SignIn
Kerala Kaumudi Online
Sunday, 04 October 2026 3.45 AM IST

കർമ്മയോഗി

ashok-singal-

ഇതൊരു രാഷ്ട്രനിർമ്മാണ ഘട്ടമാണ്, ആത്മവിശ്വാസത്തോടെ നവീന ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മുഴുവൻ പ്രതിജ്ഞാബദ്ധമായിരിക്കുന്നു. ആത്മനിന്ദ നിറഞ്ഞിരുന്ന അവസ്ഥയിൽ നിന്ന് ആത്മാഭിമാനത്തിലേക്കുള്ള യാത്ര. നാടിന്റെ ആത്മബോധം ഉണർന്നുകഴിഞ്ഞു. ഈ പരിവർത്തനത്തെ ഭാരതത്തിന്റെ പുനരുത്ഥാനം എന്ന് വിശേഷിപ്പിക്കാം. ഭാരതത്തിന്റെ ആത്മബോധം ഉണർത്താനും ഹിന്ദു സമൂഹത്തിൽ ആത്മവിശ്വാസം വളർത്താനും അക്ഷീണം പ്രയത്‌നിച്ച മഹത്തുക്കളിൽ അശോക് സിംഗാളിന്റെ സ്ഥാനം മുൻനിരയിലാണ്. സമൂഹം ആദരവോടെ അദ്ദേഹത്തെ ഹിന്ദു ഹൃദയസാമ്രാട്ട് എന്ന് വിളിച്ചു. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെയും ഹിന്ദു പുനരുത്ഥാനത്തിന്റെയും നായകനെന്ന് വിശേഷിപ്പിച്ചു. രാഷ്ട്രജാഗരണ യജ്ഞത്തിന്റെ പോരാളി എന്ന് അഭിവാദ്യം ചെയ്തു. എല്ലാത്തിനുമപ്പുറം ഒറ്റവാക്കിൽ അദ്ദേഹം ഒരു കർമ്മയോഗിയായിരുന്നു.

ചെയ്തതെല്ലാം നിസ്വാർത്ഥ മനോഭാവത്തോടെയായിരുന്നു. കഠിനപരിശ്രമത്തിലൂടെ നേടിയെടുത്ത വിജയങ്ങളുടെയൊന്നും അവകാശവാദം ഏറ്റെടുത്തില്ല. എല്ലാ നേട്ടങ്ങളും ഈശ്വരന് സമർപ്പിച്ചു. ഉന്നതമായ അംഗീകാരം ലഭിച്ചിട്ടും ഒരിക്കലും പ്രശസ്തി ആഗ്രഹിച്ചില്ല. ആദരങ്ങൾക്കും അപമാനങ്ങൾക്കും കീർത്തിക്കും അപകീർത്തിക്കും അതീതനായി, സമചിത്തതയോടെ കർമ്മപഥത്തിൽ മുന്നേറുക ഒരു കർമ്മയോഗിയുടെയും യഥാർത്ഥ സ്വയംസേവകന്റെയും ലക്ഷണമാണ്. ഈ ഗുണം ആ ജീവിതത്തിൽ പ്രകടമായിരുന്നു.

ഉന്നതവും പ്രശസ്തവുമായ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സഹോദരന്മാരിലൊരാൾ ഇന്ത്യൻ പൊലീസ് സർവീസിൽ സേവനമനുഷ്ഠിച്ച്, ഉത്തർപ്രദേശ് പൊലീസ് മേധാവിയായി (ഡി.ജി.പി) ഉയർന്നു. മറ്റു സഹോദരന്മാർ വ്യവസായികളും സംരംഭകരുമായിത്തീർന്നു. അശോക്ജി ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് മെറ്റലർജിയിൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി. വിജയകരമായ ഔദ്യോഗിക ജീവിതം കെട്ടിപ്പടുക്കാൻ നിരവധി അവസരമുണ്ടായിട്ടും, ജീവിതം മുഴുവൻ രാഷ്ട്രസേവനത്തിനായി സമർപ്പിച്ചു.

സ്വാമി വിവേകാനന്ദനെപ്പോലെ, സ്വയം ഒന്നും ആഗ്രഹിക്കാതെ സമൂഹത്തിനും രാഷ്ട്രത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ചു. സംഘസംസ്‌കാരത്താൽ രൂപപ്പെട്ട വ്യക്തിത്വമായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ അശോക്ജി രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടു. ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ, പ്രൊഫ.രാജേന്ദ്ര സിംഗിന്റെ (രജ്ജു ഭയ്യ) മാർഗനിർദ്ദേശം ലഭിക്കാനുള്ള ഭാഗ്യമുണ്ടായി. സ്വർഗീയ ഭാവുറാവു ദേവറസ് ഒരു വിദഗ്ദ്ധ ശില്പിയെപ്പോലെ അശോക്ജിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തി. പൂജ്യനീയ ഗുരുജിയുടെ മാർഗനിർദ്ദേശവും ലഭിച്ചിരുന്നു.

ഈ മഹാന്മാരുടെ സ്വാധീനം അശോക്ജിയുടെ സമർപ്പണബോധം, കഠിനാദ്ധ്വാനം, ദൃഢനിശ്ചയം, നിർവഹണ മികവ്, സംഘടനാപാടവം, ദീർഘവീക്ഷണം എന്നിവയിൽ പ്രതിഫലിച്ചിരുന്നു. എൻജിനീയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ ആർ.എസ്.എസ് പ്രചാരകനായി. ലഭിച്ച എല്ലാ ഉത്തരവാദിത്വങ്ങളും സമ്പൂർണ സമർപ്പണത്തോടും കഠിനാദ്ധ്വാനത്തോടും നിറവേറ്റി.

വിരാടഹിന്ദു സമ്മേളനവും പരിഷത്തും

ഡൽഹിയും ഹരിയാനയും ഉൾപ്പെടുന്ന ഡൽഹി പ്രാന്തത്തിന്റെ പ്രാന്തപ്രചാരകനായിരുന്ന കാലത്താണ് മീനാക്ഷിപുരത്തെ ഇസ്ലാമിക മതപരിവർത്തന സംഭവം രാജ്യത്തൊട്ടാകെ ആശങ്ക സൃഷ്ടിച്ചത്. ഹിന്ദുസമൂഹം ഉണർന്നേ മതിയാകൂ എന്ന ഉറച്ച ബോദ്ധ്യം ആ സംഭവം സൃഷ്ടിച്ചു. ഡൽഹിയിൽ 'വിരാട് ഹിന്ദു സമ്മേളനം' സംഘടിപ്പിക്കാനുള്ള ചുമതല അശോക്ജിയെ ഏൽപ്പിച്ചു. ഡോ.കരൺ സിംഗ് ഉൾപ്പെടെ വിവിധ തുറകളിലുള്ളവരെ ഒന്നിപ്പിച്ച് ആ സമ്മേളനം വിജയകരമാക്കി. അതിനായി ആദരണീയരായ സന്യാസിവര്യന്മാരുടെ മാർഗനിർദ്ദേശപ്രകാരം, സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചു. സംഘാടനാപാടവത്തോടെ അത്തരമൊരു ബൃഹത്തായ പരിപാടി സംഘടിപ്പിച്ചതിലൂടെ, സമൂഹത്തെ ഏകോപിപ്പിക്കാനും അണിനിരത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് എല്ലാവർക്കും ബോദ്ധ്യമായി.
മതപരിവർത്തനം എന്ന വെല്ലുവിളിക്കെതിരെ സമൂഹത്തെ ഉണർത്താൻ ഈ സമ്മേളനം സഹായിച്ചു. തുടർന്ന്, വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലയിൽ അശോക്ജി നിയുക്തനായി. അർപ്പണബോധത്തോടും ജാഗ്രതയോടും കൂടി അദ്ദേഹം ആ ഉത്തരവാദിത്വം ഏറ്റെടുത്തു. സാമൂഹിക സാഹചര്യങ്ങൾ മനസിലാക്കുക, അവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക, അതിനനുസൃതമായി പദ്ധതികൾ ആസൂത്രണം ചെയ്യുക, പ്രാവർത്തികമാക്കുക തുടങ്ങിയവ ആ പ്രവർത്തനശൈലിയുടെ സവിശേഷതകളായി.

 ഹിന്ദുഐക്യത്തിനായി

നൂറ്റാണ്ടുകളായി ഹിന്ദു സമൂഹത്തിന് മുന്നിലുള്ള ഗുരുതരമായ വെല്ലുവിളിയാണ് അയിത്താചരണം. അയിത്തം അവസാനിപ്പിക്കാതെ, ഐക്യമുള്ള ഒരു സമൂഹമെന്ന കാഴ്ചപ്പാട് പൂർണമാകില്ല. ഈ പ്രവർത്തനങ്ങളെ പന്തിഭോജനങ്ങളിലോ പ്രതീകാത്മക പരിപാടികളിലോ മാത്രമായി പരിമിതപ്പെടുത്തിയില്ല. അയിത്താചരണം ഹിന്ദുധർമ്മത്തിന്റെ അടിസ്ഥാന ആദർശങ്ങൾക്ക് അനുയോജ്യമല്ലെന്ന കാര്യം ഹിന്ദു സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ അദ്ദേഹം സന്യാസിവര്യന്മാരോട് അഭ്യർത്ഥിച്ചു. സന്യാസിമാർ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ കോളനികൾ സന്ദർശിക്കാൻ തുടങ്ങി. ഒപ്പം ഈ വിഷയത്തിൽ പഠനങ്ങളും ചർച്ചകളുമായി മുന്നോട്ടുപോയി.
1989 നവംബർ 9ന് അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ, പട്ടികജാതി വിഭാഗത്തിൽപെട്ട കാമേശ്വർ ചൗപാൽ വഹിച്ച പങ്ക് സാമൂഹിക ഐക്യമെന്ന ഈ വിശാലമായ സന്ദേശത്തിന്റെ ഭാഗമായിരുന്നു. ആ ചടങ്ങിൽ നിരവധി സന്യാസിമാരും ധർമ്മാചാര്യന്മാരും സന്നിഹിതരായി. അതുപോലെ, വാരണാസിയിൽ ശ്മശാനത്തിൽ ചിതയൊരുക്കുന്ന ഡോം സമൂഹത്തിന്റെ നേതാവ് ഡോം രാജയുടെ വസതിയിൽ സന്യാസിശ്രേഷ്ഠരെത്തി ഭക്ഷണം കഴിച്ചത് സാമൂഹികസമരസതയുടെ മികവുറ്റ ഉദാഹരണമായി.

രാമജന്മഭൂമി പ്രസ്ഥാനം

ആധുനിക ഭാരതത്തിലെ വ്യാപകമായ സാമൂഹിക-ധാർമ്മിക മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു രാമജന്മഭൂമി പ്രസ്ഥാനം. 1980കൾ മുതൽ 2019ലെ സുപ്രീംകോടതി വിധിയും തുടർന്നുണ്ടായ രാമക്ഷേത്ര നിർമ്മാണവും വരെ ഈ പ്രസ്ഥാനം പല സുപ്രധാന ഘട്ടങ്ങളിലൂടെയും കടന്നുപോയി. രാം-ജാനകി രഥയാത്ര, ശിലാപൂജ, ചരണ-പാദുക പൂജ, രാമജ്യോതി തുടങ്ങിയ പരിപാടികൾ രാജ്യത്ത് വ്യാപകമായ ജനകീയ ഉണർവ് സൃഷ്ടിച്ചു. ഈ പ്രസ്ഥാനത്തിലുടനീളം നിർണായകമായ പങ്ക് വഹിച്ചു. 1990ലെ കർസേവയും നിരവധി പ്രവർത്തകരുടെ ത്യാഗവും ഈ മുന്നേറ്റത്തിൽ നിർണായകമായി. അശോക്ജിയുടെ ഉറച്ച വിശ്വാസം കാര്യകർത്താക്കൾക്ക് പ്രചോദനമായി. ഇത് ഭഗവാൻ രാമന്റെ കാര്യമാണ്, അദ്ദേഹം ഈ കാര്യം പൂർത്തിയാക്കുമെന്ന് അശോക്ജി ദൃഢമായി വിശ്വസിച്ചു.
അദ്ദേഹത്തിന്റെ ജീവിതകാലത്ത് ക്ഷേത്രനിർമ്മാണം പൂർത്തിയായില്ലെങ്കിലും, പതിറ്റാണ്ടുകളോളം അദ്ദേഹം ദിശാബോധം പകർന്ന പ്രസ്ഥാനം ലക്ഷ്യപ്രാപ്തിയിലെത്തി. 2019 നവംബർ 9ലെ സുപ്രീം കോടതി വിധിയെത്തുടർന്ന്, ശ്രീരാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള വഴി തെളിഞ്ഞു. 2024 ജനുവരി 22ന് ശ്രീരാം ലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്നു. രാമസേതു സംരക്ഷണം, അമർനാഥ് യാത്ര, ഗോ-ഗവേഷണവും ഗോസംരക്ഷണവും, സാമൂഹിക സമരസത, ഹിന്ദു ചിന്താധാരയുമായി ബൗദ്ധിക ലോകത്തെ കൂട്ടിയിണക്കൽ, വിവിധ സാമൂഹിക-ദേശീയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കൽ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം മാർഗനിർദ്ദേശം നൽകി. ശാസ്ത്രീയ വീക്ഷണം, സംഘടനാപാടവം, ആത്മീയവും ദേശീയവുമായ ബോധം എന്നിവയുടെ സംയോജനമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

 ദീർഘവീക്ഷണം

ലക്ഷ്യം പൂർത്തിയാക്കി മടങ്ങുകയായിരുന്നില്ല പ്രവർത്തനശൈലി. അതിന്റെ തുടർപ്രവർത്തനങ്ങളിലേക്കും കടക്കും. അദ്ദേഹത്തിന് സംഘടന ഒരു മാർഗവും, സമൂഹം ലക്ഷ്യവും രാഷ്ട്രസേവനം ജീവിതോദ്ദേശ്യവുമായിരുന്നു. വ്യക്തിജീവിതത്തിനുള്ള സാദ്ധ്യത ഉപേക്ഷിച്ച് അദ്ദേഹം രാഷ്ട്രസേവനം തിരഞ്ഞെടുത്തു. കഠിനമായി പരിശ്രമിച്ചു, പക്ഷേ ഒരിക്കലും അത് വ്യക്തിപരമായ നേട്ടത്തിനല്ലായിരുന്നു. അതുകൊണ്ട് അശോക് സിംഗാൾജിയുടെ ജീവിതം, സമർപ്പണത്തിന്റെയും ആത്മീയ അന്വേഷണത്തിന്റെയും, സംഘാടനത്തിന്റെയും, കർമ്മയോഗത്തിന്റെയും പ്രചോദനാത്മകമായ അദ്ധ്യായമാണ്.

ഭാരതത്തിന്റെ ഇന്നത്തെ ഉയിർത്തെഴുന്നേൽപ്പിന് തപസ് കൊണ്ടും ത്യാഗം കൊണ്ടും പരിശ്രമംകൊണ്ടും സംഭാവന നൽകിയ മഹാന്മാരിൽ അശോക്ജിക്ക് സുപ്രധാന സ്ഥാനമുണ്ട്. വാസ്തവത്തിൽ, അദ്ദേഹം ഒരു കർമ്മയോഗിയായിരുന്നു - വരുംതലമുറകൾക്ക് എന്നും പ്രചോദനമേകുന്ന ജീവിതം നയിച്ച ഒരാൾ.

(ലേഖകൻ രാഷ്ട്രീയ സ്വയംസേവക സംഘം, സർകാര്യവാഹകാണ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHOKSINGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION