
കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ കൃത്യമായ ഒരു സംവിധാനം ഏർപ്പെടുത്തുകയും നിലപാട് എടുക്കുകയും ചെയ്തിരുന്നെങ്കിൽ മണ്ണിന്റെയും കാടിന്റെയും ഉടമകളായ ആദിവാസികൾ ജാഥ തൊഴിലാളികളും വോട്ടു കുത്തികളുമായി മാറില്ലായിരുന്നു; അവർക്ക് ഈ ഗതി വരില്ലായിരുന്നു. കേരളം എഴുപതാം വയസിലേക്ക് കടക്കുമ്പോഴും ആദിവാസികൾ ഇന്നും നരക ജീവിതം നയിക്കുന്നു. അവർ ഇന്ന് വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. റേഷനരി കിട്ടുന്നത് കൊണ്ട് പലരും പട്ടിണികിടന്ന് മരിക്കുന്നില്ലെന്ന് മാത്രം. സൗജന്യ റേഷൻ നിറുത്തിയാൽ കൂട്ടപ്പട്ടിണി മരണമായിരിക്കും ഇവിടെ ഉണ്ടാവുക.
എഴുപത് വർഷങ്ങൾക്ക് മുമ്പ് ആദിവാസികൾക്ക് ഭൂമി സ്വന്തമായുണ്ടായിരുന്നു, ഗ്രാമങ്ങളും. അതൊക്കെ പൂർണമായും നഷ്ടപ്പെട്ടു. ഭൂരിഭാഗവും ഇന്ന് ഭൂരഹിതർ. സമരങ്ങൾ നടത്തിയപ്പോൾ ചില ഭാഗങ്ങളിൽ കുറച്ച് ഭൂമി ലഭിച്ചു എന്നു മാത്രം. ഭൂരാഹിത്യ പ്രശ്നം ഇതേവരെ പരിഹരിച്ചിട്ടില്ല. ജനിച്ച മണ്ണിൽ മരിക്കുന്നതുവരെ അവകാശമില്ലാത്ത അവസ്ഥ. മരിച്ച് കഴിഞ്ഞാൽ അടക്കം ചെയ്യാൻ ഭൂമി പോലും ഇല്ലാത്ത സ്ഥിതി. എഴുപത് വർഷങ്ങൾക്ക് മുമ്പ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
ചെറിയൊരു മാറ്റം ഉണ്ടായത് കുറച്ചുപേർ വിദ്യ അഭ്യസിക്കാൻ പഠിച്ചു എന്നത് മാത്രം. സ്കൂളിൽ പോകാൻ കഴിയുന്നുണ്ട്. എന്നാൽ ഉന്നത വിദ്യാഭ്യാസം നേടാൻ പലർക്കും കഴിയുന്നില്ല. സാമ്പത്തിക ചുറ്റുപാടുകൾ അവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പാതിവഴിയിൽ വിദ്യാഭ്യാസം നിന്നു പോകുന്നു. വൻ കൊഴിഞ്ഞു പോക്ക് ഈ മേഖലയിൽ ഉണ്ടാകുന്നുണ്ട്. പൂർണ വിദ്യാഭ്യാസത്തിന് ആഗ്രഹമുണ്ട്. വിരലിലെണ്ണാവുന്നർക്ക് മാത്രമേ അതിന് കഴിയുന്നുള്ളൂ. വിദ്യാഭ്യാസം നേടിയാൽ തന്നെ അവർക്ക് ജോലി ഇല്ലെന്ന അവസ്ഥയുണ്ട്. ഇഞ്ചിപ്പാടങ്ങളിലേക്കും മറ്റും അവർ ജോലിക്കായി പറിച്ച് നടപ്പെടുന്നു.
മദ്യപാനത്തിന്റെ പേരിൽ ആദിവാസികൾ പലരും മരിക്കുന്നു. ഭൂരിപക്ഷം കോളനികളിലും പുരുഷന്മാർ ഇല്ലാത്ത അവസ്ഥയാണ്. സ്ത്രീകളാണ് പിന്നെയും കുറച്ച് അവശേഷിക്കുന്നത്. മോശവും പരിതാപകരവുമായ അവസ്ഥയാണ് ഇന്നുള്ളത്. ഓരോ വർഷം കഴിയുന്തോറും അവകാശങ്ങൾ നിഷേധിക്കുന്നതിന്റെ തോത് കൂടുന്നു. ഉന്നത വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പോലും വെട്ടിച്ചുരുക്കുന്നു. ഇത്തരത്തിൽ 210 കോടിയോളം രൂപ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഈ ഗ്രാന്റ് കൊണ്ടാണ് പല വിദ്യാർത്ഥികളും പഠനം നടത്തുന്നത്. ഇത് മുടങ്ങിയതോടെ ഞണ്ടിൻമാളങ്ങളിലും ജന്മിമാരുടെ പാടങ്ങളിൽ കന്നുകാലി മേച്ചും നടക്കേണ്ടി വരുന്നു. വിദ്യാഭ്യാസവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ല.
ജനസംഖ്യയിൽ തന്നെ വളരെ കുറവാണ് ഓരോ വർഷവും ആദിവാസി വിഭാഗങ്ങളിൽ ഉണ്ടായിക്കാെണ്ടിരിക്കുന്നത്. 1994ലെ ജനസംഖ്യ ഇപ്പോൾ ഇല്ല. അട്ടപ്പാടിയിൽ അറുപത് ശതമാനം ഉണ്ടായിരുന്നത് ഇപ്പോൾ മുപ്പത് ശതമാനമായി കുറഞ്ഞു. എഴുതാനും വായിക്കാനും അറിയാം എന്നതിൽ കവിഞ്ഞ് കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ദയനീയവും വളരെ മോശവുമായ അവസ്ഥയാണിത്. അടുക്കളയും അടുപ്പ് തണയും വരെ പൊളിച്ചാണ് മരിച്ചവരെ അടക്കം ചെയ്യുന്നത്. ഇത് വേദനിപ്പിക്കുന്ന കാഴ്ചയാണ്. കേരളം മാറിയോ എന്ന് ഇത് സൂചിപ്പിക്കുന്നുണ്ട്. വംശനാശത്തിന്റെ വക്കിലാണ് ആദിവാസികൾ. അവരുടെ ജനസംഖ്യ കുറഞ്ഞ് കൊണ്ടിരിക്കുന്നു. കാര്യമായ പരിഗണനയും മാറ്റവും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
അതിക്രമങ്ങൾ
വർദ്ധിക്കുന്നു
ആദിവാസികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. പല കേസുകളും രജിസ്റ്റർ ചെയ്യുന്നില്ല. വീട് നിർമ്മാണത്തിൽവരെ അഴിമതിയുടെ കൂമ്പാരമാണ്. ആദിവാസികൾക്ക് വേണ്ടി മാറി മാറി വരുന്ന സർക്കാരുകൾ കോടികൾ വകയിരുത്തുന്നുണ്ടെങ്കിലും ഭൂരിഭാഗവും അവരിലേക്ക് എത്തുന്നില്ല. ഓരോ ദിവസവും അവരുടെ ദുരിത ജീവിതം വർദ്ധിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളും ആദിവാസികൾക്ക് നേരിടേണ്ടി വരുന്നു. ഒരു മനുഷ്യന് ലഭിക്കേണ്ടതായ പ്രാഥമിക ആവശ്യങ്ങൾ പോലും ആദിവാസികൾക്ക് ലഭിക്കുന്നില്ല.
മനുഷ്യാവകാശ ലംഘനത്തിനെതിരെയാണ് ഭൂ സമരം നടത്തേണ്ടി വന്നത്. അതിന്റെ പേരിൽ കുറച്ചു പേർക്ക് ഭൂമി ലഭിച്ചു. എന്നാൽ, ഭൂമി നൽകിയതിൽ തന്നെ ചേരിതിരിവ് ഉണ്ടായി. എല്ലാവർക്കും പട്ടയം കൊടുക്കുമ്പോൾ ആദിവാസികൾക്ക് നൽകുന്നത് കൈവശ രേഖയാണ്. ഇന്ത്യൻ പൗരനായി ആദിവാസികളെ പരിഗണിക്കുന്നില്ല. ഇവിടെ വേണ്ടത് സമത്വമാണ്. കരം അടയ്ക്കാൻ പോലും ആദിവാസികൾക്ക് കഴിയുന്നില്ല. ഒരു ലോൺ വേണമെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ ചോദിക്കുന്നത് കരം അടച്ച രസീതാണ്. ഭൂമിയുടെ കൈവശ രേഖ മാത്രമായതുകൊണ്ട് ആദിവാസികൾക്ക് അത് നൽകാൻ കഴിയുന്നില്ല.
ഈ മണ്ണിൽ ജനിച്ചു
വളർന്നവർ
ലഭിച്ച വിദ്യാഭ്യാസം വച്ച് എന്തെങ്കിലും ജീവിത മാർഗം കണ്ടെത്താൻ ശ്രമിക്കുന്നവർക്കും നിരാശയാണ് ഫലം. ആദിവാസികൾ ഇവിടെ ഈ മണ്ണിൽ ജനിച്ച് വളർന്നവരാണ്. അവർ എവിടെ നിന്നും കുടിയേറി വന്നവരല്ല. മണ്ണിന്റെയും കാടിന്റെയും അവകാശികളാണവർ. കാട്ടിൽ കയറി വനവിഭവങ്ങൾ എടുത്ത് ജീവിക്കാൻ പോലും വയ്യെന്നായിരിക്കുന്നു. നാട്ടിലാണെങ്കിൽ അർഹതപ്പെട്ട അംഗീകാരവുമില്ല. അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുമ്പോൾ അവരെ ജയിലിൽ അടക്കുന്നു. മർദ്ദിച്ച് അവശനാക്കുന്നു. വെടിവച്ച് കൊല്ലുന്നു. മുത്തങ്ങ നൽകിയ പാഠം ഇതാണ്. അതിന്റെ പേരിൽ 23 വർഷമായി കേസുമായി ഇപ്പോഴും ആദിവാസികൾ കോടതികൾ കയറിയിറങ്ങുന്നു. രാഷ്ട്രീയ പാർട്ടിക്കാരുടെ കേസുകൾ അവർ അധികാരത്തിൽ വരുമ്പോൾ എഴുതിത്തള്ളുന്നു. എന്നാൽ, ആദിവാസികൾക്ക് ആ ആനുകൂല്യം പോലും ലഭിക്കുന്നില്ല. മരിച്ചാൽ മാത്രമാണ് അവരുടെ കേസുകൾ തീരുന്നത്.
ആദിവാസികളുടെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ പോഷകാഹാരക്കുറവ് വലിയ പ്രശ്നമാണ്. ആദിവാസികൾക്ക് തൊഴിലില്ല. ആശ്രിതരും അഭയാർത്ഥികളും അടിമകളുമായി അവർ ജീവിതം തള്ളി നീക്കുകയാണ്. നോർത്ത് ഇന്ത്യയിലൊക്കെ ആദിവാസികൾക്ക് ഭൂമിയുണ്ട്. അവർക്ക് കൃഷി ചെയ്ത് ജീവിക്കാനുള്ള മാർഗമുണ്ട്. കേരളത്തിൽ എന്താണ് ഉള്ളത്. കേരളത്തിലെ ആദിവാസികൾ മുഴുവൻ ഭൂരഹിതരാണ്. അവർക്കു വേണ്ടത് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |