SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

'ചലച്ചിത്ര'; സാർത്ഥകമായ അൻപത് വർഷങ്ങൾ

a

1976 ജൂൺ പതിനൊന്നിന് തിരുവനന്തപുരം പട്ടം കല്പന തിയേറ്ററിൽ അന്നത്തെ മുഖ്യമന്ത്രി സി. അച്ചുതമേനോൻ ദീപം തെളിച്ച് അനുഗ്രഹിച്ച 'ചലച്ചിത്ര' എന്ന ഫിലിം സൊസൈറ്റി പിറവി കൊണ്ടിട്ട് ഇന്ന് 50 വർഷം

കാലഘട്ടത്തിന്റെ ആവശ്യകതയായിരുന്നു 'ചലച്ചിത്ര' എന്ന ഫിലിം സൊസൈറ്റി. ഗ്രാമങ്ങളിൽ പോലും നവലോക സിനിമയുടെ ഓളങ്ങൾ സൃഷ്ടിച്ച് ഫിലിം സൊസൈറ്റികൾ വ്യാപകമായ കാലഘട്ടമായിരുന്നു എഴുപതുകൾ. ലോകമെമ്പാടും ക്ഷുഭിത യൗവനത്തിന്റെയും നവതരംഗ സിനിമയുടെയും തിരയടിയുടെ ഓളങ്ങൾ! തിരുവനന്തപുരം നഗരിയുടെ അഭിമാനമായിരുന്നു 'ചിത്രലേഖ'. അത് പതറിത്തുടങ്ങിയ ഇടത്തിൽ നിന്നാണ് ചലച്ചിത്രയുടെ ഉദയം. 1976 ജൂൺ പതിനൊന്ന് സായാഹ്നത്തിൽ തിരുവനന്തപുരം പട്ടം കല്പന തിയേറ്ററിൽ അന്നത്തെ മുഖ്യമന്ത്രി സി.അച്ചുതമേനോൻ ദീപം തെളിച്ച് അനുഗ്രഹിച്ച 'ചലച്ചിത്ര'.

അന്ന് 16 എം.എം പ്രിന്റും പ്രൊജക്ടറും വലിയ ഗ്ളാമറായിരുന്നു. അപ്പോൾ 35 എം.എമ്മിലാണ് തിയേറ്ററിൽ സിനിമ പ്രദർശിപ്പിക്കുക. അതും ഹാർഡ്‌കോർ നവതരംഗ സിനിമകൾ (ചോമന ദുഡി, കോറസ്, ആഷാഡ് കാ ഏക് ദിൻ, ദേവി, ഗുചീഗായേൻ ബാഗബായേൻ, ഉത്തരായനം). ദിനവും മൂന്ന് പ്രദർശനങ്ങൾ. കല്പന തിയേറ്ററിന്റെ സഹൃദയനായ ഉടമ ദാവൂദ് സാഹിബിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മേള കൊഴുത്തു. 'ചലച്ചിത്ര' തളിർത്തു.

16 എം.എം അസ്തമിച്ചു. ഇപ്പോൾ കല്പന തിയേറ്റർ ഇല്ല. 35 എം.എം. പ്രിന്റും പ്രൊജക്ടറും ആർക്കൈവൽ പ്രോപ്പർട്ടീസായി നീക്കം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സിനിമയുടെ മൊത്തം ടെക്‌നോളജി മാറി. ഫിലിം സൊസൈറ്റികളുടെ ധർമ്മം നിലനിൽക്കുന്നുണ്ടോ എന്ന സംശയം ശക്തം. നെറ്റ്‌ഫ്ളിക്സ് പോലുള്ള പോർട്ടലുകൾ ഏറ്റവും പുതിയ സിനിമകൾ വീടിന്റെ നടുത്തളത്തിൽ എത്തിക്കുമ്പോൾ ഫിലിം സൊസൈറ്റികൾ അപ്രസക്തമാകുന്നു. ഏറെ പ്രയത്നവും അതിലേറെ സാമ്പത്തിക ബാദ്ധ്യതയും ഇപ്പോൾ നിലനിൽക്കുന്ന ഫിലിം സൊസൈറ്റികളെ നിർവീര്യമാക്കുന്നു.

'ചലച്ചിത്രമേള' എന്ന പദം ആദ്യം കേട്ടുതുടങ്ങിയത് 'ചലച്ചിത്ര' പോലുള്ള ഫിലിം സൊസൈറ്റികളിലൂടെയായിരുന്നു. എവിടെ നിന്നൊക്കെയോ അഞ്ചും ഏഴും ചിത്രങ്ങൾ അടങ്ങുന്ന പാക്കേജുകൾ, ഏതാണ്ട് ഇരുപത് കൊല്ലക്കാലം 'ചലച്ചിത്ര' അതിന്റെ അംഗങ്ങൾക്കായി പ്രദർശിപ്പിച്ചു. നിരവധി യൂറോപ്യൻ ചിത്രങ്ങൾ; പ്രത്യേകിച്ച് ഹംഗറി, ചെക്കോസ്ലൊവാക്യ, പോളണ്ട്, ബൾഗേറിയ, ഈസ്റ്റ് വെസ്റ്റ് ജർമ്മനികൾ, റുമേനിയ.. പിന്നെ സ്കാന്റിനേവിയൻ രാജ്യങ്ങൾ. എത്ര സമൃദ്ധമായ കാലഘട്ടം!

ബർഗ്‌മാനും ത്രൂഫോയും മാർത്തയും കുറസോവയും യാംഗ്‌ചോയും മറ്റും തിരുവനന്തപുരത്തിന്റെ ക്ഷുഭിത യൗവനത്തിന്റെ പുകച്ചുരുളുകളിൽ നിന്ന കാലം. ഫാസ്‌ബിന്ദറും കീസ്ളോവ്‌സ്കിയും ഒക്കെ ഒപ്പം കിടന്നുറങ്ങിയ സൗഹൃദങ്ങൾ പോലെ. സിനിമാ സാക്ഷരതയുടെ അടിവേരുകൾ അന്വേഷിച്ച് അലയേണ്ടിവരാതെ, മാസംതോറും കൈകളിൽ എത്തിയിരുന്ന Close Look എന്ന പ്രസിദ്ധീകരണം. ലോകസിനിമയെക്കുറിച്ച് അറിയാനുള്ള ഏക 'സൈറ്റ്' ആയിരുന്നു Close Look. അത് വായിച്ച് കാണാതെ പഠിച്ച് നിരൂപകപരീക്ഷ പാസായവർ നിരവധി. പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവരും അതിനായി ശ്രമിച്ചുകൊണ്ടിരുന്നവരും അതിലേറെ. അതൊക്കെ ഒരു കാലം!

നിറവാർന്ന ഓർമ്മകൾ

'ചലച്ചിത്ര' ഒരു നീണ്ട സിനിമാധർമ്മമായിരുന്നു. കളങ്കമില്ലാത്ത സിനിമാമന്ത്രണം! ആഡംബരമില്ലാത്ത ശിക്ഷണം, നിശബ്ദമായ അഭിരമിക്കൽ. ആ അനുഭവത്തിലൂടെ കടന്നുപോയ തലമുറയ്ക്ക് ഓർക്കാനും പറയാനും ഏറെ ഉണ്ടാകും. ഇന്ന് 'ചലച്ചിത്ര' എന്ന പേര് നിലനിൽക്കുന്നത് ഒരുപക്ഷേ ഇന്നലെകളുടെ ഓർമ്മകളിലായിരിക്കാം. അപ്പോഴും നവപ്രതിഭകൾക്ക് കൈത്താങ്ങായി, ഉത്തേജകമായി കഴിഞ്ഞ 30 വർഷമായി അരവിന്ദൻ പുരസ്കാരം നിലനിന്നു.

IFFK പോലെ ഒരു വലിയ മേളയുടെ ചൂരും അത്യുഷ്ണവും ഏറ്റുവാടാതെ പതിനെട്ട് കൊല്ലം പിടിച്ചുനിന്ന തിരുവനന്തപുരം നഗരിയുടെ സ്വന്തം പേരിൽ അറിയപ്പെട്ട TIFF ഉണ്ടായിരുന്നു. പ്രശസ്തിക്കു പിന്നാലെ പോകാതെ ഒത്തൊരുമയോടെ പ്രവർത്തിച്ച ഒരു ടീമായിരുന്നു ചലച്ചിത്ര. അൻപത് വർഷങ്ങൾ പോയതറിഞ്ഞില്ല.പലരും മൺമറഞ്ഞു. അവശേഷിക്കുന്നവർ അവശരും.

'ചലച്ചിത്ര'യും ഒരു പഴങ്കഥയായി മാറുകയാണോ!

(ലേഖകന്റെ ഫോൺ: 9847921294)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHALACHITHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY