
ഞാൻ വെപ്രാളപ്പെട്ട് കസേര വലിച്ചിട്ടിരുന്നു. എഴുത്തുപലക എടുത്തു വച്ചു. അപ്പോഴാണ് ഭാര്യയുടെ ശബ്ദം. നൂറുകൂട്ടം പ്രശ്‌നങ്ങൾ കിടക്കുകാ. അതിന്റെടേൽ രാമായണം എഴുതാൻ വേണ്ടിയങ്ങിരുന്നല്ലേ. ഇവിടെ ബാങ്കിൽ ഹൗസിംഗ് ലോണിന്റെ ഇ.എം.ഐ അടച്ചിട്ടില്ല. വണ്ടീടെ അടവു മുടങ്ങി. ഇതൊക്കെ എങ്ങനെ ശരിയാകും എന്ന് ബാക്കിയുള്ളവർക്ക് ടെൻഷൻ കൂടി എപ്പോഴാണ് ഹൃദയസ്തംഭനം വരുന്നേന്നറിയില്ല. അതിന്റിടയിലാണ് ചിരിയെക്കുറിച്ച്എഴുതുന്നത്.
സത്യം പറഞ്ഞാൽ സാറെ പിടിച്ചു നിറുത്തിയതുപോലെ എന്റെ എഴുത്തങ്ങ് നിന്നു. അല്ല കാര്യം ശരിയല്ലേ. നൂറായിരം പ്രശ്‌നങ്ങൾ തലയ്ക്കു മുകളിലും മുമ്പിലും നിന്ന് ഡാൻസ് കളിക്കുമ്പോൾ ചിരിക്കുന്നതെങ്ങനെ? എന്നാലും ഞാൻ പറഞ്ഞു: ഭാര്യേ, ടെൻഷൻ കുറയ്ക്കുന്നതാണ്
ചിരി. ചിരിക്ക്. ടെൻഷൻ കുറയും.
ടെൻഷൻ
അതെ, ടെൻഷൻ. മലയാളിയുടെ ചിരിയെ ഏതെങ്കിലും ഒരു ഘടകം കടന്നുകയറി കുറച്ചിട്ടുണ്ടെങ്കിൽ അത് ടെൻഷൻ ആണ്. എല്ലാർക്കും ടെൻഷനാണ്. കുഞ്ഞു ജനിക്കുന്നതു മുതൽ ടെൻഷൻ. കൊച്ചിനെന്തു പേരിടും? ടെൻഷൻ. ഉടൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്. കൊച്ചിന് പറ്റിയ പേരുവേണം. ഏതു സ്‌കൂളിൽ ചേർക്കണം? ടെൻഷൻ. ഒരു മാർക്കു കുറഞ്ഞു.
ടെൻഷൻ. അഡ്മിഷന് പണം വേണം. ടെൻഷൻ. ലോണെടുക്കും. തിരിച്ചടവു മുടങ്ങും. ടെൻഷൻ. ഓഫീസിൽ വർക്ക് ലോഡ് കൂടുതൽ. ടെൻഷൻ. ടെൻഷൻ കയറി ഡോക്ടറെ കാണാൻ ചെല്ലും. ബില്ലു വരുമ്പോൾ ഒടുക്കത്തെ ടെൻഷൻ. ശരിയാണ്. ഇതിനിടയിൽ എങ്ങനെ ചിരിക്കും? അതുകൊണ്ടുതന്നെ പലപ്പോഴും ചിരി വന്നില്ലെങ്കിലും ചിരിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
ചിരിച്ചുകൊടുക്കൽ
ഇപ്പോൾത്തന്നെ, നമ്മെക്കാൾ മുകളിലുള്ളവർ ഒരു തമാശ പറഞ്ഞാൽ അതിൽ വിറ്റ് ഇല്ലെങ്കിലും നമ്മൾ ചിരിച്ചുകൊടുക്കും. ജീവിച്ചുപോകാൻ അങ്ങനെ ഒരു ചിരിയുടെ ആവശ്യമുണ്ട്. ഞാൻ തന്നെ എത്രയോ സന്ദർഭങ്ങളിൽ ചിരിച്ചുകൊടുത്തിരിക്കുന്നു. ഒരു കഥയുണ്ടല്ലോ. ഒരു സർക്കാർ ഓഫീസിൽ ഡയറക്ടർ ഒരു വിറ്റു പറഞ്ഞാൽ ക്ലാർക്കന്മാർ ചിരിച്ചുകൊടുക്കും. ഒരിക്കൽ ആളൊരു കോമഡി പറഞ്ഞു. എല്ലാരും ചിരിച്ചു. ഒരു ക്ലാർക്കു മാത്രം ചിരിച്ചില്ല. മറ്റുള്ളവർ പോയിക്കഴിഞ്ഞപ്പൾ ഡയറക്ടർ ചിരിക്കാത്ത ക്ലാർക്കിനോട് ചൂടായി. ടേയ്, നീ ചിരിക്കാത്തതെന്ത്? അപ്പോൾ ക്ലാർക്ക് പറയുകയാണ്. സാറേ എനിക്കിവിടുന്ന്
ട്രാൻസ്ഫറായി. ഇനി പുതിയ ഓഫീസിൽ ചെന്ന് ചിരിച്ചാൽ മതി. അപ്പോൾ ചിലരെ സംബന്ധിച്ച് കാര്യങ്ങൾ അങ്ങനെയാണ്. ചിരിച്ചുകൊടുത്ത് അങ്ങ് കഴിഞ്ഞുപോകുന്നു.
ചിരിയുടെ അവസ്ഥയെന്താണ്?
നിങ്ങളെപ്പോലുള്ള ഹാസ്യസാഹിത്യകാരന്മാർക്ക് ഒരു വിചാരമുണ്ട്. ഹാസ്യസാഹിത്യം ഇല്ലെങ്കിൽ ചിരിയങ്ങ് മണ്ണിനടിയിൽ പോകുമെന്ന്. എന്റെ ബ്രോ ഹാസ്യസാഹിത്യത്തിനല്ല, ഇപ്പോൾ ഡിമാന്റ. കണ്ടന്റിനാണ്. കോമഡി കണ്ടന്റിന്. നല്ല കണ്ടന്റിട്ടുകൊടുത്താൽ മലയാളി തൂത്തുവാരിയിട്ട് ചിരിക്കും. നിങ്ങളെപ്പോലെ അമ്മാവൻ വൈബുകാർ സോഷ്യൽ മീഡിയ
കാണാത്തതുകൊണ്ടുള്ള കുഴപ്പമാ. മലയാളി സൂപ്പറായി ചിരിക്കുക തന്നെയാ. ചിരിപ്പിക്കുക തന്നെയാ. ഫാമിലിയായിട്ടാണ് ഓരോ കണ്ടന്റുകൾ ചെയ്ത് കലക്കുന്നത്.
എന്നാൽപ്പിന്നെ അതറിയണമല്ലോ. ഞാൻ സോഷ്യൽ മീഡിയയിൽ കയറി. എന്റെ സാറേ മറ്റേ സഹോദരൻ പറഞ്ഞത് നേരാ. ടെൻഷനും ഡിപ്രഷനുമൊക്കെ ഉണ്ടെങ്കിലും മലയാളി സോഷ്യൽ മീഡിയയിൽ അർമാദിക്കുകയാ. ഭാര്യയും ഭർത്താവും, അച്ഛനും മക്കളും, അമ്മൂമ്മയും
ചെറുമോനും നാത്തൂനും നാത്തൂനും... കണ്ടന്റിനുവേണ്ടി മത്സരവും കണ്ടന്റ്. കോപ്പിയടിക്കലും ഒക്കെയുണ്ട്. മറ്റേ ചങ്ങാതി പറഞ്ഞതുപോലെ കണ്ടന്റുകളുടെ അയ്യരുകളി. ഹാസ്യ സാഹിത്യകാരന് കിട്ടുന്നതിനെക്കാൾ വരുമാനവും. അവർ സഞ്ജയനെയും ഇ.വിയെയും വായിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, അവരിൽ പലരും മലയാളിയെ ചിരിപ്പിക്കുന്നുണ്ട്. അതു
കണ്ടപ്പോൾ ഞാൻ ചിന്തിച്ചു. ചിരിയങ്ങനെ നശിക്കുന്നുണ്ടോ? ഏയ് ഇല്ല.
ഹാസ്യസാഹിത്യം
സോഷ്യൽ മീഡിയ ചിരിയുടെ ആവേശത്തിൽ ഞാൻ മറ്റൊരു സുഹൃത്തിനോട് പറഞ്ഞു. മലയാളത്തിന്റെ ചിരി മരിക്കുന്നില്ല അല്ലേ. അയാൾ എന്നെ തല്ലിയില്ലെന്നേ ഉള്ളൂ. നിങ്ങൾക്കിതെങ്ങനെ പറയാൻ തോന്നുന്നു? കഴിഞ്ഞ എഴുപതു വർഷങ്ങൾ കേരളത്തിൽ ജീവിച്ചിരുന്ന നർമ്മസാഹിത്യകാരന്മാരെ മറന്നുകൊണ്ടാണോ താങ്കൾ ഇതു പറയുന്നത്.
കുഞ്ചനും ഇ.വിയും സഞ്ജയനും ചിരി വിതച്ച മലയാളഹാസ്യത്തെ ഭരിച്ചു
നയിച്ച എത്രയെത്ര ചിരിയുടെ ചക്രവർത്തിമാർ.. ചെമ്മനം ചാക്കോ, സുകുമാർ, വേളൂർ കൃഷ്ണൻകുട്ടി, ആനന്ദക്കുട്ടൻ, സുബ്ബയ്യാപിള്ള, തോമസ് പാല തുടങ്ങിയ അനേകം ഹാസ്യസാഹിത്യകാരന്മാർ, ബഷീർ, വി.കെ.എൻ, മലയാറ്റൂർ തുടങ്ങി ചിരിയുടെ മറുവശം കണ്ട മറ്റു പ്രതിഭകൾ.
അവരുടെയൊക്കെ ഉത്തമമായ യഥാർത്ഥ ചിരിയെവിടെ, കാശിനുവേണ്ടി കണ്ടന്റുണ്ടാക്കിയിട്ടുള്ള തട്ടിക്കൂട്ടു ചിരിയെവിടെ? 70ലും 80ലും 90ലും 2000ലും
ഒക്കെയുണ്ടായിരുന്ന ചിരി പോയി. അന്ന് മലയാളി ചിരിച്ചത് ഹൃദയത്തിൽ നിന്നുള്ള ചിരി. അതു പോയി. നിങ്ങൾ വെറുതേ സോഷ്യൽ മീഡിയ ചിരിയെ വെളുപ്പിക്കാൻ നോക്കണ്ട. അല്ല, എന്തായാലും ചിരിച്ചാൽ പോരേ. ഒരകലമിട്ടു നിന്ന് ഞാൻ പറഞ്ഞു. എങ്ങനേങ്കിലും ചിരിച്ചാൽ അതു ചിരിയാവില്ല സ്‌നേഹിതാ. സംസ്‌കാരവും ഭാഷയും നന്മയും ഒത്തുചേർന്നുള്ള ചിരിയേ ചിരിയാകൂ. ആ ചിരി മലയാളത്തിൽ നിന്ന് മാഞ്ഞുപോവുകയാണ്.
സുകുമാറിന്റെ ഒരു കഥയുണ്ട്. മകൻ ക്ലാസിൽ ഒരു പയ്യന്റെ പെൻസിലോ റബ്ബറോ എന്തോ മോഷ്ടിച്ചു. അച്ഛൻ അവനെ പിടിച്ചങ്ങ് അടിച്ചു. അവൻ ചെന്നിരുന്ന് കരയുന്നതു കണ്ടപ്പോൾ അച്ഛന് വിഷമം തോന്നി. അച്ഛൻ മകനെ വിളിച്ച് ആശ്വസിപ്പിച്ചു. മക്കളേ നീയിങ്ങനെ അടുത്തിരിക്കുന്നവന്റെ പെൻസിലും റബ്ബറുമൊക്കെ മോഷ്ടിച്ചതുകൊണ്ടല്ലേ അച്ഛൻ നിന്നെ അടിച്ചത്. നിനക്ക് പെൻസിലോ റബ്ബറോ വേണമെങ്കിൽ അച്ഛനോട് പറഞ്ഞാൽ പോരേ. അച്ഛൻ ഓഫീസിൽനിന്ന് എടുത്തോണ്ടു വരുമല്ലോ. നല്ല സൂപ്പർ ആക്ഷേപഹാസ്യം അല്ലേ സാർ.
കഴിക്കൽ
മലയാളിയുടെ ചിരിയെക്കുറിച്ച് വേറൊരു ചങ്ങാതിയുടെ അഭിപ്രായം. കഴിക്കുന്നതിന്റെ തിരക്കിൽ മലയാളി ചിരിക്കാൻ മറക്കുന്നതാണ്. അതു സത്യമാണെന്ന് എനിക്ക് തോന്നി. എന്തൊരു തീറ്റയാണ് സാറെ ഇപ്പോൾ മലയാളിയുടെ തീറ്റ. ചോറും കറിയും കഴിച്ചിരുന്ന മലയാളി അതൊഴികെ ബാക്കി എല്ലാം കഴിക്കും. മലയാളി സിനിമാ തിയേറ്ററിൽ
വരുന്നതു കണ്ടിട്ടുണ്ടോ? പോപ്പ്‌കോൺ, ലെയ്‌സ്, ഐസ്‌ക്രീം, കോള, കേക്ക്, ചോക്‌ലേറ്റ് അങ്ങനെ ഓരോ കൈയിലും ഓരോ ബേക്കറിയാണ്.
ഉറക്കമെണീക്കുന്നതു മുതൽ ഉറങ്ങുന്നതുവരെ വായയ്ക്ക് റെസ്റ്റില്ല. നൂഡിൽസ്, മീറ്റ് റോൾ, ബർഗർ, പിസ അങ്ങനെ മൈദയുടെയും ചിക്കന്റെയും എണ്ണയുടെയും ഒക്കെ ലോകത്ത് അവനങ്ങ് ആറാടുകയാണ്. മുപ്പതിൽ വയറു ചാടിത്തുടങ്ങും. മുപ്പത്തിയൊന്നിൽ ഷുഗർ, മുപ്പത്തിരണ്ടിൽ പ്രഷർ, മുപ്പത്തിമൂന്നിൽ കൊളസ്‌ട്രോൾ, മുപ്പത്തിനാലിൽ മുടി കൊഴിയുന്നു.
മുപ്പത്തിയഞ്ചിൽ... ഇതിനിടയ്ക്ക് ചിരി മറന്നാൽ കുറ്റം പറയാൻ പറ്റുമോ? മലയാളിയുടെ പോക്കറ്റ് പരിശോധിക്കണം. മിനിമം രണ്ടസുഖത്തിന്റെയെങ്കിലും ഗുളിക കാണാം.
ചിരി മറന്നോ?
മലയാളി ചിരി മറന്നോ, മറന്നില്ലേ? എന്താണ് ആശാൻ പറഞ്ഞുകൊണ്ടുവരുന്നത്. ഉത്തരം ഇതാണ് സാർ. ചിരി മലയാളിയെ വിട്ടുപോയിട്ടില്ല. അവന്റെ ഉള്ളിൽ അതുണ്ട്. പക്ഷേ അവന്റെ ചിരിയുടെ മേൽ കുറേ പ്രശ്‌നങ്ങളും സ്വഭാവത്തിലെ വഴിതിരിഞ്ഞ പോക്കും വന്നു വീണിട്ടുണ്ട്. അതൊന്നു മാറ്റിയെടുത്താൽ ആ പഴയ ചിരി ഇരട്ടി ശക്തിയോടെ പൊടിയും തട്ടി
ഉയർത്തെണീക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |