SignIn
Kerala Kaumudi Online
Thursday, 29 October 2026 3.26 AM IST

ആശ്രയമാകാതെ കോഴിക്കോട് മെഡിക്കൽ കോളേജ്

kozhikode-medical-college

മലബാറിലെ രോഗികളുടെ പ്രധാന ആശ്രയമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. എന്നാലിവിടെ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നു. ചികിത്സാപ്പിഴവ് ആരോപിച്ചുള്ള പ്രശ്നങ്ങളും നിരവധി.

അടുത്തിടെ ഗർഭാശയ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അതിനിടെ ലാബുകളിൽ നിന്നുള്ള പരിശോധനാഫലം വെെകുന്നതും വിനയാവുകയാണ്. അൾട്രാ സൗണ്ട് സ്കാനിംഗ് ഫലമുൾപ്പെടെ വെെകുന്നുവെന്നാണ് ആക്ഷേപം.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാൻ താമസിക്കുന്നത് കേസന്വേഷണങ്ങളെയും ബാധിക്കുന്നുണ്ട്. യന്ത്രങ്ങളിൽ പലതും കേടായി. എൻ.എം.സി.എച്ച് ബ്ലോക്കിലും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുമെത്തുന്ന രോഗികൾക്ക് ഡോക്ടർമാർ അൾട്രാസൗണ്ട് സ്‌കാനിംഗ് നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഒരുമാസവും അതിലധികവും കഴിഞ്ഞാലേ പരിശോധനാ ഫലം ലഭിക്കുന്നുള്ളുവെന്ന് രോഗികൾ പറയുന്നു. ഇതേത്തുടർന്ന് മതിയായ ചികിത്സ വേണ്ട സമയത്ത് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.

അൾട്രാ സൗണ്ട് സ്‌കാനിംഗ് ഫലം മൂന്നോ നാലോ മണിക്കൂർ കൊണ്ടാണ് സാധാരണ ലഭിക്കേണ്ടത്. മെഡിക്കൽ കോളേജിൽ നിന്ന് മതിയായ സേവനം ലഭിക്കാതാവുമ്പോൾ പരിശോധനയ്‌ക്കായി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരും. സ്വകാര്യ ലാബുകളിൽ കൂടുതൽ തുക നൽകണം. മെഡിക്കൽ കോളേജിൽ 250 രൂപയുള്ള പരിശോധനയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ 1000 രൂപ വരെ ഈടാക്കും. ഇത് സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്.

മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി മുപ്പതിലധികം ഡോക്ടർമാരുടെ ഒഴിവുണ്ടെന്നാണ് വിവരം. അൾട്രാസൗണ്ട് സ്‌കാനിംഗ് വിഭാഗത്തിൽ മൊത്തം 12 ഡോക്ടർമാർ ആവശ്യമുണ്ട്. എന്നാൽ ആറ് ഡോക്ടമാരേ ഉള്ളുവത്രെ. ഇതിൽ രണ്ടുപേർ കുറച്ചു കാലത്തേക്ക് അവധിയിലുമാണ്.

 തലാസീമിയ രോഗികളും ദുരിതത്തിൽ

തലാസീമിയ രോഗികൾക്കുണ്ടാകുന്ന ഗുരുതര പാർശ്വഫലം ഒഴിവാക്കാൻ ഉപയോഗിക്കുന്ന ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റ് മെഡിക്കൽ കോളേജിലില്ല. ഇതേത്തുടർന്ന് രോഗികളും ബന്ധുക്കളും ആശങ്കയിലാണ്. ഫിൽട്ടർ സെറ്റും ജീവൻ രക്ഷാ മരുന്നും മുടങ്ങുന്ന സ്ഥിതി നേരത്തേയുമുണ്ടായിരുന്നു. രോഗികൾ പ്രതിഷേധിച്ചതോടെ ആശുപത്രികൾ ലോക്കൽ പർച്ചേസ് നടത്തിയാണ് ഇവ വിതരണം ചെയ്തിരുന്നത്. എന്നാൽ അതും മുടങ്ങി.

അടിക്കടി രക്തം സ്വീകരിക്കുമ്പോഴുണ്ടാവുന്ന അതീവ ഗുരുതരമായ പാർശ്വഫലം ഒഴിവാക്കാനാണ് തലാസീമിയ രോഗികൾ ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റ് ഉപയോഗിക്കുന്നത്. ഇതിന്റെ വിതരണം മുടങ്ങിയിട്ട് രണ്ട് വർഷമായി. പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തിരുന്നു. എന്നിട്ടും യാതൊരു നടപടിയുമില്ലാതെ രോഗികളുടെ ദുരിതം നീളുകയാണ്. ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റില്ലാതെ കോഴിക്കോട് മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, വയനാട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ രോഗികൾ ഭീമമായ തുക നൽകി ഏറണാകുളത്തെ സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് വാങ്ങാൻ ശേഷിയില്ലാത്തവർ ഗുരുതരമായ പാർശ്വഫലത്തിന് ഇരയാവുന്നു. പാർശ്വഫലം ഗുരുതരമായാൽ മരണം വരെ സംഭവിക്കാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരുന്നും ഫിൽട്ടർ സെറ്റും മുടങ്ങിയിട്ട് ഇപ്പോൾ രണ്ട് വർഷം പിന്നിട്ടെന്നാണ് വിവരം. കാസർകോട്, തിരുവനന്തപുരം ജില്ലകളിലെ ചില രോഗികൾ മംഗലാപുരം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങിലാണ് ചികിത്സ തേടിപ്പോകുന്നത്.
ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റും ജീവൻ രക്ഷാമരുന്നുകളും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന് കേരള ബ്ലഡ് പേഷ്യന്റ്സ്‌ പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായെന്ന് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരീം കാരശ്ശേരി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION