
അധികാരം നേടാനും നിലനിറുത്താനും ഏതു മാർഗവും സ്വീകരിക്കുന്ന രാജാക്കന്മാരുടെ കഥകളാണ് ചരിത്രമാകെ. എന്നാൽ, പ്രജകൾക്ക് കൂടുതൽ വിശാലമായ ജീവിതാവസ്ഥ കൈവരുന്നതിന് സമസ്താവകാശങ്ങളും ത്യജിച്ച ഒരു ഭരണാധികാരിയുണ്ട്- ആയിരത്തോളം വർഷം പഴക്കമുള്ള കൊച്ചി രാജ്യം ഭരിച്ചിരുന്ന രാമവർമ പരീക്ഷിത്ത് തമ്പുരാൻ. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്ന് 60 വർഷം തികയുന്നു.
ഇന്ത്യ സ്വതന്ത്രമാകുമ്പോൾ രാജ്യത്ത് 565- ഓളം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് അനുസരിച്ച് ഈ നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യാ യൂണിയനിലോ പാകിസ്ഥാനിലോ ചേരാനോ, സ്വതന്ത്രമായി നിലനിൽക്കാനോ അവകാശമുണ്ടായിരുന്നു. 1947 ജൂണിൽ നാട്ടുരാജ്യ സംയോജനത്തിനായി ഇടക്കാല സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ പട്ടേലിന്റെ ചുമതലയിൽ സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെന്റ് രൂപമെടുത്തു. മലയാളിയായ വി.പി. മേനോനായിരുന്നു വകുപ്പ് സെക്രട്ടറി. നാട്ടുരാജാക്കന്മാരുമായി നിരന്തരം നടത്തിയ ചർച്ചകളെ തുടർന്ന് മൂന്നു രാജ്യങ്ങളൊഴികെ മറ്റെല്ലാവരും ഇന്ത്യാ യൂണിയനിൽ ചേർന്നു. വിഘടിച്ചുനിന്ന ജുനഗഢ്, കാശ്മീർ, ഹൈദരാബാദ് എന്നിവ കൂടി 1948 സെപ്തംബറോടെ ഇന്ത്യാ യൂണിയനിൽ ചേർക്കപ്പെട്ടു.
ബ്രിട്ടീഷ് വാഴ്ചയുടെ കാലത്ത് മൂന്നായി വേർപെട്ട നിലയിലായിരുന്നു കേരളം. തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷ് നിയന്ത്രിത രാജവാഴ്ച നിലനിന്നപ്പോൾ, മദിരാശി പ്രസിഡൻസിയുടെ ഭാഗമായി മലബാർ തുടർന്നു. സ്വാതന്ത്ര്യലബ്ദ്ധിയോടെ മലബാർ, മദിരാശി സംസ്ഥാനത്തിന്റെ ഭാഗവുമായി. തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരാകട്ടെ, സ്വതന്ത്ര തിരുവിതാംകൂർ വാദമുയർത്തി 1946 ജനുവരിയിൽ അമേരിക്കൻ മോഡൽ ഭരണക്രമം പ്രഖ്യാപിക്കുകയും, രാജ്യത്താകെ അതിനെതിരെ പ്രക്ഷോഭം പടരുകയും ചെയ്തു. ജൂലായ് 25-ന് സി.പിക്കു നേരെ വധശ്രമമുണ്ടായതിനും ശേഷമാണ്, 30- ന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
തിരു-കൊച്ചിയും
ഐക്യ കേരളവും
എന്നാൽ കൊച്ചിയിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. ഇന്ത്യാ യൂണിയനിൽ ചേരുന്നതിൽ കൊച്ചി മഹാരാജാവ് കേരളവർമ (194648) അതീവ താത്പര്യം പുലർത്തി. എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാകും മുമ്പ് കേരളവർമ അന്തരിക്കുകയും, 1948 ഓഗസ്റ്റിൽ, 72-ാം വയസിൽ രാമവർമ്മ പരീക്ഷിത്തു തമ്പുരാൻ മഹാരാജാവാകുകയും ചെയ്തു. മുൻഗാമിയുടെ പാത പിന്തുടർന്ന അദ്ദേഹം ഒരു വർഷം തികയും മുമ്പ് സ്ഥാനത്യാഗം ചെയ്തു. രാജകുടുംബത്തിനോ തനിക്കു തന്നെയോ യാതെരു ആനുകൂല്യവും ആവശ്യപ്പെടാതെയാണ് തമ്പുരാൻ പൂർണ മനസോടെ അധികാരം വിട്ടൊഴിഞ്ഞത്. കേന്ദ്ര സർക്കാർ പ്രതിനിധിയായി സംയോജന രേഖയിൽ അദ്ദേഹത്തിന്റെ ഒപ്പു വാങ്ങിയ വി.പി. മേനോൻ തമ്പുരാനെപ്പറ്റി രേഖപ്പെടുത്തിയത് ഇങ്ങനെ: ' തന്റെ പ്രജകൾക്ക് വിശാലതരമായ ഒരു ജീവിതം അനുഭവിക്കുന്നതിനായി, തന്നെത്തന്നെ പൂർണമായി മായ്ച്ചുകളയുവാൻ അദ്ദേഹം സന്നദ്ധനായി!'
കൊച്ചി മഹാരാജാവിന്റെ സ്ഥാനത്യാഗത്തോടെ 1949 ജൂലായ് ഒന്നിന് 'യുണൈറ്റഡ് സ്റ്റേറ്റ് ഒഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ" നിലവിൽ വന്നു. തിരു-കൊച്ചിയും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറും ചേർത്താണ് 1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നത്. 1949 ജൂൺ 30ന്, കൊച്ചി രാജകുടുംബത്തിന്റെ ഭരണാധികാരം വെടിയുന്നതിനു തലേന്ന് പരീക്ഷിത്ത് തമ്പുരാൻ നൽകിയ വിടവാങ്ങൽ സന്ദേശം വികാരനിർഭരമാണ്. സന്ദേശം അവസാനിപ്പിച്ച് തമ്പുരാൻ എഴുതിയത് ഇങ്ങനെ: 'നാളെ ഭരണത്തലവനെന്ന പദവിയിൽ നിന്ന് ഞാൻ ഒഴിയുകയാണ്, കൊച്ചിയിലെ ജനങ്ങളുടെ കൂടുതൽ അഭ്യുദയത്തിനും ക്ഷേമത്തിനും ഈ നടപടി വഴിതെളിക്കുമെന്നാശിച്ചുകൊണ്ട്. എന്നിൽ വല്ല വീഴ്ചകളും വന്നുപോയിട്ടുണ്ടെങ്കിൽ പ്രിയപ്പെട്ട ജനങ്ങൾ ക്ഷമിക്കുമാറാകണമെന്ന് അപേക്ഷ!"
പണ്ഡിത
ശ്രേഷ്ഠൻ
1876 ആഗസ്റ്റ് 15ന് കൊച്ചി രാജകുടുംബത്തിൽ അംബ എന്ന മങ്കുത്തമ്പുരാന്റെയും, ഓട്ടൂർ രാമൻ നമ്പൂതിരിപ്പാടിന്റെയും പുത്രനായിട്ടായിരുന്നു പരീക്ഷിത്തു തമ്പുരാന്റെ ജനനം (കൊച്ചി രാജവംശത്തിലെ വനിതകളുടെ പേരിനൊപ്പം തമ്പുരാൻ എന്നു ചേർത്തിരുന്നു). മഹാഭാരതത്തിലെ പരീക്ഷിത്ത് മഹാരാജാവിന്റെ ജനനത്തോട് സാദൃശ്യമുള്ളതിനാൽ മാതുലനാണ് ശിശുവിന് പരീക്ഷിത്ത് എന്ന് പേരു നൽകിയത്. രാമവർമ്മ എന്ന് യഥാർത്ഥ പേര്; കുഞ്ഞുണ്ണി ഓമനപ്പേരും. അങ്ങനെ അദ്ദേഹം രാമവർമ്മ പരീക്ഷിത്ത് കുഞ്ഞുണ്ണി തമ്പുരാൻ എന്നറിയപ്പെട്ടു.
കുട്ടിക്കാലത്തു തന്നെ മീമാംസ, വേദാന്തം, വ്യാകരണം, ന്യായശാസ്ത്രം തുടങ്ങിയവയിൽ പ്രാവീണ്യം നേടിയ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് എഫ്.എ പരീക്ഷയും മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബി.എയും ജയിച്ചു. പ്രഹ്ളാദചരിതം, അംബരീഷ ചരിതം, സുകന്യാചരിതം, രാധാമാധവം എന്നിവ തമ്പുരാൻ രചിച്ച നാല് സംസ്‌കൃത ചമ്പു പ്രബന്ധങ്ങളാണ്. സംസ്‌കൃത കൃതിയായ 'ഭഗവന്നാമ കൗമുദി" മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മലയാളത്തിൽ രചിച്ച ഗാനങ്ങളും വിമർശന പ്രബന്ധങ്ങളും 'ദളങ്ങൾ" എന്ന പേരിൽ സമാഹരിച്ചു. ഇട്ട്യാണത്ത് മാധവിഅമ്മയായിരുന്നു പത്‌നി. 1964 നവംബർ 12ന് പരീക്ഷിത്ത് തമ്പുരാൻ അന്തരിച്ചു.
(ലേഖകന്റെ ഫോൺ; 94955 24329)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |