
ഓരോ പുസ്തകത്തിലൂടെയും ഒരാളുടെ മനസിലേക്ക് കടന്നുവരുന്നത് ഒരു കാലത്തിന്റെയോ വ്യക്തിയുടെയോ ഓർമ്മകളാകാം. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളായ പുസ്തകങ്ങളുടെ ശേഖരം തിരുവനന്തപുരത്തെ കെ.പി.സി.സി. ആസ്ഥാന മന്ദിരത്തിൽ ഒരുമിച്ചുണ്ട്. 'പി.ടി.തോമസ് മാതൃകാ ലൈബ്രറിയും ഗവേഷണ കേന്ദ്രവും' ഇന്ന് അറിവിന്റെയും വിജ്ഞാനത്തിന്റെയും വലിയൊരു ലോകം തന്നെ തുറന്നിടുകയാണ്. രാഷ്ട്രീയ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഗ്രന്ഥശാല, വായനാശീലത്തെയും ചരിത്രാന്വേഷണങ്ങളെയും പുതിയ തലങ്ങളിലേക്കും ഉയർത്തുന്നു. അന്തരിച്ച കോൺഗ്രസ് നേതാവും ജനപ്രതിനിധിയുമായിരുന്ന പി.ടി.തോമസിന്റെ സ്മരണാർത്ഥം ഒരുക്കിയിരിക്കുന്ന ലൈബ്രറി, അപൂർവ്വങ്ങളായ ഗ്രന്ഥങ്ങളുടെയും വിജ്ഞാനകോശങ്ങളുടെയും വലിയ ശേഖരം തന്നെയാണ് വായനക്കാർക്ക് സമ്മാനിക്കുന്നത്. കേരളത്തിന്റെ തനിമയും ചരിത്രവും വിളിച്ചോതുന്ന 'തിരുവിതാംകൂർ സ്വാതന്ത്ര്യസമര ചരിത്രം', ഉമ്മൻചാണ്ടിയുടെ പുസ്തകശേഖരം, നിയമസഭാ പ്രസംഗങ്ങൾ എന്നിവ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളാണ്.
വിജ്ഞാനത്തിന്റെ വിപുലമായ ലോകം
ഒരു ലൈബ്രറിയുടെ യഥാർത്ഥ മൂല്യം അവിടെ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളുടെ വൈവിദ്ധ്യത്തിലും അപൂർവ്വതയിലുമാണ്. ആ അർത്ഥത്തിൽ പി.ടി.തോമസ് ഗ്രന്ഥശാല ഒരോ ഗവേഷകന്റെയും വായനക്കാരന്റെയും സ്വപ്‌നഭൂമിയാണ്. ഇവിടെ ലഭ്യമായിട്ടുള്ള പുസ്തകങ്ങളെയും വിഭാഗങ്ങളെയും പരിചയപ്പെടുമ്പോൾ ഏതൊരു പുസ്തകപ്രേമിയും അത്ഭുതപ്പെട്ടുപോകും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിപുലമായ വിജ്ഞാനശേഖരം ഒരുക്കിയുണ്ട്. പത്തോളം വോള്യങ്ങളുള്ള വിശ്വവിജ്ഞാനകോശവും, പന്ത്രണ്ട് വോള്യങ്ങളുള്ള സർവ്വവിജ്ഞാന കോശവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ക്ഷേത്രവിജ്ഞാന കോശം, കേരള സ്ഥല വിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാനകോശം, വിദ്യാർത്ഥിമിത്രം ശാസ്ത്ര സാങ്കേതിക വിജ്ഞാനകോശം, ശാസ്ത്രനിഘണ്ടു, വിജ്ഞാനകൈരളി തുടങ്ങിയവ അറിവിന്റെ വലിയ വാതിലുകളാണ് തുറന്നിടുന്നത്.
ഗാന്ധിയെയും നെഹ്റുവിനെയും അടുത്തറിയാം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനങ്ങളും അടുത്തറിയാൻ സഹായിക്കുന്ന കൃതികളുടെ വലിയൊരു നിര തന്നെയുണ്ട്. ഗാന്ധി സാഹിത്യം സാമൂഹിക ജീവിതം, ഗാർഹിക ജീവിതം, രാഷ്ട്രതന്ത്രം, അർത്ഥശാസ്ത്രം, വിദ്യാഭ്യാസം, തത്വചിന്തയും മതവും തുടങ്ങിയ ഗ്രന്ഥങ്ങൾ ഗാന്ധിയൻ ദർശനങ്ങളുടെ ആഴം വിളിച്ചോതുന്നവയാണ്. അതോടൊപ്പം ''The Collected works of Mahatma Gandhi' യുടെ 100 വോള്യങ്ങളും ചരിത്രാന്വേഷികൾക്ക് വിലമതിക്കാനാവാത്തതാണ്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പ്രസംഗങ്ങളും ജീവചരിത്രങ്ങളും ലൈബ്രറിയിൽ പ്രത്യേക ഇടമുണ്ട്. നെഹ്റുവിന്റെ വിവിധ കാലഘട്ടങ്ങളിലെ പ്രസംഗങ്ങൾ ജീവചരിത്രം, കൂടാതെ കാർട്ടൂണിസ്റ്റ് ശങ്കറുടെ വരകളിലൂടെ നെഹ്റുവിനെ അവതരിപ്പിക്കുന്ന 'Don’t Spare me Shankar" (എ.കെ.ആന്റണി സംഭാവന ചെയ്തത്), ബി.ആർ.നന്ദയുടെ 'Jawaharlal Nehru a Pictorial biography' എന്നീ പുസ്തകങ്ങളും ശേഖരത്തിലുണ്ട്.
ബ്രിട്ടീഷ് ഭരണകാലഘട്ടത്തിന്റെയും ഇന്ത്യയുടെ ആദ്യകാല ചരിത്രത്തിന്റെയും നേർക്കാഴ്ച നൽകുന്ന 'Indian Annual Register(1937,1938)', 'The Gazetteer of India'(രാജ്യം, ജനങ്ങൾ, സാമ്പത്തിക ഘടന, ഭരണം), സർക്കാരിന്റെ 'Hindustan Yearbook and Who’s who- 1959' തുടങ്ങിയ അപൂർവ്വ രേഖകൾ ഈ ലൈബ്രറിയുടെ ഗവേഷണ സ്വഭാവം വ്യക്തമാക്കുന്നു.
രാഷ്ട്രീയത്തിനപ്പുറത്തേക്ക്
ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുവിജ്ഞാനം, കേരള നിയമസഭ, പാർലമെന്ററി നടപടിക്രമങ്ങൾ, തത്വചിന്ത, നാടകം, യാത്രാവിവരണങ്ങൾ, പത്രപ്രവർത്തനം, ഇന്ത്യയുടെ വിദേശനയം, കായികം, അക്കൗണ്ടിംഗ്, ആക്ഷേപഹാസ്യം, സാമ്പത്തികശാസ്ത്രം, ക്രിസ്തുമതം, ഇസ്ലാം മതം, ഹിന്ദുമതം, സിനിമ, സംഗീതം, ലളിതകലാ രംഗങ്ങൾ, ചിത്രകല, ശില്പകല, കേരളീയ കലാരൂപങ്ങൾ, ലോകരാഷ്ട്രങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, മാതാ അമൃതാനന്ദമയിയുടെ പ്രസംഗങ്ങൾ, വിവിധ റിപ്പോർട്ടുകൾ, കൃഷി, പഞ്ചായത്തീരാജ്, സഹകരണം എന്നിങ്ങനെ നീളുന്നു ഈ ഗ്രന്ഥശാലയിലെ വിഷയവൈവിദ്ധ്യങ്ങൾ.
കൂടാതെ, ടാഗോർ ശേഖരം, നോവലുകൾ, ഇംഗ്ലീഷ് സാഹിത്യം, ഭാഷാശാസ്ത്രം, തിരഞ്ഞെടുപ്പ് ചരിത്രം, കുട്ടികളുടെ സാഹിത്യം എന്നിവയും ഇവിടെയുണ്ട്. പ്രതിരോധ പഠന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എ.കെ.ആന്റണിയാണ് ഈ ലൈബ്രറിക്ക് സംഭാവന ചെയ്തിരിക്കുന്നത്. പ്രസ് കട്ടിംഗുകളുടെ വലിയൊരു ശേഖരവും ഇവിടെ സൂക്ഷിച്ചിരിക്കുന്നത് ഗവേഷകർക്കും സഹായകരമാണ്.
മലയാളിയുടെ അക്ഷരമുറ്റവും ഗവേഷണ കേന്ദ്രവും
കെ.പി.സി.സി.ഓഫീസിൽ ഇത്തരമൊരു ഗൗരവമേറിയ ഗ്രന്ഥശാല പ്രവർത്തിക്കുന്നത് പ്രസ്ഥാനത്തിന്റെ ബൗദ്ധികമായ അടിത്തറയാണ് വ്യക്തമാക്കുന്നത്. രാഷ്ട്രീയപ്രവർത്തനം എന്നത് കേവലം സമരങ്ങളും പ്രക്ഷോഭങ്ങളുമല്ല, മറിച്ച് അടിയുറച്ച വായനയിലൂടെയും പഠനത്തിലൂടെയും ആർജ്ജിക്കേണ്ട ഒരു സാമൂഹിക ബോദ്ധ്യമാണെന്ന് പി.ടി.തോമസ് വിശ്വസിച്ചിരുന്നു. ആ ആദർശത്തിന്റെ നേർസാക്ഷ്യമാണ് ഈ ലൈബ്രറി.
ഇന്നത്തെ തലമുറയ്ക്കും വരാനിരിക്കുന്ന ഗവേഷകർക്കും ചരിത്രത്തിന്റെ സത്യങ്ങൾ തേടിപ്പിടിക്കാൻ ഈ ലൈബ്രറി വലിയൊരു വെളിച്ചമാകും. കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ തത്പരരായ ആർക്കും ഒരു നിധിലോകം തന്നെയാണ്. ജനശ്രദ്ധയിലേക്ക് എത്തുന്ന ഈ ഗ്രന്ഥശാല അറിവിന്റെ വെളിച്ചം പരത്തുന്ന ഈ അക്ഷരഗോപുരം കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ തിളക്കമുള്ളൊരു ഏടായി കാലത്തെ അതിജീവിച്ചു നിൽക്കും തീർച്ച.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |