SignIn
Kerala Kaumudi Online
Sunday, 11 October 2026 2.54 AM IST

ഇന്ത്യൻ ഫുട്ബാളിന്റെ പുതിയ വാതായനങ്ങൾ

1

1956 മെൽബൺ ഒളിമ്പിക്സിലെ ഫുട്ബാളിൽ എസ്.എ.റഹീം എന്ന വിശ്രുതനായ പരിശീലകന് കീഴിൽ നാലാം സ്ഥാനത്തെത്തിയ പ്രൗഢപാരമ്പര്യമാണ് ഇന്ത്യൻ ടീമിന്റേത്. ആ ഒളിമ്പിക്സിൽ ഇന്ത്യ ഫ്രാൻസിനെ സമനിലയിൽ തളച്ചു. ഓസ്ട്രേലിയയെ തോൽപ്പിച്ചു. 1951, 1962 ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടിയതും ഇന്ത്യയാണ്. ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന നിലവിലെ ഇന്ത്യൻ ഫുട്ബാൾ ടീം കഴിഞ്ഞവാരം കൊൽക്കത്തയിൽ ബ്രസീലിനെതിരെ ബൂട്ടു കെട്ടാനിറങ്ങിയപ്പോഴാണ് ആ പഴയ ഇന്ത്യൻ ടീമിനെക്കുറിച്ച് ഓർത്തുപോയത്. 1960ന് ശേഷം ഇന്ത്യൻ ഫുട്ബാൾ ടീം ഒളിമ്പിക്സിൽ കളിച്ചിട്ടില്ല. ജപ്പാനിൽ സമാപിച്ച ഏഷ്യൻ ഗെയിംസിലും ടീമുണ്ടായിരുന്നില്ല. ഏഷ്യയിൽ നമുക്ക് ശേഷം അന്താരാഷ്ട്ര തലത്തിൽ പന്തു തട്ടിത്തുടങ്ങിയ ടീമുകൾ ലോകകപ്പിൽ കളിക്കുമ്പോൾ യോഗ്യതാ റൗണ്ടെന്ന ചടങ്ങ് പൂർത്തിയാക്കലിൽ നമ്മുടെ മോഹം അവസാനിക്കും. ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ നിലവിലെ സ്ഥാനം 138 ആണ്. 1994ൽ 94-ാം റാങ്കിലെത്തിയതാണ് ചരിത്രത്തിലെ മികച്ച സ്ഥാനം. 2023ൽ 99ൽ എത്തിയേടത്ത് നിന്നാണ് 39 പടവുകൾ കൂടി ഇറങ്ങിയത്. ഈ ടീമാണ് രണ്ടാഴ്ചയ്ക്കിടെ കഴിഞ്ഞ ലോകകപ്പിൽ കളിച്ച മൂന്ന് വമ്പൻ ടീമുകളോട് കൊമ്പുകോർത്തത്.

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ഫിഫ റാങ്കിംഗിൽ യഥാക്രമം 46, 6, 20 സ്ഥാനങ്ങളിലുള്ള പാനമ, ബ്രസീൽ, ഉറുഗ്വേ ടീമുകളോടാണിത്. ഒന്നിൽപ്പോലും ജയിക്കാനായില്ലെങ്കിലും മുൻനിര ടീമുകളോട് പൊരുതി നിൽക്കാൻ ഇന്ത്യയ്ക്ക് കഴിയും എന്ന ആത്മവിശ്വാസം പകരാൻ മത്സരങ്ങൾക്കായി. ഏഷ്യയിൽ നിന്ന് സ്ഥിരമായി ലോകകപ്പിൽ കളിക്കുന്ന ടീമുകളായ ജപ്പാൻ, കൊറിയ, സൗദി, ഖത്തർ, ഇറാൻ, ഇറാഖ് തുടങ്ങിയ ടീമുകളുമായിപ്പോലും സമീപകാലത്ത് മത്സരിക്കാൻ നമുക്കായിട്ടില്ല. ആ സാഹചര്യത്തിൽ ലാറ്റിനമേരിക്കൻ ടീമുകളുമായുള്ള മത്സരങ്ങൾ ഇന്ത്യൻ ഫുട്ബാളിന് ഉണർവ് പകരുമെന്നതിന് തർക്കമില്ല. പാനമയെ 1-1ന് തളച്ചതും വിനീഷ്യസ് ജൂനിയർ അണിനിരന്ന ബ്രസീലിനെതിരെ നാലുഗോൾ മാത്രം വഴങ്ങിയതും ഉറുഗ്വേയ്ക്ക് എതിരെ ഒരു ഗോൾ തിരിച്ചടിക്കാനായതുമൊക്കെ വിജയങ്ങളുടെ പട്ടികയിൽ തന്നെ എഴുതണം. വലിയ സംഘങ്ങൾക്ക് എതിരെ കളിക്കുമ്പോൾ വിജയത്തേക്കാൾ മുതൽക്കൂട്ടാവുക ആ മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന അനുഭവസമ്പത്താകും. വലിയ ടീമുകൾക്ക് എതിരെ തുടർച്ചയായി കളിക്കാനായാലേ നമുക്ക് ലോകനിലവാരത്തിലേക്ക് മുന്നേറാനാകൂ എന്നതാണ് യാഥാർത്ഥ്യം. അടുത്തമാസം രണ്ട് മത്സരങ്ങൾക്കായി ന്യൂസിലാൻഡിലേക്ക് പോകുന്നതും മുതൽക്കൂട്ടാവുകയേയുള്ളൂ. ന്യൂസിലാൻഡും കഴിഞ്ഞ ലോകകപ്പിൽ കളിച്ച ടീമാണ്.

തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ അണിനിരക്കുന്ന ആസിയാൻ കപ്പിൽ പങ്കെടുക്കാതെയാണ് ഇന്ത്യ പാനമയ്ക്കും ബ്രസീലിനും ഉറുഗ്വേയ്ക്കും എതിരെയുള്ള സൗഹൃദമത്സരങ്ങൾക്കിറങ്ങിയത്. ഇതിനെ മുൻനായകൻ ബെയ്ചുംഗ് ബൂട്ടിയ വിമർശിച്ചിരുന്നു. റാങ്കിംഗിൽ ഉയരെയുള്ള രാജ്യങ്ങൾക്കെതിരെ മത്സരിച്ച് തോൽക്കുന്നത് റാങ്കിംഗിൽ പിന്നോട്ടടിക്കുമെന്നാണ് ബൂട്ടിയ ചൂണ്ടിക്കാട്ടിയത്. ഫുട്ബാൾ ഫെഡറേഷനോടുള്ള എതിർപ്പുകളാകാം ബൂട്ടിയയുടെ നിലപാടിന് പിന്നിൽ. പക്ഷേ ഒന്നോർക്കണം, ആസിയാൻ കപ്പ് അടുത്തകൊല്ലവും ഉണ്ടാകും. നമുക്ക് നേരിടാൻ ബംഗ്ളാദേശും ഇന്തോനേഷ്യയും വിയറ്റ്നാമുമൊക്കെ ഇവിടെയൊക്കെത്തന്നെ കാണും. പക്ഷേ ബ്രസീലിനെപ്പോലെ അഞ്ചുതവണ ലോകകപ്പ് ഉയർത്തിയ ഒരു രാജ്യത്തോട് മത്സരിക്കാനുള്ള അവസരം ഇനി അടുത്ത നൂറ്റാണ്ടിലെങ്കിലും കിട്ടുമോയെന്ന് സംശയമാണ്.

പഥികർ പലവഴിയേറിപ്പോയിട്ടും ഒരു മാറ്റവുമില്ലാത്ത വഴിയമ്പലം പോലെ ലോക ഫുട്ബാളിന്റെ പിന്നാമ്പുറത്തെ ഇരുട്ടിൽ ഇന്ത്യൻ ഫുട്ബാളിനെ ഇനിയും നിറുത്തരുത്. വലിയ ശക്തികളോട് പോരാടാനുള്ള അവസരം ഇനിയും വരട്ടെ. കുറ്റിക്കാട്ടിലെ കുറുക്കന്മാരെ ഓടിത്തോൽപ്പിക്കുന്നതിൽ മാത്രമല്ല ജയം. പുലികൾക്കൊപ്പം പായാൻ കഴിയുന്നതിൽ കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION