SignIn
Kerala Kaumudi Online
Saturday, 24 October 2026 2.34 AM IST

ഒടുങ്ങാത്ത പക

lorence-bishnoi

ബോളിവുഡ് ഇപ്പോൾ ഏറെ ഭയക്കുന്നത് അഹമ്മദാബാദിലെ സബർമതി ജയിലിൽ കഴിയുന്ന 33കാരൻ ലോറൻസ് ബിഷ്ണോയ് എന്ന കൊടുംകുറ്റവാളിയെ. സൂപ്പർ താരം സൽമാൻ ഖാനെതിരെ നിരന്തരം ഭീഷണിയുയർത്തുന്ന ബിഷ്ണോയ് 'ഹിന്ദു ഡോൺ' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. സസ്യഭുക്കാണ്. ബ്രഹ്മചാരിയും. ഇന്ത്യയിൽ മാത്രമല്ല കാനഡയിലടക്കം വേരുകൾ പടർത്താൻ ലോറൻസ് ബിഷ്ണോയ് സംഘത്തിനായിട്ടുണ്ട്. ചില ഉന്നതരുമായി ബന്ധമുണ്ടെന്ന ആരോപണവുമുണ്ട്.

കാനഡയിൽ ലോറൻസ് ബിഷ്ണോയ് സംഘം അതിക്രമങ്ങൾ കാണിക്കുന്നുവെന്ന് 2024ൽ അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് ഇന്ത്യാസർക്കാരിന്റെ പിന്തുണയുണ്ടെന്നും ആരോപിച്ചത് നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കി. കേന്ദ്ര സർക്കാർ അത് നിഷേധിച്ചിരുന്നു. 2023ൽ സിഖ് ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം ഉൾപ്പെടെ ലോറൻസ് ബിഷ്‌ണോയ് ജയിലിൽ കിടന്ന് ആസൂത്രണം ചെയ്‌തതാണെന്ന അവകാശവാദവും ഇന്ത്യ നിഷേധിച്ചു.

മൃഗങ്ങളെയും പരിസ്ഥിതിയെയും തീവ്രമായി സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ബിഷ്ണോയ് സമുദായത്തിലെ അംഗമാണ് ലോറൻസ്. 1998 ഒക്ടോബറിൽ ബിഷ്‌ണോയ് വിഭാഗം തിങ്ങിപ്പാർക്കുന്ന രാജസ്ഥാനിലെ കങ്കനി ഗ്രാമത്തിൽ സൽമാനും കൂട്ടുകാരും കൃഷ്‌ണമൃഗങ്ങളെ വേട്ടയാടിയത് അവരുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തി. ബിഷ്ണോയ് വിഭാഗം പവിത്രമായി കരുതുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ മൃഗമാണത്.

സമുദായ നേതാക്കൾ സൽമാനെതിരെ നിയമപോരാട്ടം തുടങ്ങി. 2018ൽ താരത്തിന് വിചാരണക്കോടതി 5 വർഷം തടവ് വിധിച്ചെങ്കിലും രാജസ്ഥാൻ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചു. കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവം നടക്കുമ്പോൾ ലോറൻസിന് 5 വയസായിരുന്നു പ്രായം. സമുദായത്തെ അവഹേളിച്ച സൽമാനോട് പ്രതികാരം ചെയ്യുമെന്ന് 2023ൽ ലോറൻസ് ബിഷ്ണോയ് പരസ്യമായി പ്രഖ്യാപിച്ചു.

ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് ബത്തിൻഡ ജയിലിൽ നിന്നുള്ള ടിവി ചാനൽ അഭിമുഖം ബോളിവുഡിനെ ഞെട്ടിച്ചു. സൽമാനെ സഹായിക്കുന്നവരെയും തീർക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ബിഷ്‌ണോയ് സമുദായത്തിന്റെ ക്ഷേത്രത്തിൽ പോയി താരം മാപ്പു പറഞ്ഞാൽ പ്രതികാരം ചെയ്യില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ കേസുകളിൽ നിയമപോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

നിയന്ത്രണം

ജയിലിൽ കിടന്ന്

ഷാർപ്പ് ഷൂട്ടേഴ്സാണ് ലോറൻസ് ബിഷ്‌ണോയ് സംഘത്തിലുള്ളത്. രാജ്യത്തിനകത്തും മദ്ധ്യപൂർവേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലുമായി ആയിരക്കണക്കിനുപേർ ഈ സംഘത്തിൽ പ്രവർത്തിക്കുന്നു. ലഹരി-ആയുധക്കടത്താണ് സംഘത്തിന്റെ പ്രധാന വരുമാന മാർഗമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

ലോറൻസ് തന്റെ സാമ്രാജ്യം നിയന്ത്രിക്കുന്നത് ജയിലിൽ കിടന്നാണ്.

2022 മേയ് 29ന് പഞ്ചാബിലെ മൻസയിൽ പഞ്ചാബി റാപ്പ് ഗായകൻ സിദ്ദു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടപ്പോൾ ലോറൻസ് തീഹാർ ജയിലിലായിരുന്നു. സംഘാംഗമായ വിക്കി മിഡുഖേരയെ കൊന്നവരെ ഗായകൻ സഹായിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതികാരം. അന്താരാഷ്ട്ര കുറ്റവാളി ഗോൾഡി ബ്രാറുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തുവെന്ന് അന്വേഷണസംഘം കണ്ടെത്തി. മൂസെവാല കൊല്ലപ്പെട്ടതിനു പിന്നാലെ തീഹാർ ജയിലിൽ ലോറൻസിന് സന്ദേശമെത്തിയെന്ന് പറയപ്പെടുന്നു. ഈ കേസിലും ലോറൻസ് പ്രതിയാണ്.

'പുറത്തിറക്കുമ്പോൾ

വിലങ്ങു വയ്ക്കണം'

സൽമാന്റെ അടുത്ത സുഹൃത്തും എൻ.സി.പി നേതാവുമായ ബാബാ സിദ്ദിഖി 2024 ഒക്ടോബ‌ർ 12ന് ബാന്ദ്രയിൽ കൊല്ലപ്പെട്ടത് ബോളിവുഡിനെ പിടിച്ചുകുലുക്കി. 2024 ഏപ്രിലിൽ സൽമാന്റെ വസതിയായ മുംബയിലെ ഗ്യാലക്‌സി അപ്പാർട്ടുമെന്റിന് പുറത്ത് ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 18ന് നടൻ ടൈഗർ ഷ്റോഫിന് നേർക്കും വധശ്രമമുണ്ടായി. സൽമാനുമായുള്ള ബന്ധമാണ് കാരണമെന്ന് സംശയിക്കുന്നു. എന്നാൽ അഹമ്മദാബാദിലെ ജയിലിലുള്ള ലോറൻസിനെ ഈ കേസുകളിൽ ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ മുംബയ് പൊലീസിന് കഴിഞ്ഞിട്ടില്ല.

ലോറൻസിനെ ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശമാണ് തടസമായി നിൽക്കുന്നത്. ക്രമസമാധാനവും, വധഭീഷണിയും പരിഗണിച്ചാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. വീഡിയോ കോൺഫറൻസ് മുഖേന മാത്രമേ കോടതിയിൽ ഹാജരാക്കാൻ കഴിയൂ. ചോദ്യം ചെയ്യണമെങ്കിൽ ഈ സംവിധാനം ഉപയോഗിക്കുകയോ, ജയിലിലെത്തുകയോ വേണം. ഈ സംരക്ഷണം പിൻവലിക്കണമെന്ന് കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലുമോയെന്ന് ലോറൻസ് ഭയപ്പെടുന്നുണ്ട്. ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ വിലങ്ങുവച്ച് കൊണ്ടുപോകണമെന്ന് ചണ്ഡിഗറിലെ സെഷൻസ് കോടതിയിൽ മുൻപ് ഹർജി കൊടുത്തിട്ടുണ്ട്. ഈ ആവശ്യം സെഷൻസ് കോടതി തള്ളിയെങ്കിലും 2020 ഡിസംബറിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി അനുവദിച്ചു.

ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ പേര്

1993 ഫെബ്രുവരി 12ന് പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിക്കു സമീപമുള്ള ഫസിൽക ജില്ലയിലാണ് ലോറൻസ് ബിഷ്ണോയിയുടെ ജനനം. അഞ്ചടി 11 ഇഞ്ച് പൊക്കം. ബ്രിട്ടീഷ് ഭരണകാലത്ത് പഞ്ചാബിൽ പ്രവർത്തിച്ചിരുന്ന പട്ടാള ഉദ്യോഗസ്ഥൻ സർ ഹെൻറി ലോറൻസിന്റെ പേരാണ് മാതാപിതാക്കൾ മകന് നൽകിയത്. 2010-13 കാലയളവിൽ ചണ്ഡിഗറിലെ പഞ്ചാബ് സർവകലാശാലയിൽ നിയമ വിദ്യാർത്ഥിയായിരിക്കെ കുറ്റകൃത്യങ്ങൾക്ക് തുടക്കം. 2014 ഫെബ്രുവരിയിൽ രാജസ്ഥാനിൽ ലോറൻസ് സഞ്ചരിച്ച വാഹനം മറ്രൊരു കാറുമായി കൂട്ടിയിടിച്ചപ്പോൾ കൂട്ടാളികൾ തോക്കെടുത്ത് ആകാശത്തേക്ക് വെടിവച്ചു.

വധശ്രമം ചുമത്തിയ ആ കേസിലാണ് 2015ൽ ആദ്യ അറസ്റ്റ്. പൊലീസ് വാഹനത്തിൽ കൊണ്ടുപോകവേ സംഘാംഗങ്ങൾ തടഞ്ഞുനിറുത്തി രക്ഷപ്പെടുത്തിയെങ്കിലും ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് പിടികൂടി. 40ൽപ്പരം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഭീഷണിപ്പെടുത്തി പണം തട്ടൽ, ആയുധങ്ങൾ കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെട്ട കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

(തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LORENCE BISHNOI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION