SignIn
Kerala Kaumudi Online
Saturday, 17 October 2026 12.52 AM IST

ബ്ലൂ ഇക്കോണമി; വാണിജ്യ വ്യവസായ സാദ്ധ്യതകൾ

blue-economy

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക വളർച്ചയുടെ മർമ്മ പ്രധാനമായ മേഖലകളിലൊന്നായി ഇന്ത്യയിൽ ബ്ലൂ ഇക്കോണമി വികസിച്ചു കൊണ്ടിരിക്കുകയാണ്. സമുദ്രങ്ങൾ, തീരപ്രദേശങ്ങൾ, അവയുമായി ബന്ധപ്പെട്ട ജലവിഭവങ്ങൾ എന്നിവ പരിസ്ഥിതിസംരക്ഷണം ഉറപ്പുവരുത്തി ഫലപ്രദമായി വിനിയോഗിക്കുകയും, അതിലൂടെ ഉപജീവനമാർഗങ്ങൾ, പുതിയ തൊഴിലവസരങ്ങൾ, സുസ്ഥിര സാമ്പത്തിക വളർച്ച എന്നിവ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം ബ്ലൂ ഇക്കോണമിക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഏകദേശം 600 കിലോമീറ്റർ തീരപ്രദേശം, 2.18 ലക്ഷം ചതുരശ്ര കിലോമീറ്റർ സാമ്പത്തിക മേഖല, നദികൾ, കായലുകൾ, അഴിമുഖങ്ങൾ, തണ്ണീർത്തടങ്ങൾ, ഉൾനാടൻ ജലപാതകൾ, മത്സ്യബന്ധന തുറമുഖങ്ങൾ എന്നിവ നമ്മുടെ സംസ്ഥാനത്തിന്റെ തനതായ മുതൽക്കൂട്ടാണ്. മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും ലക്ഷക്കണക്കിന് കേരളീയരുടെ ഉപജീവനമാർഗവുമാണ്. അതായത്, ബ്ലൂ ഇക്കോണമി വികസനത്തിന് ആവശ്യമായ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ അനുകൂലഘടകങ്ങളും, ഒപ്പം മനുഷ്യവിഭവശേഷിയും ഇവിടെ ലഭ്യമാണ്.

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം കേരളത്തിന്റെ സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയൊരു ദിശ തുറന്നിട്ടുമുണ്ട്. കേരള ബഡ്ജറ്റ് 2026–27ൽ ബ്ലൂ ഇക്കോണമിക്ക് പ്രത്യേക ശ്രദ്ധ നൽകിയിരിക്കുകയാണ്. ബ്ലൂ ഇക്കോണമിക്ക് ഉപയുക്തമായ സമുദ്ര ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടിയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.


ബ്ലൂ ഇക്കോണമിക്കായി ലോജിസ്റ്റിക്സ് പാർക്കുകൾ, വെയർഹൗസുകൾ, കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ക്രമീകരണം, കോൾഡ് ചെയിൻ, കപ്പൽ അറ്റകുറ്റപ്പണി, ബങ്കറിംഗ്, ഷിപ്പ് ചാൻഡലിംഗ്, മറൈൻ എൻജിനിയറിംഗ്, മാരിടൈം സേവനങ്ങൾ, സീഫുഡ് സംസ്കരണം, കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങിയവ വികസിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ പ്രയോജനം വിഴിഞ്ഞത്തിന് പുറമെ കൊല്ലം, ബേപ്പൂർ, അഴീക്കൽ തുടങ്ങിയ ചെറുകിട തുറമുഖങ്ങളെ തീരദേശ ചരക്കുഗതാഗതം, പ്രാദേശിക വ്യാപാരം, മത്സ്യബന്ധനം, കപ്പൽനിർമാണം, സമുദ്ര വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ പര്യാപ്തമാക്കണം.

കേരളം ശ്രദ്ധ

കേന്ദ്രീകരിക്കേണ്ടത്

ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട് പ്രകൃതിപരവും ഭൂമിശാസ്ത്രപരവുമായ അനുകൂലഘടകങ്ങളെ നിക്ഷേപം, വ്യവസായം, വ്യാപാരം, തൊഴിൽ, വരുമാനം എന്നിവയായി എങ്ങനെ പരിവർത്തനം ചെയ്യാം എന്നതിലാണ് കേരളം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.


കേരളത്തിന്റെ ബ്ലൂ ഇക്കോണമിയുടെ മുഖ്യ അടിത്തറ മത്സ്യബന്ധനമായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ, ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പുറമേ, മൂല്യവർദ്ധനയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.

ആധുനിക മത്സ്യബന്ധന തുറമുഖങ്ങളെ കോൾഡ് സ്റ്റോറേജ്, ഐസ് പ്ലാന്റുകൾ, ഗുണനിലവാര പരിശോധനാ ലബോറട്ടറികൾ, ശീതീകരിച്ച ഗതാഗതം, സംസ്കരണ യൂണിറ്റുകൾ, ഡിജിറ്റൽ വിപണന സംവിധാനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കണം.

റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് തുടങ്ങിയ മൂല്യവർദ്ധിത സമുദ്രോത്പന്നങ്ങളുടെ നിർമ്മാണം മത്സ്യവിഭവങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഗണ്യമായി വർദ്ധിപ്പിക്കും. ഇത് വനിതാ സഹകരണ സംഘങ്ങൾക്കും, സൂക്ഷ്മ-ചെറുകിട-ഇടത്തര തീരദേശ വ്യവസായ സംരംഭകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും.


കപ്പൽനിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി, മറൈൻ എൻജിനിയറിംഗ്, മറൈൻ ഇലക്ട്രോണിക്സ്, സമുദ്രാധിഷ്ഠിത ഉപകരണനിർമ്മാണം തുടങ്ങിയ മേഖലകളിൽ വലിയ സാദ്ധ്യതയുണ്ട്. മറൈൻ ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്, ന്യൂട്രാസ്യൂട്ടിക്കൽസ്, ആൽഗീ അധിഷ്ഠിത ഉത്പന്നങ്ങൾ, മറൈൻ ബയോമെറ്റീരിയലുകൾ, മത്സ്യകൃഷി സാങ്കേതികവിദ്യ തുടങ്ങിയ വിജ്ഞാനാധിഷ്ഠിത മേഖലകളിലും വലിയ സാദ്ധ്യതയുണ്ട്.

സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഗവേഷണ-ഇന്നൊവേഷൻ ശൃംഖല രൂപീകരിക്കണം. സമുദ്ര-തീരദേശ വിനോദസഞ്ചാരവും മറ്റൊരു പ്രധാന സാദ്ധ്യതയാണ്. ക്രൂസ് ടൂറിസം, സെയിലിംഗ്, ഡൈവിംഗ്, ലൈറ്റ്‌ഹൗസ് ടൂറിസം, ഉത്തരവാദിത്ത തീരദേശ ടൂറിസം തുടങ്ങിയവ വികസിപ്പിക്കാം.

അധിക നേട്ടം

അടുത്തിടെ പ്രാബല്യത്തിൽ വന്ന ഇന്ത്യ–യു.കെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ കേരളത്തിന്റെ ബ്ലൂ ഇക്കോണമിക്ക് അധിക നേട്ടം നൽകുന്നു. 2026 ജൂലായ് 15ന് കരാർ പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യൻ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും യു.കെ വിപണിയിൽ മുൻഗണനാപരമായ പ്രവേശനം ലഭിച്ചു. കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയ്ക്ക് ഇത് പ്രത്യേക പ്രാധാന്യമുള്ളതാണ്. ഏകദേശം 6 ബില്യൺ അമേരിക്കൻ ഡോളർ വലിപ്പമുള്ള യു.കെ സമുദ്രോത്പന്ന വിപണിയിൽ, ഇന്ത്യയുടെ നിലവിലെ കയറ്റുമതി താരതമ്യേന വളരെ ചെറുതാണ്. അതിനാൽ കേരളത്തിന് വലിയ വിപണി സാദ്ധ്യതയുണ്ട്.


കേരളം ഇന്ന് ഒരു നിർണായക സാമ്പത്തിക വഴിത്തിരിവിലാണ്. തീരപ്രദേശം, മത്സ്യസമ്പത്ത്, തുറമുഖങ്ങൾ, ജലപാതകൾ, സമുദ്രവിഭവങ്ങൾ, ടൂറിസം സാദ്ധ്യതകൾ, വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷി, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രസ്ഥാനം എന്നിവ ചേർന്നതാണ് കേരളത്തിന്റെ സമുദ്രസമ്പത്ത്. എന്നാൽ പതിറ്റാണ്ടുകളായി ഈ സമുദ്രസമ്പത്തിനെ വ്യവസായ-വാണിജ്യ ശക്തിയായി പൂർണമായി പരിവർത്തനം ചെയ്യാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല.

വിഴിഞ്ഞം തുറമുഖം, കൊച്ചി തുറമുഖം, മറ്റ് ചെറുകിട തുറമുഖങ്ങൾ, തീരദേശ കപ്പൽഗതാഗതം, മത്സ്യബന്ധനം, ലോജിസ്റ്റിക്സ്, സമുദ്രവ്യവസായങ്ങൾ, ടൂറിസം, ഗവേഷണം എന്നിവയെ പരസ്പരം ബന്ധിപ്പിച്ചാൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ വ്യാപിക്കുന്ന ഒരു സംയോജിത സമുദ്രസമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLUE ECONOMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION