SignIn
Kerala Kaumudi Online
Sunday, 11 October 2026 3.46 AM IST

സംയമനത്തിന്റെ ശാന്തതയിൽ

monk

''നമ്മൾ കേൾക്കുന്നതിനൊക്കെ മറുപടി പറയേണോ? ചോദ്യത്തിനുള്ള മറുപടി ഈ കഥ കേട്ടതിനുശേഷം തീരുമാനിക്കാം. ഒരു ഗ്രാമത്തിൽ ജ്ഞാനി താമസിച്ചിരുന്നു. ഒരിക്കൽ ഒരു യുവാവ് അദ്ദേഹത്തോട് ചോദിച്ചു: 'അങ്ങയെക്കുറിച്ച് ആളുകൾ പലതും പറയുന്നുണ്ട്. അതിനൊന്നും അങ്ങ് മറുപടി പറയാത്തതെന്താണ്?" ജ്ഞാനി പുഞ്ചിരിച്ചു. മേശപ്പുറത്തിരുന്ന ഒരു ചെറിയ കല്ലെടുത്ത് യുവാവിനോട് ചോദിച്ചു: 'ഈ കല്ല് ഞാൻ നിനക്ക് തന്നാൽ നീ എന്തു ചെയ്യും?" 'ഞാൻ അത് വാങ്ങും." 'ഞാൻ അത് നിന്റെ മേൽ എറിഞ്ഞാൽ?" യുവാവ് പറഞ്ഞു: 'ഞാൻ ഒഴിഞ്ഞുമാറും. ആവശ്യമെങ്കിൽ തിരിച്ചും എറിയും." ജ്ഞാനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'അതുപോലെ തന്നെയാണ് വാക്കുകളും. ആരെങ്കിലും ഒരു വാക്ക് നിന്റെ നേരെ എറിഞ്ഞാൽ, അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമാണ്. എല്ലാ വാക്കുകളും ഹൃദയത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കേണ്ടതില്ല." യുവാവ് വീണ്ടും ചോദിച്ചു: 'പക്ഷേ, അവർ തെറ്റായ കാര്യങ്ങളാണ് പറയുന്നതെങ്കിൽ?" ജ്ഞാനി പറഞ്ഞു: 'സത്യം പറയേണ്ട സമയത്ത് സത്യം പറയണം. പക്ഷേ ഓരോ തവണയും മറുപടി നൽകിക്കൊണ്ടിരുന്നാൽ, നമ്മുടെ വഴിയിൽ ഒരിക്കലും സമാധാനമുണ്ടാകില്ല." യുവാവിന് കാര്യം മനസിലായി. ചില ശബ്ദങ്ങളെ കടന്നുപോകാൻ അനുവദിക്കുന്നതാണ് ജീവിതത്തിലെ യഥാർത്ഥ വിവേകം. ഇനി ഞാൻ തന്ന ചോദ്യത്തിന് യുക്തമായ മറുപടി തന്നത്താൻ പറഞ്ഞോളു, ആരും കേൾക്കണ്ട!"" പ്രഭാഷകൻ സദസ്യരെ നോക്കിക്കൊണ്ട് തുടർന്നു.

'കല്ല് എറിഞ്ഞാൽ തിരിച്ച് കല്ലെറിയേണ്ടതില്ല എന്ന കഥയിലെ ആശയം ജീവിതത്തിൽ പ്രായോഗികമായി ഉപയോഗിക്കണമെങ്കിൽ, മൗനം പാലിക്കുന്നതും, പ്രതികരിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം: ആരെങ്കിലും, എന്തെങ്കിലും പറഞ്ഞാൽ ഉടൻ മറുപടി പറയുന്നതിന് മുമ്പ് മനസിൽ ചോദിക്കുക: 'ഇതിന് ഞാൻ ഇപ്പോൾ മറുപടി പറഞ്ഞാൽ എന്ത് പ്രയോജനം?" പ്രയോജനമില്ലെങ്കിൽ- മൗനം തിരഞ്ഞെടുക്കാം. ആരെങ്കിലും പ്രകോപിപ്പിക്കാൻ വേണ്ടി സംസാരിക്കുമ്പോൾ ഉടൻ, തിരിച്ചു പറയേണ്ടതില്ല. കാരണം, നിങ്ങളുടെ മറുപടി തർക്കത്തെ കൂടുതൽ വലുതാക്കാം. മൗനം ഇവിടെ ബലഹീനതയല്ല; ആത്മനിയന്ത്രണമാണ്. കോപം വളരെ കൂടുതലായിരിക്കുമ്പോൾ സംസാരിക്കുന്നതും ശരിയല്ല. എല്ലാ വിമർശനങ്ങൾക്കും വിശദീകരണം നൽകേണ്ടതില്ല. ചിലർക്ക് സത്യം അറിയാനല്ല, തർക്കിക്കാനാണ് താത്പര്യം. അത്തരം സാഹചര്യത്തിൽ വിശദീകരിച്ചുകൊണ്ടേയിരുന്നാൽ, നാം അവരുടെ തർക്കത്തിന്റെ ഭാഗമാകും.

കല്ലിന്റെ കഥയുടെ യഥാർത്ഥ പാഠം ഒരിക്കലും മറുപടി പറയരുത് എന്നല്ല. മറ്റൊരാൾ കല്ല് എറിഞ്ഞതുകൊണ്ട്, നീയും കല്ലെടുക്കേണ്ട ബാദ്ധ്യതയില്ല. അതായത്, മറ്റൊരാളുടെ പെരുമാറ്റം നിങ്ങളുടെ പ്രതികരണം നിർണ്ണയിക്കേണ്ടതില്ല. എന്നാൽ മറുപടി ആവശ്യമായിടത്ത് മൗനം പാലിക്കാനും പാടില്ല. വിവേകം എന്നത് എപ്പോൾ സംസാരിക്കണം എന്നറിയുന്നതു മാത്രമല്ല; എപ്പോൾ സംസാരിക്കാതിരിക്കണം എന്നും അറിയുന്നതാണ്."" ഇപ്രകാരം, പ്രഭാഷകൻ നിറുത്തിയപ്പോൾ, സദസ്യർ സംയമനത്തിന്റെ ശാന്തതയിൽ സായൂജ്യമടഞ്ഞതു പോലെയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION