SignIn
Kerala Kaumudi Online
Sunday, 11 October 2026 2.54 AM IST

അവസരങ്ങളല്ല, സുരക്ഷയും ജീവിതബോധവും വേണം

1

 11ന് അന്താരാഷ്ട്ര ബാലികാദിനം

 ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനമാണ്. പെൺകുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, സമത്വം, സ്വാതന്ത്ര്യം, സുരക്ഷ എന്നിവയെക്കുറിച്ച് ലോകം ചർച്ച ചെയ്യുന്ന ദിനം. എന്നാൽ ഒരു ദിവസത്തെ ചർച്ചകൾക്കും ആഘോഷങ്ങൾക്കും അപ്പുറം, നമ്മുടെ പെൺകുട്ടികളുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകേണ്ടതെന്ന് ചിന്തിക്കേണ്ട ദിനമാണിത്.

ഇന്ന് പെൺകുട്ടികൾക്ക് മുമ്പത്തേക്കാൾ കൂടുതൽ അവസരങ്ങളുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശം, കായികം, ഭരണരംഗം തുടങ്ങി ഒരുകാലത്ത് പുരുഷന്മാരുടെ മാത്രം മേഖലകളായി കരുതിയിരുന്ന ഇടങ്ങളിൽ അവർ കഴിവ് തെളിയിക്കുന്നു. പഠനത്തിലും മത്സരപരീക്ഷകളിലും മികച്ച നേട്ടം കൈവരിക്കുന്നു. എന്നാൽ ഇവിടെ നാം നമ്മോടുതന്നെ ചോദിക്കേണ്ട ഒരു പ്രധാന ചോദ്യമുണ്ട്. പെൺകുട്ടികൾക്ക് അവസരം നൽകുന്നത് മാത്രം മതിയോ? ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അവരെ പ്രാപ്തരാക്കുന്നുണ്ടോ?. എന്റെ മകളുടെ ജീവിതബോധം എങ്ങനെയാണ്? ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകമുണ്ടോ? സ്വന്തം സുരക്ഷയെക്കുറിച്ച് അവൾ ബോധവതിയാണോ? പ്രശ്നമുണ്ടായാൽ തുറന്ന് പറയാനുള്ള ധൈര്യമുണ്ടോ ?. അറിവിനൊപ്പം മൂല്യബോധവും സ്വഭാവവും ഉത്തരവാദിത്വബോധവും വേണം. മറ്റുള്ളവരെ ബഹുമാനിക്കാനുള്ള മനസ് വേണം. സ്വന്തം അവകാശങ്ങളും ഉത്തരവാദിത്വങ്ങളും മനസിലാക്കണം. വ്യക്തിപരമായ അതിരുകൾ തിരിച്ചറിയാനും മറ്റുള്ളവരുടെ അതിരുകൾ ബഹുമാനിക്കാനും കഴിയണം. ഇത് പെൺകുട്ടികൾക്ക് മാത്രമല്ല, ഓരോ കുട്ടിക്കും വേണ്ടതാണ്.

 വളർത്തൽ ബാല്യത്തിലേ തുടങ്ങണം

ചില മാതാപിതാക്കൾ തങ്ങൾ കുട്ടിക്കാലത്ത് അനുഭവിച്ച അമിതനിയന്ത്രണം മക്കൾ അനുഭവിക്കരുതെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് മക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. എന്നാൽ സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്വവും നൽകുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഒരു പെൺകുട്ടിയുടെ വ്യക്തിത്വവും മൂല്യബോധവും ഒരു ദിവസം കൊണ്ട് രൂപപ്പെടുന്നതല്ല. കുടുംബം നൽകുന്ന മാതൃകകളിലൂടെയും അനുഭവങ്ങളിലൂടെയും ബാല്യത്തിലേ അത് വളരുന്നു. മാതാപിതാക്കൾ കുട്ടികളോട് സംസാരിക്കണം. എന്താണ് ശരി, എന്താണ് തെറ്റ്, ആരോട് എങ്ങനെ പെരുമാറണം, ഏത് സാഹചര്യത്തിലാണ് ജാഗ്രത പാലിക്കേണ്ടത്, സ്വന്തം ശരീരത്തെയും സ്വകാര്യതയെയും എങ്ങനെ സംരക്ഷിക്കണം എന്നിവ പ്രായത്തിനനുസരിച്ച് കുട്ടികളെ പഠിപ്പിക്കണം.

കൗമാരം, കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നു

ഒരു പെൺകുട്ടി കൗമാരത്തിലേക്ക് കടക്കുമ്പോൾ ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങളാണുണ്ടാകുന്നത്. ഹോർമോൺ മാറ്റം, വികാരങ്ങളിലെ വ്യതിയാനം, സ്വത്വത്തെക്കുറിച്ചുള്ള ചിന്തകൾ, കൂട്ടുകാരുടെ സ്വാധീനം, സോഷ്യൽ മീഡിയയുടെ സ്വാധീനം — പലതും ഒരേസമയം അവളുടെ ജീവിതത്തെ സ്വാധീനിച്ചേക്കാം. കുട്ടിയെ കുറ്റപ്പെടുത്തുന്നതിനേക്കാൾ അവളെ മനസിലാക്കുകയാണ് വേണ്ടത്.

“എന്തുകൊണ്ടാണ് എന്റെ മകൾ ഇങ്ങനെ മാറിയത്?” എന്ന ചോദ്യത്തോടൊപ്പം “അവൾ ഇപ്പോൾ എന്താണ് അനുഭവിക്കുന്നത് ?” എന്ന ചോദ്യവും മാതാപിതാക്കൾ ചോദിക്കണം. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം ഇന്നും ഗൗരവമുള്ള സാമൂഹിക പ്രശ്നമാണ്. പൊലീസ് കണക്ക് പ്രകാരം 2026 ആഗസ്റ്റ് വരെ 2,889 പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കണക്കുകൾ ഓരോന്നും ഒരു നമ്പർ മാത്രമല്ല. അതിന് പിന്നിൽ ഒരു കുട്ടിയുണ്ട്. ഒരു കുടുംബമുണ്ട്. കുട്ടിക്ക് പരിചയമുള്ള വ്യക്തികളിൽ നിന്നുപോലും അപകടം ഉണ്ടാകാം.

 ഡിജിറ്റൽ ലോകത്തും വേണം സുരക്ഷ

ജീവിതത്തിൽ മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഒഴിവാക്കാനാകാത്ത യാഥാർത്ഥ്യമാണ്. അതോടൊപ്പം സൈബർ ബുള്ളിയിംഗ്, വ്യാജ അക്കൗണ്ട്, സ്വകാര്യ ചിത്രങ്ങളുടെ ദുരുപയോഗം, ഓൺലൈൻ ചൂഷണം, വ്യക്തിവിവരങ്ങളുടെ ദുരുപയോഗം തുടങ്ങിയ അപകടങ്ങളും നിലനിൽക്കുന്നു. അവരുടെ ഡിജിറ്റൽ ജീവിതവും സുരക്ഷിതമാക്കണം. ഒരു പെൺകുട്ടിക്ക് തന്റെ ചിത്രം ആരെങ്കിലും ദുരുപയോഗം ചെയ്താൽ എന്തുചെയ്യണമെന്ന് അറിയാമോ? ഓൺലൈനിൽ ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ ആരോട് പറയണമെന്ന് അറിയാമോ? ഇത്തരം ചോദ്യങ്ങൾക്കും നമ്മുടെ വിദ്യാഭ്യാസവും കുടുംബസംവിധാനവും ഉത്തരം നൽകണം.

 പാഠപുസ്തകത്തിനപ്പുറം കുട്ടിയെ കാണണം

എല്ലാ കുട്ടികൾക്കും ഒരുപോലെ സുരക്ഷിതമായ കുടുംബപശ്ചാത്തലം ലഭിക്കണമെന്നില്ല. കുടുംബത്തിലെ തർക്കങ്ങൾ, മാതാപിതാക്കളുടെ വേർപിരിയൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, അവഗണന, വീട്ടിലെ അസ്വസ്ഥമായ അന്തരീക്ഷം എന്നിവ കുട്ടികളുടെ മാനസികാവസ്ഥയെ ബാധിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ സ്കൂൾ ഒരു കുട്ടിക്ക് സുരക്ഷിതമായ ഇടമായി മാറണം. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും ആവശ്യമായപ്പോൾ ശരിയായ സഹായത്തിലേക്ക് നയിക്കാനും കഴിയുന്ന, കരുതലുള്ള മുതിർന്നവരായിരിക്കണം അദ്ധ്യാപകർ.

 നമ്പർ ചുമരിൽ മാത്രം പോരാ

പെൺകുട്ടികളുടെ സുരക്ഷയ്ക്കായി വിവിധ ഹെൽപ്‌ലൈൻ നമ്പറും സംവിധാനങ്ങളും നിലവിലുണ്ട്. ഓരോ കുട്ടിക്കും ആ നമ്പർ എന്തിനാണ്, എപ്പോൾ വിളിക്കണം, വിളിച്ചാൽ എന്ത് സഹായമാണ് ലഭിക്കുക എന്നതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകണം. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ള്യു.സി) പോലുള്ള സംവിധാനങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ വിശദീകരിക്കണം. സി.ഡബ്ള്യു.സി, വനിതാ-ശിശു വികസനവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ, സ്കൂൾതല സംരക്ഷണ സംവിധാനങ്ങൾ തുടങ്ങി നിരവധി സംവിധാനങ്ങൾ രൂപീകരിച്ചാൽ മാത്രം മതിയാകില്ല. അവ എത്രത്തോളം കുട്ടികളിലേക്ക് എത്തുന്നു?. ഒരു കുട്ടി സഹായത്തിനായി എത്തിയാൽ എത്ര വേഗത്തിൽ പ്രതികരണം ലഭിക്കുന്നു? ഇവയെല്ലാം നിരന്തരം പരിശോധിക്കേണ്ടതാണ്.

 പെൺകുട്ടികൾ മാറിയാൽ മതിയോ

പെൺകുട്ടികളുടെ സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്വവും പെൺകുട്ടികളിൽ മാത്രം ചുമത്താനും പാടില്ല.

ആൺകുട്ടികളെയും അതേ ഉത്തരവാദിത്വത്തോടെ വളർത്തണം. ഒരു പെൺകുട്ടിയെ എങ്ങനെ ബഹുമാനിക്കണം, അവളുടെ വ്യക്തിപരമായ അതിരുകളെ എങ്ങനെ മാനിക്കണം, സമ്മതത്തിന്റെ അർത്ഥമെന്താണ്, മറ്റൊരാളുടെ ‘ഇല്ല’ എന്ന വാക്കിനെ എങ്ങനെ ബഹുമാനിക്കണം — ഇവയെല്ലാം ആൺകുട്ടികളും പഠിക്കണം. ബാലികാദിനം ആഘോഷിക്കുക മാത്രം പോരാ, ഓരോ ദിവസവും നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം. അതാണ് ഒരു പെൺകുട്ടിയെ വളർത്തുന്നതിന്റെ യഥാർത്ഥ അർത്ഥവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GIRLS, EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION