SignIn
Kerala Kaumudi Online
Sunday, 25 October 2026 4.27 AM IST

കളറാകട്ടെ, കായിക മേള

1

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്ട് തിരി തെളിയുകയാണ്. ഒളിമ്പിക്സ് മാതൃകയിൽ എല്ലാ കായിക ഇനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി നടത്തുന്ന സ്കൂൾ കായികമേളയുടെ മൂന്നാം പതിപ്പാണിത്. കഴിഞ്ഞ രണ്ടുതവണയും കാര്യമായ പരാതികളും പരിഭവങ്ങളുമില്ലാതെ കായികമേള നടത്താൻ വിദ്യാഭ്യാസ വകുപ്പിനായി. ഇക്കുറിയും മികച്ചരീതിയിൽ മേള സംഘടിപ്പിക്കണം. പ്രൗഢ പാരമ്പര്യമുള്ള കേരളത്തിന്റെ കായികമേഖലയ്ക്ക് സാരമായ ക്ഷീണമേറ്റിരിക്കുന്ന കാലത്ത് നടക്കുന്ന കായികമേളയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നാളെയുടെ കായികമുകുളങ്ങൾ ആദ്യചുവട് വയ്ക്കുന്നത് സ്കൂൾ മേളകളിലാണ്. വിജയങ്ങൾക്കൊപ്പം പരാജയങ്ങളും പരിശ്രമങ്ങളും തിരിച്ചുവരവുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് ബോദ്ധ്യപ്പെടുത്താൻ സ്പോർട്സിനോളം പോന്നൊരു മാർഗമില്ല. സ്കൂൾമേളകളിൽ സ്വർണം വാരിക്കൂട്ടിയവർ ട്രാക്കിൽ നിന്ന് മാഞ്ഞുപോയതും ഇവിടെ മെഡൽപ്പട്ടികയിലേക്ക് വരാത്തവർ ഒളിമ്പിക്സിൽ മത്സരിച്ചതുമായ ഉദാഹരണങ്ങൾ മുന്നിലുണ്ട്. സ്കൂൾ കായികമേളകളെ ആഘോഷമാക്കുമ്പോൾ, വീറും വാശിയും പോരാട്ടവുമൊക്കെ കളത്തിന് പുറത്തേക്ക് പടരുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. മികച്ച സ്കൂളെന്ന പട്ടം കിട്ടാനും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയാകാനുമൊക്കെ നടത്തുന്ന അനഭിലഷണീയമായ നീക്കങ്ങൾക്ക് തടയിടണം. കുട്ടികളുടെ കായികഭാവി തകർക്കുന്ന രീതിയിൽ കൂടുതൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതും അന്യസംസ്ഥാനങ്ങളിൽ നിന്ന് കായികതാരങ്ങളെ ഇറക്കുമതി ചെയ്യുന്നതുമൊക്കെ മേളകളുടെ പകിട്ട് കുറയ്ക്കുകയേയുള്ളൂ. മികച്ച സ്കൂളും ജില്ലകളുമല്ല, മികച്ച കായികതാരങ്ങളാണ് വേണ്ടത്. കായികമേളകളുടെ സമയത്തെങ്കിലും സർക്കാർ ഓർക്കേണ്ട മറ്റൊരു പ്രധാനകാര്യം നമ്മുടെ കായികാദ്ധ്യാപകരുടെ അവസ്ഥയാണ്. പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ നാലുവരെ ക്ളാസുകളിൽ ഇന്റഗ്രേറ്റഡ് സബ്ജക്ടായും അഞ്ചുമുതൽ പത്തുവരെ ക്ളാസുകളിൽ പാഠപുസ്തകവും മൂന്നുടേമിലും തിയറിയും പ്രാക്ടിക്കലും പരീക്ഷകളുമുൾപ്പെടെയായി പാഠ്യപദ്ധതിയായും ആരോഗ്യകായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയിട്ടുണ്ട്.

11,12 ക്ളാസുകളിൽ, കായിക വിദ്യാഭ്യാസ പീരീയഡുകളായാണ് അത് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത് കാര്യക്ഷമമായി നടപ്പിലാക്കാനുള്ള അദ്ധ്യാപകരില്ല. സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ കൂട്ടത്തിൽ ഒരു വിഭാഗം മാത്രമാണ് ഇപ്പോൾ കായികാദ്ധ്യാപകർ.

ഒരു കുട്ടി സ്കൂൾ കാലഘട്ടം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും, പൊതുവിദ്യാലയങ്ങളിൽ കായികഅദ്ധ്യാപകരുടെ സാന്നിദ്ധ്യമില്ലാത്ത അവസ്ഥയാണ്. എൽ.പിയിൽ ഒന്നിൽപോലും കായികാദ്ധ്യാപക തസ്തികയില്ല. 500 കുട്ടികൾ ഇല്ലാത്തതിനാൽ 86 ശതമാനം യു.പിയിലും കായികാദ്ധ്യാപകരില്ല. 45 ശതമാനം ഹൈസ്കൂളുകളിൽ മാത്രമാണ് കായികഅദ്ധ്യാപകരുള്ളത്. പത്താം ക്ളാസിൽ പീരിയഡുണ്ടെങ്കിലും തസ്തിക നിർണയത്തിൽ പരിഗണിക്കില്ല. പ്രീഡിഗ്രി വേർപെടുത്തിയപ്പോൾ കോളേജുകളിലെ തസ്തിക കുറച്ചു. എന്നാൽ ഹയർ സെക്കൻഡറിയിൽ ഇതുവരെ തസ്തിക അനുവദിച്ചിട്ടുമില്ല. പഠിപ്പിക്കുന്നത് ഹൈസ്കൂളിലാണെങ്കിലും എൽ.പി/യു.പി അസിസ്റ്റന്റിന്റെ ശമ്പളമാണ് കായികാദ്ധ്യാപകർക്കുള്ളത്. ഒന്നാം ക്ളാസ് മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂളുകളിൽ എല്ലാ കുട്ടികളെയും കായികമത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് ഹൈസ്കൂളിലെ കായികാദ്ധ്യാപകരുടെ ചുമതലയാണ്. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെയുള്ള കായികമേളകളുടെ നടത്തിപ്പും ഇവരുടെ ചുമലിൽതന്നെ. പി.ടി ഉഷയും ഷൈനി വിൽസനും ഉൾപ്പെടെയുള്ള താരങ്ങളെ കണ്ടെത്തിയതും സ്പോർട്സിലേക്ക് വഴിതിരിച്ചുവിട്ടതും കായികാദ്ധ്യാപകരാണ്. പ്രതിഭകളെ കണ്ടെത്തുകയെന്നത് നിസാരമല്ല.

ഒന്നാം ക്ളാസുമുതൽ 12-ാം ക്ളാസുവരെ കായികാദ്ധ്യാപകന്റെ സേവനം ലഭ്യമാക്കുന്ന രീതിയിൽ നിയമനത്തിന് സർക്കാർ തയ്യാറാകണം. മയക്കുമരുന്നിലേക്കും മൊബൈൽ അടിമത്തത്തിലേക്കും വഴുതുന്ന തലമുറയെ സ്പോർട്സിലൂടെ നേരായ വഴിയിലേക്ക് നയിക്കാനാകും. വരും ദിവസങ്ങളിൽ കോഴിക്കോടിന്റെ ആതിഥ്യം ആവോളമേറ്റ് പുതിയ ദൂരവും സമയവും കുറിക്കാനെത്തുന്ന ഭാവി കായികകേരളത്തിന് എല്ലാ ആശംസകളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION