
ഭൂമിയുമായി ബന്ധപ്പെട്ട് തർക്കങ്ങളേയില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള റവന്യു വകുപ്പിന്റെ ജനകീയവും ചരിത്രപരവുമായൊരു ചുവടുവയ്പിന് ഇന്ന് തുടക്കമാവുകയാണ്. സംസ്ഥാനത്തെ ഭൂഭരണത്തിൽ പുതിയ അദ്ധ്യായം കുറിച്ച്, റവന്യു, സർവെ, രജിസ്‌ട്രേഷൻ സംയോജിത ഡിജിറ്റൽ പോർട്ടൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമുള്ള, രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. ഡിജിറ്റൽ റീ സർവെയിലൂടെ കേരളത്തിൽ ഭൂമിയുടെ കൈവശ വിവരങ്ങൾ കൃത്യവും സുതാര്യവുമായി അളന്ന് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂഉടമകളുടെ പങ്കാളിത്തത്തോടെ ഇവ തർക്കമില്ലാത്ത സുരക്ഷിത ഡിജിറ്റൽ രേഖയായി മാറും.
വില്ലേജുകൾ വഴി ഭൂമി സംബന്ധമായ നിരവധി സേവനങ്ങൾ നിലവിൽ റവന്യൂ വകുപ്പിന്റെ 'റെലിസ്" എന്ന പോർട്ടലിലൂടെയാണ് നൽകി വരുന്നത്. 'റെലിസ്", ഭൂമി കൈമാറ്റങ്ങൾക്ക് സഹായകമായി രജിസ്‌ട്രേഷൻ വകുപ്പിന്റെ 'പേൾ", ഡിജിറ്റൽ റീസർവെ ഭൂവിവരങ്ങൾ അടങ്ങിയ സർവെ വിഭാഗത്തിന്റെ 'ഇ മാപ്പ്സ്" എന്നീ മൂന്ന് പോർട്ടലുകളും സംയോജിപ്പിച്ച് 'എന്റെ ഭൂമി" എന്ന പേരിൽ ഒരു ഓൺലൈൻ സംവിധാനമാണ് പുതിയതായി ഇന്ന് നിലവിൽ വരുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഏറെ മുന്നിട്ടുനിൽക്കുന്ന ലോക രാജ്യങ്ങളിൽ വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് ഇപ്പോൾ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം നിലവിലുള്ളത്.
എസ്‌തോണിയ, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് ഭൂരേഖകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയിട്ടുള്ളത്. യുകെ, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി എന്നീ രാജ്യങ്ങൾ ഇക്കാര്യത്തിൽ ഭാഗികമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇവരോടെല്ലാം കിടപിടിക്കും വിധം ഭൂരേഖകളുടെ സമഗ്ര ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിലൂടെ ഒരു പുതിയ കേരള മോഡൽ കൂടി യാഥാർത്ഥ്യമാവുകയാണ്. സംയോജിത ഡിജിറ്റൽ പോർട്ടലിനെ കേവലമൊരു ഓൺലൈൻ സംവിധാനം മാത്രമായി കാണാനാവില്ല. ലോകത്തിനാകെ മാതൃകയായി കേരളം നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ തുടർച്ചയും അഭിലഷണീയമായ കൂട്ടിച്ചേർക്കലുമാണ് ഡിജിറ്റൽ റീ സർവെയും 'എന്റെ ഭൂമി" എന്ന സംയോജിത പോർട്ടലും.
ഭൂപരിഷ്കരണം:
രണ്ടാം ഭാഗം
1970 ജനുവരി ഒന്നിന് നിലവിൽ വന്ന സമഗ്ര ഭൂപരിഷ്‌കരണ നിയമം പോലെ കേരളത്തിന്റെ മറ്റൊരു ചരിത്രമാണ് 2023-ൽ രണ്ടാം ഇടതു സർക്കാർ ആരംഭിച്ച ഡിജിറ്റൽ ലാൻഡ് സർവെ. ഇതൊരു രണ്ടാം ഭൂപരിഷ്‌കരണമാണ്. എല്ലാവർക്കും ഭൂമി ഉണ്ടാവണമെന്നും അവയ്ക്ക് കൃത്യമായ രേഖകൾ ഉണ്ടാവണമെന്നുമുള്ള പ്രഖ്യാപിത ലക്ഷ്യത്തിലൂന്നി പദ്ധതികൾ തയ്യാറാക്കിയാണ് ഈ മുന്നേറ്റം. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി റവന്യു വകുപ്പ് ഏറ്റെടുത്ത ഏറ്റവും ശക്തമായ തീരുമാനമാണ് ഡിജിറ്റൽ റീ സർവെ.
1966-ലാണ് കേരളത്തിൽ റീ സർവെ നടപടികൾ ആരംഭിക്കുന്നത്. അമ്പത്തിയഞ്ചു വർഷം പിന്നിട്ട് തിരിഞ്ഞുനോക്കുമ്പോൾ ആകെയുള്ള 1666 വില്ലേജുകളിൽ 921 എണ്ണത്തിൽ മാത്രമാണ് റീ സർവെ പൂർത്തിയാക്കിയത്. ചങ്ങല ഉൾപ്പെടെയുള്ള പരമ്പരാഗത സർവെ ഉപകരണങ്ങൾ മാത്രമാണ് നമുക്ക് ലഭ്യമായിരുന്നത് എന്നതാണ് ഇത്തരം കാലതാമസത്തിനു കാരണം. 1996 കാലഘട്ടത്തിൽ 'ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ" എന്ന പുതിയ സാങ്കേതികവിദ്യ നിലവിൽ വന്നെങ്കിലും ഉദ്ദേശിച്ച വേഗത കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. പതിനാറു വർഷംകൊണ്ട് ആകെ 92,000 ഹെക്ടർ ഭൂമി മാത്രമാണ് ഇതിലൂടെ അളന്ന് തിട്ടപ്പെടുത്താനായത്.
ഇതിനിടെ ഭൂമി സംബന്ധമായ തർക്കങ്ങളുടെ എണ്ണം കൂടി. അതിന് അനുസൃതമായി സർവെ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. ഈ ഘട്ടത്തിലാണ് കേരളത്തെ സമഗ്രവും സുതാര്യവുമായി വേഗത്തിൽ അളന്നു തിട്ടപ്പെടുത്തുന്ന ഡിജിറ്റൽ ലാൻഡ് സർവെ എന്ന ആശയത്തിലേക്കു പോയത്. ഇന്ത്യയിലെ ആധുനിക സാങ്കേതങ്ങളായ കോർസിന്റെ 28 സ്റ്റേഷനുകളുടെ ജിയോ നെറ്റ്‌വർക്കും, നാവിഗേറ്റർ സാറ്റലൈറ്റ് സിഗ്നലിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർ.ടി.കെ (Real- time Kinematic) ഉപകരണങ്ങളുടെയും, റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകളുടെയും സഹായത്തോടെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായി ഇപ്പോൾ ഡിജിറ്റൽ സർവെ മുന്നേറുകയാണ്. തമിഴ് നാട്, ആന്ധ്രാപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഡിജിറ്റൽ സർവെയുടെ കേരള മാതൃക അവിടങ്ങളിൽ അവലംബിക്കുന്നതിനു മുന്നോടിയായി കേരളത്തിലെത്തി പഠനങ്ങൾ നടത്തിയിരുന്നു.
സുതാര്യത
ഉറപ്പാക്കാൻ
'എന്റെ ഭൂമി" എന്ന പോർട്ടലിലൂടെ സംസ്ഥാനത്തെ മുഴുവൻ ഭൂമിയുടെയും ഡിജിറ്റൽ രേഖ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. 2022 നവംബർ ഒന്നിന് ആരംഭിച്ചെങ്കിലും സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യത, ജീവനക്കാരുടെ നിയമനം എന്നിവ സാദ്ധ്യമാക്കുന്നതിന് വേണ്ടിവന്ന കാലതാമസം തുടക്കത്തിൽ തടസങ്ങളുണ്ടാക്കി. 2023-ലാണ് എല്ലാ സംവിധാനങ്ങളോടെയുമുള്ള സർവെ ആരംഭിച്ചത്. 212 വില്ലേജുകളിലെ 35.5 ലക്ഷം ലാൻഡ് പാർസലുകളിലായി 4.87 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ ഇതിനകം ഡിജിറ്റലായി പൂർത്തിയാക്കി.
റീസർവെ നടക്കുന്ന വില്ലേജുകളിലെ എല്ലാ വാർഡുകളിലും ഗ്രാമസഭയുടെ മാതൃകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സർവെ സഭകളും, ഡിജിറ്റൽ സർവെയെ സഹായിക്കാനും നിരീക്ഷിക്കാനുമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികളും രൂപീകരിച്ച് ഭൂഉടമകളുടെ സാന്നിദ്ധ്യത്തിലാണ് സർവെ നടപടികൾ നടക്കുന്നത്. സർവെ പൂർത്തിയാക്കി, കരട് പ്രസിദ്ധീകരിക്കുമ്പോൾത്തന്നെ 'എന്റെ ഭൂമി" പോർട്ടലിൽ അത് അപ്‌ലോഡ് ചെയ്യും. ഇതിൽ ആക്ഷേപം ബോധിപ്പിക്കാനുള്ള അവസരം ഇതേ പോർട്ടലിലുണ്ട്. തുടർ പരാതികളുടെയും ഭൂമി തർക്ക കേസുകളുടെയും എണ്ണം കുറയ്ക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
ഒറ്റ കുടക്കീഴിൽ
സേവനങ്ങൾ
കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ കേരളത്തിൽ ഡിജിറ്റൽ സർവെ നടപടികൾ പൂർത്തീകരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. സർവെ പൂർത്തീകരിക്കുന്ന വില്ലേജുകളിൽ 'എന്റെ ഭൂമി"- സംയോജിത പോർട്ടൽ കൂടി യാഥാർത്ഥ്യമാകുതോടെ ഭൂമി കൈമാറ്റ പ്രക്രിയയിൽ അഭിമാനകരമായ നേട്ടം കൈവരിക്കാനാകും. ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്‌ട്രേഷനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്‌കെച്ച്, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, ഭൂമിയുടെ നികുതി അടവ്, ഭൂമി തരംമാറ്റം, ഭൂമിയുടെ ന്യായവില നിർണയം തുടങ്ങിയ സേവനങ്ങളെല്ലാം ഒറ്റ പോർട്ടലിലൂടെ ലഭിക്കുന്ന ഒരേയൊരു സംസ്ഥാനമായി കേരളം മാറുകയാണ്!
വില്ലേജ് ഓഫീസ്, സർവേ ഓഫീസ്, രജിസ്‌ട്രേഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് വെവ്വേറെ മാത്രം ലഭ്യമായിരുന്ന സേവനങ്ങളാണ് ഇതോടെ വിരൽത്തുമ്പിലേക്കു വരുന്നത്. റവന്യു, സർവെ, രജിസ്‌ട്രേഷൻ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ 'എന്റെ ഭൂമി" സംയോജിത പോർട്ടലിലൂടെ കാര്യക്ഷമവും കൂടുതൽ വേഗത്തിലുള്ളതുമായ സേവനത്തിനൊപ്പം സുതാര്യതയും സുരക്ഷയും ഉറപ്പാവുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |