SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

ഓർമ്മകളിൽ 'തുടരും' പളനിസ്വാമി

p

'ഒരു ക്വിന്റൽ' തൂക്കമുള്ള ഇടികൊണ്ട് പൊലീസുകാരെ ചുരുട്ടിക്കൂട്ടിയ ബെൻസ് ഷൺമുഖത്തിന്റെ ആശാൻ സ്റ്റണ്ട് മാസ്റ്റർ പളനിസ്വാമി മലയാളികളുടെ ഓർമ്മയിൽ 'തുടരും'. തരുൺമൂർത്തി സംവിധാനം ചെയ്ത 'തുടരും' എന്ന ചിത്രത്തിൽ പളനിസ്വാമിയായി വേഷമിട്ട വിഖ്യാത സംവിധായകൻ ഭാരതിരാജ വാർദ്ധക്യത്തിന്റെ അവശതകൾ മാറ്റിവച്ച് അതിൽ അഭിനയിച്ചതിനു കാരണം ഒന്നു മാത്രമായിരുന്നു- അഭിനയിക്കുന്നത് മോഹൻലാൽ എന്ന പ്രിയപ്പെട്ട ലാലുവിനൊപ്പം.

ഒരുകാലത്ത് തമിഴ്‌സിനിമയെ നിയന്ത്രിച്ചിരുന്ന പ്രിയസുഹൃത്ത് കെ. ബാലാജിയുടെ മകളുടെ ഭർത്താവ് എന്ന അടുപ്പത്തേക്കാൾ മോഹൻലാലിന്റെ ആരാധകനായിരുന്നു അദ്ദേഹം. ചിത്രത്തിൽ മോഹൻലാൽ കഥാപാത്രമായ ബെൻസ് ഷൺമുഖം പൊലീസ് സ്റ്റേഷനിൽ ഇടിവെട്ട് മുറകൾ പുറത്തെടുത്ത് എതിരാളികളെ തറപറ്റിക്കുമ്പോൾ തിയേറ്ററുകളിൽ ഉയർന്ന കൈയടികൾ 'പളനിസ്വാമിക്കു' കൂടിയുള്ളതാണ്. കുറച്ചുസമയം മാത്രമേയുള്ളൂ എങ്കിലും അത്രമാത്രം ഹൃദ്യമായിരുന്നു അവർ തമ്മിലുള്ള കോമ്പിനേഷൻ.

ഭാവങ്ങളിലും ചലനങ്ങളിലും ആത്മബന്ധം നിറഞ്ഞുനിന്ന സീനുകൾ ഇരുവരും ഏതോ നിയോഗംപോലെ അനായാസമാണ് പൂർത്തിയാക്കിയത്. സിനിമയിലെ അവസാന അഭിനയം അവിസ്മരണീയമാക്കിയാണ് അദ്ദേഹം മടങ്ങിയത്. ഓർമ്മക്കുറവും വിറയലും മൂലം അവശനായിരുന്നെങ്കിലും സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ പളനിസ്വാമിയായി സംവിധായകന്റെയടക്കം മനസിൽ അദ്ദേഹമായിരുന്നു.

പലവട്ടം ശ്രമിച്ചിട്ടും, ഷൂട്ടിംഗ് പകുതിയായപ്പോഴും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ചെന്നൈയിൽ നേരിട്ടു ചെന്നപ്പോഴാണ് അത്രമാത്രം അവശനാണെന്നു ബോദ്ധ്യമായത്. ലാലിനൊപ്പമാണെന്നു പറഞ്ഞപ്പോൾ സമ്മതിച്ചു. അപ്പോഴും, ഡയലോഗ് പറയുമോ എന്ന ആശങ്കയുണ്ടായിരുന്നു.

പക്ഷേ, ഷൂട്ടിംഗ് സെറ്റിൽ അദ്ദേഹം സകലരെയും ഞെട്ടിച്ചു. കൃത്യസമയത്തു വരികയും അനായാസം അഭിനയിക്കുകയും ചെയ്തു. ഡബ്ബിംഗിനും അദ്ദേഹം സ്വന്തം ശബ്ദം നൽകി. ഷൂട്ടിംഗിനിടെ ഒരു ദിവസം സിനിമയുടെ മുഴുവൻ കഥയും കേൾക്കണമെന്നു പറഞ്ഞു. കഥകേട്ട് കൊച്ചു കുഞ്ഞിനെപ്പോലെ കരഞ്ഞു. ലോകമറിയുന്ന സംവിധായകനാണെന്ന ഭാവമോ സംസാരമോ സെറ്റിൽ ഉണ്ടായില്ല. മകന്റെ മരണമാണ് അദ്ദേഹത്തെ ഏറ്റവും ഉലച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY