
പ്രശസ്തിയുടെ പരകോടിയിൽ നിൽക്കുമ്പോഴാണ് തന്ത്രിവാദ്യ മാന്ത്രികൻ ബാലഭാസ്കർ വിടപറഞ്ഞത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ വാഹനാപകടത്തിൽ ബാലുവിന്റെ പിഞ്ചുകുഞ്ഞ് തേജസ്വിനി ബാലയുടെ ജീവനും നഷ്ടമായി. ഭാര്യ ലക്ഷ്മിക്ക് ഗുരുതര പരിക്കേറ്റു. 2018 സെപ്തംബർ 25ന് പുലർച്ചെയാണ് തിരുവനന്തപുരത്തിനടുത്ത് പള്ളിപ്പുറം ദുരന്തഭൂമിയായത്. പരിചയക്കുറവുള്ള ഡ്രൈവറുടെ ഉറക്കച്ചടവാണ് അപകടകാരണമെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ അർദ്ധരാത്രിക്കുശേഷം തൃശൂരിൽ നിന്നുണ്ടായ യാത്രയുടെ തിടുക്കവും അപകടസ്ഥലത്തെ ചിലരുടെ സാന്നിദ്ധ്യവും ചർച്ചയായി. ഇടക്കാലത്ത് ബാലുവിനൊപ്പം കൂടിയ ചില സുഹൃത്തുക്കളിൽ സംശയം പ്രകടിപ്പിച്ച് മാതാപിതാക്കൾ രംഗത്തെത്തിയതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് വഴിതെളിഞ്ഞത്.
കേസിലെ ചില സാക്ഷികളും ദുരൂഹത സംശയിച്ചിരുന്നു. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ, ഇത് വാഹനാപകട മരണം തന്നെയാണെന്ന് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. അതിനു മുമ്പ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിന്റെ നിഗമനവും ഇതുതന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് നാലുവർഷം മുമ്പ് ബാലഭാസ്കറിന്റെ അച്ഛനമ്മമാരായ കെ.സി.ഉണ്ണിയും ബി.ശാന്തകുമാരിയും കോടതി കയറിയത്.
എന്നാൽ സ്വർണക്കടത്ത് സംഘത്തിന് അപകടത്തിൽ പങ്കുണ്ടെന്ന മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് ഹൈക്കോടതി നേരത്തേ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണം നടത്തിയ സി.ബി.ഐ ഇൻസ്പെക്ടർ പഴയ കണ്ടെത്തലുകൾ ആവർത്തിച്ചു. മുമ്പ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനേക്കാൾ താഴ്ന്ന റാങ്കിലുള്ള ഇൻസ്പെക്ടറെ അന്വേഷണം ഏൽപിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ 20 സംശയാസ്പദമായ സാഹചര്യങ്ങൾ ഗൗരവമായി പരിശോധിക്കുന്നതിൽ വീഴ്ച പറ്റിയെന്നും നിരീക്ഷിച്ചു.
കലാഭവൻ സോബി ജോർജിന്റെ വെളിപ്പെടുത്തലുകൾ പരിശോധിക്കാൻ നുണപരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയമാർഗങ്ങൾ സ്വീകരിക്കുന്നതിൽ സി.ബി.ഐ വീഴ്ചവരുത്തിയെന്നും കോടതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സത്യസന്ധനായ ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് വീണ്ടും അന്വേഷിപ്പിക്കാൻ ഉത്തരവിട്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കണമെന്നും നിർദ്ദേശിച്ചു.
അടിവരയിട്ട ദുരൂഹതകൾ
സി.ബി.ഐയുടെ തുടരന്വേഷണം നിർദ്ദേശിച്ച് 2023 ഒക്ടോബർ 5ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ 20 സംശയാസ്പദ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതടക്കം പരിശോധിച്ച് തുടരന്വേഷണം നടത്താനാണ് നിർദ്ദേശിച്ചിരുന്നത്. തിരുവനന്തപുരത്ത് സംഗീത സംവിധായകൻ അക്ഷയ് വർമ്മയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ബാലഭാസ്കർ രാത്രിയാത്രയ്ക്ക് നിർബന്ധം പിടിച്ചതെന്നാണ് തൃശൂരിലെ സഹോദരി പറഞ്ഞത്. എന്നാൽ അത്തരമൊരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ലെന്നാണ് അക്ഷയ് വർമ്മയുടെ മൊഴി. അപകട വിവരമറിഞ്ഞ് ആദ്യമെത്തിയവരിൽ ബാലുവിന്റെ സുഹൃത്ത് പ്രകാശ് തമ്പിയും ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നിർദ്ദേശം അവഗണിച്ച് പ്രകാശ് തമ്പി ബാലഭാസ്കറിനെയും ഭാര്യയെയും 6 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ, വാലറ്റ്, കാറിന്റെ താക്കോൽ എന്നിവ പ്രകാശ് തമ്പി പിന്നീട് പൊലീസിൽ നിന്ന് കൈപ്പറ്റി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാലഭാസ്കറുടെ ഫോൺ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നൽകാൻ തമ്പി തയ്യാറായില്ല. പ്രകാശ് തമ്പിയും മറ്റൊരു സാക്ഷി വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായിരുന്നു. ബാലഭാസ്കറുടെ രണ്ട് മൊബൈൽ ഫോണുകൾ പ്രകാശ് തമ്പിയുടെ വീട്ടിലെ പൂജാമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. റവന്യു ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ചികിത്സയിലായിരുന്ന ബാലഭാസ്കർ മരിക്കുന്നതിന് തലേന്ന്, ആശുപത്രിയിൽ വച്ച് അദ്ദേഹത്തെ അവസാനമായി കണ്ടത് പ്രകാശ് തമ്പിയായിരുന്നു. ആശുപത്രിയിൽ വച്ച് അദ്ദേഹം ബാലഭാസ്കറുടെ വിരലടയാളം ശേഖരിച്ചിരുന്നു. അപകടത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ തേടി തമ്പി ഒരു ടെക്നീഷ്യനുമൊന്നിച്ച് ഹൈവേയിലെ സ്ഥാപനങ്ങൾ തോറും സഞ്ചരിച്ചതും സംശയാസ്പദമാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഇതെല്ലാം പരിശോധിച്ച് തുടരന്വേഷണം നടത്താനാണ് 2023ൽ ഉത്തരവിട്ടിരുന്നത്.
സി.ബി.ഐയുടെ നിസംഗത
തുടരന്വേഷണം നടത്തിയ സി.ബി.ഐ ഇൻസ്പെക്ടർ പഴയ കണ്ടെത്തലുകൾ ആവർത്തിക്കുകയായിരുന്നു. തുടർന്ന് ബാലഭാസ്കറിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് അന്വേഷണ ഏജൻസിയുടെ നിലപാടിനെ വിമർശിച്ച് ഹൈക്കോടതിയിൽ നിന്ന് പുതിയ ഉത്തരവുണ്ടായത്. മുമ്പ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനേക്കാൾ താഴ്ന്ന റാങ്കിലുള്ള ഇൻസ്പെക്ടറെ അന്വേഷണം ഏൽപിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ 20 സംശയാസ്പദമായ സാഹചര്യങ്ങൾ ഗൗരവമായി പരിശോധിക്കുന്നതിൽ വീഴ്ച പറ്റിയെന്നും നിരീക്ഷിച്ചു.
ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ സുഹൃത്തായ പ്രകാശ് തമ്പി കൈക്കലാക്കിയതും മാസങ്ങളോളം സൂക്ഷിച്ചതും തെളിവ് നശിപ്പിക്കാനാണെന്ന മാതാപിതാക്കളുടെ സംശയം തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു.
ഈ സാഹചര്യത്തിലാണ് സത്യസന്ധനായ ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് വീണ്ടും അന്വേഷിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
ഇതിന് പിന്നാലെ ബാലുവിന്റെ മാതാപിതാക്കൾ നടത്തിയ പ്രതികരണവും ശ്രദ്ധേയമായി. മകൻ ജീവിച്ചിരിക്കരുതെന്ന് ചിലർ തീരുമാനിച്ചിരുന്നുവെന്നാണ് അവർ പറഞ്ഞത്. ബാലുവിന്റെ പക്കൽ നിന്ന് പണം വാങ്ങിയവർ അവനെ ചതിച്ചു കൊലപ്പെടുത്തിയെന്നാണ് രക്ഷിതാക്കളുടെ സംശയം. ഏതായാലും കേസ് ഫയൽ വീണ്ടും തുറക്കുകയാണ്. സി.ബി.ഐയുടെ അഡിഷണൽ എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് കോടതി നിർദ്ദേശം. സ്വർണപാത്രം കൊണ്ട് മൂടിവച്ചാലും സത്യം പുറത്തുവരാതിരിക്കില്ലല്ലോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |