SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.24 PM IST

വിനോദയാത്രകളിൽ നല്ല ജാഗ്രത വേണം

Increase Font Size Decrease Font Size Print Page
s

ജീവജാലങ്ങളിൽ ചലനശേഷിയുള്ളവയെല്ലാം സഞ്ചാരം ഇഷ്ടപ്പെടുന്നു. പൊതുവേ മനുഷ്യരുടെ പ്രകൃതവും അങ്ങനെയാണ്. യാത്രകൾക്ക് പ്രായ - ദേശ ഭേദമില്ല. ജീവിതസംഘർഷങ്ങൾക്കും സങ്കീർണതകൾക്കും വലിയ ആശ്വാസമാണ് യാത്രകൾ. ദീർഘനാളത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകൾക്കും ശേഷമാകും ഒരു യാത്ര തരപ്പെടുക. ആ സമയം മനസും ശരീരവും അനുഭവിക്കുന്ന ആഹ്ളാദത്തിനും ഉന്മേഷത്തിനും അതിരുണ്ടാവില്ല. അങ്ങനെയുള്ള യാത്രകൾ ഓർമ്മയിൽ നിത്യഹരിതമായി ശേഷിക്കും. നിർഭാഗ്യവശാൽ ചില വിനോദയാത്രകൾ ഒരുനിമിഷം കൊണ്ട് തീരാനോവായി മാറിയെന്ന് വരാം. വിനോദയാത്രയ്ക്കിടയിൽ പതിനഞ്ചുകാരിയായ ശ്രീനന്ദയ്ക്കുണ്ടായ ദുരന്തത്തിന്റെ നൊമ്പരം കേരളത്തിന്റേതുമായി മാറി.

എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടയിലാണ് കടമ്പഴിപ്പുറം പുന്നാംപറമ്പ് ക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിലുളള വിനോദയാത്രയിൽ കുടുംബസമേതം ശ്രീനന്ദയും പങ്കെടുത്തത്. മൊത്തം നാല്പതുപേർ സംഘത്തിലുണ്ടായിരുന്നു. ചിക്കമഗളൂരു മാണിക്യധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്താണ് ശ്രീനന്ദയെ കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് 5.20ന് കുടുംബത്തോടൊപ്പമെടുത്ത ഫോട്ടോയിൽ ശ്രീനന്ദ പിറകിൽ നിൽക്കുന്നുണ്ട്. എന്നാൽ 5.35ന് എടുത്ത ഫോട്ടോകളിൽ കുട്ടിയെ കാണാനില്ല. ഈ പതിനഞ്ചു മിനിട്ടിനുള്ളിൽ എന്തു സംഭവിച്ചു എന്നത് സ്വാഭാവികമായും പല ആശങ്കകൾക്കും ദുരൂഹതകൾക്കും ഇടയാക്കി.

ശ്രീനന്ദയെ അവസാനമായി കണ്ട സ്ഥലത്തിന് എതിർവശത്തു നിന്നാണ് മൃതദേഹം നാലുദിവസത്തിനുശേഷം കണ്ടെത്തിയത്. നിരവധി ഭിക്ഷക്കാരും തെരുവിലുറങ്ങുന്നവരും ഈ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ട്. നിരവധി വാഹനങ്ങൾ ടൂറിസ്റ്റുകളുമായി വന്നുപോകുന്ന സ്ഥലവുമാണ്. ഇതെല്ലാം ആശങ്കകളുടെ ആഴം കൂട്ടി. തങ്ങൾക്കൊപ്പമുണ്ടായിരുന്ന മകളുടെ തിരോധാനം രക്ഷിതാക്കളിൽ പല സംശയങ്ങളും സൃഷ്ടിച്ചിരിക്കാം. കൂടുതൽ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടത് സ്വാഭാവികമാണ്. ശ്രീനന്ദ കൂട്ടുകാരികൾക്കൊപ്പം അവസാനമെടുത്ത സെൽഫിയിലും ഉല്ലാസവതിയാണ്. വ്യൂ പോയിന്റിൽ നിന്ന് താഴേക്കുവീണതാണെന്നും അപകട മരണമാണെന്നും കർണാടക പൊലീസ് ഉറപ്പിക്കുന്നു. പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ടുകളിൽ നിന്ന് ആശങ്കകൾ ദൂരീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

വിനോദയാത്രകൾ മനസിന് ചിറകുകൾ നൽകുമെന്ന് പറയാറുണ്ട്. ആ സമയത്ത് യാത്രക്കാർ മറ്റെല്ലാം മറന്ന് കാഴ്ചകളിൽ ലയിക്കുന്നു. നിൽക്കുന്ന സ്ഥലത്തിന്റെ അപകട സാദ്ധ്യതകളും മുന്നറിയിപ്പുകളും അപ്പോൾ ചിന്തിച്ചെന്നുവരില്ല. ഈ തക്കം നോക്കിയാകും അപകടങ്ങളും ദുരന്തങ്ങളും കടന്നുവരിക. കൗമാരപ്രായക്കാരുടെ ഉള്ളിൽ പതിയിരിക്കുന്ന സാഹസിക ഭ്രമം തലപൊക്കാനും ഇടയുണ്ട്. തന്നെപ്പോലെ കൂടെയുള്ള എല്ലാവരുടെയും സുരക്ഷയിൽ ജാഗ്രത പുലർത്തേണ്ട ഘട്ടം കൂടിയാണിത്. പല പ്രകൃതിസുന്ദരമായ സ്ഥലങ്ങളുടെയും മറുഭാഗത്ത് ദുരന്തങ്ങൾ ഒളിച്ചിരിപ്പുണ്ടാകും. അതു സൂചിപ്പിക്കുന്ന ബോർഡുകൾ ഇല്ലാത്ത സ്ഥലങ്ങളുമുണ്ട്. ആവശ്യത്തിനുള്ള സുരക്ഷാസംവിധാനവും ഗാർഡുകളും കണ്ടെന്നുവരില്ല. ദൂരസ്ഥലങ്ങളിൽ നിന്നുവരുന്ന വിനോദസഞ്ചാരികൾക്ക് ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് ഒരു പിടിയുമുണ്ടാകില്ല. രാത്രിയും പകലും സഞ്ചാരികൾ പ്രവഹിക്കുന്ന സ്ഥലത്ത് സുരക്ഷ ഏർപ്പാടാക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണ്. ശ്രീനന്ദ കാണാതായതും പട്ടാപ്പകലാണ്. ഇത്രയധികം സഞ്ചാരികൾ എത്തുന്ന മാണിക്യധാരയിൽ ഒരു അത്യാഹിതം സംഭവിക്കുന്നത് ആരുടെയും കണ്ണിൽ പെടാത്തതും നിർഭാഗ്യകരം തന്നെ.

കടമ്പഴിപ്പുറം രമേശ് - രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദയുടെ പുഞ്ചിരിക്കുന്ന മുഖം ആരുടെയും മനസിൽ നിന്ന് പെട്ടെന്നു മാഞ്ഞുപോകുന്നതല്ല. ആഹ്ളാദനിമിഷങ്ങൾക്കിടയിലെ അകാല വിയോഗം രക്ഷിതാക്കൾക്കും ഉറ്റവർക്കും താങ്ങാവുന്നതിനും അപ്പുറമാണ്. ശ്രീനന്ദയ്ക്കുണ്ടായ ദുര്യോഗം അധികൃതരുടെയും യാത്രകൾ നടത്തുന്നവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. യാത്രകളെക്കാളും കാഴ്ചകളെക്കാളും വിലപ്പെട്ടതാണ് മനുഷ്യജീവൻ എന്ന് സദാ ഓർക്കണം. സുന്ദരമായ സ്ഥലങ്ങൾക്കിടയിൽ ചതിക്കുഴികളും അപകടക്കെണികളും പതിയിരിപ്പുണ്ടെന്ന് മറക്കരുത്. മദ്ധ്യവേനലവധിക്കാലം തുടങ്ങിക്കഴിഞ്ഞു. ഇനിയുള്ള ഒന്നര മാസം പൊതുവെ യാത്രകളുടെ സമയമാണ്. ഓരോ യാത്രയിലും പങ്കെടുക്കുന്ന എല്ലാപേരും സ്വന്തം സുരക്ഷയും സഹയാത്രികരുടെ സംരക്ഷണവും ഉറപ്പാക്കണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.