SignIn
Kerala Kaumudi Online
Friday, 23 October 2026 3.04 AM IST

അടിസ്ഥാന സൗകര്യങ്ങളിൽ വേണം,​ ആദ്യശ്രദ്ധ

ss

പ്രതിദിനം ലക്ഷക്കണക്കിന് ഭക്തരെത്തുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ പരിമിതികളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും പരാതികൾ സ്വാഭാവികം. എന്നാൽ, വർഷംതോറും തീർത്ഥാടകരുടെ എണ്ണമേറുകയും, വരുമാനം വർദ്ധിക്കുകയും ചെയ്യുന്ന ശബരിമലയിൽ കാലമിത്രയായിട്ടും തീർത്ഥാടകർക്ക് സുഗമയാത്രയ്ക്കോ,​ ബുദ്ധിമുട്ടു കൂടാതെയുള്ള കാത്തുനില്പിനോ,​ പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കുന്നതിനോ,​ സുഗമദർശനം നടത്തി നിറഞ്ഞ മനസോടെ മടങ്ങുന്നതിനോ മതിയായ സൗകര്യം ഏർപ്പെടുത്താൻ കഴിയുന്നില്ലെന്നത് ആസൂത്രണത്തിലെയും സമയബന്ധിതമായ പദ്ധതി നിർവഹണത്തിലെയും പാളിച്ചകളിലേക്കാണ് വിരൽചൂണ്ടുന്നത്. സ്വർണക്കൊള്ളയിൽ തുടങ്ങി കടമുറികൾ കരാർ നൽകുന്നതിലും,​ ഗസ്റ്റ് ഹൗസ് മുറികൾ ബുക്ക് ചെയ്യുന്നതിലുംവരെ തൊടുന്നിടത്തെല്ലാം ഇടനിലക്കാരുടെ കൊള്ളയും ഉദ്യോഗസ്ഥ ഒത്താശയും പുറത്തുവരുമ്പോഴും ശബരിമലയിലെ തീർത്ഥാടകത്തിരക്ക് കുറയാത്തത് അതിനെല്ലാം മീതെയാണ് വിശ്വാസം എന്നതിനാലാണ്. അയ്യപ്പഭക്തരുടെ ആ വിശ്വാസത്തെ മറന്നുള്ള നടപടികളാണ് അരുതാത്തത്.

അനിയന്ത്രിതമായ തിരക്കാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായി ദേവസ്വം ബോർഡ് പറയുന്ന ന്യായം. പരിമിതികളും പ്രയാസങ്ങളും മറന്നെത്തുന്ന തീർത്ഥാടകലക്ഷങ്ങളാണ് ശബരിമലയെ സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാക്കുന്നത് എന്നത് മറക്കരുത്. 30 ലക്ഷത്തിലധികം തീർത്ഥാടകരെത്തിയ കഴിഞ്ഞ വർഷത്തെ മണ്ഡലപൂജ സീസണിൽ മാത്രം വരവ് 332.77 കോടിയായിരുന്നു. അവിടെയാണ്, തീർത്ഥാടകർക്ക്

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യംപോലും സജ്ജീകരിക്കാൻ കഴിയാത്തതെന്ന് ഓർക്കണം. ദിവസങ്ങൾക്കു മുമ്പ് ശബരിമലയിലെ ശൗചാലയങ്ങളുടെ ദുരവസ്ഥ കണ്ട മുഖ്യമന്ത്രി മൂക്കുപൊത്തിയാണ് അവിടംവിട്ടത്. ശുചീകരണത്തിന് കരാറെടുത്തവരുടെ അലംഭാവം ഒഴിവാക്കാൻ ഇത്തവണ ശുചിമുറികൾ സൗജന്യമാക്കാനാണ് തീരുമാനം. കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ച് പ്രശ്നം പരിഹരിക്കാമെന്ന തീരുമാനം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.

ത്രിവേണി മുതൽ മാളികപ്പുറം പൊലീസ് ബാരക്ക് വരെയെത്തുന്ന നിർദ്ദിഷ്ട റോപ് വേ പദ്ധതി,​ റവന്യു ഭൂമിക്കുമേൽ വനംവകുപ്പിന്റെ അവകാശവാദത്തിൽ കുടുങ്ങി തടസപ്പെട്ടതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞങ്ങൾ വാർത്ത നൽകിയിരുന്നു. ഭക്തർക്ക് സന്നിധാനത്തെത്താൻ അധികസൗകര്യമൊരുക്കുന്ന ഏതു പദ്ധതിയും നടപ്പാക്കേണ്ടതു തന്നെ. എന്നാൽ ആദ്യം പരിഹരിക്കേണ്ടത് പാർക്കിംഗും,​ കാത്തുനിൽക്കുന്നവർക്കുള്ള സൗകര്യവും,​ വിരിവയ്പും,​ ശുദ്ധജല ലഭ്യതയും,​ അപ്പം,​ അരവണ ലഭ്യത ഉറപ്പാക്കലും ഉൾപ്പെടെയുള്ളവയിലെ പരാധീനതകളാണ്. ശബരിമലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന കുന്നാർ ഡാമിൽ നിന്നുള്ള രണ്ട് പൈപ്പ് ലൈനുകളിലൊന്ന് മാറ്റിസ്ഥാപിക്കുന്നതിനുള്ള തീരുമാനം നടപ്പായിട്ടില്ല. അരവണ നിർമ്മാണം പ്രതിദിനം 3,​60,​000 ടിൻ ആക്കാൻ ലക്ഷ്യമിടുന്ന പുതിയ പ്ളാന്റിന്റെ പണി നടക്കുന്നതിനാൽ നിലവിൽ അരവണയ്ക്ക് കരുതൽ ശേഖരമില്ലെന്നതാണ് സ്ഥിതി.

സന്നിധാനത്തെത്തുന്ന വഴിപാടു മിച്ചം അരി കരാറടിസ്ഥാനത്തിൽ വിൽക്കുകയാണ് പതിവ്. ഇതിന് കരാറെടുത്തയാൾ മൂന്നുമാസമായി ഈ അരി എടുത്തിട്ടില്ലാത്തതിനാൽ അത് വെള്ളയിൽ കെട്ടിടത്തിൽ കെട്ടിക്കിടക്കുന്നതായാണ് വിവരം. അരവണ നിർമ്മാണം പൂർണതോതിലായാൽ അതു സൂക്ഷിക്കേണ്ടത് ഇവിടെയാണ്. പമ്പയിൽ നിലവിൽ രണ്ട് അംഗീകൃത പാർക്കിംഗ് ഗ്രൗണ്ടുകളേയുള്ളൂ. മൂന്നാമതൊന്ന് ചക്കുപാലം- രണ്ടിൽ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ടെങ്കിലും ഇവിടെ സൗകര്യമൊരുക്കേണ്ടത് വനംവകുപ്പാണ്. അതിലും അലംഭാവം തുടരുകയാണ്. ഭാഷാപ്രശ്നം കാരണം അന്യസംസ്ഥാനക്കാരായ ഭക്തരും പൊലീസും തമ്മിൽ കൈയാങ്കളിയും പതിവ്. പതിനഞ്ചു വർഷത്തോളം പഴക്കമുള്ള മാസ്റ്റർ പ്ളാനിന്റെ കാര്യത്തിൽ മിണ്ടാട്ടം പോലുമില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലാകട്ടെ ദേവസ്വം ബോർഡിന്റെ ആദ്യശ്രദ്ധ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION