SignIn
Kerala Kaumudi Online
Sunday, 28 June 2026 2.04 AM IST

വേലി തന്നെ വിളവു തിന്ന അയോദ്ധ്യ കൊള്ള

a

രാമഭക്തർ അതീവ വേദനയിലാണ്. അയോദ്ധ്യ രാമക്ഷേത്രത്തിലെ വൻക്കൊള്ള ഭക്തരുടെ മനസുകളെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുന്നു. രാംലല്ലയെ തൊഴാനെത്തുന്നവരുടെ പ്രതികരണങ്ങളിൽ അക്കാര്യം വ്യക്തമാണ്. 2000 കോടിയുടെ കൊള്ളയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. സംഭാവനകളും,ആഭരണങ്ങളും അടക്കം അടിച്ചുമാറ്റിയെന്നാണ് ആരോപണം. സംശയനിഴലിൽ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായ്, ട്രസ്റ്ര് അംഗമായിരുന്ന അനിൽ മിശ്ര എന്നിവരടക്കമുള്ളത് വേലി തന്നെ വിളവു തിന്നുവെന്ന പ്രതീതിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ട്രസ്റ്റിന്റെ വിശ്വാസ്യത ഇരുട്ടിലാണ്. ചമ്പത് റായിയും അനിൽ മിശ്രയും മുതിർന്ന ആർ.എസ്.എസ് പ്രചാരകരും വിശ്വഹിന്ദു പരിഷത്ത് നേതാക്കളുമാണെന്നത് വിഷയത്തിന്റെ ഗൗരവം വ‌ർദ്ധിപ്പിക്കുന്നു. ചമ്പത് റായ് വി.എച്ച്.പി ഉപാദ്ധ്യക്ഷനാണ്. അറസ്റ്റിലായ 8 പേരിൽ ഭൂരിഭാഗവും ആ‌ർ.എസ്.എസുമായി ബന്ധമുള്ളവരാണ്. അതിനാൽ തന്നെ ആർ.എസ്.എസ്, വി.എച്ച്.പി നേതൃത്വങ്ങൾ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളുടെ അടക്കം മേൽനോട്ടത്തിലും, ഉത്തരവാദിത്തം നിർവഹിക്കുന്നതിലും വൻവീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. അതൃപ്‌തി നേരിട്ട് അറിയിച്ച ശേഷം ഇരുവരുടെയും രാജി നേതൃത്വം ചോദിച്ചു വാങ്ങിയെന്നാണ് അഭ്യൂഹം.

എന്നാൽ അക്കാര്യം സ്ഥിരീകരിക്കാൻ ഈ സംഘടനകൾ തയ്യാറായിട്ടില്ല. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയുണ്ടായ വിവാദത്തിൽ ബി.ജെ.പി നേതൃത്വവും അതൃപ്‌തിയിലാണ്. ചമ്പത് റായ് തനിക്കു വേണ്ടിയല്ല, സംഘടനയ്‌ക്കും അതിലെ മേലാളന്മാർക്കും വേണ്ടിയാണ് കൊള്ള നടത്തിയതെന്ന് ജുന അഖാഡ മഹാമണ്ഡലേശ്വർ യതി നർസിംഗാനന്ദ് ഗിരി കുറ്റപ്പെടുത്തിയിരുന്നു. ഇതടക്കം പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. ചമ്പത് റായിയെ അറസ്റ്റ് ചെയ്യാത്തതിനെയും ചോദ്യംചെയ്യുന്നു. രാമജന്മഭൂമി പ്രക്ഷോഭകാലത്തെ കർസേവകരും പ്രതിഷേധവുമായി രംഗത്തുണ്ട്. ഭൂമി ഇടപാടിലും ക്രമക്കേട് നടന്നെന്ന് റിപ്പോർട്ടുകളുണ്ട്. വിപണി വിലയുടെ 17 ഇരട്ടി വരെ നൽകി ഭൂമി വാങ്ങിയെന്ന പരാതിയിലും അന്വേഷണമുണ്ടായേക്കും. ഭൂമി വാങ്ങുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഗോപാൽ റായ് നിരീക്ഷണത്തിലാണ്.

സംഘടിത കുറ്രകൃത്യം

രാമക്ഷേത്രത്തിൽ നടന്നിരിക്കുന്നത് സംഘടിത കുറ്റകൃത്യമാണ്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ 2020ൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തിരുത്തലുകൾക്ക് ചമ്പത് റായിയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറായില്ല. കവർച്ച,വിശ്വാസ വഞ്ചന,തട്ടിപ്പ്,ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ കേസെങ്കിലും അടുത്തഘട്ടത്തിൽ ഗുണ്ടാ നിയമവും പ്രയോഗിച്ചേക്കും.ചമ്പത് റായിയുടെ മുൻ ഡ്രൈവറും വിശ്വസ്‌തനുമായ ടിന്നു എന്ന രാം ശങ്കർ യാദവിനായിരുന്നു സംഭാവന എണ്ണി തിട്ടപ്പെടുത്തുന്ന സംഘത്തിന്റെ നിയന്ത്രണം. ഇയാളാണ് കാണിക്കപ്പെട്ടികളുടെ താക്കോലുകൾ സൂക്ഷിച്ചിരുന്നത്. ടിന്നുവിന്റെ വീട്ടിൽ നടത്തിയ റെയിഡിൽ വൻ സ്വർണാഭരണ ശേഖരം കണ്ടെടുത്തിരുന്നു. പണം എണ്ണി തിട്ടപ്പെടുത്താൻ നിയോഗിച്ചിരുന്ന രവി മിശ്ര എന്ന രാമശങ്കർ മിശ്ര,അനുകൽപ് മിശ്ര,ലവ്‌കുശ് മിശ്ര,അവിനാശ് ശുക്ല,ടിന്നുവിന്റെ ബന്ധു മനീഷ് കുമാർ യാദവ്,സ്വകാര്യ ഏജൻസിയിലെ ക്യാഷ് കൗണ്ടിംഗ് ജീവനക്കാരൻ സുഭാഷ് ശ്രീവാസ്‌തവ,രസീതുകളിൽ തിരിമറി നടത്തിയെന്ന് ആരോപണമുള്ള കരുണേഷ് പാണ്ഡെ എന്നിവരാണ് മറ്റു പ്രതികൾ. 79 ലക്ഷത്തിൽപ്പരം രൂപയാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. 2024 -25 കാലത്ത് മാത്രം 327 കോടി രൂപയാണ് ട്രസ്റ്റിലേക്ക് ഒഴുകിയെത്തിയത്. പുറമെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വ‌ർണം,വജ്രം,വെള്ളി ആഭരണങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചിരുന്നു. ഇവയിലായിരുന്നു കൈയിട്ടു വാരൽ.സംഭാവനകൾക്ക് രസീത് ലഭിച്ചില്ലെന്ന് ഭക്തർ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. 2025 ജനുവരി,ഫെബ്രുവരി മാസങ്ങളിൽ പ്രയാഗ്‌രാജിൽ മഹാകുംഭമേള നടന്ന സമയത്ത് അയോദ്ധ്യയിലെത്തിയവർ നൽകിയ സംഭാവനകളും ഇതിൽ ഉൾപ്പെടും. യോഗി ആദിത്യനാഥ് സർക്കാർ നിയോഗിച്ച മൂന്നംഗ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) സമർപ്പിച്ച ഇടക്കാല റിപ്പോ‌ർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികൾ. ലക്‌നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പാന്ത്,ഐ.ജി കിരൺ.എസ്,ധനവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങിയതാണ് എസ്.ഐ.ടി. കോടതി മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതിക്ക് മുന്നിലുണ്ട്.

ട്രസ്റ്റ് പുനഃസംഘടിപ്പിക്കുമോ?


ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന് എസ്.ഐ.ടി ശുപാർശ ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകയ്യെടുത്ത് രൂപീകരിച്ച ട്രസ്റ്റാണിത്. മോദി തന്നെയാണ് ട്രസ്റ്റിന്റെ രൂപീകരണം 2020 ഫെബ്രുവരി 20ന് പ്രഖ്യാപിച്ചത്. 15ൽ 12 പേരെയും മോദി സ‌ർക്കാരാണ് നോമിനേറ്റ് ചെയ്‌തത്. പുതിയ ജനറൽ സെക്രട്ടറിയുടെ നിയമനം, ആരോപണങ്ങളിലെ അന്വേഷണം, ട്രസ്റ്റ് പുനഃസംഘടിപ്പിക്കൽ എന്നിവയിൽ മോദിയുടെ നിലപാട് നിർണായകമാണ്. സാഹചര്യം മോദി നേരിട്ട് വിലയിരുത്തുന്നുണ്ടെന്നാണ് സൂചന. 2019 നവംബർ 9ലെ സുപ്രീംകോടതി വിധിയിലാണ് ട്രസ്റ്റ് രൂപീകരണത്തിന് ഉത്തരവിട്ടത്. അതുവരെ ഫൈസാബാദ് ഡിവിഷണൽ കമ്മിഷണറുടെ കീഴിൽ റിസീവ‌ർ ഭരണത്തിലായിരുന്നു. ഇപ്പോൾ ക്ഷേത്രഭരണം ജില്ലാ മജിസ്ട്രേട്ട് ശശാങ്ക് ത്രിപാഠി ഏറ്രെടുത്തിരിക്കുകയാണ്.

ബോക്സ്

ജൂൺ 6-ക്രമക്കേടുകൾ സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നു

ജൂൺ 7-സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ജുഡിഷ്യറി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ജൂൺ 8-ഓഡിറ്റ് കൃത്യമായി നടത്തുന്നുവെന്നും,ക്രമക്കേടില്ലെന്നും ചമ്പത് റായിയുടെ പ്രസ്‌താവന

ജൂൺ 11-സംഭാവന എണ്ണി തിട്ടപ്പെടുത്തുന്ന സംഘത്തെ മുൻപ് നയിച്ചിരുന്ന മഹിപാൽ സിംഗ് രംഗത്ത്. തട്ടിപ്പുക്കാരെ താൻ നേരിട്ട് പിടിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. ട്രസ്റ്റിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഏറെക്കാലമായി നടക്കുന്ന കവർച്ചയെന്ന അദ്ദേഹത്തിന്റെ വീഡിയോ വൈറലായി.

ജൂൺ 14-വൻവിവാദമായതോടെ ട്രസ്റ്റിന്റെ അഭ്യർത്ഥനയിൽ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

ജൂൺ 16-പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ ഇടപെട്ടെന്ന് റിപ്പോർട്ടുകൾ. പിന്നാലെ എസ്.ഐ.ടി അന്വേഷണം ഊർജ്ജിതമായി

ജൂൺ 22-എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്‌തു

ജൂൺ 25-എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു

ജൂൺ 26-8 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYODHYA RAM TEMPLE SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY