
'അശ്വത്ഥാമാ ഹത കുഞ്ചര'. പ്രസിദ്ധമാണ് മഹാഭാരതത്തിലെ ഈ വാചകം. കുരുക്ഷേത്ര ഭൂമിയിൽ, പാണ്ഡവ-കൗരവ യുദ്ധം കൊടുമ്പിരിക്കൊള്ളവേയാണ് 'അശ്വത്ഥാമാവ് എന്ന ആന കൊല്ലപ്പെട്ടു' എന്ന് യുധിഷ്ഠിരൻ വിളിച്ചു പറഞ്ഞത്. ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം ആയിരുന്നു അത്. പൊന്നോമന പുത്രൻ അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രോണാചാര്യരെ നിർവീര്യനാക്കാൻ വേണ്ടി. അതു തന്നെ സംഭവിച്ചു. യുധിഷ്ഠിരന്റെ പ്രഖ്യാപനത്തിലെ 'കുഞ്ചര' എന്ന അവസാന പദം കേൾക്കാനാവാത്ത വിധം പാർത്ഥസാരഥി 'പാഞ്ചജന്യം' ഉറക്കെ മുഴക്കി. അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്നതു മാത്രം കേട്ട ദ്രോണർ കുഴഞ്ഞു വീണു. അപകടകരമായ ആ അർദ്ധസത്യം യുദ്ധത്തിന്റെ ഗതിയാകെ മാറ്റി. ഇത് നടന്നത് ദ്വാപര യുഗത്തിൽ.
അസത്യങ്ങളും അർദ്ധസത്യങ്ങളും നമ്മുടെ നാട്ടിൽ അടുത്തിടെയായി അരങ്ങ് തകർക്കുന്നു. അവ മാദ്ധ്യമങ്ങൾ ഏറ്റെടുത്ത്, അമിത വാർത്താ പ്രാധാന്യം നൽകി ആഘോഷിക്കുമ്പോൾ, ആശയക്കുഴപ്പത്തിൽ ആവുന്നത് ജനം. ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി വളഞ്ഞാക്രമിക്കാൻ അത്തരം വാർത്ത പ്രേരണയാവുന്നു. 'സത്യം ചെരിപ്പിടും മുമ്പേ നുണ ലോകയാത്ര പൂർത്തിയാക്കിയിരിക്കും' എന്നാണല്ലോ ബൈബിൾ വചനം. അതെ, അങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. വസ്തുത വെളിച്ചത്ത് വരും മുമ്പേ ദ്രോണർ വീണു പോകുന്നു. യുദ്ധത്തിന്റെ ഗതിയും മാറിപ്പോവുന്നു.
എഴുതി വരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ലോക്ഭവനെ ചുറ്റിപ്പറ്റി ഒരു വിഭാഗം മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച അസത്യങ്ങളെയോ അർദ്ധസത്യങ്ങളെയോ കുറിച്ചാണ്. അടുത്ത കാലത്താണ് ലോക്ഭവൻ വറ്റാത്ത ഒരു വാർത്താ ഉറവയായി മാറിയത്. മാറ്റിയെടുത്തത് എന്നതാവും കൂടുതൽ ശരി. മുമ്പൊക്കെ ആദരണീയനായ ഗവർണറുടെ വസതി മാദ്ധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നത്, അവിടെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമ്പോൾ മാത്രം. ഇന്നാവട്ടെ ലോക്ഭവൻ സദാ മാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. വാർത്താ നിർമ്മിതിക്ക് ലോക്ഭവൻ വിഭവ സമൃദ്ധം, സമ്പുഷ്ടം.
പക്ഷേ, ഇങ്ങനെ വാർത്തകൾ പടച്ചു വിടുമ്പോൾ, ഇവിടെ കോട്ടം തട്ടുന്നത് ലോക്ഭവൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്കാണ്. ഗവർണർ എന്ന ഭരണത്തലവന്റെ അന്തസ്സിനാണ്. അതിലേറെ മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയ്‌ക്കും. വാർത്ത വ്യാജമെങ്കിലും, വിവാദം ഉയർന്നാൽ മതി എന്നതാവാം മാദ്ധ്യമങ്ങളുടെ പുതിയ മുദ്രാവാക്യം. വിവാദ വാർത്തകൾക്ക് ആണല്ലോ ഏറെ വില്പന ക്ഷമത. മുതൽ കൂട്ടാനുള്ള മാദ്ധ്യമ സ്ഥാപനങ്ങളുടെ മത്സരയോട്ടത്തിൽ മൂല്യങ്ങൾക്ക് എന്ത് വില?
ഊഷ്മളമായ യാത്രഅയപ്പാണ് വി.ഡി.സതീശൻ സർക്കാർ, കേരളത്തോട് വിട പറയവേ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് നൽകിയത്. പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സ്പീക്കറുടെയും ഒത്തിരി നന്ദി വാക്കുകൾ, വിഭവ സമൃദ്ധമായ ഉച്ചയൂണ്. വിമാനത്താവളത്തിൽ വി.ഡി.സതീശന്റെ ഹാർദ്ദമായ ആലിംഗനം, അതിനൊക്കെ തലേനാൾ ഇവരൊക്കെ ലോക്ഭവനിലെത്തി ആർലേക്കറെ കണ്ട് യാത്രാ മംഗളം എന്നിങ്ങനെയുള്ള ആത്മാർത്ഥത നിറഞ്ഞ ഔപചാരികതകൾ.
പക്ഷേ, പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ ലോക്ഭവനിൽ കാലു കുത്തിയപ്പോൾ തന്നെ, അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനായിരുന്നു ചില വാർത്താ മാദ്ധ്യമങ്ങളുടെ ശ്രമം. അതിനു പിന്നിൽ അർദ്ധ സത്യത്തിലൂടെ ദ്രോണരെ തളർത്തുക എന്നത് പോലെയുള്ള ഗൂഢലക്ഷ്യം വ്യാജ വാർത്താ നിർമ്മിതിക്ക് പിന്നിലുണ്ടോ എന്ന സംശയം സ്വാഭാവികം.
സസ്യഭുക്കായ പുതിയ ഗവർണറുടെ ഔദ്യോഗിക വസതിയിലെ അടുക്കളയിൽ ഇനി മത്സ്യ, മാംസാദികൾ വേണ്ട എന്ന നിർദ്ദേശം ഹൈന്ദവ ഫാസിസമായും ബ്രാഹ്‌മണ മേധാവിത്വമായും മറ്റുമുള്ള ദുർവ്യാഖ്യാനം ദുരുദ്ദേശ്യപരമല്ലെന്ന് പറയാനാവുമോ? ലോക്ഭവൻ പരിസരത്തൊന്നുമേ മത്സ്യമോ മാംസമോ ഇനി അനുവദിക്കില്ല എന്നായി വാർത്ത. ജീവനക്കാരുടെ വസതികളിൽ പോലും വിലക്ക് ബാധകമത്രെ. കാള പെറ്റു എന്ന് കേട്ട മാത്രയിൽ കയറെടുക്കാനോടി അഖിലേന്ത്യാ നേതാക്കൾ വരെ.
അവരുടെയൊക്കെ അടുക്കളകളിൽ ആരാണാവോ ഭക്ഷണം തീരുമാനിക്കുക. ഭക്ഷണം മാത്രമല്ല, ഗവർണറുടെ ഭാഷയും വിവാദമാക്കി ചിലർ. ഹിന്ദി സംസാരിക്കുന്ന ഗവർണർ തന്റെ മാതൃഭാഷ പഠിക്കാൻ ലോക്ഭവൻ ജീവനക്കാരെ നിർബന്ധിക്കുന്നു എന്നതായി അടുത്ത 'ചൂടുള്ള' വാർത്ത. ഇത് അസത്യം. ആദ്യത്തേത് അർദ്ധസത്യം. രണ്ടും ഞൊടിയിടയിൽ ലോകയാത്ര പൂർത്തിയാക്കി കഴിഞ്ഞു.
ഇവിടൊരു ഗവർണർ ഉണ്ടെന്ന് കേരളം അനുഭവിച്ചറിഞ്ഞത് സംഭവബഹുലമായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെയും രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെയും നാളുകളിലാണ്. രാജ്ഭവൻ ലോക്ഭവനായി പരിണമിച്ച കാലം. ജനങ്ങൾക്കിടയിലേക്ക് ഗവർണർ ഇറങ്ങിച്ചെന്നു. അവരെ ലോക്ഭവനിലേക്ക് ആനയിച്ചു. അന്നും ഗവർണർ വാർത്തകളിൽ നിറഞ്ഞു നിന്നു.
സംസ്ഥാനത്ത് മിക്കപ്പോഴും 'അജണ്ട' നിർണയിച്ചത് അക്ഷരാർത്ഥത്തിൽ ലോക്ഭവൻ തന്നെ. അതിനായി ചിലപ്പോൾ മന്ത്രിസഭയുമായി സംഘട്ടനം വേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ സഹകരണത്തിലൂടെയും, സമവായം സൃഷ്ടിച്ചു കൊണ്ടും. പക്ഷേ, എല്ലാം ഭരണഘടനാനുസൃതം. എത്രയെത്ര ഇടപെടലുകൾ, എത്രയോ കൂടിയാലോചനകൾ, എത്രയേറെ നിയമ യുദ്ധങ്ങൾ. എല്ലാം സംസ്ഥാനത്തിന്റെ താത്പര്യം പരിരക്ഷിക്കാൻ. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കാനായി മാത്രം. അത്തരം വേളകളിൽ വിമർശനം ഉയരുന്നത് സ്വാഭാവികം.
ഇത് പ്രബുദ്ധ കേരളമാണല്ലോ. നമ്മുടേത്, സക്രീയ ജനാധിപത്യവും ആണല്ലോ. കഴിഞ്ഞ കാലങ്ങളിൽ ആരും എത്തി നോക്കാൻ മടിച്ചിരുന്ന രാജ്ഭവൻ ആർക്കും പ്രാപ്യമായ ലോക്ഭവൻ ആയി മാറിയ ഈ അമൃതകാലം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സുപ്രധാന അദ്ധ്യായങ്ങൾ കോറിയിടും. പക്ഷേ, വിൽപ്പനക്ഷമത കൂട്ടാൻ വേണ്ടി വിവാദങ്ങൾ സൃഷ്ടിക്കാനുള്ള വ്യാജ വാർത്താ നിർമ്മിതി മാദ്ധ്യമങ്ങളുടെ വിലയിടിക്കുകയേ ഉള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |