SignIn
Kerala Kaumudi Online
Thursday, 22 October 2026 1.12 AM IST

കാരസ്കരകത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ...

adoor-k-m-

'കാരസ്കരത്തിൻ കുരുപാലിലിട്ടാൽ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ"എന്ന് ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിൽ പണ്ടേക്കു പണ്ടേ കുഞ്ചൻനമ്പ്യാർ കുറിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ, പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസിനെ ഉദ്ദേശിച്ചാണോ എന്നു തോന്നിപ്പോവും. ചന്ദനത്തിന് മണമുണ്ട്, കള്ളിപ്പാലയ്ക്ക് മുള്ളുണ്ട്, നെല്ലിക്കയ്ക്ക് ചവർപ്പുമുണ്ട്. ഇതൊക്കെ മാറ്റിക്കളയാമെന്ന് ആരെങ്കിലും വിചാരിച്ചാൽ നടപ്പുവശമുണ്ടോ. ഇല്ലേയില്ല. അല്പം തൊഴുത്തിൽ കുത്തും ലേശം പാരവയ്പുമൊക്കെ ഇല്ലെങ്കിൽ പിന്നെന്തു കോൺഗ്രസ്. കടുത്ത പ്രതിസന്ധി വരുമ്പോൾ തോളിൽ കൈയ്യിട്ട് എല്ലാവരും മച്ചാനുംമച്ചാനുമാവും. പക്ഷെ പാലം കടന്നാൽ വീണ്ടും തുടങ്ങും അടിയും മാന്തും. വിയോജിപ്പുകളിലെ യോജിപ്പും യോജിപ്പുകളിലെ വിയോജിപ്പും ചേർന്നതാണല്ലോ കോൺഗ്രസ്. എല്ലാം ചേരുംപടി ചേർന്നെങ്കിലും ഉൾപ്പാർട്ടി ജനാധിപത്യം ഇത്തിരി കടന്നുപോയി. കോൺഗ്രസിന് അതിന്റെ അരിഷ്ടതകളുമുണ്ട്.

യു.ഡി.എഫും സർക്കാരും ഒരുവിധം നല്ല പ്രതിച്ഛായയിൽ മുന്നോട്ടു പോകുന്നതിനിടെയാണ് യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് ഒന്നുരണ്ടു കാര്യങ്ങൾ പറഞ്ഞത്. പൊതുവായ എന്തൊക്കെയോ വിഷയങ്ങൾ പറയാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അദ്ദേഹത്തിന് കൺട്രോൾ വിട്ടുപോയി. സർക്കാർ കൈക്കൊള്ളുന്ന പല തീരുമാനങ്ങളും താനറിയുന്നില്ലെന്ന് ശുദ്ധഗതിക്കാരനായ അടൂർ പ്രകാശ് തുറന്നുപറഞ്ഞു. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനെയും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയെയും പ്രഖ്യാപിച്ചത് മാദ്ധ്യമങ്ങളിലൂടെ അറിയേണ്ടി വന്നതിലെ വൈക്ളബ്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

തിരഞ്ഞെടുപ്പുകളിൽ തോൽവി അറിയാത്ത, ഒരുപക്ഷെ ഇപ്പോഴത്തെ സർക്കാരിൽ സുപ്രധാനമായ ഒരു വകുപ്പ് ഭരിക്കേണ്ടിയിരുന്ന മുതിർന്ന നേതാവാണ് അദ്ദേഹമെന്ന കാര്യത്തിൽ കോൺഗ്രസിൽ ആർക്കും സംശയമില്ല. പക്ഷെ എം.പി എന്ന ലക്ഷ്മണ രേഖയ്ക്ക് അപ്പുറമായിപ്പോയതിനാൽ അദ്ദേഹത്തിന് ആ അവസരം നിഷേധിക്കപ്പെട്ടു. അതിന്റെ നീരസമാവാം അദ്ദേഹം പ്രകടിപ്പിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അദ്ദേഹം പരാതിയും നൽകി. തോളിൽ തട്ടി തലോടിയ ഖാർഗെ, ഒരുവിധത്തിൽ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ആ വിഷയം ഒരു വിധത്തിൽ ശമിച്ചു നിൽക്കുന്നതിന് തൊട്ടുപിന്നാലെയാണ് മാസപ്പടി വിഷയത്തിലെ സർക്കാർ ഇടപെടലിന് തീവ്രത പോരെന്ന പരാതി, ഭാരതീയ ന്യായസംഹിത അരച്ചുകലക്കികുടിച്ച മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിക്കുന്നത്. കുഴൽനാടൻ തന്റെ ഹൃദയവേദന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് പറഞ്ഞതെങ്കിലും പൊടിപ്പും തൊങ്ങലും വച്ച് കാര്യങ്ങൾ പുറത്തുവരാൻ അധിക സമയം വേണ്ടിവന്നില്ല. പാർട്ടി കോൺഗ്രസാണല്ലോ. മദ്ധ്യവയസ് പിന്നിട്ട ചില 'ക്ഷുഭിതയൗവ്വനങ്ങൾ" കുഴൽനാടന്റെ വികാരം ഉൾക്കൊണ്ടു. പ്രത്യേകിച്ച് ഉമ്മൻചാണ്ടിയോട് എൽ.ഡി.എഫ് ഭരണകാലത്ത് കാട്ടിയ അനീതികൾ കൂടി ഇതോടൊപ്പം ചേർത്തുകെട്ടി വൈകാരിക ഭാവം നൽകിയപ്പോൾ സംഗതി ജോറായി. സോഷ്യൽ മീഡിയയിൽ പലരും തങ്ങളുടെ സങ്കടങ്ങളും സന്ദേഹങ്ങളും പങ്കുവച്ചു. എങ്കിലും അല്പം പുകയും പൊടിയുമൊക്കെയായി ആ വിവാദം ഒതുങ്ങി.

æനിലപാട് ആവർത്തിച്ച്, പിന്നേം വെടിപൊട്ടിക്കൽ

അങ്ങനെയിരിക്കെയാണ് കൗമുദി ടി.വിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിൽ അടൂർപ്രകാശ് തന്റെ നിലപാട് ആവർത്തിച്ചത്. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്ന് അടിവരയിട്ടു പറയുന്നതിനിടെ, പാർട്ടി വിട്ട് വേറെ പാർട്ടി രൂപീകരിക്കാൻ ശ്രമിച്ചവരാണ് തന്നെ വിമർശിക്കുന്നതെന്നും മറ്റുമുള്ള ചില പ്രയോഗങ്ങൾ നടത്തിയതോടെ വീണ്ടും തീ ആളി. സി.ഐ.ഡി മൂസ സിനിമയിൽ ജഗതി ശ്രീകുമാറിന്റെ കഥാപാത്രം പറയുന്ന 'ഇത് എന്നെ ഉദ്ദേശിച്ചാണ്,​ എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്" എന്ന ഡയലോഗ് പോലെ കെ.മുരളീധരനാണ് ആദ്യം ഇതേറ്റു പിടിച്ചത്. ഒരുപക്ഷെ പഴയ ഡി.ഐ.സി കാലം അദ്ദേഹത്തിന്റെ ഉള്ളിൽ തികട്ടിവന്നിരിക്കാം. കർട്ടനുപിന്നിൽ ആരോ ഉള്ളതിനാലാണ് അടൂർപ്രകാശ് ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു മുരളീധരന്റെ പരാമർശം. എട്ടാംക്ളാസിൽ പഠിക്കുമ്പോൾ എന്റമ്മ ചുട്ടൊരു വെള്ളേപ്പം,​ മുട്ടേംകൂട്ടി തട്ടീട്ട്, നാണമില്ലെ ഇങ്ങനെ പറയാൻ... എന്ന മുദ്രാവാക്യം പോലെയായി മുരളീധരൻ മന്ത്രിയുടെ പ്രതികരണം.

കാര്യങ്ങൾ കൈവിടുമെന്ന് മനസിലായ കെ.പി.സി.സിയുടെ ഐശ്വര്യം സണ്ണിജോസഫ്, കണ്ണൂരിൽ മാദ്ധ്യമങ്ങളെ വിളിച്ചുവരുത്തി തിട്ടൂരമിറക്കി. ഇനിയാരും പരസ്യപ്രസ്താവന നടത്താൻ പാടില്ല. പക്ഷെ, അങ്ങനെ ചെയ്താലുണ്ടാവുന്ന നടപടി മാത്രം അദ്ദേഹം വിശദീകരിച്ചില്ല. സണ്ണിവക്കീൽ നിസാരക്കാരനല്ല, കറണ്ട് വച്ച് കളിക്കുന്ന മന്ത്രികൂടിയാണ്. വിശ്വാസപൂർവമുള്ള കർത്തവ്യ നിർവഹണത്തിന് സ്വന്തം അളിയനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചിട്ട് ആക്ഷേപത്തിന്റെ തരി കേട്ടപ്പോൾ തന്നെ തീരുമാനം മാറ്റിയ ആദർശവാനാണ്. തികഞ്ഞ ഗാന്ധിയനായതിനാൽ ആർക്കെതിരെയും നടപടി എടുക്കാനുള്ള മനക്കട്ടിയും അദ്ദേഹത്തിനില്ല. ഈ ദൗർബ്ബല്യം അറിയുന്നതിനാൽ സണ്ണിവക്കീലിന്റെ ആജ്ഞ എല്ലാവരും ശിരസാവഹിച്ചു, ജെബിമേത്തർ എം.പി ഒഴികെ. ട്രപ്പീസിലെ മെയ് വഴക്കത്തോടെ ജെബി ഒന്നേ പറഞ്ഞുള്ളൂ, അടൂർപ്രകാശിന്റെ പിന്നിലാരുമില്ല, മുരളീധരന്റെ പിന്നിലുമാരുമില്ല. അങ്ങനെയെങ്കിൽ പിന്നെയെന്തിന് വാ തുറന്നു എന്ന ചോദ്യം ബാക്കി.

æപഠിക്കണം, പഠിച്ചാൽ നന്ന്

മഹാനവമിയോടനുബന്ധിച്ചുള്ള ധ്യാന വ്രതങ്ങൾ കാരണം സാത്വിക ഭാവത്തിലായിരുന്നതിനാൽ മുഖ്യമന്ത്രി വി.ഡി.സതീശനാവട്ടെ, ഇത്യാദി വർത്തമാനങ്ങൾ കേട്ടഭാവം നടിച്ചില്ല. നിയമസഭയിൽ 102 അംഗങ്ങളുടെ പിൻബലവുമായി എത്തിയ യു.ഡി.എഫിന്, തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ജനം ചെറിയ സൂചന നൽകിയത് മറന്നപോലെ. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ പിന്നെയെന്താവുമെന്ന് എൽ.ഡി.എഫിനെ ജനം പഠിപ്പിച്ചത് കേരളം കണ്ടതാണ്. ജനം പ്രതീക്ഷിക്കുന്ന ഭരണം നൽകി വിശ്വാസം നിലനിറുത്തുന്നതിനുപകരം വീണ്ടും ഗ്രൂപ്പും പോരും തൻപ്രമാണിത്തവുമൊക്കെയായി മുന്നോട്ടുപോയാൽ ജനം പഠിപ്പിക്കുമെന്നത് ആരും മറക്കരുത്. കാരണം ഇത് കേരളമാണ്.

ഇതുകൂടി കേൾക്കണേ

ഏത് ജനാധിപത്യ പാർട്ടിയാണെങ്കിലും ജനങ്ങളെ വെറുപ്പിച്ചാൽ അവർ പൊറുക്കില്ല. ഓരോ വിഷയങ്ങളും വരുമ്പോൾ ഇതോർത്ത് വേണം പെരുമാറാൻ, പ്രതികരിക്കാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR K M
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION