
ഭീകരവാദം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. രണ്ടുമുൻ പ്രധാനമന്ത്രിമാർ രക്തസാക്ഷികളായി. അതിർത്തി യുദ്ധങ്ങൾക്ക് പുറമേ, പല വൻ നഗരങ്ങളിലും സ്‌ഫോടന പരമ്പരകളുണ്ടായി. അപ്പോഴെല്ലാം കേരളം പൊതുവേ ശാന്തമായി നിലകൊണ്ടു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് കുട പിടിച്ചവർ ഇവിടേയും ഉണ്ടായിരുന്നു. എന്നാൽ ഒറ്റപ്പെട്ട കലാപങ്ങളിലും ആശയ വിരോധത്താലുള്ള വെട്ടിലും കുത്തിലും ഒതുങ്ങിയിരുന്നു.
അതിൽ നിന്ന് വ്യത്യസ്തമായ ഒരു തീവ്രവാദ ആക്രമണം കേരളത്തിലുണ്ടായത് 2005ലാണ്. കൊടും ഭീകരനായി മുദ്രകുത്തിയ തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ നടന്ന കളമശേരി ബസ് കത്തിക്കൽ. അതിനുശേഷം പല തീവയ്പ് സംഭവങ്ങൾ സംസ്ഥാനത്തുണ്ടായി. എബിൻ പോൾ എന്ന യുവാവ് കൊച്ചി നഗരത്തിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂത സിനഗോഗിന് മുന്നിൽ തീയിട്ട സംഭവമാണ് ഒടുവിലത്തേത്. ഇതിനുമുമ്പ് ഇയാൾ ചില സാമ്പിൾ തീവയ്പുകൾ നടത്തിയിരുന്നു. ബോസിന്റെ നിർദ്ദേശപ്രകാരമെന്നാണ് പ്രതി പറയുന്നത്. അന്വേഷണത്തിൽ പലതും പുറത്തുവരാനുണ്ട്. പ്രത്യേകിച്ച് ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ) വച്ചുള്ള തീവ്രവാദ ആക്രമണം ലോകത്ത് പതിവായ സാഹചര്യത്തിൽ. പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ വച്ച് തീപിടിത്തമോ സ്‌ഫോടനമോ സൃഷ്ടിക്കുന്നതാണ് ഐ.ഇ.ഡി ആക്രമണം.
കളമശേരിയെന്ന പ്രഭവകേന്ദ്രം
2005 സെപ്തംബർ 9നാണ് കളമശേരി ബസ് കത്തിക്കൽ കേസുണ്ടായത്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് തോക്കുചൂണ്ടി തട്ടിയെടുത്ത് കത്തിക്കുകയായിരുന്നു. യാത്രക്കാരെ ഇറക്കിവിട്ടതിനാൽ ആളപായമുണ്ടായില്ല. ഒന്നാംപ്രതി തടിയന്റവിട നസീറിനും സാബിർ ബുഹാരിക്കും പ്രത്യേക എൻ.ഐ.എ കോടതി ഏഴുവർഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. ബസ് കത്തിക്കലിന് ആസ്പദമായ കാരണം വ്യക്തമായിരുന്നു. കോയമ്പത്തൂർ സ്ഫോടനക്കേസിലടക്കം പ്രതിചേർത്ത അബ്ദുനാസർ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് അക്രമികൾ മുദ്രാവാക്യം മുഴക്കി. കേസിൽ മഅ്ദനിയുടെ ഭാര്യ സൂഫിയയും പ്രതിയായിരുന്നു.
18 വർഷത്തിനു ശേഷം 2023 ഒക്ടോബർ 29നാണ് എറണാകുളം കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെ ബോംബ് സ്‌ഫോടനവും തീപിടിത്തവുമുണ്ടായത്. ഡൊമിനിക് മാർട്ടിൻ എന്നയാൾ നടത്തിയ ഈ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐ.ഇ.ഡി/ പെട്രോൾ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഡൊമിനിക് ഫേസ്ബുക്ക് ലൈവിലൂടെ കുറ്റം സമ്മതിച്ച് കീഴടങ്ങി. ഒരേയൊരു പ്രതിയെന്ന നിഗമനത്തിൽ വിചാരണ നടപടികൾ പുരോഗമിച്ചുവരികയാണ്. ഇയാൾ മുമ്പ് വിദേശത്ത് ജോലി ചെയ്തിരുന്നതാണ്. യഹോവ സാക്ഷികളോടുള്ള വെറുപ്പാണ് ആക്രമണ കാരണമായി പറഞ്ഞിരുന്നത്. ഇതിനിടെ കേസിൽ സാക്ഷി പറഞ്ഞവർക്ക് നേരെ വിദേശത്തുനിന്ന് വധഭീഷണികൾ ഉണ്ടായത് ദുരൂഹത വർദ്ധിപ്പിക്കുകയും ചെയ്തു. ഇത്തരം ഘടകങ്ങളാണ് 'അമച്ച്വർ" സ്ഫോടനങ്ങൾക്കും തീവയ്പിനും പിന്നിൽ വിപുലമായ ഗൂഢാലോചനയുണ്ടെന്ന സംശയം ജനിപ്പിക്കുന്നത്.
മലബാറിലെ ട്രെയിൻ തീവയ്പുകൾ
കോഴിക്കോട് എലത്തൂരിനടുത്ത് ആലപ്പുഴ- കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ 2023 ഏപ്രിൽ 2ന് രാത്രിയാണ് തീവയ്പുണ്ടായത്. ആക്രമണത്തിൽ മൂന്നുപേർ മരിക്കുകയും നിരവധിപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പ്രതിയായ ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സെയ്ഫിയെ പിന്നീട് മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി. എന്നാൽ ഓൺലൈൻ വഴിയുള്ള തീവ്രവാദ പ്രസംഗങ്ങളിലൂടെ ഇയാൾ സ്വയം തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നുവെന്നാണ് എൻ.ഐ.എ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത്. ജനശ്രദ്ധ ഒഴിവാക്കാനാണ് സ്വന്തം നാട്ടിൽ നിന്നുമാറി കേരളത്തെ തിരഞ്ഞെടുത്തതെന്നാണ് പ്രതി മൊഴി നൽകിയത്. ആസൂത്രിതമായ ഭീകരപ്രവർത്തനമാണ് ഇതിനു പിന്നിലെന്ന് അന്വേഷണ ഏജൻസികൾ ആദ്യം സ്ഥിരീകരിച്ചിരുന്നു. ഏതായാലും ആ വഴിക്കുള്ള തുടരന്വേഷണം ഒന്നുമുണ്ടായില്ല.
കൃത്യം രണ്ടു മാസത്തിനുശേഷം, കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എട്ടാം യാർഡിൽ സർവീസ് അവസാനിപ്പിച്ച് നിറുത്തിയിട്ടിരുന്ന ഇതേ ആലപ്പുഴ- കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് വീണ്ടും തീപിടിച്ചു.
ട്രെയിനിന്റെ പിൻഭാഗത്തെ ഒരു ജനറൽ ബോഗി പൂർണമായും കത്തിനശിച്ചു. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രസോൻജിത്ത് സിക്ദർ എന്ന ഭിക്ഷാടകനെ പൊലീസ് അറസ്റ്റുചെയ്തു. പണമില്ലാത്തതിന്റെ നിരാശയിലും മാനസിക സമ്മർദ്ദത്തിലുമാണ് ഇയാൾ ട്രെയിനിന് തീയിട്ടതെന്നാണ് കണ്ടെത്തിയത്.
ഒക്ടോബർ 12ന് പുലർച്ചെയായിരുന്നു കൊച്ചി സിനഗോഗിന് മുന്നിലെ തീവയ്പ്. അതോടെ ഒരിടവേളയ്ക്കു ശേഷം ഇത്തരം കുറ്റകൃത്യം വാർത്തകളിൽ നിറയുകയാണ്. പ്രത്യേക സ്വഭാവ വിശേഷങ്ങളുള്ള എബിൻ പോൾ എന്ന പ്രതി അറസ്റ്റിലായിട്ടുണ്ട്. പെട്രോളും കമ്പിത്തിരിയും അടക്കം പ്രാദേശിക വിപണിയിൽ ലഭ്യമായ വസ്തുക്കളാണ് ഇയാൾ ഉപയോഗിച്ചത്. ഇതിന് മുമ്പ് മുവാറ്റുപുഴയിലെ ഒരു കാർ ഷോറൂമിനും ഒരു വീടിനും തീയിട്ട് ട്രയൽ റൺ നടത്തിയിരുന്നു. സമൂഹമാദ്ധ്യമത്തിലൂടെ തന്റെ ബോസ് നൽകുന്ന നിർദ്ദേശപ്രകാരമാണ് ആക്രമണങ്ങൾ നടത്തിയതെന്നും പ്രതിഫലം കിട്ടിയെന്നും ഇയാൾ പറയുന്നു. പ്രതിയുടെ പശ്ചാത്തലമടക്കം അന്വേഷണത്തിലാണ്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന വേളയിലാണ് ജൂതപ്പള്ളി നശിപ്പിക്കാൻ ശ്രമിച്ചതെന്നതും ഗൗരവമേറുന്നു.
അതിനു തൊട്ടുമുമ്പ് ഫോർട്ട്‌കൊച്ചിയിലെ ചരിത്ര പ്രസിദ്ധമായ കൊളോണിയൽ ബംഗ്ലാവ് കോഡർ ഹൗസിനു തീപിടിച്ചിരുന്നു. ഇൻഡോ- യൂറോപ്യൻ വാസ്തുശൈലിയിൽ നിർമ്മിച്ച ബംഗ്ലാവ് ഹോട്ടലായി പ്രവർത്തിച്ചുവരികയായിരുന്നു. മുകളിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേട്ട ശേഷമാണ് തീപിടിത്തമുണ്ടായതെന്നതും ദുരൂഹമാണ്.
ഇതെല്ലാം വ്യത്യസ്തമായ തീവ്രവാദം വേരുറപ്പിക്കുന്നതിന്റെ സൂചനയാണെന്നാണ് സംശയം. ആർ.ഡി.എക്സ് പോലുള്ള വീര്യമുള്ള സ്ഫോടക വസ്തുക്കളുടെ കൈകാര്യവും ഗതാഗതവും എളുപ്പമല്ലാത്തതിനാൽ പ്രാദേശിക വിപണിയിൽ ലഭ്യമാകുന്നവ ഉപയോഗിച്ചുള്ള ഭീകരപ്രവർത്തനങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ട്. അതിനാൽ ഈ തീവയ്പ് സംഭവങ്ങളെ ഒറ്റപ്പെട്ടതായി കണ്ട് അവഗണിക്കാനാകില്ല. ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുവരണം. വലുതെന്തെങ്കിലും വരാനിരിക്കുന്നതിന്റെ സൂചനയാണിതെങ്കിൽ മുളയിലേ നുള്ളുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |