SignIn
Kerala Kaumudi Online
Sunday, 11 October 2026 2.54 AM IST

70 പിന്നിടുന്ന കേരള സമൂഹവും രാഷ്ട്രീയവും

1

ലീഡ്

കേരളസമൂഹം വല്ലാതെ മാറി , പ്രത്യേകിച്ച് മദ്ധ്യവർഗ മലയാളി. പൊതുസ്ഥാപനങ്ങളിൽനിന്നെല്ലാം അയാൾ കുടിയിറങ്ങി. ആരോഗ്യം മുതൽ അതിജീവനത്തിനുവരെ ഇപ്പോൾ സ്വകാര്യമേഖലയെയാണ് അയാൾ ആശ്രയിക്കുന്നത്. അയാളുടെ രാഷ്ട്രീയപ്രവർത്തി വോട്ടിംഗിൽ പരിമിതപ്പെട്ടിരിക്കുന്നു,പഴയ 'കാമധേനു രാഷ്ട്രീയത്തെ' പുച്ഛത്തോടെ വീക്ഷിക്കുന്നു, --നവംബർ ഒന്നിന് എഴുപത് വയസിലെത്തുന്ന കേരളത്തെക്കുറിച്ചുള്ള ലേഖനങ്ങളിൽ ആദ്യത്തേത്.

-------------------------------------------------------------------------------------------------------------------------------------------

ഏ​ഴു​ ​പ​തി​റ്റാ​ണ്ട് ​ഒ​രു​ ​സ​മൂ​ഹ​ത്തെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​വ​ള​രെ​ ​ചെ​റി​യ​ ​കാ​ല​യ​ള​വാ​ണെ​ങ്കി​ലും​ ​ജ​ന​ങ്ങ​ളു​ടെ​ലോ​ക​വീ​ക്ഷ​ണ​ത്തി​ലും​ ​രാ​ഷ്ട്രീ​യ​ത്തി​ലും​ ​സ​മൂ​ല​മാ​റ്റം​ ​കൊ​ണ്ടു​വ​രാ​ൻ​ ​അ​ത് ​പ​ര്യാ​പ്ത​മാ​ണ്.​ ​കാ​ര​ണം​ ​മ​റ്റൊ​ന്നു​മ​ല്ല,​ ​എ​ല്ലാ​ ​സ​മൂ​ഹ​ങ്ങ​ളും കാ​ലാ​ന്ത​ര​ത്തി​ൽ,​ ​സ്വ​ന്തം​വേ​രു​ക​ളി​ൽ​നി​ന്ന് ​അ​ക​ന്നു​പോ​കു​ന്നു. ​പ​ഴ​യ​ ​തീ​ര​ങ്ങ​ൾ​ ​വി​ട്ടൊ​ഴി​ഞ്ഞ് ​പു​തു​തീ​ര​ങ്ങ​ൾ​തേ​ടു​ന്നു.​ ​ഓ​രോ​ ​ത​ല​മു​റ​യും​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​ജ​ന​ത​യാ​ണ്.​ ​ഇ​തി​ന്റെ​ ​ഉ​ത്ത​മോ​ദാ​ഹ​ര​ണ​മാ​ണ്‌​ കേ​ര​ളം.


ന​വോ​ത്ഥാ​ന​ കേ​ര​ളം
പ​ര​ശു​രാ​മ​ൻ​ ​മ​ഴു​ ​എ​റി​ഞ്ഞ് ​സൃ​ഷ്ടി​ച്ച​തോ,​ 1956​ ​ന​വം​ബ​ർ​ 1​ന് ​പി​റ​വി​ ​കൊ​ണ്ട​തോ​ ​അ​ല്ല​കേ​ര​ളം.​ ​എ​ണ്ണ​മ​റ്റ​ ​ആ​ശ​യ​ങ്ങ​ളു​ടെ​യും​ ​ഭാ​വി​യെ​ ​ദീ​ർ​ഘ​വീ​ക്ഷ​ണം​ ​ചെ​യ്ത​ ​അ​നേ​കം​ ​മ​നീ​ഷി​ക​ളു​ടെ​യും​ ​ചി​ന്ത​യി​ൽ​ ​നി​ന്നു​യി​ർ​കൊ​ണ്ട​താ​ണ് ​അ​ത്.​ ​ശ്രീ​നാ​ര​ായ​ണ​ ​ഗു​രു​വി​ൽ​ ​തു​ട​ങ്ങി​ ​ച​ട്ട​മ്പി​സ്വാ​മി​യി​ലേ​ക്കും​ ​അ​യ്യ​ങ്കാ​ളി​യി​ലേ​ക്കും​ ​ക്രി​സ്ത്യ​ൻ​ ​മി​ഷ​ണ​റി​മാ​രി​ലേ​ക്കു​മൊ​ക്കെ​ ​അ​ത് ​നീ​ണ്ടു​പോ​കു​ന്നു.​ ​ഗു​രു​വി​ലേ​ക്കു​ ​വ​ന്നാ​ൽ,​ ​അ​ദ്ദേ​ഹം​ ​ആ​ത്മീ​യ​ത​യെയും​ ​ഭൗ​തി​ക​ത​യെയും​ ​വി​ള​ക്കി​ച്ചേ​ർ​ത്ത് ​മ​ല​യാ​ളി​യെ​ ​കാ​ണു​ന്ന​ ​വ​ഴി​പോ​കാ​തെ​ ​പു​ത്ത​ൻ​ ​വ​ഴി​യൊ​രു​ക്കാ​ൻ​ ​പ​ഠി​പ്പി​ച്ചു. ​സ​ത്യ​ത്തി​നും​ ​ക​ള​വി​നു​മി​ട​യി​ൽ​ ​മ​ദ്ധ്യ​പാ​ത​യി​ല്ലെ​ന്ന്‌​ ബോ​ദ്ധ്യ​പ്പെ​ടു​ത്തി. ​ചി​ന്തി​ക്കാ​ൻ​ ​പ്രേ​രി​പ്പി​ച്ചു,​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​യും​ ​ജാ​തി​/​മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും​ ​സാ​മൂ​ഹി​ക​നീ​തി​യു​ടെ​യും​ ​​വി​ത്തു​ക​ൾ​ ​പാ​കി.
സം​സ്‌​കാ​ര​വും​ ​രാ​ഷ്ട്രീ​യ​വും​ ​പ​ര​സ്പ​ര​പൂ​ര​ക​ങ്ങ​ളാ​യി​ ​നി​ന്ന​ ​നാ​ളു​ക​ൾ.​ ​എ​ഴു​ത്തു​കാ​രും​ ​ക​ലാ​കാ​ര​ന്മാ​രും​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​പു​രോ​ഗ​മ​ന​ ​ചി​ന്ത​യു​ടെ​യും​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും​ ​പ്ര​ചാ​ര​ക​രാ​യി.​ ​ആ​ശാ​ൻ​ ​ഉ​പേ​ക്ഷി​ത​രു​ടെ​ ​ക​വി​യാ​യ​തും​ ​ദു​ര​വ​സ്ഥ​യെ​ക്കു​റി​ച്ചും​ ​ഞെ​ട്ട​റ്റു​വീ​ണ​ ​പൂ​ക്ക​ളെ​ക്കു​റി​ച്ചും​ ​വേ​പ​ഥു​ ​കൊ​ണ്ട​തും​ ​ഓ​ർ​ക്കു​ക.
'​നി​ങ്ങ​ളി​ന്നൂ​ന്നി​നി​ൽക്കും
കാ​ലി​ന്ന​ടി​യി​ലു​മ​സ്വ​സ്ഥ​ത​യു​ടെ
കോ​ലാ​ഹ​ല​ങ്ങ​ൾ​ ​മു​ഴ​ങ്ങു​ന്നു."
അ​ദ്ദേ​ഹം​ ​എ​ഴു​തി.​ ​മ​റ്റു​ ​പ​ല​രും​ ​ഈ​ ​പാ​ര​മ്പ​ര്യ​ത്തെ​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​പോ​യി.​ ​അ​ധി​കാ​രി​ക​ളോ​ട് ​സ​ത്യം​ ​വി​ളി​ച്ചു​പ​റ​ഞ്ഞു,​ചോ​ദ്യ​ങ്ങ​ൾ​ചോ​ദി​ച്ചു.​ ​ഒ​ഞ്ചി​യം​ ​ര​ക്ത​സാ​ക്ഷി​ക​ളെ​ ​മു​ൻ​നി​റുത്തി​ ​ഇ​ട​ശ്ശേ​രി​ചോ​ദി​ച്ച​ത് ​ഓ​ർ​മ്മ​യി​ല്ലേ?
'​എ​ന്തി​നു​വേ​ണ്ടി​ ​വ​രി​ച്ചൂ
നി​ങ്ങ​ള​ന​ശ്വ​ര​രേ​ ​കൊ​ടും​മൃ​ത്യൂ​?"
ഇ​ത്ത​രം​ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ​ ​അ​വ​ർ​ ​ഗു​രു​വും​ ​കൂ​ട്ട​രും​ ​ഉ​ഴു​തു​മ​റി​ച്ച​ ​ക​ന്നി​മ​ണ്ണി​ൽ​ ​പു​രോ​ഗ​മ​ന​ ​ചി​ന്ത​ക​ൾ​ ​ന​ട്ടു​വ​ള​ർ​ത്തി.​ ​ഒ​ടു​വി​ൽ​ ​അ​ത് ​അ​ധി​കാ​ര​ത്തി​ന്റെ​യും​ ​ജാ​തി​ ​കു​റു​മ്പി​ന്റെ​യും​ ​പ്ര​തീ​ക​ങ്ങ​ളാ​യി​രു​ന്ന​ ​ഫ്യൂ​ഡ​ൽ​ ​മാ​ട​മ്പി​മാ​ർ​ക്കെ​തി​രാ​യ​ ​കൊ​ടു​ങ്കാ​റ്റാ​യി​ ​പ​രി​ണ​മി​ച്ചു.​ ​അ​ശ​ര​ണ​ർ​ക്ക്,​ ​ആ​ശ​യും​ ​അ​ത്താ​ണി​യു​മാ​യി​കേ​ര​ളം​ ​രൂ​പ​പ്പെ​ട്ട​ത് ​ഈ​വി​ധ​മാ​ണ്.
ഇ​തി​ന്റെ​ ​പ്രാ​യോ​ഗി​ക​വ​ത്ക​ര​ണ​ത്തി​നാ​യി​രു​ന്നു​ ​ക​ട​ന്നു​പോ​യ​ 70​ ​വ​ർ​ഷ​ത്തി​ന്റെ​ ​ആ​ദ്യ​പ​കു​തി​യി​ൽ​ ​(​ഏ​താ​ണ്ട് ​എ​ൺ​പ​തു​ക​ൾ​വ​രെ​)​ ​നാം​ ​ശ്ര​മി​ച്ച​ത്.​ ​അ​ക്കാ​ല​ത്ത്,​ ​മ​ല​യാ​ളി​ക​ൾ​ ​പ്ര​ചാ​ര​ണ​ത്തേ​ക്കാ​ൾ​ ​(​p​r​o​p​a​g​a​n​d​a​ ​)​ ​വാ​ക്കു​ക​ളെ​ ​വി​ശ്വ​സി​ച്ചു,​ ​അ​നീ​തി​ക​ൾ​ക്കെ​തി​രെ​ ​ക​ല​ഹി​ച്ചു,​അ​നാ​ചാ​ര​ങ്ങ​ളെ​ ​വെ​ല്ലു​വി​ളി​ച്ചു,​ ​പ​ല​രും​ ​യു​ക്തി​വാ​ദി​ക​ളും​ ​വി​ഗ്ര​ഹ​ഭ​ഞ്ജ​ക​രും,​ ​കു​ത്തി​പ്പ​ഴുപ്പി​ക്കാ​തെ​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​മാ​യി​ ​ക​മ്മ്യൂ​ണി​സ​ത്തി​ന്റെ​ ​ശു​ദ്ധ​ ​നൈ​തി​ക​ത​യോ​ട് ​പ​ര​പ്രേ​ര​ണ​യി​ല്ലാ​തെ​ ​ആ​കൃ​ഷ്ട​രാ​യി.​ ​മ​ല​യാ​ളി​ ​ഒ​രു​കാ​ൽ​ ​സോ​ഷ്യ​ലി​സ​ത്തി​ലും​ ​മ​റു​കാ​ൽ​ ​കേ​ര​ള​ക്ക​ര​യി​ലും​ ​ച​വി​ട്ടി​നി​ന്ന​ ​നാ​ളു​ക​ൾ.​ ​വി​ക​സ​നം​ ​അ​യാ​ൾ​ക്ക് ​ചെ​റി​യ​ ​ചെ​റി​യ​ ​ആ​ഗ്ര​ഹ​ങ്ങ​ളു​ടെ​ ​നി​വൃ​ത്തി​യാ​യി​രു​ന്നു.​ ​ഒ​രു​ ​തു​ണ്ട് ​ഭൂ​മി,​ ​പൊ​തു​നി​ര​ത്തു​ക​ളി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കാ​നും ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​പ്ര​വേ​ശി​ക്കാ​നും​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നും​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ജോ​ലി​ ​ചെ​യ്യാ​നും​ ​ജാ​തി​ക്ക​തീ​ത​മാ​യി​ ​പൗ​ര​നും​ ​മ​നു​ഷ്യ​നു​മാ​യി​ ​ജീ​വി​ക്കാ​നുമു​ള്ള​ ​അ​വ​കാ​ശം.
ഇ​ത് ​രാ​ഷ്ട്രീ​യ​ത്തി​ലും​ ​ഭ​ര​ണ​ത്തി​ലും​ ​നി​ഴ​ലി​ച്ചു.​ ​ജാ​തി​യും​ ​മ​ത​വും​ ​മ​നു​ഷ്യ​നെ​ ​അ​ക​റ്റി​യി​രു​ന്ന​തി​ന്റെ​ ​സ്ഥാ​ന​ത്ത് ​അ​വ​യ്ക്ക​തീ​ത​മാ​യി​ ​എ​ല്ലാ​വ​രെ​യും​ ​ഒ​രു​മി​പ്പി​ക്കാ​നാ​യി​രു​ന്നു​ ​ശ്ര​മം.​ ​എ​ല്ലാം​ ​'​പൊ​തു​"വാ​യി​:​ ​പൊ​തു​നി​ര​ത്തു​ക​ൾ,​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ,​ ​പൊ​തു​ജ​നാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ,​ ​പൊ​തു​വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ,​ ​പൊ​തു​വേ​ദി​ക​ൾ,​ ​പൊ​തു​ഗ​താ​ഗ​തം,​ ​പൊ​തു​മ​ണ്ഡ​ലം​ .​ .​ .​ ​സാ​മ്പ​ത്തി​കാ​ഭി​വൃ​ദ്ധി​യെ​യും​ ​മാ​ന​വ​വി​ഭ​വ​ശേ​ഷി​യെ​യും​ ​വി​ള​ക്കി​ച്ചേ​ർ​ക്കാ​നാ​യി​രു​ന്നു​ ​വി​ക​സ​നം​ ​ല​ക്ഷ്യ​മി​ട്ട​ത്.​ ​ഭൂ​പ​രി​ഷ്‌​ക​ര​ണ​വും​ ​വി​ദ്യാ​ഭ്യാ​സ​ ​ന​വീ​ക​ര​ണ​വും​ ​ഭ​ര​ണ​പ​രി​ഷ്‌​കാ​ര​വും​ ​തൊ​ഴി​ലാ​ളി​ ​സം​ര​ക്ഷ​ണ​വു​മൊ​ക്കെ​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി.​ ​രാ​ഷ്ട്രീ​യ​വും​ ​ഭ​ര​ണ​വും​ ​'​കു​ഞ്ഞു​കാ​ര്യ​ങ്ങ​ളു​ടെ​ ​ഒ​ടേ​ത​മ്പു​രാ​ന്മാ​രാ​യി​",​ ​പൊ​തു​ജ​ന​ക്ഷേ​മ​ത്തി​നാ​യി​ ​വ​ർ​ത്തി​ച്ചു.​ ​ഒ​രു​ത​രം​ ​'​കാ​മ​ധേ​നു​ ​രാ​ഷ്ട്രീ​യം​".​ ​ഇ​തി​ന്റെ​ ​അ​മ​ര​ത്ത് ​ക​മ്മ്യൂ​ണി​സ്റ്റു​കാ​രാ​യി​രു​ന്നെ​ങ്കി​ലും,​ ​കോ​ൺ​ഗ്ര​സു​കാ​ർ​ക്കും​ ​ഇ​തേ​ ​പാ​ത​ ​പി​ന്തു​ട​രേ​ണ്ടി​ ​വ​ന്നു.
മ​റു​വ​ശ​ത്ത്,​അ​പ​വാ​ദ​ങ്ങ​ൾ​ ​മാ​റ്റി​വെ​ച്ചാ​ൽ,​ ​രാ​ഷ്ട്രീ​യ​സ​മൂ​ഹം​ ​ജ​ന​ങ്ങ​ളു​മാ​യി​ചേ​ർ​ന്നു​നി​ന്നു. ​സു​താ​ര്യ​ത​യ്ക്കും​ ​രാ​ഷ്ട്രീ​യ​സം​ശു​ദ്ധി​ക്കും​ ​വി​ല​ക​ല്പി​ച്ചു.​ ​രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് ​'​ഉ​ളു​പ്പ് " ​ഉ​ണ്ടാ​യി​രു​ന്ന,​ ​അ​വ​ർ​ ​പൊ​തു​സ​മൂ​ഹ​ത്തി​നു​ ​മു​ന്നി​ൽ​ ​ശി​രോ​ക​വ​ച​ങ്ങ​ളി​ല്ലാ​തെ​ ​നി​ന്ന,​ ​രാ​ഷ്ട്രീ​യ​ ​ധാ​ർ​മ്മി​ക​ത​യ്ക്ക് ​ഇ​ന്നു​ള്ള​തി​നേ​ക്കാ​ൾ​ ​വി​പ​ണ​ന​മൂ​ല്യ​മു​ണ്ടാ​യി​രു​ന്ന​ ​കാ​ലം.​ ​അ​ന്നും​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​രാ​ഷ്ട്രീ​യ​ത്തി​നാ​യി​രു​ന്നു​ ​മു​ൻ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും​ ​ആ​ശ​യ​ങ്ങ​ളും​ ​നി​ല​പാ​ടു​ക​ളും​ ​ധാ​ർ​മ്മി​ക​ത​യും,​ ​ചി​ല​പ്പോ​ഴെ​ങ്കി​ലും,​ ​അ​വ​യെ​ ​സ​മ്പ​ന്ന​മാ​ക്കി​യി​രു​ന്നു.​അ​മേ​രി​ക്ക​യി​ലെ​ ​ഐ​സ​ൻ​ഹോ​വ​ർ​ ​കാ​ല​ഘ​ട്ട​ത്തെ​ ​(1953​-1961​)​ ​'​ഗ്രേ​റ്റ് ​സെ​ലി​ബ്രേ​ഷ​ൻ​" ​എ​ന്ന് ​വി​ശേ​ഷി​പ്പി​ച്ച​തു​പോ​ലെ,​ ​ഈ​ ​കാ​ല​ഘ​ട്ട​ത്തെ​ ​'​കേ​ര​ള​മാ​തൃ​ക" യാ​യി​ ​പ​ല​രും​ ​ക​ണ്ടു.

മാ​റു​ന്ന​ ​സ​മൂ​ഹം,​ ​ മാ​റു​ന്ന​ ​രാ​ഷ്ട്രീ​യം

എ​ൺ​പ​തു​ക​ളോ​ടെ​ ​സ്ഥി​തി​ ​മാ​റി.​ ​സാ​മ്പ​ത്തി​ക​വി​ള​ർ​ച്ച​യും​ ​ഉ​ത്പാ​ദ​ന​ ​മു​ര​ടി​പ്പും​ ​ന​വ​ലി​ബ​റ​ൽ​ ​ആ​ശ​യ​ങ്ങ​ളും​ചേ​ർ​ന്ന​പ്പോ​ൾ​ ​'​കേ​ര​ള​മാ​തൃ​ക"യു​ടെ​ ​കാ​ലി​ട​റാ​ൻ​ ​തു​ട​ങ്ങി.​ ​ഇ​തി​നി​ട​യി​ൽ,​കേ​ര​ള​ക്ക​ര​യി​ൽ​ ​ഉ​റ​പ്പി​ച്ചി​രു​ന്ന​ ​കാ​ൽ​ ​മ​ല​യാ​ളി​ ​മെ​ല്ലെ​ ​പൊ​ന്തി​ച്ച് ​പു​റം​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഉ​റ​പ്പി​ച്ചു,​ ​ഉ​പ​ജീ​വ​ന​ത്തി​നാ​യി.​ ​ഇ​പ്പോ​ൾ​ ​അ​യാ​ൾ​ ​നാ​ടും​ ​കൂ​ടും​ ​വി​ട്ട് ​കു​ടി​യേ​റ്റ​ക്കാ​ര​നാ​യി​രി​ക്കു​ന്നു.​അ​പ്പു​റ​ത്ത്,​സോ​ഷ്യ​ലി​സ​ത്തി​ൽ​ ​ഉ​റ​പ്പി​ച്ചി​രു​ന്ന​ ​മ​റ്റേ​ ​കാ​ൽ​ ​ഇ​ട​തു​പ​ക്ഷം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പാ​ർ​ട്ടി​ക​ൾ​ ​സാ​വ​ധാ​നം​ ​മു​ത​ലാ​ളി​ത്ത​ത്തി​ൽ​ ​ഉ​റ​പ്പി​ച്ചു​നി​റു​ത്തി.​ ​
'​തൊ​യി​ലാ​ള്വേ​ക്ക്‌​വേ​ണ്ടി​ ​സി​ന്ദാ​ബാ​ദ് ​വി​ളി​ച്ചി​ട്ടാ​ന്റെ​ ​ന​ടു​ ​ഇ​ങ്ങ​നെ​ ​വ​ള​ഞ്ഞു​പോ​യ​ത്.​ ​ന്നി​ട്ട് ​എ​നി​ക്കി​പ്പോ​ ​സ​ഹാ​യ​ത്തി​ന് ​ഒ​രാ​ളെ​വേ​ണ​മെ​ന്ന് ​വ​ന്ന​പ്പോ​ ​ഒ​രു​ ​തൊ​യി​ലാ​ളീം​ ​തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല.​ ​എ​ങ്ങ​നെ​യാ​നോ​ക്കാ​?​ ​ഓ​ലെ​ല്ലാം​ ​മൊ​യ ്ലാ​ളി​മാ​രാ​യി​ല്ലേ​?​" എ​ന്ന് ​എം.​ ​മു​കു​ന്ദ​ൻ​ചോ​ദി​ക്കു​ന്ന​ത് ​അ​ന്വ​ർ​ത്ഥ​മാ​ണ് ​(​നി​ങ്ങ​ൾ​).​ ​ഇ​പ്പോ​ൾ​ ​ആ​ൾ​ക്കാ​രെ​ ​കു​ത്തി​പ്പ​ഴുപ്പി​ച്ച് ​ക​മ്മ്യൂ​ണി​​സ്റ്റു​കാ​രാ​ക്കു​ന്ന​താ​ണ് ​രീ​തി.​ ​മ​റ്റു​ ​പാ​ർ​ട്ടി​ക്കാ​ർ​ക്ക് ​കു​ത്തി​പ്പ​ഴുപ്പി​ക്കാ​നും​ ​ആ​ളെ​ ​കി​ട്ടു​ന്നി​ല്ല.​ ​'​ഇ​ട​തു​പ​ക്ഷം​" വ​ല​ത്തു​നി​ന്ന് ​ഇ​ട​ത്തേ​ക്ക് ​ക​ണ്ണെ​റി​ഞ്ഞ് ​ത​ങ്ങ​ളു​ടെ​ ​പ്ര​ത്യ​യ​ശാ​സ്ത​ ​പ്ര​തി​ബ​ദ്ധ​ത​ ​വെ​ളി​വാ​ക്കു​ന്നു.​കോ​ൺ​ഗ്ര​സി​ന് ​പ്ര​ത്യ​യ​ശാ​സ്ത്ര​ ​നാ​ട്യം​ ​പ​ണ്ടേ​ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ,​ ​പ്ര​ത്യേ​കി​ച്ചൊ​ന്നും​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.​ ​ബി.​ജെ.​പി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​കാ​ര്യം​ ​പ​റ​യേ​ണ്ട​തു​മി​ല്ല.
രാ​ഷ്ട്രീ​യ​ത്തി​ൽ​ ​രാ​ഷ്ട്രീ​യം​ ​കു​റ​ഞ്ഞു,​ ​അ​ഴി​മ​തി​യും​ ​അ​ധി​കാ​ര​ ​കൊ​തി​യും​ ​അ​ഹ​ന്ത​യും​ ​കൂ​ടി.​ ​അ​ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​രാ​ഷ്ട്രീ​യ​മാ​യി.​ ​സ്വ​യം​വ​ര​ത്തി​ന് ​രാ​ജാ​ക്ക​ന്മാ​ർ​ ​എ​ത്തും​പോ​ലെ,​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ക്കു​മ്പോ​ൾ​ ​രാ​ഷ്ട്രീ​യ​ക്കാ​ർ​ ​അ​ണി​ഞ്ഞൊ​രു​ങ്ങി,​ ​വെ​ളു​ക്കെ​ ​ചി​രി​ച്ച് ​ജ​ന​ങ്ങ​ളെ​ ​സ​മീ​പി​ക്കു​ന്നു. ​അ​വ​രു​ടെ​വോ​ട്ടും​ ​സ​മ്പ​ന്ന​രു​ടെ ​നോ​ട്ടും​ നേ​ടി​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​ആ​കു​ന്നു. ​എ​ന്നാ​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​താ​ത്പ​ര്യ​ങ്ങ​ളെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​മി​ല്ല.​ ​ഇ​തി​ന് ​അ​പ​വാ​ദ​ങ്ങ​ൾ​ ​ഇ​ല്ലെ​ന്ന​ല്ല​ ,​ ​പ​ക്ഷേ​ ​അ​ത് ​അ​പ​വാ​ദ​ങ്ങ​ൾ​ ​ആ​വു​ന്നു​ ​എ​ന്ന​താ​ണ് ​പ്ര​ശ്നം.​ ​ശ്ര​ദ്ധേ​യ​മാ​യ​ ​മ​റ്റൊ​ന്ന്,​പ​ഴ​യ​ ​ഇ​രു​ധ്രൂ​വ​രാ​ഷ്ട്രീ​യം​ ​മൂ​ന്നു​ ​മു​ന്ന​ണി​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​ബ​ലാ​ബ​ല​മാ​യി​ ​പ​രി​ണ​മി​ച്ചി​രി​ക്കു​ന്നു​ ​എ​ന്ന​താ​ണ്.
കേ​ര​ള​സ​മൂ​ഹ​വും​ ​വ​ല്ലാ​തെ​ ​മാ​റി​പ്പോ​യി​രി​ക്കു​ന്നു.​ ​പ്ര​ത്യേ​കി​ച്ച് ​മ​ദ്ധ്യ​വ​ർ​ഗ​ ​മ​ല​യാ​ളി.​ ​പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം​ ​അ​യാ​ൾ​ ​കു​ടി​യി​റ​ങ്ങി​ ​ക​ഴി​ഞ്ഞു.​ ​ആ​രോ​ഗ്യം​ ​മു​ത​ൽ​ ​അ​തി​ജീ​വ​ന​ത്തി​നു​വ​രെ​ ​ഇ​പ്പോ​ൾ​ ​സ്വ​കാ​ര്യ​മേ​ഖ​ല​യെ​യാ​ണ് ​അ​യാ​ൾ​ ​ആ​ശ്ര​യി​ക്കു​ന്ന​ത്.​ ​അ​യാ​ളു​ടെ​ ​രാ​ഷ്ട്രീ​യ​പ്ര​വ​ൃ​ത്തി​ ​വോ​ട്ടിം​ഗി​ൽ​ ​പ​രി​മി​ത​പ്പെ​ട്ടി​രി​ക്കു​ന്നു.
​പ​ഴ​യ​ ​'​കാ​മ​ധേ​നു​ ​രാ​ഷ്ട്രീ​യ​ത്തെ"​ ​പു​ച്ഛ​ത്തോ​ടെ​ ​വീ​ക്ഷി​ക്കു​ന്നു. ​വി​ക​സ​ന​ ​സ​ങ്ക​ല്പ​നം​ ​ചെ​റി​യ​കാ​ര്യ​ങ്ങ​ളെ​യ​ല്ല,​ ​വ​ലി​യ​കാ​ര്യ​ങ്ങ​ളെ​ ​ഉ​പ​ഭോ​ക്തൃ​സം​സ്‌​കാ​രം,​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ്,​ ​ആ​ഡം​ബ​രം,​ ​വ​ൻ​കി​ട​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ ​വ​ട്ടം​ ​ചു​റ്റി​നി​ൽ​ക്കു​ന്നു.​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ ​മ​ദ്ധ്യ​വ​ർ​ഗ​മാ​ണ്‌​കേ​ര​ള​ത്തി​ലേ​ത് .
പേ​രി​ലെ​ ​സ​മാ​ന​ത​യ​ല്ലാ​തെ,​ 1956​ലെ​യും​ ​ഇ​ന്ന​ത്തെ​യും​കേ​ര​ളം​ ​ത​മ്മി​ൽ​ ​യാ​തൊ​രു​ ​സാ​മ്യ​വു​മി​ല്ല.​ ​ഇ​ക്കാ​ല​യ​ള​വി​ൽ​കേ​ര​ളം​ ​മു​ന്നോ​ട്ടും​ ​പി​ന്നോ​ട്ടും​പോ​യി.​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​പ​ല​മേ​ഖ​ല​ക​ളി​ലും​ ​നാം​ ​മു​ന്നേ​റി,​ ​വി​ദ്യാ​ഭ്യാ​സ​വും​ ​ആ​രോ​ഗ്യ​വും​ ​മു​ത​ൽ​ ​ക​ലാ​സാം​സ്‌​കാ​രി​ക​രം​ഗ​ങ്ങ​ളി​ൽ​ ​വ​രെ.​ ​എ​ന്നാ​ൽ​ ​മ​റു​വ​ശ​ത്ത്,​ ​വി​പ​ണി​യും​ ​ഭ​ര​ണ​കൂ​ട​വും​ ​ഉ​പേ​ക്ഷി​ച്ച​ ​പ​ര​ശ​തം​ ​മ​നു​ഷ്യ​ർ​ ​അ​വ​ശേ​ഷി​ക്കു​ന്നു.​ ​ജാ​തി​മ​ത​ ​ചി​ന്ത​ക​ൾ​ ​തി​രി​കെ​ ​എ​ത്തി​യി​രി​ക്കു​ന്നു​. ​സ​മ്പ​ന്ന​ത​യു​ടെ​ ​ന​ടു​വി​ലും​ ​സ​ന്തോ​ഷ​മ​ല്ല​ ,​ ​പി​രി​മു​റ​ക്ക​മാ​ണ് ​മ​ല​യാ​ളി​ക്ക്.​ ​അ​യാ​ൾ​ ​ചി​രി​ക്കാ​ൻ​ ​മ​റ​ന്നി​രി​ക്കു​ന്നു.​ ​പാ​രി​സ്ഥി​തി​ക​പ്ര​ശ്ന​ങ്ങ​ൾ,​ ​തൊ​ഴി​ലി​ല്ലാ​യ്മ,​ ​പു​തു​ത​ല​മു​റ​ ​വി​ക​സ​ന​പ്ര​തി​സ​ന്ധി​ക​ൾ,​ ​രാ​ഷ്ട്രീ​യ​ജീ​ർ​ണത​ ​തു​ട​ങ്ങി​ ​ഒ​ട്ട​ന​വ​ധി​ ​സ​മ​സ്യ​ക​ൾ​വേ​റെ​യും.​ ​ഒ​ന്നു​കി​ൽ​ ​ഇ​ത്‌​ലോ​കം​ ​മു​ഴു​വ​ൻ​നേ​രി​ടു​ന്ന​ ​പ്ര​ശ്ന​മാ​ണെ​ന്നു​ ​ക​ണ്ട് ​ന​മു​ക്ക് ​ആ​ശ്വ​സി​ക്കാം. ​അ​ല്ലെ​ങ്കി​ൽ,​ ​തു​ട​ക്ക​ത്തി​ൽ​ ​ചെ​യ്ത​തു​പോ​ലെ,​ ​കാ​ണു​ന്ന​ ​വ​ഴി​പോ​കാ​തെ​ ​പു​ത്ത​ൻ​ ​വ​ഴി​യൊ​രു​ക്കി​ ​പ്ര​ശ്ന​ത്തെ​നേ​രി​ടാം.​ ​ര​ണ്ടാ​മ​ത്തേ​താ​ണ് ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കി​ൽ,​ ​നാം​ ​സ്വ​യം​ ​ന​വീ​ക​രി​ക്കു​ക​യും​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ക​ട്ടും​ ​ക​ര​ടും​ ​ക​ള​ഞ്ഞ് ​അ​തി​ന്റെ​ ​പു​രോ​ഗ​മ​ന​ഭാ​വ​ത്തെ​ ​വീ​ണ്ടെ​ടു​ക്കു​ക​യും ​വേ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, 70YEARS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION