
അധികാര വികേന്ദ്രീകരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ ഗുണഫലങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങൾ രൂപീകരിക്കപ്പെട്ടത്. വികസനവും ജനക്ഷേമവുമാണ് അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. മികച്ച രീതിയിൽ അത് പ്രാവർത്തികമാക്കുന്ന നിരവധി തദ്ദേശ സ്ഥാപനങ്ങളുണ്ട്. എന്നാൽ നല്ലൊരു പങ്ക് തദ്ദേശസ്ഥാപനങ്ങളും ലക്ഷ്യം മറന്നുള്ള പോക്കാണ്. സാമ്പത്തിക തടസമാണ് അതിനു കാരണം. സമയത്തു പണം കൈമാറാതെ കഴിഞ്ഞ സർക്കാർ ഉഴപ്പിയതു കാരണം 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം തദ്ദേശ ഫണ്ടിലെ 3,863 കോടി രൂപയും പാഴാക്കിയെന്ന സി.എ.ജി റിപ്പോർട്ട് ഉത്കണ്ഠയുളവാക്കുന്നതാണ്. അതത് സാമ്പത്തിക വർഷത്തിൽ വിനിയോഗിച്ചില്ലെങ്കിൽ തദ്ദേശ ഫണ്ടുകൾ പാഴായിപ്പോകും. ഇത് അധികാരത്തിലെത്തുന്നവർക്കെല്ലാമറിയാം. പക്ഷേ, ചെയ്യേണ്ട കാര്യങ്ങൾ യഥാസമയം ചെയ്യാതിരിക്കുക എന്നത് ഭരണയന്ത്രത്തിന്റെ ഒരു ശീലമാണ്. അതിൽ മാറ്റം വരുത്തണമെന്നതിൽ അധികമാരും മനസ് വയ്ക്കാറില്ല. അതിന്റെ കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പൊതുജനമാണ്.
തദ്ദേശവകുപ്പിന് മുൻ സംസ്ഥാന സർക്കാർ തുക കൈമാറിയത് 2024 മാർച്ച് 30നാണ്. 2023 നവംബർ 25നകം ഇതു കൈമാറേണ്ടതായിരുന്നു. ഇതുകാരണം പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മെയിന്റനൻസ്, വികസന ചെലവ്, പൊതു ആവശ്യ ചെലവ് എന്നിവയ്ക്കു വിനിയോഗിക്കേണ്ട തുകയാണ് പാഴായത്. നഗര സ്ഥാപനങ്ങൾക്ക് 2,318 കോടി ഉൾപ്പെടെ മൊത്തം 11,454 കോടിയാണ് കൈമാറിയത്. ഇതിൽ നഗരപ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 495 കോടിയുൾപ്പെടെ 3,863 കോടി പാഴായി. ഇതുമൂലം വികസന ആവശ്യങ്ങൾക്കുള്ള പദ്ധതി ചെലവിൽ വൻ കുറവുണ്ടായെന്നും സേവന ചെലവുകൾക്ക് കൂടുതൽ തുക ഉത്‌പാദനക്ഷമമല്ലാതെ ചെലവാക്കേണ്ടിവന്നതായും സി.എ.ജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ധനവിനിയോഗത്തിൽ സംസ്ഥാന സർക്കാർ വലിയ വീഴ്ചയാണ് വരുത്തിയതെന്നും സി.എ.ജി നിരീക്ഷിച്ചു.
പൊതു സൗകര്യങ്ങളുടെ കാര്യത്തിലും ഗുരുതര അപാകതകളുണ്ടായി. ധന വിതരണത്തിൽ കാലതാമസമുണ്ടായത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ അംഗീകൃത കശാപ്പുശാലകൾ സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും 35 എണ്ണം മാത്രമാണ് തുടങ്ങിയത്. കെട്ടിടനിർമ്മാണ അനുമതിക്ക് 44 മുതൽ 474 ദിവസം വരെ കാലതാമസമുണ്ടായി. തിരുവനന്തപുരം കോർപ്പറേഷനിലും മുക്കം, തൃക്കാക്കര മുനിസിപ്പാലിറ്റികളിലും എതിർപ്പില്ലാരേഖ (എൻ.ഒ.സി) ഉറപ്പാക്കാതെ കെട്ടിടങ്ങൾക്ക് ഒക്യുപെൻസി സർട്ടിഫിക്കറ്റോ പെർമ്മിറ്റോ നൽകേണ്ടിവന്നു. തദ്ദേശസ്ഥാപനങ്ങൾ കോടികൾ പാഴാക്കിയതുമൂലം പല ജനക്ഷേമ നടപടികളും മുടങ്ങി. കൊച്ചി കോർപ്പറേഷനിലും ആലുവ, വർക്കല, മുക്കം മുനിസിപ്പാലിറ്റികളിലും നിയമലംഘനത്തോടെ 28 കെട്ടിടങ്ങൾ പ്രവർത്തിച്ചിട്ടും ക്രമവത്കരിക്കുകയോ പൊളിക്കുകയോ ചെയ്തില്ല.
ചെക്ക്പോസ്റ്റുകളിൽ കന്നുകാലികളുടെ ആരോഗ്യനില പരിശോധനയ്ക്ക് സൗകര്യം കുറവാണ്. പന്നികൾക്ക് പ്രത്യേക അറവുശാലയില്ല. കൊല്ലം, കൊച്ചി കോർപ്പറേഷനുകളിൽ കെട്ടിട നികുതി നിർണയത്തിലെ ജാഗ്രതക്കുറവു മൂലം 37 ലക്ഷം രൂപ നഷ്ടമുണ്ടായി. ഓപ്പൺ ടെൻഡറില്ലാതെ തിരുവനന്തപുരം കോർപ്പറേഷനിൽ പ്ളാൻ പദ്ധതികൾ നടപ്പാക്കിയതിൽ 1.13 കോടിയുടെ അനാവശ്യ ചെലവുണ്ടായി. നഗരസഭകളിൽ 1058 മൊബൈൽ ടവറുകൾ അനധികൃതമാണ്. ഫീസിനത്തിൽ 2.12 കോടിയുടെ നഷ്ടമുണ്ടായി. വികസനത്തിന്റെയും ക്ഷേമ പ്രവർത്തനങ്ങളുടെയും യഥാർത്ഥ ഗുണഫലങ്ങൾ താഴെത്തട്ടിൽ എത്തണമെങ്കിൽ യഥാസമയം തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് നൽകണം. അതിൽ വീഴ്ച വന്നാൽ ദോഷം ഇടത്തരക്കാർക്കും അടിസ്ഥാന വിഭാഗങ്ങൾക്കുമാണ്. ഈ പാഠം ഇപ്പോഴത്തെ സർക്കാർ മനസിലാക്കിയാൽ കോടികൾ ഇങ്ങനെ പാഴാകുന്ന ദുരവസ്ഥ ഒഴിവാക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |