
തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രത്യാശയുടെ ദീപം കൊളുത്തി, സാമൂഹിക നീതിക്കായി പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം നിന്ന മഹാകവി കുമാരനാശാന്റെ ജീവിതകഥയിൽ എക്കാലവും ഓർക്കേണ്ട ഒരു ദിവസമാണ് 1921 നവംബർ ഒമ്പത്. 1920 ൽ തിരുവിതാംകൂർ നിയമനിർമ്മാണ സഭയിലേക്ക് ആദ്യമായി കടന്നുവന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ, ആ സഭാ തളത്തിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ സമാപ്തി ദിവസമായിരുന്നു, 103 വർഷങ്ങൾക്കു മുമ്പുള്ള ഇതേ ദിവസം.
കേരള നിയമസഭാ സ്പീക്കർ, 'അറിവോരം" എന്ന ഔദ്യോഗിക ന്യൂസ് ലെറ്ററിൽ (2024 ജനുവരി) കുറിച്ചത് ഇങ്ങനെ: 'കുമാരനാശാനെ അക്ഷരങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിച്ച മഹാകവി എന്ന് അടയാളപ്പെടുത്താറാണ് പതിവ്. അതിനുമപ്പുറം അദ്ദേഹം ജീവിച്ച കാലഘട്ടത്തിലെ സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ പലപ്പോഴും ചർച്ചയാവാറില്ല." ഈ പ്രസ്താവനയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ചരിത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ ഈ ലേഖകന് പഴയ നിയമസഭാ രേഖകളെത്തന്നെ ആശ്രയിക്കേണ്ടിവന്നു. അപ്പോഴാണ്, സ്പീക്കർ വായിച്ചതായി മേൽപ്പറഞ്ഞ ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള, രണ്ടു വർഷങ്ങളിലെ കുമാരനാശാന്റെ പ്രജാസഭാ പ്രസംഗങ്ങൾക്കപ്പുറം, നമ്മളറിയേണ്ട നിരവധി ചരിത്രവസ്തുതകൾ വിസ്മരിക്കപ്പെട്ടു പോയിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്.
ആ ദിവസമാണ്, (1921 നവംബർ 9) സെലക്ട് കമ്മിറ്റിക്ക് പോയി, ചില ഭേദഗതികളോടെ സഭയിൽ ഒരു വ്യക്തി നിയമത്തിന്റെ കരട് ബില്ലായി വന്ന 'ഈഴവ ബിൽ" വീണ്ടും അവതരിപ്പിച്ചു പാസാക്കണോ എന്ന ആലോചനയുണ്ടായത്. ചർച്ചയിൽ പല അഭിപ്രായങ്ങളും സമുദായത്തിനുള്ളിൽ നിന്നുണ്ടായപ്പോൾ ചില ഭേദഗതികൾ ആവശ്യമാണെന്ന ആശാന്റെ അഭിപ്രായം പരിഗണിച്ച്, പുതിയ റെഗുലേഷൻ (2),1097(1921) പ്രകാരം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനു ശേഷമുള്ള അടുത്ത സഭയിലേക്ക് അത് മാറ്റിവയ്ക്കുകയായിരുന്നു. 1922-ലെ തിരഞ്ഞെടുപ്പിൽ ആശാൻ പൊതുമണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടു. എന്നാൽ അതേ കാലയളവിൽ അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ട അംഗമായി ശ്രീമൂലം പ്രജാസഭയിൽ 1923 വരെ തുടരുകയായിരുന്നു.
ശ്രീമൂലം പ്രജാസഭയിൽ 1908 മുതൽ സാന്നിദ്ധ്യമറിയിച്ച ആശാന്റെ പോരാട്ടങ്ങൾക്ക് ആ സഭാ തളം, 1911 മുതൽ 1916 വരെയും, 1919 മുതൽ 1923 വരെയും സാക്ഷ്യം വഹിച്ചു. എന്നാൽ നിയമ നിർമ്മാണ സഭയിൽ അദ്ദേഹം ഉണ്ടായിരുന്നത് മുകളിൽ സൂചിപ്പിച്ച 1920- 21ൽ മാത്രം. അന്ന് ഒപ്പമുണ്ടായിരുന്നത് മുസ്ലിം സമുദായത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുകൂടിയായ എസ്. ആദം സേട്ടും! തിരുവിതാംകൂറിൽ ആയില്യം തിരുനാൾ മഹാരാജാവ് രാജ്യത്തുതന്നെ ആദ്യമായി 1888ൽ നടപ്പാക്കിയ, തിരഞ്ഞെടുപ്പിലൂടെയല്ലാത്ത ജനകീയ പങ്കാളിത്തമുള്ള ഈ നിയമനിർമ്മാണ സഭ, ഉപരി സഭയായി 1932 വരെ തുടർന്നു. പിന്നാക്ക സമുദായ അംഗങ്ങൾക്ക് അതിലേക്ക് പ്രവേശനമില്ലായിരുന്നു. എന്നാൽ 16 വർഷങ്ങൾക്കു ശേഷം 1904-ൽ നിലവിൽ വന്ന പോപ്പുലർ അസംബ്ലിയിൽ നടത്തിയ പോരാട്ടങ്ങളിലൂടെ അവർക്ക് പ്രവേശനം ലഭിക്കാൻ വീണ്ടും പതിനാറു വർഷമെടുത്തു.
1904-ൽ മാത്രം നിലവിൽ വന്ന ശ്രീമൂലം പോപ്പുലർ അസംബ്ലിക്ക് 1932 വരെ നിയമ നിർമ്മാണത്തിന് അധികാരമില്ലാതിരുന്നിട്ടും, നിയമ നിർമാണ സഭയായി പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ആ കാലത്ത് പോപ്പുലർ അസംബ്ലിയിലൂടെയാണ് ഓരോ സമുദായങ്ങളുടെ പിന്നാക്കാവസ്ഥയും, സാമൂഹിക നീതിനിഷേധവും, അടിയന്തര ആവശ്യങ്ങളും മഹാരാജാവ് അറിഞ്ഞിരുന്നതും, ഉപരിസഭയായ കൗൺസിലിലൂടെ നടത്തുന്ന നിയമനിർമ്മാണങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതും. 1933 മുതൽ ശ്രീമൂലം പ്രജാസഭ, ശ്രീ മൂലം അസംബ്ലിയാകുമ്പോൾ ചോദ്യോത്തരങ്ങളും ബഡ്ജറ്റ് അവതരണവും അതിന്റെ ഭാഗമായി. തുടർന്നും നിയമനിർമ്മാണത്തിനായി ഉപരി സഭയായി ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ നിലവിൽ വരുകയും ചെയ്തു.
ട്രാവൻകൂർ നിയമസഭാ റെഗുലേഷൻ (1),1919 അനുസരിച്ചുള്ള നിയമ നിർമ്മാണ സഭയിലേക്ക് 1920-ൽ ആദ്യമായി ഒരു പിന്നാക്ക സമുദായാംഗം എത്തുന്നതിന്റെ പ്രാധാന്യം ആശാന്റെ നന്ദി പ്രസംഗത്തിൽ വ്യക്തമാണ്. അതിന്റെ ചുരുക്കം ഇങ്ങനെ: 'തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ആദ്യമായി എന്റെ സമുദായത്തെ പ്രതിനിധീകരിച്ച് ഈ മഹത്തായ കൗൺസിലിൽ എനിക്ക് സ്ഥാനം ലഭിക്കുന്ന ശുഭ മുഹൂർത്തമാണിത്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ഈ പരിഗണന എണ്ണംകൊണ്ടും ഭൗതിക സാഹചര്യങ്ങൾ പരിഗണിച്ചും എന്റെ സമുദായത്തിന് അർഹതപ്പെട്ടതുതന്നെയാണ്. അത് വലിയ കൃതജ്ഞയോടെ സമുദായം എന്നും ഓർക്കും ( തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നടപടികൾ, 20-02-1920)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |