
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിപത്താണ് ലഹരി. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ അണിനിരത്തുക എന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സഭ ജൂൺ 26ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office On Drug and Crime) എന്ന ഘടകമാണ് ലഹരി വിരുദ്ധദിനാചരണം ഏകോപിക്കുന്നത്.1987 ജൂൺ 17 -26ന് ഓസ്ട്രിലിയയിലെ വിയന്നയിൽ നടന്ന ഉച്ചകോടിയിലാണ് ലഹരിക്കെതിരായുള്ള ഒരു ദിനാചരണത്തിന്റെ ആവശ്യം ഉന്നയിച്ചത്. തുടർന്ന് ഐക്യ രാഷ്ട്രസഭ ഡിസംബർ 7ന് പുറപ്പെടുവിച്ച 42/112 എന്ന പ്രമേയത്തിലുടെയാണ്, 1989 മുതൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം തുടങ്ങിയത്. മുപ്പത്തിയേഴാം ദിനാചരണമാണ് ഈ വർഷം നടക്കുന്നത്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് യുവാക്കളിലെ ലഹരി ഉപയോഗം. മലയാളിയെ മദ്യാസക്തിയും മയക്കു മരുന്നുകളുടെ ഉപയോഗവും ലഹരി വസ്തുക്കളുടെ ഉപയോഗവും സാമൂഹ്യ തിന്മയിലേക്ക് കൊണ്ടെത്തിക്കുന്ന ഒരു സാമൂഹ്യ യാഥാർത്ഥ്യത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. മാറി മാറി വരുന്ന സംസ്ഥാന സർക്കാരുകൾ അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ നേരിടുന്നത്. കഴിഞ്ഞ കുറേ വർഷമായി ഒട്ടേറെ ലഹരി നിർമ്മാർജന പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്. പുതിയ യു.ഡി.എഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ആദ്യം നടപ്പാക്കിയ പദ്ധതികളിൽ ഒന്ന് ഓപ്പറേഷൻ തൂഫാനാണ്. ലഹരിയെ തുടച്ചുനീക്കാനുള്ള പ്രവർത്തനമാണ് ഓപ്പറേഷൻ തൂഫാൻ ലക്ഷ്യമിടുന്നത്.
സർക്കാരിനൊപ്പം കൈകോർക്കാം
ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തിൽ കഴിഞ്ഞ പത്ത് വർഷമായി ഭീഷണിയായി വളർന്നിട്ടുണ്ട്. ലഹരി ഉപയോഗത്തിൽ പുതിയ രീതികൾ ഉണ്ടാകുന്നുവെന്നതാണ് നിലവിലുള്ള ഗുരുതരമായ പ്രതിസന്ധി. ലഹരി നമ്മുടെ സംസ്ഥാനത്തോ രാജ്യത്തോ മാത്രം ഒതുങ്ങുന്ന വിഷയമല്ല എന്ന കാര്യം കൂടി പരിഗണിക്കണ്ടതുണ്ട്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെയും ലഹരി വിരുദ്ധ പ്രവർത്തനം വലിയ ചലനം കുട്ടികളിലും പൊതുജനങ്ങളിലും സൃഷ്ടിച്ചിട്ടുണ്ട്. സമീപനാളുകളിൽ ലഹരിക്കടത്തും വില്പനയും പിടിക്കപ്പെടുന്നതിന്റെ അളവ് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇത് സർക്കാർ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായാണ്. എക്‌സൈസും പൊലീസും ഏകോപിതമായി ലഹരിമരുന്നു വേട്ട നടത്തുന്നുണ്ട്.
ലഹരിയുടെ മാറുന്നലോകം
നാം കണ്ടു ശീലിച്ച സാമ്പ്രദായിക ലഹരിയുപയോഗമൊക്കെ കാണാമറയത്താകുകയും ലഹരിയുടെ മേച്ചിൽപ്പുറങ്ങൾ മാറി മറിയുകയും ചെയ്തിരിക്കുന്നു. മദ്യപാനം,പുകവലി,പുകയിലയുത്പന്നങ്ങളുടെ ഉപയോഗമെന്നിവയൊക്കെ കുടുംബാംഗങ്ങൾക്ക് കണ്ടുപിടിക്കാൻ പ്രയാസമെങ്കിലും ഒരു പരിധിവരെ സാദ്ധ്യമാണ്. എന്നാൽ ഇപ്പോൾ വിപണിയിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന പുതിയ ലഹരികളുടെ ഉപയോഗ ക്രമം, സൂചനകൾ പോലുമില്ലാത്ത വിധം കൈകാര്യം ചെയ്യാൻ നമ്മുടെ പുതിയ തലമുറ പഠിച്ചു കഴിഞ്ഞിരിക്കുന്നു. നാവിനടിയിൽ ഒട്ടിക്കാവുന്ന സ്റ്റിക്കറുകളായും നഖത്തിനിടയിൽ പോലും തിരുകി വെയ്ക്കാവുന്ന സിന്തറ്റിക് മയക്കുമരുന്നായും അവ വിപണിയിൽ സുലഭമായുണ്ട്. കിലോഗ്രാമുകളിൽ വാർത്തകളായിരുന്ന റെയ്ഡു വിവരങ്ങൾ, ഗ്രാമിലേക്കും മില്ലിഗ്രാമിലേക്കും മാറിയതൊക്കെ പുതിയ കാലത്തിന്റെ സവിശേഷതകൂടിയാണ്.
പുതിയ കാലഘട്ടത്തിന്റെ സിന്തറ്റിക് ലഹരിയുപയോഗം കണ്ടുപിടിക്കാൻ പ്രയാസമാണ്. അവയുടെ സൂചനകളൊക്കെ സാധാരണ കുടുംബാംഗങ്ങളുടെ കൈപ്പിടിയിലൊതുങ്ങുന്നതുമല്ല. അതുകൊണ്ടുതന്നെ, ലഹരിയുപയോക്താക്കൾ പൊതുവിൽ പ്രകടമാക്കാറുള്ള ലക്ഷണങ്ങളെപ്പറ്റി അത്യാവശ്യ അവബോധം നേടുന്നത് ഇക്കാര്യം മുളയിലേ തിരിച്ചറിയാനുള്ള സാദ്ധ്യതയായും കുടുംബാംഗങ്ങൾ കാണേണ്ടതുണ്ട്. ഇത് സ്വാഭാവികമായും അവരുടെ നിങ്ങൾ എന്നെ ചുമ്മാ സംശയിക്കുകയാണ് എന്ന പ്രതിരോധത്തെ കൃത്യമായി തടയിടാനും സാധിക്കും.
മടങ്ങണം കുടുംബങ്ങളിലേക്ക്
കുട്ടികളെ സ്‌നേഹിക്കുന്നതോടൊപ്പം സ്‌നേഹം അവരെ ബോദ്ധ്യപ്പെടുത്തുന്ന രീതിയിൽ സ്‌നേഹിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുകയെന്നതിനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടത്. കുടുംബാംഗങ്ങളുമായി സംസാരിക്കാൻ കുടുംബങ്ങളിൽ സാഹചര്യമൊരുക്കണം. കുട്ടികളിൽ സമ്മർദം ചെലുത്തുന്ന രക്ഷിതാക്കളുടെ പ്രതിനിധികളാകാതെ അവരെ പ്രോത്സാഹിപ്പിക്കുകയും വീഴ്ചകളിൽ കൈ പിടിച്ചെഴുന്നേല്പിക്കുകയും ചെയ്യുന്ന നല്ല മാതൃകകൾ നൽകുന്ന മാതാപിതാക്കളാകുകയെന്നതാണ് പ്രധാന പോംവഴി. മക്കളെ സഹഗമിക്കുന്ന അവരുടെ സുഹൃത്തുക്കളിലെ നെല്ലും പതിരും തിരിച്ചറിയുന്ന അവരിലെ ആത്മവിശ്വാസം വളർത്തുന്ന മക്കളോട് വൈകാരികമായി അടുപ്പം പുലർത്തുന്ന രക്ഷിതാക്കളാവുകയെന്നതും ഉചിതമാണ്.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മാതാപിതാക്കളോട് സംസാരിക്കുമ്പോൾ ബഹുഭൂരിപക്ഷവും പറയുക എന്റെ മകൻ മകൾ അതു ചെയ്യില്ലെന്നാണ്. ഇതോടൊപ്പം അവരുടെ കൈയ്യിലൊന്നും അതിനുള്ള പണമില്ലെന്നുകൂടി അവർ കൂട്ടിചേർക്കും. മക്കളെ സുഹൃത്തുക്കളായി കാണുന്ന മാതാപിതാക്കളുടെയെണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ പറ്റിക്കപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതു കരുതി സംശയദൃഷ്ടിയോടെ അവരെ നോക്കി കാണണമെന്നല്ല മറിച്ച് അവരെ ചേർത്തു നിറുത്തുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്നോർമ്മിപ്പിക്കുന്നുവെന്നു മാത്രം.
ലഹരിയുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ
മക്കളോ നാമറിയുന്നവരോ ലഹരിക്കടിമപ്പെട്ടിട്ടുണ്ടെന്നു ബോദ്ധ്യപ്പെട്ടാൽ അവരെ ഒറ്റപ്പെടുത്തുകയോ തെറ്റുകാരായി മുദ്രകുത്തുകയോ ചെയ്യുകയല്ല പോംവഴി. ആകുലത പ്രകടിപ്പിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാതെ, സമചിത്തതയോടും ഉത്തരവാദിത്തബോധത്തോടും പ്രശ്നം കൈകാര്യം ചെയ്യണം. കുട്ടികൾ അവരുടെ മാനസിക സംഘർഷങ്ങൾ അവരുടെ സംസാരം, പെരുമാറ്റം എന്നിവയിലൂടെ സ്വാഭാവികമായും പ്രകടിപ്പിക്കും. അതു ഗൗരവത്തോടെ കണ്ട് അവയെ ലഘൂകരിക്കുകയും ബോധത്തോടെയുള്ള ശ്രമങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയും സമ്മർദങ്ങൾ കുറയ്ക്കുകയും ചെയ്യണം.
നമ്മുടെ പരിധിക്കപ്പുറമാണ് കാര്യങ്ങളെങ്കിൽ കൗൺസിലിഗുൾപ്പടെയുള്ള സംവിധാനങ്ങളും മറ്റു ചികിത്സകളും ലഭ്യമാക്കണം. വിദ്യാലയങ്ങളും സന്നദ്ധ സംഘടനകളും കേന്ദ്രീകരിച്ച്, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പ്രായോഗിക തലത്തിലെത്തിക്കേണ്ടതുണ്ട്.
സൂക്ഷ്മം നിരീക്ഷിച്ചാൽ ഇന്നത്തെ ലഹരിയുടെ അടിമകളിൽ ബഹുഭൂരിപക്ഷവും ഒരു പഫിന്റെ സിപ്പിന്റെ ഡ്രിപ്പിന്റെയൊക്കെ ആകാംക്ഷയുടെ ജീവിക്കുന്ന ഇരകളാണ്. ലഹരിയുണ്ടാക്കുന്ന ഏതൊരു ആസക്തിയെയും കൃത്യമായ ഇടപെടലുകളിലൂടെയും സൗഹാർദ്ദ സഹവർത്തിത്വത്തിലൂടെയും മാറ്റിയെടുക്കാവുന്നതേയുള്ളു. അതിനുള്ള പക്വത നാം ആർജിച്ചെടുക്കണമെന്നു മാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |