
കണ്ണൂർ നഗരത്തിലൂടെ ഒന്നു നടന്നാൽ മതി. വൈദ്യുതത്തൂണുകളിലും ചുമരുകളിലും ആളുകൾ കൂടുന്ന മൂലകളിലുമെല്ലാം ഒരേ തരം നോട്ടിസ് കാണാം. സ്ഥാപനത്തിന്റെ പേരില്ല, വിലാസമില്ല, ലൈസൻസ് നമ്പറില്ല. ഒരു ഫോൺ നമ്പർ മാത്രം. ആ നമ്പറിൽ വിളിച്ചാൽ എത്തുന്നത് ഒരു കടയിലേക്കല്ല. ഒരു വാടകവീട്ടിലേക്കോ ഫ്ലാറ്റിലേക്കോ ആണ്. കേരളത്തെ ഇപ്പോൾ ഉലയ്ക്കുന്ന സ്പാ വിവാദത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഈ അദൃശ്യതയാണ്: പേരില്ലാത്ത സ്ഥാപനം, മുഖമില്ലാത്ത ഉടമ, അടച്ചിട്ട മുറി.
ജില്ലയിൽ ഇരുനൂറ്റമ്പതിലേറെ അനധികൃത സ്പാ-മസാജ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് ലഭ്യമായ വിവരം. ഇത് ഔദ്യോഗിക കണക്കല്ല. പക്ഷേ ഈ സംഖ്യ ഏകദേശം ശരിയാണെങ്കിൽ സംസ്ഥാനത്തെ 821 രജിസ്റ്റർ ചെയ്ത സ്പാകൾ മാത്രം നോക്കിയുള്ള പരിശോധനയിൽ ഈ ജില്ലയിലെ യഥാർഥ ചിത്രം പിടികിട്ടില്ലെന്ന് വ്യക്തം. ഗോവയും ബെംഗളൂരുവും മംഗളൂരുവും മൈസൂരുവും പോലുള്ള കേന്ദ്രങ്ങളിൽ മാത്രം കണ്ടിരുന്ന ഇത്തരം കേന്ദ്രങ്ങൾ ഇപ്പോൾ കണ്ണൂരിലെ ഇടത്തരം പട്ടണങ്ങളിലേക്കും എത്തി എന്നതാണ് ശ്രദ്ധേയം.
അടുത്തിടെ ജില്ലയിൽ സ്പാകളിൽ ജോലി ചെയ്യുന്ന നിരവധി ബംഗ്ലദേശ് സ്വദേശിനികൾ അറസ്റ്റിലായിരുന്നു. പാസ്‌പോർട്ടോ വീസയോ ഇല്ലാതെ, വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്യുകയായിരുന്നു അവർ. ഒരു അറസ്റ്റിൽ ഒതുങ്ങേണ്ട കാര്യമല്ലിത്. ഒരു വ്യാജ തിരിച്ചറിയൽ കാർഡ് തനിയെ ഉണ്ടാകില്ല. അത് ഉണ്ടാക്കിക്കൊടുത്തവർ, അതിർത്തി കടത്തിയവർ, ജോലി ഏർപ്പാടാക്കിയവർ, താമസിപ്പിക്കാന്‍ സ്ഥലം നൽകിയവർ എന്നിങ്ങനെ ഒരു ശൃംഖല അതിനു പിന്നിലുണ്ട്. ആ ശൃംഖലയെ കണ്ടെത്തുന്നതാണ് യഥാർഥ അന്വേഷണം. പ്രത്യേകിച്ച്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെന്ന വ്യാജേന ബംഗ്ലദേശിൽ നിന്നുള്ളവ ജോലി ചെയ്യുന്നുണ്ടെന്ന വിവരം നിലവിലുള്ള സാഹചര്യത്തിൽ.
പഴുതുകൾ
സ്പാ അഥവാ വെൽനെസ് സെന്റർ നടത്താൻ ലൈസൻസ് നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. നിബന്ധനകൾ ഏറെയുണ്ട്. തെറപ്പിസ്റ്റ് ആയുഷ് വകുപ്പ് അംഗീകരിച്ച കോഴ്‌സ് പാസായവരായിരിക്കണം. പകർച്ചവ്യാധി ഇല്ലെന്നു തെളിയിക്കുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് വേണം. കേന്ദ്രം പ്രവർത്തിക്കേണ്ടത് വാണിജ്യ കെട്ടിടത്തിലാവണം, മാലിന്യ നിർമാർജനത്തിന് സംവിധാനവും വേണം. മസാജ് കേന്ദ്രങ്ങളിലെ ചികിത്സാരീതി ആയുർവേദത്തെ ആശ്രയിക്കുന്നതിനാലാണ് ആയുഷുമായി ചേർന്ന് മാനദണ്ഡം നിശ്ചയിക്കുന്നത്. എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം മറികടക്കാൻ എളുപ്പമുള്ള ഒരു വഴിയുണ്ട്: കടകള്‍ക്കുള്ള സാധാരണ രജിസ്‌ട്രേഷനോ, അതുമില്ലാതെ വീട്ടിലെ പ്രവർത്തനമോ. ഈ ഇടത്തിലാണ് നിയന്ത്രണം ഇല്ലാതാകുന്നത്. സർക്കാർ ഇപ്പോൾ പ്രത്യേക നിയമത്തെക്കുറിച്ച് ആലോചിക്കുന്നത് ഇത് തിരിച്ചറിഞ്ഞിട്ടാണ്.
മസാജിനപ്പുറമുള്ള സേവനം നടക്കുന്നുവെന്ന് പൊലീസിന് സംശയം തോന്നിയാലും, അത് തെളിയിക്കുക എളുപ്പമല്ല. ഉഭയകക്ഷി സമ്മതപ്രകാരമാണ് ഒത്തുകൂടിയതെന്ന് തെറപ്പിസ്റ്റും ഇടപാടുകാരും കോടതിയിൽ പറഞ്ഞാൽ കേസ് ദുർബലമാകും. ഇതിനു മുമ്പ് പൊലീസ് പലയിടത്തും മുന്നറിയിപ്പും താക്കീതും നൽകിയിട്ടും നടപടി അവിടെ ഒതുങ്ങിയതിന്റെ കാരണം ഇതാണ്. പ്രശ്‌നം പൊലീസിന്റെ ഇച്ഛാശക്തിയിൽ മാത്രമല്ല, തെളിവിന്റെ സ്വഭാവത്തിലാണ്. ഇവിടെയാണ് ഫോൺ രേഖകൾ, പണമിടപാടുകൾ, വാടകക്കരാർ, ഏജന്റുമാരുമായുള്ള ആശയവിനിമയം, ഓൺലൈൻ പരസ്യങ്ങൾ എന്നിവയുടെ പ്രാധാന്യം. മുറിക്കുള്ളിലെ തെളിവിനു പകരം മുറിക്കു പുറത്തുള്ള ഡിജിറ്റൽ-സാമ്പത്തിക തെളിവുകളിലൂടെ കേസ് ഉണ്ടാക്കാനാണ് എസ്.ഐ.ടി.യിൽ സൈബർ വിദഗ്ദ്ധരെ ഉൾപ്പെടുത്തുന്നത്.
പൊതുമതിൽ, പാലം, വൈദ്യുത പോസ്റ്റ്, സർക്കാർ കെട്ടിടം എന്നിവിടങ്ങളിൽ പോസ്റ്റർ പതിക്കാൻ പാടില്ല. തദ്ദേശ സ്ഥാപനം നിശ്ചയിച്ച സ്ഥലങ്ങളിൽ അനുമതി വാങ്ങി ഫീസടച്ച് മാത്രമേ പതിക്കാവു. സ്വകാര്യ കെട്ടിടത്തിന്റെ മതിലിൽ പതിക്കാൻ ഉടമയുടെ സമ്മതം വേണം. റോഡിനും നടപ്പാതയ്ക്കും ഗതാഗത സുരക്ഷയ്ക്കും തടസ്സമാകുന്ന വിധത്തിൽ ബാനറോ പോസ്റ്ററോ സ്ഥാപിക്കാൻ പാടില്ല. അനധികൃത പോസ്റ്റർ നീക്കം ചെയ്യാനും അതിന്റെ ചെലവും പിഴയും ഈടാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. ഈ നിയമം ശരിയായി നടപ്പാക്കിയിരുന്നെങ്കിൽ നഗരത്തിലെ തൂണുകളിൽ ഇത്തരം നോട്ടിസുകൾ ആഴ്ചകളോളം നിലനിൽക്കില്ലായിരുന്നു.
ചതി
ഈ രംഗത്തെ തെറപ്പിസ്റ്റുകളിൽ ഏറെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ചിലർ എങ്ങനെയെങ്കിലും പണം സമ്പാദിക്കാനുള്ള വഴിയായി സ്വയം തിരഞ്ഞെടുത്തവരാണ്. മറ്റു ചിലർ ഏജന്റുമാരുടെ ചതിയിൽ പെട്ടവരും. പലർക്കും നിശ്ചിത ശമ്പളമില്ല, ഇടപാടുകാർ നൽകുന്ന ടിപ്പാണ് വരുമാനം. അങ്ങനെ വരുമാനത്തിനായി ഇടപാടുകാരെ ആശ്രയിക്കേണ്ടി വരുമ്പോൾ ഒരു തൊഴിലാളിക്ക് 'ഇല്ല' എന്നു പറയാനുള്ള സ്വാതന്ത്ര്യം എത്രമാത്രം ബാക്കിയുണ്ടാകും എന്ന ചോദ്യം പ്രധാനമാണ്. സമ്മതം എന്ന വാക്കിനു പിന്നിലെ നിർബന്ധമാണ് പലയിടത്തും നടക്കുന്നത്. കോവളത്തെ പതിനാറുകാരിയുടെ കേസും കളമശ്ശേരിയിലെ യുവതിയുടെ അനുഭവവും കാണിക്കുന്നത്, ഈ വലയിൽ അകപ്പെടുന്നവർ എപ്പോഴും സ്വയം തിരഞ്ഞെടുത്തവരല്ല എന്നാണ്. ചിലർക്ക് ജോലി വാഗ്ദാനം ഒരു കെണിയായി മാറുന്നു. മറ്റു ചിലരെ ഇതര സംസ്ഥാനത്തുനിന്നു കൊണ്ടുവരുമ്പോൾ ഭാഷയും രേഖകളുടെ അഭാവവും അവരെ കൂടുതൽ ദുർബലരാക്കുന്നു.
ഒറിജിനൽ
അംഗീകരിക്കണം
ചികിത്സ, ആരോഗ്യപരിപാലനം, വെൽനെസ് എന്നീ തലങ്ങളിൽ സ്പാ ഒരു നല്ല തൊഴിൽമേഖലയാണ്. മസാജിന് ശരിയായ പരിശീലന കോഴ്‌സുകളും ശാസ്ത്രീയ മാർഗനിർദേശങ്ങളുമുണ്ട്. ഉഴിച്ചിലിൽ മർദത്തിനും ദിശയ്ക്കും കണിശമായ കണക്കുണ്ട്. റജിസ്റ്റർ ചെയ്ത്, അംഗീകൃത യോഗ്യതയുള്ള തെറപ്പിസ്റ്റുകളെ നിയമിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ജില്ലയിലുമുണ്ട്. ഇതൊന്നും അറിയാത്തവർ തെറപ്പിസ്റ്റ് വേഷം കെട്ടുന്നതാണ് അനധികൃത കേന്ദ്രങ്ങളുടെ പ്രത്യേകത. അതുകൊണ്ട് നടപടിയുടെ ലക്ഷ്യം ഈ രണ്ടു വിഭാഗത്തെയും വേർതിരിക്കുക എന്നതാവണം. അല്ലെങ്കിൽ നിയമം പാലിക്കുന്നവർക്ക് ജീവിതമാർഗം നഷ്ടപ്പെടുന്ന അവസ്ഥ വരും.
അവശേഷിക്കുന്ന ചോദ്യങ്ങൾ
ഓപ്പറേഷൻ സ്പാ ഒരു താത്കാലിക പരിശോധനയായി അവസാനിക്കുമോ, അതോ ലൈസൻസിങ്ങും നിരീക്ഷണവും പുതിയ നിയമവും ചേർന്ന സ്ഥിരം സംവിധാനമായി മാറുമോ എന്നതാണ് പ്രധാന ചോദ്യം. സംഭവങ്ങൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ മാത്രം ഉണരുന്ന നടപടികൾ പലപ്പോഴും അതിനു ശേഷം മങ്ങിപ്പോകാറുണ്ട്. തൂണുകളിലെ ഓരോ ഫോൺ നമ്പറിന്റെയും ഉടമയെ കണ്ടെത്തുക. ഓരോ വാടകവീടിന്റെയും ഉടമയെ കണ്ടെത്തുക. സ്ഥാപനത്തിന് ലൈസൻസ് നൽകിയതോ നൽകാത്തതോ ആയ തദ്ദേശ സ്ഥാപനത്തിലെ ഫയൽ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |