തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നം നിലവിൽ അതീവ ഗുരുതരമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നഗരത്തിലെ തോടുകളും റോഡരികിലെ ചില സ്ഥലങ്ങളും മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് വർദ്ധിക്കുന്ന പകർച്ചപ്പനികൾക്കും ഡെങ്കിപ്പനിക്കും എലിപ്പനിക്കും മറ്റും കാരണമായി ഭവിക്കുകയും ചെയ്തിരിക്കുന്നു.
പ്രതിദിനം നഗരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന മാലിന്യം മുഴുവൻ സംസ്‌കരിക്കാൻ നിലവിലുള്ള സംസ്‌കരണ ഉപാധികൾ പര്യാപ്തമല്ല. ഇതാണ് അനുദിനം പ്രശ്നം വഷളാക്കുന്നത്. ഇത് പരിഹരിക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചു നിന്ന് പ്രവർത്തിക്കേണ്ടതിന് പകരം പരസ്പരം പഴിചാരി ഇതൊരു രാഷ്ട്രീയ വിവാദമാക്കി മാറ്റാനാണ് ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പോലും ശ്രമിക്കുന്നത്.
അതുതന്നെയാണ് ഇത് പരിഹരിക്കാൻ കഴിയാത്ത ഒരു ഗുരുതരമായ പ്രശ്നമായി തുടരുന്നതിനുള്ള മുഖ്യമായ കാരണവും. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള ലക്ഷ്യവുമായാണ് നേരത്തെ വിളപ്പിൽശാലയിൽ കേന്ദ്രീകൃത മലിനീകരണ സംസ്‌കരണ കേന്ദ്രം സ്ഥാപിച്ചത്. ഇത് ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. അതിന്റെ കാരണം മാലിന്യം മുഴുവൻ സംസ്കരിക്കാൻ അവിടത്തെ സംവിധാനം പോരാതെ വന്നതും അതിന്റെ ഫലമായി അവിടെ മാലിന്യമലകൾ പ്രത്യക്ഷപ്പെട്ടതും ആ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ഇത് ദുസഹമാക്കി മാറ്റിയതുമാണ്. വിളപ്പിൽശാലയിലെ മാലിന്യ പ്ളാന്റ് പ്രവർത്തിക്കുന്ന കാലത്ത് അതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ രൂക്ഷമായ ദുർഗന്ധം തങ്ങി നിന്നിരുന്നു. പരിസരവാസികൾക്ക് ഗുരുതരമായ ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ളവ പടർന്നു പിടിക്കുകയും ചെയ്തിരുന്നു.
ഇതുകാരണം ആ പ്രദേശത്ത് വിവാഹാലോചനയുമായി പോലും ആരും ചെല്ലാത്ത സ്ഥിതിവിശേഷം സംജാതമായതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് രാഷ്ട്രീയ ഭേദമന്യെ ജനങ്ങൾ ഒന്നിക്കുകയും പ്ളാന്റ് പൂട്ടിക്കുകയും ചെയ്‌തത്. അതിനു ശേഷം നഗരത്തിലെ മാലിന്യം യഥാവിധി സംസ്‌കരിക്കാനുള്ള ശാസ്ത്രീയമായ ഒരു സംവിധാനം ഇല്ല എന്നതാണ് യാഥാർത്ഥ്യം. അതിന് പകരം വികേന്ദ്രീകൃത മാലിന്യ പരിപാലന രീതിയാണ് പിന്തുടരുന്നത്. പലവിധ കാരണങ്ങളാൽ ഇതും പരാജയമായി മാറിയിരിക്കുകയാണ്. കോർപ്പറേഷൻ പരാജയപ്പെട്ട ഈ സാഹചര്യം മുതലെടുത്താണ് പണം വാങ്ങി മാലിന്യം കൊണ്ടുപോകാൻ സ്വകാര്യ സംഘങ്ങളും മറ്റും മുന്നോട്ടു വന്നത്. ഇവരാകട്ടെ ഇരുളിന്റെ മറവിലും മറ്റും മാലിന്യങ്ങൾ തോട്ടിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മറ്റും വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇത് തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥന്മാർ ആക്രമിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായി.
മാലിന്യം ശേഖരിച്ച് സംസ്കരിക്കേണ്ട പ്രാഥമിക ചുമതല കോർപ്പറേഷന്റേത് തന്നെയാണ്. അതിനുള്ള സംവിധാനം ഒരുക്കാതെ മാലിന്യം വലിച്ചെറിയുന്നവർക്ക് ഫൈനിട്ട് ഈ പ്രശ്നം പരിഹരിക്കാനാവില്ല. കേന്ദ്രീകൃത മാലിന്യ പ്ളാന്റ് വീണ്ടും സ്ഥാപിക്കാനുള്ള ചർച്ചകൾ കോർപ്പറേഷന്റെ പുതിയ ഭരണസമിതി സജീവമായി നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ബി.പി.സി.എല്ലുമായി സഹകരിച്ച് മാലിന്യത്തിൽ നിന്നുള്ള കംപ്രസ്‌ഡ് ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കാനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്. ഇതിനോടൊപ്പം തന്നെ അതാത് വാർഡുകളിൽ മാലിന്യം സംസ്കരിക്കുന്ന ചെറുകിട പ്ളാന്റുകളും സ്ഥാപിക്കേണ്ടതാണ്. നഗരത്തിൽ പ്രതിദിനം ഉത്‌പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ ഇരട്ടിയെങ്കിലും സംസ്കരിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കേണ്ടത്. ഒരു വിദഗ്ദ്ധ പ്രൊഫഷണൽ സമിതിയെക്കൊണ്ട് പഠനം നടത്തി അവരുടെ ശുപാർശകൾ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കാൻ വൈകരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |