
കേരള യൂണിവേഴ്സിറ്റിയും കേരള പബ്ളിക് സർവീസ് കമ്മിഷനും ഒരുകാലത്ത് മറ്റു സംസ്ഥാനങ്ങൾക്ക് പോലും മാതൃകയായിരുന്നു. കേരള സർവകലാശാലയിൽ നിന്നുള്ള ബിരുദങ്ങൾ എവിടെയും മാനിക്കപ്പെട്ടിരുന്നു. കേരള പി.എസ്.സിയുടെ പ്രവർത്തനം മിക്കവാറും നീതിപൂർവകവും നിഷ്‌പക്ഷവുമായിരുന്നുതാനും. എന്നാൽ രാഷ്ട്രീയ നീരാളികൾ സ്വതന്ത്രമായും സമഭാവനയോടെയും പ്രവർത്തിക്കേണ്ട ഇത്തരം സ്ഥാപനങ്ങളിൽ നീന്തിക്കയറിയതോടെ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും പ്രതീക്ഷകളും വിശ്വാസവും നഷ്ടപ്പെടാൻ തുടങ്ങി. കേരള യൂണിവേഴ്സിറ്റി നിയമന ക്രമക്കേടുകളിൽ കുടുങ്ങിക്കിടക്കുന്നു. പി.എസ്.സിയാകട്ടെ ഹൈക്കോടതിയുടെയും ഗവർണറുടെയും പരാമർശങ്ങളിൽപ്പെട്ട് തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലുമാണ്. പി.എസ്.സി ഭരണസമിതി പിരിച്ചുവിടണമെന്നാണ് പദവിയൊഴിയുന്നതിന് മുമ്പ് മുൻ ഗവർണർ ആർ.വി.ആർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ശുപാർശ ചെയ്തത്. കേരള ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിത്.
രാഷ്ട്രീയ പാദസേവയിലൂടെയും മേലാളപ്രീതിയിലൂടെയുമാണ് പലപ്പോഴും സ്ഥാനമോഹികൾ ഉന്നത സ്ഥാനങ്ങളിലെത്തുന്നത്. അക്കൂട്ടർക്ക് ഇത്തരം നടപടികളിൽ ലജ്ജ തോന്നാനിടയില്ല. രാഷ്ട്രീയക്കണ്ണടവച്ച് നോക്കുന്നവർക്കും ഇതെല്ലാം നിസാരമായി തോന്നാം. അവർ ഉപ്പുതിന്നുന്നവരെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യും. പക്ഷേ നിഷ്പക്ഷമായ കണ്ണിലൂടെ എല്ലാം കാണുന്ന വലിയൊരു വിഭാഗമുണ്ടെന്ന് അവർ മറന്നുപോകരുത്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് അന്വേഷണത്തിൽ സർക്കാരും പി.എസ്.സിയും ഭായ് ഭായ് കളിക്കാൻ നോക്കരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഓർമ്മപ്പെടുത്തിയിരുന്നു. പ്രധാന പ്രതികളെ ചോദ്യം ചെയ്തിട്ടില്ല. നിർണായക രേഖകൾ പിടിച്ചെടുത്തിട്ടില്ല. പിന്നെന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ ചോദിക്കുകയുണ്ടായി. മുൻ ഗവർണറുടെ ശുപാർശ രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറുമെന്നാണ് സൂചന.
ഹരിയാനയിൽ പി.എസ്.സി ചെയർമാനും അംഗങ്ങൾക്കുമെതിരെ അഴിമതി ആരോപണമുണ്ടായപ്പോൾ ഗവർണറുടെ ശുപാർശയിൽ സുപ്രീംകോടതിയുടെ അന്വേഷണത്തെ തുടർന്ന് രാഷ്ട്രപതി കമ്മിഷനെ പുറത്താക്കുകയുണ്ടായി. പഞ്ചാബ് പി.എസ്.സി ചെയർമാനായിരുന്ന രവീന്ദർപാൽസിംഗ് സിദ്ധു കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിലായിരുന്നു. ഗവർണർ സസ്പെൻഡ് ചെയ്യുകയും രാഷ്ട്രപതി ഉത്തരവിടുകയും ചെയ്തു. പിന്നീട് ചെയർമാനെ പുറത്താക്കി. ഗവർണറുടെ ശുപാർശ സുപ്രീംകോടതിക്ക് മുന്നിലെത്തിയാൽ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജു രാജിവച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും അത് അദ്ദേഹത്തിന്റെ ധാർമ്മിക ബോധത്തെ ആശ്രയിച്ചിരിക്കും. പി.എസ്.സി നിയമനങ്ങൾ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് ഒരു ഭാഗ്യപരീക്ഷണമായിട്ടുണ്ട്. കഠിനാദ്ധ്വാനത്തിലൂടെ പഠിച്ച് പരീക്ഷയെഴുതിയാലും നിയമന ലിസ്റ്റിൽ കടന്നുകൂടണമെന്നില്ല. അഥവാ ലിസ്റ്റിൽ വന്നാലും കാലാവധി കഴിയും മുമ്പ് എത്രപേരെ നിയമിക്കുമെന്നതിന് ഒരു നിശ്ചയവുമില്ല.
അതേസമയം ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ പി.എസ്.സി അധികൃതർക്ക് ഒരു മടിയുമില്ലെന്നാണ് ഇതുവരെയുള്ള ചെയ്തികൾ തെളിയിക്കുന്നത്. പി.എസ്.സിയിൽ ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണുള്ളത്. ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും 2025 ഫെബ്രുവരിയിൽ പിണറായി സർക്കാർ വലിയ തോതിൽ വർദ്ധിപ്പിച്ചിരുന്നു. ചെയർമാന് നാലര ലക്ഷം രൂപയാണ്. അംഗങ്ങളുടേത് നാലുലക്ഷവും. ചെയർമാന്റെ പെൻഷൻ രണ്ടരലക്ഷമായും അംഗങ്ങളുടേത് രണ്ടേകാൽ ലക്ഷമായും ഉയർത്തി. ഇതൊക്കെ കൈപ്പറ്റുന്നവർ നിയമനം കാത്തുനിൽക്കുന്ന ലക്ഷക്കണക്കിന് യുവാക്കളോട് കുറച്ചെങ്കിലും നീതികാട്ടണമായിരുന്നു. കോടതി ഇടപെടലിന് പിന്നാലെ ആസൂത്രണ ബോർഡ് ചീഫ് നിയമനത്തിനുള്ള റാങ്ക്‌ലിസ്റ്റിൽ മാറ്റം വരുത്തേണ്ടിവന്നു. വിവാദങ്ങളിലും വിമർശനങ്ങളിലും നിന്ന് ഒന്നും പഠിക്കില്ലെന്ന മനോഭാവമാണ് പി.എസ്.സി അധികൃതർ പുലർത്തുന്നതെന്ന് തോന്നുന്നു. ബമ്പർ ലോട്ടറിയടിക്കും പോലെയാണ് പി.എസ്.സിയുടെ പദവികളിലെത്തുന്നത്. അവിടെയിരുന്ന് വഴിവിട്ട നടപടികൾ സ്വീകരിക്കുന്നത് പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ പട്ടിണിക്കഞ്ഞിയിൽ ഉപ്പുവാരിയിടും പോലെയാണ്. അങ്ങനെയുള്ളവർ ഒരു കാരുണ്യവും അർഹിക്കുന്നില്ല. ഉപ്പുതിന്നുന്നവർ വെള്ളം കുടിക്കണമെന്നത് എല്ലാ കാലത്തെയും പ്രകൃതി നിയമമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |