
ഇന്ത്യയിലെ ജയിലുകളിൽ തടവുകാരുടെ എണ്ണം താങ്ങാവുന്നതിലും അധികമായി ഉയർന്നിരിക്കുന്നു. ദേശീയ ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ മൊത്തം 1,333 ജയിലുകളാണ് ഉള്ളത്. 4.53 ലക്ഷം തടവുകാർക്ക് കഴിയാനുള്ള സൗകര്യമുണ്ട്. ഇപ്പോൾ തന്നെ ഇത്രയും ജയിലുകളിൽ കഴിയുന്നവരുടെ എണ്ണം 5.11 ലക്ഷമാണ്. തടവുകാരുടെ എണ്ണം കൂടുന്നത് ജയിലുകളിൽ പലവിധ സംഘർഷങ്ങൾക്കും ഇടയാക്കുന്നതായി ഇതുസംബന്ധിച്ച പാർലമെന്ററി കമ്മിറ്റി ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ജയിലുകളിൽ വിചാരണത്തടവുകാരുടെ എണ്ണം കൂടുന്നതാണ് സ്ഥലപരിമിതിയുടെ പ്രശ്നം രൂക്ഷമാക്കുന്നത്. സുരക്ഷയുടെ കാര്യത്തിലും പഴയ കെട്ടിടങ്ങൾക്ക് നിരവധി പരിമിതികളുണ്ട്. മിക്ക വലിയ ജയിലുകളും ബ്രിട്ടീഷുകാർ നിർമ്മിച്ചതിനെ വിപുലീകരിച്ചതാണ്.
ആധുനിക കാലത്തിന്റെ സുരക്ഷാ രീതികൾക്ക് കൂടുതൽ പ്രാധാന്യം നൽകിയും തടവുകാരെ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും പുതിയ ജയിലുകളോ നിലവിലുള്ള ജയിൽ വളപ്പുകളിൽ പുതിയ ജയിൽ കെട്ടിടങ്ങളോ വരേണ്ടത് വളരെ ആവശ്യമാണ്. ഇന്ത്യൻ ജയിലുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാരേക്കാൾ കൂടുതലുള്ളത് വിചാരണത്തടവുകാരാണ്. അവരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. ഉൾക്കൊള്ളാവുന്നതിന്റെ 194 ശതമാനം അധികമാണ് രാജ്യത്തിന്റെ തലസ്ഥാന നഗരമായ ഡൽഹിയിലെ ജയിലുകളിലെ തടവുകാരുടെ എണ്ണം. 2024 വർഷം അവസാനത്തെ കണക്ക് പ്രകാരമാണിത്. ഇന്ത്യയിലെ മൊത്തം ജയിലുകളിൽ കഴിയുന്ന ശിക്ഷിക്കപ്പെട്ട തടവുകാരുടെ എണ്ണം കുറഞ്ഞു വരികയാണ്. 2016ൽ 32 ശതമാനമായിരുന്നത് 2024ൽ 26.6 ശതമാനമായി കുറഞ്ഞു. അതേസമയം വിചാരണത്തടവുകാരുടെ എണ്ണം കൂടിവരികയും ചെയ്യുന്നു.
ജയിലുകളിൽ സൗകര്യങ്ങൾ കുറയുന്നതാണ് പ്രധാനമായും അസ്വസ്ഥതകൾക്കും സംഘർഷങ്ങൾക്കുമൊക്കെ ഇടയാക്കുന്നത്. അതോടൊപ്പം ജയിൽ ജീവനക്കാരുടെ ഒഴിവുകൾ സമയോചിതമായി നികത്താത്തതും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളും പുതിയ ജയിലുകൾ നിർമ്മിക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ വളരെ നേരത്തേ നൽകിയിരുന്നതാണെങ്കിലും പല സംസ്ഥാനങ്ങളും അതിനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. തടവുകാരും മനുഷ്യരാണ്. അവർക്ക് കൂടുതൽ സൗകര്യങ്ങൾ മാറിയ കാലത്തിന്റെ നീതിബോധത്തിനനുസരിച്ച് പ്രദാനം ചെയ്യുന്ന രീതിയിലുള്ള, വിദേശ രാജ്യങ്ങളിലേതു പോലുള്ള ആധുനിക ജയിലുകളാവണം ഇനി നിർമ്മിക്കേണ്ടത്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ കൂടിയ ജയിൽ വകുപ്പ് ഉന്നതരുടെ യോഗത്തിൽ സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുന്നതിനുള്ള ധാരണയായത് തികച്ചും സ്വാഗതാർഹമായ കാര്യമാണ്.
തിരുവനന്തപുരം നെട്ടുകാൽത്തേരിയിലോ കൊല്ലത്തോ സ്ഥലം കണ്ടെത്താനാണ് പുതിയ നിർദ്ദേശമെന്നറിയുന്നു. കൊല്ലത്ത് ഭൂമി ലഭ്യമായില്ലെങ്കിൽ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിൽ വളപ്പിലെ 25 ഏക്കർ സ്ഥലത്താവും ജയിൽ നിർമ്മിക്കുക. തടവുകാരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി യോഗത്തിൽ വ്യക്തമാക്കുകയുണ്ടായി. അതുപോലെ തടവുകാർ ഉത്‌പാദിപ്പിക്കുന്ന സാധനങ്ങൾ വിറ്റഴിക്കാൻ മികച്ച സംവിധാനങ്ങൾക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. പൂജപ്പുര, വിയ്യൂർ സെൻട്രൽ ജയിലുകളിലാണ് തടവുകാരുടെ പെരുപ്പമെന്നത് കണക്കിലെടുത്താണ് തെക്കൻ മേഖലയിൽ പുതിയ സെൻട്രൽ ജയിൽ നിർമ്മിക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇന്ത്യയ്ക്കാകെ മാതൃകയാക്കാവുന്ന ഒരു പുതിയ ജയിൽ കെട്ടിടം എത്രയും വേഗം പണിതീർക്കാനുള്ള നടപടികൾ സർക്കാർ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |