SignIn
Kerala Kaumudi Online
Sunday, 25 October 2026 5.25 AM IST

നേരും നുണയും നേരമ്പോക്കല്ലല്ലോ!

sa

''നേരും നുണയും പലപ്പോഴും കൈകോർത്ത് നടക്കാറുണ്ട് എന്നറിയാമോ? പക്ഷേ, ഒരേ ലക്ഷ്യത്തിലേക്കല്ല അവ നടക്കുന്നത്. ഒന്ന് സത്യത്തെ വെളിപ്പെടുത്തുമ്പോൾ, മറ്റൊന്ന് സത്യത്തെ മറയ്ക്കുന്നു! ചിലർ നുണ പറയുന്നത്, നേരാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനാണ്. അപ്പോൾ നുണ, നേരിന്റെ വേഷമണിയും. മറ്റൊരാളുടെ മനസിനെ വേദനിപ്പിക്കാതിരിക്കാൻ ചിലർ ചെറിയ നുണ പറയാറുണ്ട്. ചിലപ്പോൾ, സത്യം പറയുന്നവനെ, ആളുകൾ നുണയനെന്ന് വിളിക്കും. അതേസമയം, നുണ പറയുന്നവന് സത്യസന്ധന്റെ പരിവേഷം ലഭിക്കുകയും ചെയ്യും. നുണയ്ക്ക് കുറച്ചുകാലം നേരിനൊപ്പം നടക്കാൻ കഴിഞ്ഞേക്കാം. പക്ഷേ പിന്നീട് രണ്ടിന്റെയും യഥാർത്ഥ മുഖം പുറത്തുവരും.


ഒരിക്കൽ, നേരും നുണയും ഒരുമിച്ച് യാത്ര പുറപ്പെട്ടു. നുണ പറഞ്ഞു: 'നമുക്ക് ഒരുമിച്ച് നടന്നാൽ ആളുകൾക്ക് നമ്മളെ തിരിച്ചറിയാൻ കഴിയില്ല."
നേര് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: 'അതെ, കുറച്ചുദൂരം നമുക്ക് ഒരുമിച്ച് നടക്കാം. പക്ഷേ ഒരു കാര്യം ഓർക്കണം. നീ എന്റെ വേഷം ധരിച്ചേക്കാം;എന്നാൽ, എന്റെ സത്യത്തെ സ്വന്തമാക്കാൻ നിനക്കാവില്ല." നുണ ചിരിച്ചു. നേരും ചിരിച്ചു. പക്ഷേ, അവരുടെ ചിരിയുടെ അർത്ഥം രണ്ടായിരുന്നു. നുണ ചിരിച്ചത് മറ്റുള്ളവരെ കബളിപ്പിക്കാമെന്ന സന്തോഷത്തിലും നേര് ചിരിച്ചത് ഒരുനാൾ സത്യം പുറത്തുവരുമെന്ന ഉറപ്പിലുമാണ്!"" സദസ്യരെ നോക്കിക്കൊണ്ട് പ്രഭാഷകൻ,തുടർന്നു:

''നേരു പറയുന്നവൻ പരിഹാസപാത്രവും നുണ പറയുന്നവൻ മിടുക്കനുമായി മാറുന്ന കാലമാണോ ഇതെന്ന് തോന്നുമെങ്കിലും, സത്യത്തിൽ അങ്ങനെയണോ? സത്യം പറയുന്നവന്റെ വാക്കുകൾക്ക് വിലയില്ലാതാവുകയും, നുണ പറയുന്നവന്റെ വാക്കുകൾക്ക് കൈയടി ലഭിക്കുകയും ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് ഒരാളുടെ സത്യസന്ധത മാത്രമല്ല, സമൂഹത്തിന്റെ ധാർമിക മൂല്യങ്ങൾ കൂടിയാണ്! ശ്രീബുദ്ധന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ആനന്ദൻ ദീർഘകാലം ശ്രീബുദ്ധന്റെ വ്യക്തിഗത പരിചാരകനായി സേവനമനുഷ്ഠിച്ചു. ഇതിൽ, അസ്വസ്ഥനും അസൂയാലുവുമായിരുന്നു മറ്റൊരു ശിഷ്യനായ ദേവദത്തൻ. ഒരിക്കൽ ദേവദത്തൻ, ശ്രീബുദ്ധനോടു പറഞ്ഞു: 'ആനന്ദൻ, അങ്ങയെക്കുറിച്ച് വളരെമോശമായി പലരോടും പറഞ്ഞു നടക്കുന്നുണ്ട്." ശ്രീബുദ്ധൻ, ഭാവവ്യത്യാസവുമില്ലാതെ, ദേവദത്തനോട് മൂന്നുചോദ്യങ്ങൾ ചോദിച്ചു. 'നീ പറയുന്ന കാര്യം സത്യമാണെന്ന് നിനക്ക് ഉറപ്പുണ്ടോ?" ദത്തൻ പറഞ്ഞു: 'ഞാൻ മറ്റൊരാളിൽ നിന്ന് കേട്ടതാണ്." ബുദ്ധൻ വീണ്ടും ചോദിച്ചു: 'അത് കേൾക്കുന്നത് എനിക്ക് എന്തെങ്കിലും ഗുണം ചെയ്യുമോ?' ദത്തൻ പറഞ്ഞു: 'പ്രത്യേകിച്ച് ഗുണമൊന്നുമില്ല.' അവസാന ചോദ്യമായി ശ്രീബുദ്ധൻ ചോദിച്ചു: 'ഈ കാര്യം പറയുന്നതുകൊണ്ട് ഞങ്ങൾക്കിടയിൽ സ്‌നേഹം വർദ്ധിക്കുമോ, അതോ സംശയം വർദ്ധിക്കുമോ?" ദേവദത്തൻ നിശബ്ദനായി.


അപ്പോൾ, ശ്രീബുദ്ധൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'സത്യമാണെന്ന് നിനക്ക് ഉറപ്പില്ലാത്ത ഗുണമില്ലാത്ത കാര്യം ഞാൻ എന്തിനാണ് വിശ്വസിക്കുന്നത്?" സത്യമറിയാതെ, ആരെയും കുറ്റപ്പെടുത്തരുത്. ആരെങ്കിലും, പറയുന്നതുകേട്ട് നല്ല ബന്ധങ്ങൾ തകർക്കരുത്."" ഇപ്രകാരം പ്രഭാഷകൻ നിറുത്തിയപ്പോൾ, സദസ്യരിൽ, ചിലരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION