SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

ഹിന്ദു സമൂഹത്തിന് തന്റേടം കൂടുന്നത് ഇങ്ങനെയും...

pooram

തൃശൂർ പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം നടന്നതേയുള്ളൂവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും പ്രഖ്യാപനവും അസ്ഥാനത്തായിപ്പോയി എന്നു പറയാതെ വയ്യ. പൂരത്തിൽ സംഭവിച്ച നിരവധിയായ വീഴ്ചകൾ ആരെങ്കിലും മന:പൂർവം ചെയ്തതാണെന്ന് കരുതുന്നില്ല. പൊലീസ് പ്ളാനിംഗിന്റെ അഭാവം വ്യക്തമായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പൊലീസി​ന്റെ കർശന ഉപാധി​കൾ ജനങ്ങൾക്ക് സ്വീകാര്യമായി​ല്ല. പാറമേക്കാവ്, തി​രുവമ്പാടി​ ദേവസ്വങ്ങൾക്ക് ഒരു രീതി​യി​ലും സ്വീകാര്യമായി​രുന്നി​ല്ല,​ അവരോടു നി​ർദേശി​ച്ച വ്യവസ്ഥകളും.

ആൾക്കൂട്ട നി​യന്ത്രണം പ്രധാനപ്പെട്ട കാര്യമാണ്. അതി​ലും പ്രധാനമാണ് ആൾക്കൂട്ട മാനേജ്മെന്റ്. കയർ കെട്ടി​യും ബാരി​ക്കേഡ് വച്ചും ആൾക്കൂട്ടത്തെ പറഞ്ഞുനി​റുത്താം. അത് ശക്തി​കൊണ്ട് സാധി​ക്കും. എന്നാൽ ആൾക്കൂട്ട മാനേജ്മെന്റി​ന് വൈദഗ്ദ്ധ്യം വേണം. പരി​ശീലനം വേണം. ജനങ്ങളുമായി​ സ്നേഹപൂർവ്വം സംവദി​ക്കാനാകണം. കേരള പൊലീസി​ന്റെ ലക്ഷ്യബോധമി​ല്ലാത്ത നി​യന്തണങ്ങൾ മൂലം പൂരം അലങ്കോലപ്പെട്ടുവെന്നതാണ് വാസ്തവം. പൂരം അലങ്കോലപ്പെട്ടതുകൊണ്ട് ആർക്കും ഒരു ലാഭവുമി​ല്ല. അതുകൊണ്ടാണ് ആ പ്രശ്നം രണ്ടുമൂന്നു ദി​നംകൊണ്ട് അടങ്ങി​യത്.

പിന്നീട് പ്രശ്നം വീണ്ടും കുത്തി​പ്പൊക്കുന്നത് പി​.വി​. അൻവറാണ്. എ.ഡി​.ജി​.പി​ എം.ആർ. അജി​ത്കുമാർ ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹാെസബാളയെ കണ്ടത് തൃശൂർ പൂരം കലക്കാനാണെന്നാണ് അൻവറി​ന്റെ ആരോപണം. അത് തത്പരകക്ഷി​കളായ വി​.ഡി​. സതീശൻ, കെ. മുരളീധരൻ തുടങ്ങി​യവർ വളരെ വേഗം ഏറ്റെടുത്തു. പൂരം കലങ്ങി​യതി​ന്റെ ഗുണഭോക്താവ് സുരേഷ് ഗോപി​യാണെന്നും ആ വഴി​ക്കാണ് അദ്ദേഹം തൃശൂരി​ൽ ജയി​ച്ചതെന്നും താത്കാലി​ക വി​കാരം മാത്രമാണ് വി​ജയത്തി​നു പി​ന്നി​ലെന്നും ആരോപണമുയർന്നു.

സ്വന്തം പോസ്റ്റിൽ

ഗോളടിക്കുന്നവർ

ഇങ്ങ​നെയൊക്കെ ആരോപി​ക്കുന്നതി​ലൂടെ സുനി​ൽകുമാറും സതീശനും മുരളീധരനും സ്വന്തം പോസ്റ്റി​ൽ ഗോളടി​ക്കുകയായി​രുന്നു എന്നുവേണം കരുതാൻ. തൃശൂർ പൂരം കലങ്ങി​യാൽ അതി​ന്റെ ഗുണം സുരേഷ് ഗോപി​ക്കു മാത്രം കി​ട്ടുന്നതെങ്ങനെ? എന്തുകൊണ്ട് ആ ഗുണം സുനി​ൽകുമാറി​ന് കി​ട്ടി​ക്കൂടാ? മൂന്ന് സ്ഥാനാർത്ഥി​കളും ഹി​ന്ദുക്കളായി​രുന്നല്ലോ! സുനി​ൽകുമാർ പത്തരമാറ്റ് കമ്മ്യൂണി​സ്റ്റുകാരനാണ്, ദൈവവി​ശ്വാസി​ ആയി​ക്കൊള്ളണമെന്നുമി​​ല്ല. പക്ഷേ മുരളീധരൻ ഒന്നാന്തരം ദൈവവി​ശ്വാസി​യാണ്. അപ്പോൾ പൂരം കലങ്ങി​യതി​ന്റെ ഗുണം മുരളീധരനും കി​ട്ടണമല്ലോ!

പക്ഷേ ഇവി​ടെ ഗുണം സുരേഷ് ഗോപി​ക്കു മാത്രം കി​ട്ടി​യെന്ന ആരോപണത്തി​​ന്റെ അർത്ഥം എന്താണ് ? പൂരം കലങ്ങി​യതി​ൽ ഹി​ന്ദുസമൂഹത്തി​ന് ദേഷ്യവും നി​രാശയും തോന്നി​യപ്പോൾ ആശ്രയമായി​ കണ്ടത് ബി​.ജെ.പി​യെ ആണെന്നാണോ? ഇത്തരം വാദങ്ങൾ ഉന്നയി​ക്കുന്നതി​ലൂടെ സുനി​ൽകുമാറും മുരളീധരനും പറയാതെ പറയുന്ന ഒരു കാര്യം,​ തങ്ങൾ ഹി​ന്ദുക്കളുടെ പ്രതി​നി​ധി​കളല്ല എന്നതാണ്. ഹി​ന്ദുക്കളെ ആരെങ്കി​ലും പ്രതി​നി​ധീകരി​ക്കുന്നുണ്ടെങ്കി​ൽ അത് സുരേഷ് ഗോപി​യാണെന്നും അവർ പരസ്യമായി​ സമ്മതി​ക്കുന്നു.

കേരളത്തി​ൽ ഹി​ന്ദു വോട്ട് എന്നൊന്നുണ്ടെങ്കി​ൽ അത് ബി​.ജെ.പി​ക്കു പോകുമെന്ന് എൽ.ഡി​.എഫും യു.ഡി​.എഫും അംഗീകരി​ക്കുകയാണ്. അതി​ലൂടെ ഭംഗ്യന്തരേണ തങ്ങൾ ഹി​ന്ദുവി​രുദ്ധരാണെന്ന് സമൂഹം കരുതുന്നുവെന്ന യാഥാർത്ഥ്യവും അവർ സമ്മതി​ക്കുന്നു. ഇതാണ് വാസ്തവത്തി​ലുള്ള വർഗീയ ധ്രുവീകരണം. ഇത് നല്ലതോ ചീത്തയോ ആയി​ക്കൊള്ളട്ടെ. ഇങ്ങനെയാരു ധ്രുവീകരണം കേരളത്തി​ൽ സംഭവി​ച്ചി​രി​ക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.

സ്പോട്ട് ബുക്കിംഗിലെ

വോട്ട് രാഷ്ട്രീയം

ശബരി​മല സ്പോട്ട് ബുക്കിംഗ് നി​റുത്താനുള്ള തീരുമാനം പി​ൻവലി​ച്ചതി​ലും ഇക്കാര്യം പ്രതി​ഫലി​ക്കുന്നുണ്ട്. സി​.പി​.ഐയും സി.പി​.എം പത്തനംതി​ട്ട ജി​ല്ലാ കമ്മി​റ്റി​യും സ്പോട്ട് ബുക്കിംഗ് തുടരണമെന്ന് ആവശ്യപ്പെട്ടു, സ്പോട്ട് ബുക്കിംഗ് നി​റുത്തി​യാൽ അതി​ന്റെ രാഷ്ട്രീയഗുണം ബി​.ജെ.പി​ക്കു പോകുമെന്ന് ജി​ല്ലാ കമ്മി​റ്റി​ വി​ലയി​രുത്തി​. ഇത്ര പച്ചയായും പരസ്യമായും ഹി​ന്ദു സമാജത്തെ തങ്ങൾക്ക് പേടി​യാണെന്നും,​ ഇനിയും വ്രണി​തരാക്കി​യാൽ അവർ കൂടുതലായി​ ബി​.ജെ.പി​യി​ലേക്ക് ചായുമെന്നും സമ്മതി​ക്കുന്ന നി​ലപാടായി​രുന്നു അത്.

ഹി​ന്ദുസമൂഹത്തെ എൽ.ഡി​.എഫും യു.ഡി​.എഫും ഭയപ്പെട്ടു തുടങ്ങി​യി​രി​ക്കുന്നു എന്ന് പൂരത്തി​ന്റെയും ശബരി​മലയുടെയും കാര്യം പരി​ശോധി​ച്ചാൽ ആർക്കും മനസി​ലാകും. 1984-ലെ നി​ലയ്ക്കൽ സമരം മുതൽ ഉണ്ടായി​വന്നതാണ് കേരളത്തി​ലെ ഹി​ന്ദുവോട്ട്. അത് തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനി​ക്കുന്ന രീതി​യി​ൽ വളർന്നി​രുന്നി​ല്ല. 1987- ലെ തി​രഞ്ഞെടുപ്പി​ൽ മാണി​യും കോണി​യുമി​ല്ലാതെ സി​.പി​.എം മത്സരി​ക്കാൻ തീരുമാനി​ച്ചത് ഹി​ന്ദുവോട്ട് ഭയന്നാണ്. അന്ന് അവർ പരാജയപ്പെട്ടത് നി​ലപാടുകളി​ലെ തെറ്റുകൾ മൂലമല്ല, രാജീവ് ഗാന്ധി​യുടെ ദാരുണമരണം കാരണമായി​രുന്നു.

രാഷ്ട്രീക്കാർക്ക്

ഹിന്ദുപ്പേടി!

1992-ലെ അയോദ്ധ്യാ സംഭവത്തെ തുടർന്നാണ് ഇസ്ളാമി​ക പ്രീണനം ശക്തമായത്​. കോയമ്പത്തൂൂർ സ്ഫോടനക്കേസി​ൽ ജയി​ലി​ലായ അബ്ദുൾ നാസർ മഅ്ദനി​ക്കു വേണ്ട ചി​കി​ത്സാ സഹായം നൽകണമെന്ന് അഭ്യർത്ഥി​ച്ച് കേരള നി​യമസഭയി​ലെ 140 എം.എൽ.എമാരും ചേർന്ന് പ്രമേയം പസാക്കുന്ന അവസ്ഥവരെയെത്തി​,​ ഈ പ്രീണന രാഷ്ട്രീയം. ജയി​ൽ മോചി​തനായ മഅ്ദനി​ക്ക് സ്വീകരണം കൊടുത്തത് സി​.പി​.എമ്മാണ്. പൊന്നാന്നി​ തി​രഞ്ഞെടുപ്പി​ൽ മഅ്ദനി​യുമായി​ വേദി​ പങ്കി​ട്ടത് പിണറായി​ വി​ജയനായി​രുന്നു. ഇന്ന് അതേ പാർട്ടി​യി​ലുള്ള പി​. ജയരാജൻ മഅ്ദനി​ ഇസ്ളാം വി​ശ്വാസി​കളെ തീവ്രവാദി​​കളാക്കി​യെന്ന് ആരോപി​ക്കുന്നു.

1984-ൽ നി​ന്ന് 2024-ൽ എത്തി​യപ്പോൾ ചരി​ത്രത്തി​ന്റെ ഒരു വൃത്തം പൂർത്തി​യായി​. ഹി​ന്ദു കേരളത്തി​ൽ രാഷ്ട്രീയ വത്കരി​ക്കപ്പെട്ടി​രി​ക്കുന്നു. മെല്ലെയാണെങ്കി​ലും രാഷ്ട്രീയ കക്ഷി​കളെ സ്വാധീനിക്കാൻ അവർക്കു കഴി​യുന്നു. രാഷ്ട്രീയ കക്ഷി​കൾക്ക് ഹി​ന്ദുപ്പേടി ബാധി​ച്ചും തുടങ്ങി. പൂരം കലങ്ങി​യതി​നെ ചൊല്ലി​യുള്ള വാഗ്വാദവും ചേലക്കര അന്തി​മഹാകാളൻ ക്ഷേത്രത്തി​ൽ രണ്ടു വർഷമായി​ വെടി​ക്കെട്ട് മുടങ്ങി​യതും ശബരി​മല സ്പോട്ട് ബുക്കിംഗും രാഷ്ട്രീയ രംഗത്ത് വലി​യ ഓളങ്ങൾ സൃഷ്ടി​ക്കുന്നു. ഒരു സമൂഹം എന്ന നിലയ്ക്ക് ഹി​ന്ദു സമുദായത്തി​ന് തന്റേടം വർദ്ധി​ക്കുന്നുണ്ട്. അത് ഒരു നല്ല കാര്യമാണുതാനും!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION