഇതോടെ മോട്ടോർ വാഹന നിയമങ്ങളിൽ ഉൾപ്പെടെ ചെറിയ കുറ്റങ്ങൾക്ക് തടവുശിക്ഷ ഇനി ഒഴിവാകും. പഴയകാലത്ത് മോട്ടോർ വാഹനങ്ങളുടെയും അതുമായി ബന്ധപ്പെട്ട കേസുകളുടെയും എണ്ണം വളരെ പരിമിതമായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഒരു ദിവസം തന്നെ ട്രാഫിക് ലംഘനം ഉൾപ്പെടെ,​ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കേസുകളാണ് ഉണ്ടാകുന്നത്. പഴയ നിയമം അനുസരിച്ച് ഇതെല്ലാം എഴുത്തുകുത്തിലൂടെ കൈകാര്യം ചെയ്യുന്നത് നിയമം പാലിക്കാൻ ബാദ്ധ്യസ്ഥരായവർക്കും നിയമം ലംഘിക്കുന്നവർക്കും ഒരുപോലെ സങ്കീർണമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നവയാണ്. ഇത്തരം അഞ്ച് കോടിയിൽപ്പരം കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇവ അതിവേഗം തീർപ്പാക്കുന്നതിന്റെ കൂടി ഭാഗമായാണ് ബിൽ കൊണ്ടുവന്നതെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. കോടതികളുടെ ഭാരം കുറയ്ക്കുക, കാലഹരണപ്പെട്ട ചട്ടങ്ങൾ നീക്കുക എന്നിവയാണ് ഈ ഭേദഗതിയുടെ ലക്ഷ്യം.

കുറ്റം ചെറുതാണെങ്കിലും ആവർത്തിച്ചാൽ കൂടുതൽ പിഴ നൽകേണ്ടിവരും. നിലവിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ ഒരു ദിവസം വൈകിയാലും കുറ്റമാണ്. ഇനി മുതൽ കാലാവധി കഴിഞ്ഞും 30 ദിവസത്തേക്ക് ലൈസൻസിന് സാധുതയുണ്ടാകും. അതുപോലെ,​ ട്രെയിനിൽ റിസർവ് ബർത്ത് കൈയടക്കിയാൽ കേസില്ല. പകരം 1000 രൂപ വരെ പെനാൽറ്റി അടയ്ക്കേണ്ടിവരും. 317 കേസുകളിലാണ് ക്രിമിനൽ കേസ് ഒഴിവാക്കി പിഴ മാത്രമാക്കിയത്. അതുപോലെ 29 വകുപ്പുകളിലെ തടവുശിക്ഷ ഒഴിവാക്കി. 63 വ്യവസ്ഥകളിൽ,​ കുറ്റം ആദ്യമെങ്കിൽ താക്കീത് മാത്രം നൽകി വിട്ടയയ്ക്കും. ചുരുക്കിപ്പറഞ്ഞാൽ ഭരണപരമായ നടപടിക്രമങ്ങൾ കുറയ്ക്കാനും കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കാനും ജൻ വിശ്വാസ് ഭേദഗതി നിയമം വളരെ സഹായകമാകും എന്നു കരുതാം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.