SignIn
Kerala Kaumudi Online
Thursday, 29 October 2026 3.36 AM IST

ആരാണ് കിഫ്ബിയെ ചതിച്ച ചതിയൻ ചന്തു!

kiifb

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്നൊരു ചൊല്ലുണ്ട്. ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്തതാണെങ്കിലും പഴമക്കാർ പരക്കെ പറയാറുള്ളതാണ് ഇത്. മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ കിഫ്ബിയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോൾ ചിലരെങ്കിലും അടക്കം പറഞ്ഞത് ഈ ചൊല്ലാണ്. കാരണം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയുടെ കടമെടുപ്പിനെതിരെ അദ്ദേഹം നോട്ടെഴുതിയെന്നത് പരക്കെ പ്രചരിച്ചതുമാണല്ലോ. മുഖ്യമന്ത്രി വി.ഡി.സതീശൻ ഇതേ കാര്യം ഭംഗ്യന്തരേണ സൂചിപ്പിക്കുകയും ചെയ്തു.

എന്തായാലും ബാലഗോപാൽ തന്റെ ദൗത്യം നിറവേറ്റി. കിഫ്ബിയെക്കുറിച്ച് പറയുമ്പോൾ ചതുർത്ഥി കണ്ടപോലെയാണ് ഭരണപക്ഷത്തിന് എന്നാണ് ബാലഗോപാൽ കുറ്റപ്പെടുത്തിയത്. ആരാണ് കിഫ്ബിയെ തകർത്ത ചതിയൻ ചന്തു എന്ന അദ്ദേഹത്തിന്റെ ചോദ്യം ഉത്തരമില്ലാതെ സഭയിൽ മുഴങ്ങി നിന്നു. യു.ഡി.എഫിന് വോട്ടുചെയ്ത ജനങ്ങൾ ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിലാണെന്നാണ് ബാലഗോപാലിന്റെ സങ്കടം.

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ സന്ദേഹവും കിഫ്ബിയെക്കുറിച്ചായിരുന്നു. മുഖ്യമന്ത്രിക്ക് കിഫ്ബിയെന്നു കേട്ടാൽ വിപ്രതിപത്തിയെന്നാണ് പിണറായിയുടെ കണ്ടുപിടിത്തം. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന് ഏറ്റവുമധികം മൂലധനം കൊണ്ടുവന്ന കിഫ്ബിയെക്കുറിച്ച് മുഖ്യമന്ത്രിയും കൂട്ടരും അപവാദപ്രചാരണം നടത്തുന്നതിന്റെ വേദന അദ്ദേഹം മറച്ചുവച്ചില്ല. തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളുടെ ഭാവി വികസനത്തിന് സ്ഥലം കിട്ടുക പ്രയാസമായതിനാലാണ് കണ്ണൂർ വിമാനത്താവളത്തോട് ചേർന്ന് കിഫ്ബി പണം ഉപയോഗിച്ച് സ്ഥലം വാങ്ങിയതെന്ന സത്യവും അദ്ദേഹം വെളിപ്പെടുത്തി.

പക്ഷേ, ഇതിനെല്ലാം എണ്ണിയെണ്ണിയുള്ള മറുപടിയുമായാണ് മുഖ്യമന്ത്രി തുടങ്ങിയത്. ചീഫ് സെക്രട്ടറിയെക്കാൾ വലിയ ശമ്പളവും കൊടുത്താണ് കിഫ്ബിയുടെ തലപ്പത്ത് ഉദ്യോഗസ്ഥനെ പ്രതിഷ്ഠിച്ചതെന്ന് തിരിച്ചടിച്ച മുഖ്യമന്ത്രി, കിഫ്ബി സർക്കാരിനെ പുച്ഛിച്ച് സാമ്രാജ്യം പോലെ പ്രവർത്തിക്കുകയായിരുന്നെന്നും പറഞ്ഞു. കിഫ്ബിക്ക് വേണ്ടി വാങ്ങിയ കടം തിരിച്ചടയ്ക്കാൻ വേറെ കടമെടുക്കേണ്ട അവസ്ഥയാണെന്ന പരിഹാസം പ്രതിപക്ഷത്തെ അല്പമൊന്നു വിഷമിപ്പിച്ചു. കൊച്ചി എയർപോർട്ടും കലൂർ സ്റ്റേഡിയവും കണ്ണൂർ എയർപോർട്ടും ടെക്നോപാർക്കും ഇൻഫോ പാർക്കുമൊക്കെ കിഫ്ബിയില്ലാതെ നടപ്പാക്കിയ കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോൾ ബാലഗോപാലിനും പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ലാതായി.

നിയമസഭയിൽ എത്ര ചൂടേറിയ അന്തരീക്ഷമായാലും അതിനെ നർമ്മത്തിൽ ചാലിക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് പ്രത്യേക വൈഭവമുണ്ട്. ഉരുളയ്ക്ക് ഉപ്പേരിപോലെയാവും അദ്ദേഹത്തിന്റെ ചില മറുപടികൾ. ഇന്നലെ സബ്മിഷൻ വേളയിൽ ആറ്റിങ്ങൽ മാമം മുതൽ കല്ലമ്പലം വരെയുള്ള ദേശീയപാത നവീകരണത്തിലെ അപാകതകൾ ഉന്നയിച്ചത് ആറ്റിങ്ങൽ അംഗം ഒ.എസ്.അംബികയാണ്. അംബിക സംസാരിച്ചു തുടങ്ങിയതിനൊപ്പം ബി.ജി.എം പോലെ ചുരുക്കണം, ചുരുക്കണം എന്ന തിരുവഞ്ചൂരിന്റെ ശബ്ദവും.

പറഞ്ഞു തുടങ്ങിയതല്ലേയുള്ളു സർ എന്നായി അംബിക. അതുകൊണ്ടല്ലേ ചുരുക്കണം എന്നു പറഞ്ഞതെന്ന് തിരുവഞ്ചൂരും. പറയുമ്പോഴല്ലേ ചുരുക്കുമോ ഇല്ലയോ എന്നറിയാൻ പറ്റൂ എന്ന് അംബികയുടെ തിരിച്ചടി. ഉടൻ വന്നു തിരുവഞ്ചൂരിന്റെ മറു കമന്റ്, 'കേൾക്കുമ്പോഴല്ലേ ചുരുക്കണമെന്ന് തോന്നുന്നത്'. അതോടെ അംബികയും അറിയാതെ ചിരിച്ചുപോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIIFB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION