
പൊലീസ് തലപ്പത്ത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിൽ പുകച്ചിലും അസ്വാരസ്യവുമാണ് ഇപ്പോഴുള്ളത്. പി.വി.അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങളിൽ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാർ നൽകിയ മൊഴി പുറത്തുവന്നതോടെയാണ് പൊട്ടിത്തെറി തുടങ്ങിയത്. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ഉന്നയിച്ച സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി.യുടെ അന്വേഷണ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഇന്റലിജൻസ് മേധാവിയായ എ.ഡി.ജി.പി പി.വിജയനും മറ്റ് പൊലീസുദ്യോഗസ്ഥർക്കും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കുമെതിരേ അജിത് കുമർ നൽകിയ മൊഴികൾ റിപ്പോർട്ടിന്റെ ഭാഗമായതോടെയാണ് പൊലീസിൽ അസ്വാരസ്യം പുകയുന്നത്.
കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് മുൻ ഐ.ജിയും ഇപ്പോൾ എ.ഡി.ജി.പിയുമായ പി.വിജയനും എ.ടി.എസിലെ ചില അംഗങ്ങൾക്കും ബന്ധമുണ്ടെന്ന് എസ്.പി സുജിത്ദാസ് തന്നെ അറിയിച്ചിരുന്നെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ മൊഴിനൽകിയതായി ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്. പിടിച്ചെടുക്കുന്ന സ്വർണം കസ്റ്റംസിന് കൈമാറണമെന്ന് കണ്ണൂർ മുൻ ഡി.ഐ.ജി നിർദ്ദേശിച്ചെന്നും സുജിത്ദാസ് അറിയിച്ചിരുന്നു. തനിക്ക് സ്വർണക്കടത്തുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും തനിക്കെതിരായ വിജിലൻസ് അന്വേഷണം നിയമവിരുദ്ധമാകുമെന്നും അജിത് മൊഴി നൽകി. എന്നാൽ എസ്.പി സുജിത്ദാസ് ഇത് നിഷേധിച്ചു. വിജയനെക്കുറിച്ച് താൻ അങ്ങനെ പറഞ്ഞിട്ടില്ല. സ്വർണം കസ്റ്രംസിന് കൈമാറാൻ ആരും നിർദ്ദേശിച്ചിട്ടില്ലെന്നും സുജിത്ത്ദാസ് വ്യക്തമാക്കി. ഇതോടെ മറ്റ് ഉദ്യോഗസ്ഥർ അജിത്തിനെതിരേ രംഗത്തെത്തി.
മൊഴിയിൽ പരാമർശിക്കപ്പെടുന്ന ഉദ്യോഗസ്ഥർ അജിത്തിനെതിരേ നിയമനടപടിക്ക് സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്. മാനനഷ്ടക്കേസിന് അനുമതി നൽകണമെന്ന് സർക്കാരിനോട് ചില ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുകഴിഞ്ഞു. താൻ നിയമപരമായി നടപടിയെടുത്ത ഏതാനും വ്യക്തികൾക്കും ഏതാനും പൊലീസുദ്യോഗസ്ഥർക്കും തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയിൽ പങ്കുള്ളതായി സംശയിക്കുന്നതായി അജിത്തിന്റെ മൊഴിയിലുണ്ട്.
തന്നെയും കുടുംബത്തെയും അപമാനിക്കുകയും തന്നെ ശാരീരികമായും മാനസികമായും തളർത്തുകയും ഔദ്യോഗിക ജീവിതം നശിപ്പിക്കാനുമാണ് ലക്ഷ്യമിട്ടത്. മറ്റുള്ളവരുടെ പ്രേരണയാലാണ് അൻവർ തനിക്കെതിരേ ആരോപണമുന്നയിച്ചത്. അൻവറിന് നേരിട്ടോ പരോക്ഷമോ ആയ വൈരാഗ്യം തന്നോടുണ്ട്. ചില ഉന്നത പൊലീസുദ്യോഗസ്ഥർ, തന്റെ കീഴുദ്യോഗസ്ഥർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണങ്ങൾ. മുഖ്യമന്ത്രിയെയും പൊളിറ്രിക്കൽ സെക്രട്ടറി പി.ശശിയെയും താറടിക്കാൻ കൂടി ഗൂഢാലോചനക്കാർ ലക്ഷ്യമിടുന്നു. സ്ഥാനക്കയറ്റങ്ങൾ തടഞ്ഞ്, ഔദ്യോഗികജീവിതം ഇല്ലാതാക്കാനാണ് ശ്രമം- ഇതാണ് അജിത്കുമാർ മൊഴി നൽകിയിട്ടുള്ളത്.
അജിത്തിന്റെ വലംകൈയാണെന്ന് അൻവർ ചൂണ്ടിക്കാട്ടിയ മുജീബുമായുള്ള ബന്ധത്തിന്റെ പേരിലും മുതിർന്ന ഉദ്യോഗസ്ഥരെ അജിത്ത് മൊഴിയിൽ വലിച്ചിഴച്ചിട്ടുണ്ട്. മുജീബ് പി.വിജയൻ, ശങ്കർറെഡ്ഡി എന്നിവരുടെയും സുഹൃത്താണ്. കൊവിഡ് കാലത്ത് വിജയനും മുജീബുമായി ചേർന്ന് ആരംഭിച്ച സൗജന്യഭക്ഷണ വിതരണ പദ്ധതി അന്നത്തെ ഡി.ജി.പി. യും ഭാര്യയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. തനിക്ക് മുജീബുമായി 45വർഷത്തെ പരിചയമുണ്ടെന്നും അജിത്ത് പറയുന്നു. എന്നാൽ തന്റെ പേര് മൊഴിയിൽ അനാവശ്യമായി വലിച്ചിഴച്ചതിനെതിരേ പി. വിജയൻ സർക്കാരിനെ സമീപിക്കുമെന്നറിയുന്നു. കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യവസായി മാമിയുടെ തിരോധാനക്കേസിൽ ഇടപെട്ട ആഷിഖ് പി.വിജയന്റെ സുഹൃത്താണെന്നും ഇരുവരും മലപ്പുറത്തെ നന്മ എന്ന സംഘടനയിലെ അംഗങ്ങളാണെന്നും മൊഴിയിലുണ്ട്. എസ്.പി ശശിധരൻ കേസ് അന്വേഷിക്കണമെന്ന് ആഷിഖ് താത്പര്യമറിയിച്ചിരുന്നെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിലൊന്നും തനിക്ക് പങ്കില്ലെന്ന് പി. വിജയൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
മറ്റുള്ളവരെ
കുരുക്കാൻ അജിത്
ഫോൺ ചോർത്തലിൽ മറ്റ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ കുരുക്കിലാക്കാനാണ് അജിത്തിന്റെ ശ്രമമെന്നാണ് പൊലീസ് ഉന്നതരുടെ സംശയം. അജിത്തിന്റെ മൊഴി ഇപ്രകാരമാണ്- പൊലീസിലെ സൈബർ വിഭാഗം ക്രൈംബ്രാഞ്ചിന്റെ നിയന്ത്രണത്തിലാണ്. ജില്ലകളിലെ സൈബർ സെല്ലുകൾ ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലാണ്. ഹൈടെക്ക് ക്രൈം എൻക്വയറി സെൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ മേൽനോട്ടത്തിലാണ്. സൈബർ ഡിവിഷൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ അധികാരത്തിലുള്ളതല്ല. നിയമപ്രകാരം മാത്രമേ ഫോൺ ചോർത്താറുള്ളൂ. ഇന്റലിജൻസ് വിഭാഗവും ഫോൺ ചോർത്താറുണ്ട്. ചുമതലപ്പെടുത്താതെയും നോഡൽ ഓഫീസർ അറിയാതെയും ഒരു ഉദ്യോഗസ്ഥനും ഫോൺ ചോർത്താനാവില്ല.
സ്വർണക്കടത്തിലും
കുറ്റപ്പെടുത്തൽ
ദേശീയ, അന്തർദേശീയ പ്രത്യാഘാതങ്ങളുള്ള സ്വർണക്കടത്ത് ഇന്റലിജൻസ്, എ.ടി.എസ്, ഡി.ആർ.ഐ എന്നിവരാണ് നിരീക്ഷിക്കുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപിക്ക് നേരിട്ട് ബന്ധമില്ല. ജില്ലകളിലെ ഡാൻസാഫ് സംഘം ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലാണ്. മലപ്പുറം ഡാൻസാഫ് സംഘത്തിന്റെ മേൽനോട്ടം ഐ.ജിക്കും ഡിഐജിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ്. താൻ ഒരു ജില്ലയിലെയും ഡാൻസാഫ് സംഘത്തിന്റെ മേൽനോട്ടത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നിർദ്ദേശവും നൽകിയിട്ടുമില്ല. സോളാർകേസ് പൊലീസും ക്രൈംബ്രാഞ്ചും സിബിഐയുമാണ് അന്വേഷിച്ചത്. സോളാർ പരാതികളിൽ ഹൈക്കോടതിയുടെ ഇടപെടലുമുണ്ടായിരുന്നു. ആരോപണവിധേയരെ രക്ഷിക്കാൻ താൻ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |