
ഒരു മരുന്നിന്റെ സുരക്ഷിതത്വം, ഫലപ്രാപ്തി, പാർശ്വഫലം എന്നിവ കണ്ടെത്താൻ മനുഷ്യരിൽ നടത്തുന്ന ക്രമാനുഗതമായ തുടർപഠനമാണ് ക്ലിനിക്കൽ ട്രയൽ. എന്നാൽ ഒരു മരുന്നിന്റെ കുപ്പിയിലെ ലേബലിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട് മരുന്ന് പരീക്ഷണ നിരീക്ഷണ ഘട്ടത്തിന്റെ ഭാഗമായുള്ള ഒരു നടപടിക്രമമായി തെറ്റിദ്ധരിക്കരുത്. ഒരു രോഗിയെ ഔദ്യോഗികമായി ക്ലിനിക്കൽ ട്രയലിൽ ഉൾപ്പെടുത്തുന്നതിന് നീയമപരമായ അനവധി നടപടിക്രമങ്ങൾ ബോണ്ട് പ്രകാരം പാലിക്കണം.
എന്താണ് ക്ലിനിക്കൽ ട്രയൽ
ഒരു മരുന്ന് മനുഷ്യരിൽ പരീക്ഷിച്ച് അതിന്റെ സുരക്ഷ, ഫലപ്രാപ്തി, ശരീരം മരുന്നിനോട് എങ്ങനെ പ്രതികരിക്കുന്നു, പാർശ്വഫലങ്ങൾ എന്നിവ ശാസ്ത്രീയമായി, സാങ്കേതികമായി വിലയിരുത്തുന്ന പഠനമാണ് ക്ലിനിക്കൽ ട്രയൽ. മരുന്ന് ട്രയലിൽ പല ഘട്ടങ്ങളുണ്ട്.
ഒന്നാംഘട്ടം: തിരഞ്ഞെടുത്ത ആളുകളിൽ മരുന്നിന്റെ സുരക്ഷയും മരുന്നിനോടുള്ള ശരീരത്തിന്റെ പ്രതികരണവും പഠിക്കുന്നു.
രണ്ടാംഘട്ടം: രോഗികളിൽ മരുന്നിന്റെ ഫലപ്രാപ്തിയും പ്രായത്തിനും ശരീര ഭാരത്തിനും അനുയോജ്യമായ ഡോസ് കണക്കാക്കുന്നു.
മൂന്നാം ഘട്ടം: തിരഞ്ഞെടുത്ത കൂടുതൽ രോഗികളിൽ മരുന്നിന്റെ ഫലപ്രാപ്തിയെപറ്റിയും സുരക്ഷയെപ്പറ്റിയും ശാസ്ത്രീയമായി പരിശോധിക്കുന്നു.
നാലാം ഘട്ടം: അതോറിറ്റിയുടെ അംഗീകാരം ലഭിച്ച് വിപണിയിലെത്തിയതിനുശേഷവും മരുന്നിന്റെ ദീർഘകാല സുരക്ഷയും അപൂർവ പാർശ്വഫലങ്ങളും നിരീക്ഷിക്കുന്ന ചില പഠനങ്ങൾ വേണ്ടിവന്നാൽ നടത്താം.
ഈ ഘട്ടങ്ങൾ എല്ലാ മരുന്നുകളിലും ഒരേ രീതിയിലായിരിക്കണമെന്നില്ല. ഇന്ത്യയിൽ പുതിയ മരുന്നുകളുടെ ക്ലിനിക്കൽ ട്രയലുകൾക്ക് ബാധകമായ ചട്ടങ്ങളും പരിശോധനകളും അനുമതി നടപടികളും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കും.
എന്താണ് ഡോക്ടർ സാമ്പിൾ
സാമ്പിൾ കൊടുക്കുന്നതിന്റെ ലക്ഷ്യം മരുന്നിനെക്കുറിച്ച് ഡോക്ടർമാർക്ക് പരിചയം നൽകുകയും നിയമാനുസൃതമായി അവശ്യഘട്ടത്തിൽ ചികിത്സയ്ക്കായി സാമ്പിളുകൾ ഉപയോഗിക്കുകയുമാണ്. ഇതുകൊണ്ട് ഫിസിഷ്യൻ സാമ്പിൾ എന്നത് ക്ലിനിക്കൽ ട്രയലിന് തുല്യമാണെന്ന് കരുതരുത്.
തദ്ദേശീയ മരുന്ന് ഉത്പാദനം
ആഗോള മരുന്ന് കമ്പനികൾ അവരുടെ ബ്രാൻഡഡ് മരുന്നുമായി ഇന്ത്യക്കാരെ കൊള്ളയടിക്കുമ്പോൾ രാജ്യത്തെ നിയമ സംവിധാനങ്ങളും ഭരണകൂട സംവിധാനങ്ങളും തദ്ദേശീയമായി തത്തുല്യമായ ' ബ്രാൻഡഡ് ജനറിക്ക് അല്ലെങ്കിൽ ജനറിക്ക് ' മരുന്നുകൾ ഉത്പാദിപ്പിച്ച് രോഗികൾക്ക് താങ്ങാൻ പറ്റുന്ന വിലയിലും ആവശ്യനുസരണവും വിതരണം ചെയ്യുവാൻ മുന്നോട്ടുവരുന്ന ഇന്ത്യൻ കമ്പനികളെ പരിഗണിക്കും. 1994 ഏപ്രിൽ 15ന് അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹ റാവു ബൗദ്ധിക സ്വത്തവകാശ കരാറിൽ (TRIPs - Trade-Related Aspects of Intellectual property Rights) ഒപ്പിട്ടു.
ഇതുമൂലം ഒരു മരുന്നിന്റെ 20 വർഷ പേറ്റൻറ്റ് കാലാവധിക്കു മുൻപ് പ്രസ്തുത മരുന്ന് നിർമ്മിക്കുവാൻ തയ്യാറുള്ള മറ്റൊരു കമ്പനി പേറ്റൻറ്റ് കൈവശമുള്ള കമ്പനിക്ക് ഒരു ബൗദ്ധിക സ്വത്തവകാശമെന്ന നിലയിൽ അവർ ചോദിക്കുന്ന ഭീമമായ ഉടമ്പടി അംഗീകരിക്കണം. ഈ കരിനീയമത്തിന്റെ പേരിൽ ഇന്ത്യയെ Nexavar എന്ന ലിവർ, വൃക്ക,തൈറോയിഡ് തുടങ്ങിയ ക്യാൻസറിന് ഉപയോഗിച്ചിരുന്ന മരുന്നിന് 280000 രൂപ നിർമ്മിതാക്കളായ ജർമ്മൻ കമ്പനി ബെയർ ഫാർമ്മ ഇന്ത്യക്കാരിൽ നിന്നും ഇടാക്കിയപ്പോൾ അന്ന് പേറ്റന്റ് കൺട്രോളറായിരുന്ന മലയാളിയായ പി. എച്ച് കുര്യൻ ഐ.എ.എസ് ബഹുരാഷ്ട്ര ഔഷധക്കമ്പനിയായ ബെയറിന്റെ (Bayer) ക്യാൻസർ മരുന്നിന്റെ ജനറിക് പതിപ്പ് ഉൽപ്പാദിപ്പിക്കുവാൻ ഇന്ത്യൽ കമ്പനിയായ NATCOക്ക് 1970 ലെ പേറ്റൻറ്റ് നീയമത്തിലെ സെക്ഷൻ 84 (Section 84) പ്രകാരമുള്ള നിർബന്ധിത ലൈസൻസ് 2012 മാർച്ച് 9 ന് അനുവദിച്ചു.
ശ്രീ കുര്യൻ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസമായിരുന്നു ഈ ചരിത്രപരമായ ഒപ്പുവെക്കൽ. ബേയർ 280000 ന് വിറ്റിരുന്ന മരുന്ന് NATCO ഫാർമ്മ 8800 ന് വിതരണം ചെയ്തത് ചരിത്രം. ആ ചരിത്രം വീണ്ടും നാറ്റകോ കമ്പനി രചിക്കുമ്പോൾ നാം സർവ്വാത്മന രാഷ്ട്രീയം ഉൾപ്പെടെ എല്ലാം മറന്ന് അകമഴിഞ്ഞ് പിന്തുണക്കണം.
ഒരു അപൂർവ ജനിതക രോഗമാണ് SMA (സ്പൈനൽ മസ്കുലാർ അട്രോഫി).
ഇത് പ്രധാനമായും ശരീരത്തിലെ പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന നാഡീകോശങ്ങളെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. ഈ രോഗത്തിനുള്ള risdiplam എന്ന സജീവ രാസനാമ ചേരുവ അടങ്ങിയ Evrysdi 60mg/80ml എന്ന വാണിജ്യ പേരിലുള്ള മരുന്നിന് നിർമ്മാണ കമ്പനിയായ സ്വിസ് ഭീമൻ റോഷ് ഫാർമ്മ 620000 രൂപ ഇടാക്കിയിരുന്ന സമയത്ത് റിസ്ഡിപ്ലാം അടങ്ങിയ NATSMART 60mg/80ml എന്ന ബ്രാൻഡഡ് ജനറിക്ക് മരുന്നിന് ഹൈദരാബാധിലുള്ള നാറ്റ്കോ കമ്പനി 15900 രൂപക്ക് വിതരണം ചെയ്യുന്നു.
കേരളത്തിന്റെ വിപുലമായ ഓർഡറിന് 9000 ന് താഴെ രൂപയ്ക്കാണ് NATCO നൽകിയത്. ഇതിനെ മലയാളി അകമഴിഞ്ഞ് പിന്തുണക്കണം. ഇപ്പോൾ 118 കുട്ടികൾക്കാണ് സർക്കാർ ഫ്രീയായി നൽകുന്നത്. എന്നാൽ കുറച്ച് മുതിർന്നവരിലും ഈ ജനിതക രോഗം ഉണ്ട്. അവരെ കൂടി ഈ സർക്കാർ സ്കീമിൽ ഉൾപ്പെടുത്തുവാൻ മുഖ്യമന്ത്രി തയ്യാറാകണം.
എന്താണ് ബയോഇക്വിവലൻസ് പഠനം.
നിലവിലുള്ള ഒരു ബ്രാൻഡഡ് മരുന്നിലെ സജീവ രാസമാമ ചേരുവ (Active pharmaceutical ingredients -APIs) അതേ ചേരുവകൾ ഉൾപെടുന്ന ഒരു ജനറിക് മരുന്നിന്റെ പ്രവർത്തനക്ഷമത സാങ്കേതികമായി ടെസ്റ്റ് ചെയ്ത് ബ്രാൻഡ് മരുന്നിന്റെ അതേ നിരക്കിലും ആഗീരണ വ്യാപ്തിയിലും രക്തപ്രവാഹത്തിലേക്ക് സജീവ രാസനമ ഘടകത്തെ എത്തിക്കുന്നുണ്ടോ എന്ന് അളക്കുന്ന ഒരു ശാസ്ത്രീയ താരതമ്യ പഠനമാണ് ബയോഇക്വിവലൻസ്. ഈ പഠനം മരുന്നുകൾക്ക് വിതരണ ലൈസൻസ് കൊടുക്കുന്നതിന് മുൻപ് തന്നെ അതോറിറ്റി ഉറപ്പുവരുത്തിയിരിക്കും. സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവ എത്ര വേഗത്തിലും എത്രത്തോളം പ്രവർത്തന മേഖലയിലും എത്തുന്നു എന്നതിൽ കാര്യമായ വ്യത്യാസമില്ലെങ്കിൽ രണ്ട് ഉൽപ്പന്നങ്ങളും ബയോഇക്വിവലന്റ് ആണെന്ന് കണ്ടെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |