
കഴിഞ്ഞ മൂന്നുവർഷമായി നിർമ്മിത ബുദ്ധി (AI) വ്യവസായം ലോകത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഒരൊറ്റ കാര്യമാണ്- ക്ഷമ. തുടക്കത്തിൽ ഭീമമായ ചെലവുകൾ വരുമെങ്കിലും വൈകാതെ സേവനങ്ങൾ ലാഭകരമാകുമെന്നും മുടക്കിയ കോടികൾ തിരികെ പിടിക്കാമെന്നുമായിരുന്നു വമ്പൻ കമ്പനികളുടെ വാഗ്ദാനം. എന്നാൽ ഈ മാസം ആദ്യമായി ഒരു പ്രമുഖ എ.ഐ കമ്പനി തങ്ങളുടെ സാമ്പത്തിക കണക്കുകൾ പുറത്തുവിട്ടപ്പോൾ തെളിഞ്ഞുവരുന്നത് മറ്റൊരു ചിത്രമാണ്. ക്ഷമിക്കേണ്ടത് നിക്ഷേപകരല്ല, മറിച്ച് ഈ സാങ്കേതികവിദ്യയുടെ യഥാർത്ഥ ഭാരം ചുമക്കുന്ന സാധാരണക്കാരായ ജനങ്ങളാണ്.
വട്ടംകറങ്ങുന്ന കോടികൾ
പ്രമുഖ എ.ഐ കമ്പനിയായ 'ആന്ത്രോപ്പിക്കിന്റെ' 2026 ആദ്യ പകുതിയിലെ വരുമാനം 16.3 ബില്യൺ ഡോളറാണ്. കമ്പനിയുടെ ചെലവാകട്ടെ 17 ബില്യൺ ഡോളറും! കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾക്കായി മാത്രം ആറുമാസത്തിനുള്ളിൽ 8.9 ബില്യൺ ഡോളറാണ് ഇവർ ചെലവാക്കിയത്. ഇതിലും ദയനീയമാണ് ചാറ്റ്‌ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എ.ഐയുടെ അവസ്ഥ. കഴിഞ്ഞ പാദത്തിൽ 6.7 ബില്യൺ ഡോളർ വരുമാനം നേടിയപ്പോൾ അവർക്ക് നേരിട്ട നഷ്ടം 12.3 ബില്യൺ ഡോളറാണ്.
എന്നാൽ ഇതിനേക്കാൾ വിചിത്രമായ കാര്യം ഈ വരുമാനം എവിടെനിന്ന് വരുന്നു എന്നതാണ്. ആന്ത്രോപ്പിക്കിന്റെ വരുമാനത്തിന്റെ പകുതിയോളം വരുന്നത് ആമസോൺ, ഗൂഗിൾ എന്നീ കമ്പനികളിലൂടെയാണ്. കൗതുകകരമെന്നു പറയട്ടെ, ഇവർ തന്നെയാണ് ആന്ത്രോപ്പിക്കിലെ പ്രധാന നിക്ഷേപകരും. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗിറ്റ്ഹബ് കോപൈലറ്റ് (GitHub Copilot), സ്പേസ് എക്സിന്റെ കീഴിലുള്ള കഴ്സർ എന്നിവയാണ് മറ്റ് പ്രധാന ഉപഭോക്താക്കൾ.
ലളിതമായി പറഞ്ഞാൽ, ഇതൊരു സാമ്പത്തിക വലയമാണ്. ഗൂഗിളും ആമസോണും എൻവിഡിയയും (Nvidia) എ.ഐ കമ്പനികളിൽ പണം നിക്ഷേപിക്കുന്നു. ആ പണം ഉപയോഗിച്ച് എ.ഐ കമ്പനികൾ തിരികെ ഇതേ വമ്പന്മാരുടെ പക്കൽ നിന്നുതന്നെ കമ്പ്യൂട്ടിംഗ് സൗകര്യങ്ങളും ചിപ്പുകളും വാങ്ങുന്നു. ഇരുകൂട്ടരും തങ്ങളുടെ കണക്കുപുസ്തകങ്ങളിൽ ഇത് വലിയ വരുമാനമായി എഴുതിച്ചേർക്കുന്നു. തൊണ്ണൂറുകളിലെ ഡോട്ട്-കോം കുമിളയുടെ (Dot-com bubble) കാലത്ത് കണ്ട അതേ 'വെൻഡർ ഫിനാൻസിംഗ്' തന്ത്രമാണിത്. സ്വന്തം പണം തന്നെ വട്ടംകറങ്ങി വരുമാനമായി തിരിച്ചെത്തുന്ന ഈ മായാജാലം എത്രകാലം നീണ്ടുനിൽക്കുമെന്നതാണ് ചോദ്യം.
പെരുകുന്ന കടങ്ങൾ
ഈ വർഷം മാത്രം എ.ഐ അടിസ്ഥാന സൗകര്യങ്ങൾക്കായി ടെക് ഭീമന്മാർ ചെലവഴിക്കുന്നത് ഏകദേശം 730 ബില്യൺ ഡോളറാണ് (കഴിഞ്ഞ വർഷത്തെക്കാൾ 78% അധികം). ഇതിനായി ആൽഫബെറ്റ് (ഗൂഗിൾ), ആമസോൺ, മെറ്റ, ഒറാക്കിൾ തുടങ്ങിയ കമ്പനികൾ ഒക്ടോബർ പകുതിയോടെ 228 ബില്യൺ ഡോളറിന്റെ കടപ്പത്രങ്ങളാണ് ഇറക്കിയത്. 2030ഓടെ ഈ മുതൽമുടക്ക് തിരിച്ചുപിടിച്ച് 12ശതമാനം ലാഭം നേടണമെങ്കിൽ എ.ഐ ഡാറ്റാ സെന്ററുകൾക്ക് 8.5 ട്രില്യൺ ഡോളറിന്റെ വരുമാനം വേണമെന്നാണ് പ്രമുഖ ഗവേഷണ സ്ഥാപനമായ ഗാർട്ട്നർ കണക്കാക്കുന്നത്. നിലവിലെ വരുമാനമാകട്ടെ ഇതിന്റെ ചെറിയൊരു അംശം മാത്രമാണ്.
ഈ സാമ്പത്തിക കളിയിലെ യഥാർത്ഥ വില നൽകുന്നത് ഓഹരി വിപണിയല്ല, മറിച്ച് നമ്മുടെ നാട്ടിലെ വൈദ്യുതി ശൃംഖലകളും കുടിവെള്ള സ്രോതസുകളുമാണ്. ഒരു ശരാശരി എ.ഐ ഡാറ്റാ സെന്റർ പ്രവർത്തിക്കാൻ ഒരു ലക്ഷം വീടുകൾക്ക് ആവശ്യമായ വൈദ്യുതി വേണം. ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും വലിയ സെന്ററുകൾക്ക് ഇതിന്റെ ഇരുപതിരട്ടി വൈദ്യുതി വേണ്ടിവരും! 2025ൽ 485 ടെറാവാട്ട്-അവർ (TWh) ആയിരുന്ന ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപയോഗം 2030ഓടെ 950 TWh ആയി ഇരട്ടിക്കുമെന്നാണ് അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ കണക്ക്.
വർദ്ധിച്ചുവരുന്ന ഈ ഊർജ്ജ ആവശ്യം നിറവേറ്റുന്നത് കാറ്റാടിപ്പാടങ്ങൾ കൊണ്ടല്ല, പ്രകൃതിവാതകം കത്തിച്ചാണ്. 2025ൽ മാത്രം ഗൂഗിളിന്റെ ഡാറ്റാ സെന്ററുകൾ തണുപ്പിക്കാൻ ഉപയോഗിച്ചത് 1,090 കോടി ഗാലൻ വെള്ളമാണ്. ഇതിന്റെയെല്ലാം ഫലമായി സാധാരണക്കാരുടെ വൈദ്യുതി ബില്ലുകൾ കുതിച്ചുയരുകയും കുടിവെള്ളം വറ്റുകയും ചെയ്യുന്നു.
ജനങ്ങളുടെ
ചെറുത്തുനില്പ്
സാങ്കേതികവിദ്യയുടെ പേരിൽ തങ്ങളുടെ ജീവിതം ദുസഹമാകുന്നതിനെതിരെ ലോകമെമ്പാടും ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. അമേരിക്കയിൽ 70ശതമാനം ആളുകളും തങ്ങളുടെ പ്രദേശത്ത് പുതിയ എ.ഐ ഡാറ്റാ സെന്ററുകൾ വരുന്നതിനെ എതിർക്കുന്നു. കുതിച്ചുയരുന്ന കറന്റ് ബില്ലുകൾ, ജലക്ഷാമം, ശബ്ദമലിനീകരണം, കൃഷിഭൂമി നഷ്ടപ്പെടൽ എന്നിവയ്ക്കെതിരെ ജനങ്ങൾ നടത്തിയ പോരാട്ടങ്ങളുടെ ഫലമായി ഈ വർഷം 260 ബില്യൺ ഡോളറിന്റെ ഡാറ്റാ സെന്റർ പദ്ധതികളാണ് റദ്ദാക്കപ്പെട്ടത്.
യഥാർത്ഥ മൂല്യമെന്ത്?
ഇത്രയൊക്കെ ചെലവഴിച്ച് നിർമ്മിക്കുന്ന ഈ സാങ്കേതികവിദ്യയ്ക്ക് ആര് പണം നൽകും? ഇന്ന് ആയിരക്കണക്കിന് ഡോളർ ചെലവുവരുന്ന എ.ഐ സേവനങ്ങൾ വെറും 20 ഡോളർ മാസവരിയിലാണ് കമ്പനികൾ ഡെവലപ്പർമാർക്ക് നൽകുന്നത്. ഈ സബ്‌സിഡി നിറുത്തി യഥാർത്ഥ തുക ഈടാക്കി തുടങ്ങിയാൽ ഉപയോഗം കുത്തനെ കുറയും. മറുവശത്ത്, എ.ഐ സാങ്കേതികവിദ്യ അതിവേഗം വളരുകയാണെന്നും ഓരോ വർഷവും ഇതിന്റെ പ്രവർത്തനക്ഷമത കൂടുകയാണെന്നും ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നുണ്ട്. വെറുമൊരു സഹായി എന്നതിലുപരി മനുഷ്യാദ്ധ്വാനത്തിന് പകരമായി എ.ഐ മാറുമ്പോൾ കമ്പനികൾ ഇതിനായി വൻതുക മുടക്കാൻ തയ്യാറാകുമെന്നാണ് അവരുടെ പ്രതീക്ഷ.
വലിയൊരു വിഭാഗം ഉപഭോക്താക്കൾക്കും വമ്പൻ സബ്‌സിഡി നിരക്കിലാണ് എ.ഐ സേവനങ്ങൾ ലഭിക്കുന്നത്. എന്നാൽ ഈ ഇളവുകൾക്കിടയിലും എ.ഐ ഉപയോഗത്തിനായി കമ്പനികൾക്ക് ഇപ്പോൾത്തന്നെ ഭീമമായ തുകയാണ് ബില്ലായി നൽകേണ്ടി വരുന്നത്. ഇത്രയധികം പണം ഒഴുക്കിയിട്ടും വിപണിയിൽ അതിനൊത്ത യഥാർത്ഥ മൂല്യമോ പുതിയ വരുമാനമോ സൃഷ്ടിക്കാൻ ആർക്കും കഴിയുന്നില്ല. ഇളവുകളുള്ളപ്പോൾത്തന്നെ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ കഴിയാത്ത ഈ സംവിധാനം, നാളെ സബ്‌സിഡി നിറുത്തി യഥാർത്ഥ തുക ഈടാക്കി തുടങ്ങിയാൽ പൂർണ്ണമായും തകരും.
എന്നിട്ടും എ.ഐ വഴി 'കാര്യക്ഷമത' കൂടിയെന്ന് അവകാശപ്പെട്ടാണ് ഐ.ടി മേഖലയിലടക്കം കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുന്നത്. സത്യത്തിൽ, എ.ഐയ്ക്ക് വേണ്ടി നടത്തിയ പാഴ്‌നിക്ഷേപങ്ങളും കുമിഞ്ഞുകൂടിയ കടഭാരവും മറച്ചുപിടിക്കാനുള്ള തന്ത്രം മാത്രമായി പലരും ഇതിനെപ്പറ്റി അഭിപ്രായപ്പെടുന്നുണ്ട്.
(നോർവെ ഓസ്ളോയിൽ സീനിയർ കമ്പ്യൂട്ടർ സയന്റിസ്റ്റാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |