SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

തെരുവുനായ്‌ക്കളുടെ ദയാവധം

a

അഭിരാമിയുടെ അമ്മ നടത്തിയ പോരാട്ടത്തിന്റെ കൂടി ഫലമാണ് തെരുവുനായ്‌ക്കൾക്ക് ദയാവധമാകാം എന്ന സുപ്രീംകോടതിയുടെ വിധി. നാലുവർഷം മുൻപ് തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ പന്ത്രണ്ട് വയസുള്ള മകളെ നഷ്ടപ്പെട്ട അഭിരാമിയുടെ അമ്മ രജനിയും സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേർന്നിരുന്നു. ആക്രമണകാരികളായ തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാമെന്ന പൊതുതാത്‌പര്യം ഉയർത്തിപ്പിടിക്കുന്ന ഉന്നത കോടതിയുടെ വിധി രജനിയെപ്പോലെ, അപകടകാരികളായ നായ്‌ക്കളുടെ കടിയേറ്റ നിരവധി കുട്ടികളുടെ അമ്മമാർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. അപകടകാരികളായ തെരുവുനായ്‌ക്കളെ പിടികൂടി എ.ബി.സി ഷെൽട്ടറിൽ അടയ്ക്കണമെന്നും ഓരോ ജില്ലയിലും ഇത്തരത്തിലുള്ള ഒരു കേന്ദ്രമെങ്കിലും വേണമെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി.അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.

തെരുവു‌നായ്‌ക്കളെ കൊല്ലാൻ പാടില്ലെന്ന നിയമം കാരണം മുൻപ് നായ്‌ക്കളെ പിടികൂടി മരുന്ന് കുത്തിവച്ച് കൊല്ലുമായിരുന്ന തദ്ദേശ സ്ഥാപനങ്ങൾ ഒന്നും ചെയ്യാതെ മാറിനിന്നു. നായ്‌ക്കളുടെ കടിമൂലം പൊറുതിമുട്ടുന്ന നാട്ടുകാരെങ്കിലും നായ്‌ക്കളെ കൊന്നാൽ അവരെ പിടിച്ച് ജയിലിലിടുകയും ചെയ്തിരുന്നതിനാൽ അക്രമകാരികളായ നായ്‌ക്കളുടെ ശല്യം പതിന്മടങ്ങ് വർദ്ധിക്കുകയാണ് ഉണ്ടായത്. ദയാവധത്തിനടക്കം പ്രവർത്തിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർക്കെതിരെ ഇനിമുതൽ എഫ്.ഐ.ആറോ ക്രിമിനൽ നടപടികളോ പാടില്ല. പൊതുയിടങ്ങളിൽ നിന്ന് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കണം. അതേസ്ഥലത്ത് അവയെ തിരിച്ചുവിടാൻ പാടില്ല. ഈ ഉത്തരവ് പിൻവലിക്കണമെന്ന നായ് പ്രേമികളുടെയും മൃഗാവകാശ സംഘടനകളുടെയും ഹർജികൾ സുപ്രീംകോടതി തള്ളുകയും ചെയ്തു. രാജ്യത്തെ പിഞ്ചുകുഞ്ഞുങ്ങൾക്കും മുതിർന്ന പൗരന്മാർക്കും പുറമെ വിദേശികൾക്കു പോലും നായ്‌ക്കളുടെ കടിയേൽക്കുന്നുണ്ട്. ഈ യാഥാർത്ഥ്യം അവഗണിക്കാനാവില്ല.

ഭാഗ്യമുണ്ടെങ്കിൽ രക്ഷപ്പെടാമെന്ന സാഹചര്യം അനുവദിച്ചുകൊണ്ട് ഭരണകൂടത്തിന് മൂകസാക്ഷിയായി തുടരാനാകില്ലെന്ന കോടതിയുടെ പരാമർശം ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായം കൂടിയാണ്. എ.ബി.സി ചട്ടം തുടക്കത്തിലേ സംസ്ഥാനങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം ഉണ്ടാകില്ലായിരുന്നു എന്ന കോടതിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയേണ്ടത് അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ പാടില്ല എന്ന നിയമത്തിലൂടെയല്ല. ഇന്ത്യയെ പോലെ വന വൈവിദ്ധ്യവും ജനസംഖ്യയും ഉള്ള ഒരു രാജ്യത്ത് അത് പ്രായോഗികവുമല്ല. വന്ധ്യംകരണത്തിലൂടെ നായ്‌ക്കളുടെ എണ്ണം കുറയ്ക്കുന്നത് പരാജയപ്പെട്ട ഒരു പദ്ധതിയായി മാറുകയും ചെയ്തിരുന്നു. ഇനി ഏതെങ്കിലും നായ്ക്കളെ കൊല്ലാൻ പാടില്ലെന്നുണ്ടെങ്കിൽ മൃഗസ്നേഹികൾ അവയെ ദത്തെടുത്ത് അവരുടെ ചെലവിൽ പാർപ്പിക്കാൻ തയ്യാറാകണം. അതിന് അവർ തയ്യാറുമല്ല. സർക്കാരിന്റെ ചെലവിൽ മൃഗസ്നേഹം ഉറപ്പാക്കുന്ന ഈ നിലപാടാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞിരിക്കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ തദ്ദേശസ്ഥാപനങ്ങളും വിട്ടുവീഴ്ചയില്ലാതെ പാലിച്ചാൽ തെരുവുനായ്ക്കളുടെ ഭീഷണി പ്രശ്നത്തിൽ നിന്ന് നാടിന് രക്ഷപ്പെടാം.

2012ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2,54,120 തെരുവുനായ്‌ക്കൾ ഉണ്ടെന്നാണ് തദ്ദേശ വകുപ്പിന്റെ കണക്ക്. അത് ഇപ്പോൾ അഞ്ച് ലക്ഷത്തിൽ കൂടുതലാകുമെന്നാണ് ഉൗഹിക്കുന്നത്. കഴിഞ്ഞവർഷം മാത്രം മൂന്നര ലക്ഷത്തിലേറെപ്പേർക്ക് നായ്‌ക്കളുടെ കടിയേൽക്കുകയുണ്ടായി. 33 പേർ പേവിഷബാധയേറ്റ് മരണമടയുകയും ചെയ്തു. ഈ വർഷം ഇതിനകംതന്നെ 9 പേർ പേവിഷബാധയേറ്റ് മരണമടഞ്ഞു. കേരളത്തിൽ മാത്രം തെരുവുനായ്‌ക്കളുടെ പ്രശ്നം എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. കേരളത്തിൽ മാത്രമല്ല രാജ്യമെങ്ങും സമാനമാണ് സ്ഥിതി. ഡൽഹിയിലെ തെരുവുനായ ശല്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജൂലായിൽ സ്വമേധയാ എടുത്ത കേസിലാണ് അക്രമി നായ്‌ക്കളെ കൊല്ലാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നായ്‌ക്കളുടെ കടിയേൽക്കുമെന്ന് ഭയക്കാതെ സഞ്ചരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിൽപ്പെടുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY