SignIn
Kerala Kaumudi Online
Saturday, 24 October 2026 11.53 AM IST

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 10 ന് വിരമിക്കുന്നു, നീതിയുടെ ചാന്ദ്രയുഗം

chandrachud
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഭാര്യ കൽപനാ ദാസും തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം സന്ദർശിച്ചപ്പോൾ

ചരിത്രവിധികളുടെയും രാഷ്ട്രീയ വിവാദങ്ങളുടെയും 'ചന്ദ്രചൂഡ് യുഗം" അവസാനിക്കുകയാണ്. 2022 നവംബർ 9 മുതൽ രണ്ടുവർഷം രാജ്യത്തിന്റെ ഏറ്റവും കരുത്തുറ്റ പദവികളിലൊന്നായ ചീഫ് ജസ്റ്റിസ് കസേര അലങ്കരിച്ച ഡി.വൈ. ചന്ദ്രചൂഡ് എന്ത് അവശേഷിപ്പിച്ചാണ് ഇറങ്ങുന്നതെന്ന ചോദ്യം പ്രസക്തം. താൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി പ്രവർത്തിച്ച കാലയളവിനെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തുമെന്ന ആകാംക്ഷ അടുത്തിടെ ചന്ദ്രചൂഡ് തന്നെ പങ്കുവച്ചിരുന്നു. കാര്യങ്ങൾ കൂടുതൽ വ്യത്യസ്‌തമായി ചെയ്യാൻ കഴിയുമായിരുന്നോ,​ ഉദ്ദേശിച്ചതെല്ലാം നേടിയോ,​ അടുത്ത തലമുറയിലെ ജഡ്‌ജിമാർക്കും നിയമവിദഗ്ദ്ധർക്കുമായി എന്തു സന്ദേശം ബാക്കിവച്ചാണ് മടങ്ങേണ്ടത് തുടങ്ങിയ ചോദ്യങ്ങൾ താൻ സ്വയം ചോദിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ചന്ദ്രചൂഡ് അനുകൂലികളും പ്രതികൂലികളും വലിയതോതിലാണ് ഈ പരാമർശങ്ങളോട് പ്രതികരിച്ചത്. രാജ്യത്തെ അത്രയധികം സ്വാധീനിച്ച വിധികൾ അദ്ദേഹം പുറപ്പെടുവിച്ചത് ചന്ദ്രചൂഡ് അനുകൂലികളായ അഭിഭാഷക‌ർ എടുത്തുക്കാട്ടുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും,​ മാദ്ധ്യമ സ്വാതന്ത്ര്യത്തിനും അനുകൂലമായി നിരന്തരം നിലപാടെടുത്ത ജഡ്‌ജിയാണ്. 'വിയോജിപ്പ്" എന്നത് ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ് ആണെന്ന് അദ്ദേഹം നിലപാടെടുത്തു. അതിനെ അമർത്താൻ നോക്കിയാൽ ജനാധിപത്യത്തിന്റെ പ്രഷർ വാൽവ് പൊട്ടിത്തെറിക്കുമെന്നു പറഞ്ഞപ്പോൾ രാജ്യം കാതോർത്തു.

അതേസമയം,​ ചന്ദ്രചൂഡിന്റെ ചീഫ് ജസ്റ്റിസ് കാലഘട്ടം നിരാശാജനകമാണെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവ അഭിപ്രായപ്പെട്ടത് നിയമവൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. ചരിത്രം ചന്ദ്രചൂഡിനെ മറന്നുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ഒരേസമയം ഹിന്ദു വലതുപക്ഷ പ്രത്യയശാസ്ത്രവും, പുരോഗമന ചിന്തയും സൂക്ഷിക്കുന്ന വിരുദ്ധ നിലപാടുകളുള്ള നിഗൂഢമായ സ്വഭാവത്തിനുടമയാണ് ചന്ദ്രചൂഡ് എന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് അഭിപ്രായപ്പെടുന്നു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും 'ഓവർ റേറ്റഡ്" ആയ ചീഫ് ജസ്റ്റിസ് എന്ന് ഒരുവിഭാഗം നിയമവിദഗ്ദ്ധ‌ർ ചന്ദ്രചൂഡിനെ വിലയിരുത്തുന്നു. അതേസമയം, ചന്ദ്രചൂഡിന എതിർക്കുന്നവർ പോലും അദ്ദേഹത്തിന്റെ ബുദ്ധിശക്തിയെയും ആഴത്തിലുള്ള അറിവിനെയും ജുഡിഷ്യൽ ബോദ്ധ്യങ്ങളെയും അംഗീകരിക്കുകയും ചെയ്യുന്നു.

വിടാതെ

അയോദ്ധ്യ

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഉത്തരവിട്ടത് ചന്ദ്രചൂഡ് കൂടി അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്. വിധിയെഴുതിയ ജഡ്‌ജിയാരെന്നത് ഇന്നും രഹസ്യം. അക്കാര്യം വിധിന്യായത്തിൽ വെളിപ്പെടുത്തേണ്ടതില്ല എന്ന തീരുമാനം അഞ്ച് ജഡ്‌ജിമാരും ഏകകണ്ഠമായി എടുത്തതാണെന്ന് ചന്ദ്രചൂഡ് ഇക്കഴിഞ്ഞ ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണമുണ്ടായിരുന്നെങ്കിലും പോയില്ല. പകരം ജൂലായിൽ ക്ഷേത്രം സന്ദർശിച്ച് രാമനെ തൊഴുതു. അയോദ്ധ്യ തർക്ക പരിഹാരം എങ്ങനെയാകണമെന്നതിൽ ആശയക്കുഴപ്പമുണ്ടായെന്നും,​ തീരുമാനത്തിലെത്താൻ ദേവനു മുന്നിൽ പ്രാർത്ഥിച്ചെന്നും ചന്ദ്രചൂഡ് കഴിഞ്ഞ മാസം പരാമർശിച്ചത് വൻ വിവാദമായി. പ്രസംഗം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ ആയതോടെ ട്രോളുകൾ നിറ‌ഞ്ഞു. തന്റെ വിശ്വാസവും നീതി നടപ്പാക്കലും തമ്മിൽ ബന്ധമില്ലെന്നും,​ ഓരോ കേസും നിയമവും ഭരണഘടനയും അനുസരിച്ചാണ് വിധിക്കുന്നതെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു.

ചോദ്യമുയർത്തി

ഗണേശപൂജ

വിനായക ചതുർത്ഥിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി സന്ദർശിച്ചതും പൂജ നടത്തിയതും വലിയ വിവാദമായി. ജുഡിഷ്യൽ സ്വാതന്ത്ര്യത്തിന് എതിരായ നടപടിയെന്ന് ഒരുവിഭാഗം അഭിഭാഷകർ വിമർശനമുന്നയിച്ചു. വിവാദത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും പരസ്‌പരം പോരടിച്ചു. മോദിയുടെ സന്ദർശനത്തിൽ തെറ്റില്ലെന്ന് പിന്നീട് ചന്ദ്രചൂഡ് ന്യായീകരിച്ചു. ജു‌ഡിഷ്യറിയും എക്‌സിക്യുട്ടീവും അവയുടെ ഭൗതിക സൗകര്യം മെച്ചപ്പെടുന്നതിന് അടക്കം കൂടിക്കാഴ്ചകൾ നടത്താറുണ്ട്. അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. പരസ്‌പരം കാണാനേ പാടില്ലെന്ന് പറയാനാകില്ലെന്നും നിലപാടെടുത്തു.

താൻ വിശ്വാസിയാണെന്ന് തുറന്നുപറഞ്ഞ ജഡ്‌ജിയാണ് ചന്ദ്രചൂഡ്. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും വ്യക്തമാക്കി. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ അടക്കം അദ്ദേഹം സന്ദർശനം നടത്തുന്നത് പതിവാണ്.

ധൈര്യം

കാണിച്ചോ ?

ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടതും, രാഷ്ട്രീയമായി സെൻസിറ്റീവ് ആയവയുമായ പല കേസുകളിലും ഇടപെടാൻ ചന്ദ്രചൂഡ് ധൈര്യം കാണിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. ചില കേസുകൾ ഇനിയൊരിക്കലും ഉയ‌ർന്നുവരാൻ ഇടയില്ലാത്ത വിധം കുഴിച്ചുമൂടിയെന്ന് വിമർശനമുയർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച മുംബയ് പ്രത്യേക കോടതി ജഡ്‌ജി ബി.എച്ച്. ലോയ ദുരൂഹസാഹചര്യത്തിൽ നാഗ്പൂരിൽ മരിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം ആ വശ്യപ്പെട്ട ഹർജികൾ തള്ളിക്കൊണ്ട് വിധിയെഴുതിയത് ചന്ദ്രചൂഡായിരുന്നു. പൗരത്വ നിയമഭേദഗതി, ലൗ ജിഹാദിനെതിരെയുള്ള സംസ്ഥാന നിയമങ്ങൾ, കർണാടകയിലെ ഹിജാബ് നിരോധനം തുടങ്ങിയവയിലും കാര്യമായി ഇടപെട്ടില്ല.

ഹാദിയ കേസിൽ എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത് ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചാണ്. സ്വന്തം ഇഷ്‌ടപ്രകാരമാണ് മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതെന്ന് ഹാദിയ നിലപാടെടുത്തതോടെ അവരെ ഒരുമിച്ചു ജീവിക്കാനും അനുവദിച്ചു. ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ചു. തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കിയെങ്കിലും,​ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ തയ്യാറായില്ല.

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജുഡിഷ്യൽ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കേന്ദ്രസർക്കാർ അടയിരിക്കുന്നുവെന്ന ഹർജികൾ പരിഗണിച്ചിരുന്നത് ജസ്റ്റിസ് എസ്.കെ. കൗളിന്റെ ബെഞ്ചിലായിരുന്നു. എന്നാൽ അവ 2023 ഡിസംബറിൽ ലിസ്റ്റിൽ നിന്ന് പൊടുന്നനെ നീക്കപ്പെട്ടു. തുറന്ന കോടതിയിൽ അതൃപ്‌തി രേഖപ്പെടുത്തിയ കൗൾ,​ എന്താണു സംഭവിച്ചതെന്ന് ചന്ദ്രചൂഡിന് അറിയാമെന്ന് പരാമർശിച്ചിരുന്നു. തന്റെ കാലയളവിൽ സുപ്രീംകോടതിയിലേക്ക് ഒരു വനിതാ ജഡ്‌ജിയെപ്പോലും നിയമിക്കാൻ അദ്ദേഹം മുൻകയ്യെടുത്തില്ല എന്ന വിമർശനം നിലനിൽക്കുന്നു. 17ൽപ്പരം പേരാണ് ചന്ദ്രചൂഡിന്റെ കാലഘട്ടത്തിൽ സുപ്രീംകോടതി ജഡ്‌ജിമാരായത്. എന്നാൽ, സ്ഥാനക്കയറ്റം നൽകാൻ മാത്രം സീനിയറായ വനിതാ ഹൈക്കോടതി ജഡ്‌ജിമാർ ഇല്ലായിരുന്നുവെന്നാണ് ഇക്കാര്യത്തിൽ ചന്ദ്രചൂഡിന്റെ വിശദീകരണം.

അച്‌ഛനെ

തിരുത്തി

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന്റെ വിധികൾ മകൻ ഡി.വൈ. ചന്ദ്രചൂഡ് തിരുത്തിയത് കൗതുകമായിരുന്നു. അച്‌ഛന്റെ മുൻനിലപാട് തള്ളി, സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചു. വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമാണെന്ന് അച്‌ഛൻ ചന്ദ്രചൂഡ് 1985-ൽ വിധിച്ചപ്പോൾ,​ 2018-ൽ മകൻ ചന്ദ്രചൂഡ് അതു തിരുത്തി. ക്രിമിനൽ കുറ്റമല്ലെന്നും,​ വിവാഹമോചനത്തിന് കാരണമായി പറയാനുള്ള സിവിൽ കുറ്റം മാത്രമാണെന്നും വിധിച്ചു.

കണ്ണു തുറന്ന

നീതിദേവത

സുപ്രീംകോടതിയിലെ നീതിദേവതാ പ്രതിമയെ ഭാരതീയമാക്കിയത് ചന്ദ്രചൂഡാണ്. കൊളോണിയൽ അവശേഷിപ്പ് മാറ്റി. നിയമം അന്ധമല്ലെന്ന സന്ദേശം നൽകാൻ നീതിദേവതയുടെ കണ്ണിലെ കെട്ടഴിച്ചു. ഇടതുകൈയിൽ വാളിനു പകരം ഇന്ത്യൻ ഭരണഘടന വന്നു. ഗൗണിനു പകരം ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമായ സാരിയും ആഭരണങ്ങളും. ജഡ്‌ജസ് ലൈബ്രറിയിൽ സ്ഥാപിച്ച ആറടി ഉയരമുള്ള പ്രതിമ രാജ്യാന്തരതലത്തിൽ ചർച്ചയായി.

ശ്രദ്ധേയമായ

ഇടപെടലുകൾ

മണിപ്പൂർ സംഘർഷത്തിനിടെ, സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മണിക്കൂറുക്കൾക്കകം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇടപെട്ടു. സ്വമേധയാ കേസെടുത്തു. സ്‌ത്രീകളുടെയും കുട്ടികളുടെയും അടക്കം സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകി. ഇരകളുടെ നഷ്‌ടപരിഹാരം, പുനരധിവാസം, കേസുകളുടെ അന്വേഷണ മേൽനോട്ടം എന്നിവയ്‌ക്ക് വനിതാ ജഡ്‌ജിമാർ ഉൾപ്പെട്ട ഉന്നതതല സമിതി രൂപീകരിച്ചു. ഇക്കൊല്ലത്തെ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിലും ഇടപെട്ടു. പുന:പരീക്ഷ അനുവദിച്ചില്ലെങ്കിലും പരീക്ഷാനടത്തിപ്പ് കുറ്റമറ്റതാക്കാൻ നിർദ്ദേശങ്ങൾ നൽകി. കൊൽക്കത്തയിൽ പി.ജി ട്രെയിനി ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്തു.

നടപടികൾക്ക്

എ.ഐയും

സുപ്രീംകോടതിയിലെ ഭൗതിക സൗകര്യങ്ങളിൽ വൻ മാറ്റമാണ് ചന്ദ്രചൂഡ് കൊണ്ടുവന്നത്. കൊവിഡ് കാലത്തോടെ വീഡിയോ കോൺഫറൻസ് സംവിധാനവും, ഔദ്യോഗിക വെബ്സൈറ്റും കാര്യക്ഷമമാക്കി. സുപ്രധാന കേസുകളിലെ കോടതി നടപടികളുടെ തത്സമയ സംപ്രേഷണം ഉറപ്പാക്കി. കോടതി കടലാസു രഹിതമാക്കാൻ ഊർജ്ജിത നടപടികൾ സ്വീകരിച്ചു. കേസ് മാനേജ്മെന്റിന് അടക്കം ഇപ്പോൾ നിർമിത ബുദ്ധി (എ.ഐ)​ ഉപയോഗിക്കുന്നു. സുപ്രീംകോടതിയുടെ സ്വന്തം ആപ് മെച്ചപ്പെടുത്തി. കീഴ്ക്കോടതികളിൽ സാങ്കേതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടിയെടുത്തു.

 ഡി.വൈ. ചന്ദ്രചൂഡ്

1959 നവംബ‌ർ 11ന് മുംബയിൽ ജനനം. അച്‌ഛൻ ആകാശവാണിയിലെ മുൻ ഗായകനും, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായിരുന്ന വൈ.വി. ചന്ദ്രചൂഡ്. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം. യു.എസിലെ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം. 11 വർഷം അഭിഭാഷകൻ. ആദ്യ എൻ.ഡി.എ സർക്കാരിൽ 1998-ൽ അഡിഷണൽ സോളിസിറ്റർ ജനറൽ. ബോംബെ ഹൈക്കോടതിയിൽ 13 വർഷം ജഡ്‌ജി. 2013-ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. 2016-ൽ സുപ്രീംകോടതി ജഡ്‌ജിയായി. 2022 നവംബറിൽ രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസ്. ആദ്യഭാര്യ രശ്‌‌മി ചന്ദ്രചൂഡ് 2007ൽ മരിച്ചു. പിന്നീട് കൽപനാ ദാസിനെ വിവാഹം ചെയ്‌തു. മക്കൾ: അഭിനവ് ചന്ദ്രചൂഡ്, ചിന്തൻ ചന്ദ്രചൂഡ്, വളർത്തുപെൺമക്കളായ പ്രിയങ്ക, മാഹി.

കൊൽക്കത്ത ആർ.ജി കർ കേസ് പരിഗണിക്കുന്നതിനു തൊട്ടുമുൻപ് ചന്ദ്രചൂഡിന്റെ ഭാര്യ കൽപനാ ദാസിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണമുണ്ടായി. ബംഗാൾ ആരോഗ്യ വകുപ്പിൽ നിർണായക സ്വാധീനമുണ്ടെന്ന് ആരോപണമുയർന്ന നോർത്ത് ബംഗാൾ ലോബിയുമായി ചീഫ് ജസ്റ്റിസിന്റെ ഭാര്യയ്‌ക്ക് ബന്ധമുണ്ടെന്നായിരുന്നു പ്രചാരണം. പൊലീസ് അന്വേഷണം നടത്തിയിരുന്നു.

ശ്രദ്ധേയ

വിധികൾ

സുപ്രീകോടതി ജഡ്‌ജി എന്ന നിലയിൽ 520-ൽപ്പരം വിധിന്യായങ്ങളാണ് ജ. ഡി.വൈ. ചന്ദ്രചൂ‌ഡ് എഴുതിയത്.

1. സമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ചു

2. സ്വവ‌ർഗ വിവാഹത്തിന് നിയമസാധുത വേണമെന്ന ആവശ്യം തള്ളി

3. ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുകൂല നിലപാടെടുത്തു

4. കൊവിഡ് കാലത്ത് ഓക്‌സിജൻ വിതരണം,​ ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതം എന്നിവയിൽ ഇടപെടൽ നടത്തി

5. ധാതുക്കൾക്കും ഖനികൾക്കും ധാതുസമ്പന്നമായ മറ്റു ഭൂമികൾക്കുമുള്ള നികുതികൾ പിരിക്കാൻ സംസ്ഥാനങ്ങൾക്കാണ് അധികാരമെന്ന് വിധിച്ചു

6. കാർ ലൈസൻസ് ഉള്ളവർക്ക് മിനി ബസും മിനി ലോറിയും ഉൾപ്പെടെ 7,500 കിലോയിൽ താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാമെന്ന വിധി

7. എല്ലാ സ്വകാര്യസ്വത്തുക്കളും രാജ്യത്തിന്റെ ഭൗതിക വിഭവമല്ലെന്ന ചരിത്രവിധി. ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരുടെ നിലപാടിനെ വിമർശിച്ചത് വിവാദമായി.

8. ഭീമാ കൊറേഗാവ് പ്രതികളായ ആക്‌ടിവിസ്റ്റുകളെ അറസ്റ്റു ചെയ്‌ത രീതിക്കെതിരെ പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്ന് ന്യൂനപക്ഷ വിധിയെഴുതി

9. ആധാർ പദ്ധതിയെ എതിർത്ത് ന്യൂനപക്ഷ വിധി

10. പണബില്ലായി അവതരിപ്പിച്ച് നിയമങ്ങൾ പാസാക്കുന്ന കേന്ദ്രനടപടിക്കെതിരെ ന്യൂനപക്ഷ വിധിയെഴുതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHANDRACHOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION