
ഗ്രാമീണ മേഖലയിലെ വീടുകളിൽ വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൽജീവൻ മിഷന്റെ തുടർപ്രവർത്തനങ്ങൾക്ക് വായ്പയെടുക്കാനുള്ള വാട്ടർ അതോറിട്ടിയുടെ നീക്കം വ്യാപക പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. സംസ്ഥാനവിഹിതം മുടങ്ങിയതോടെ 12,000 കോടിയും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ജലവിതരണത്തിന് 2511 കോടിയും വായ്പയെടുക്കാനുള്ള നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന അതോറിട്ടി, തങ്ങളുടെ ആസ്തികൾ പണയപ്പെടുത്തി ഇനിയും ലഭിക്കാനിടയുള്ളത് അടക്കമുള്ള വരുമാനം വായ്പാഗഡു അടച്ചുതീർക്കാമെന്ന ഉപാധിയിലൂടെ വൻ ബാദ്ധ്യത വരുത്തിവയ്ക്കുന്നത് വിത്തെടുത്ത് കുത്തുന്നതിന് തുല്യമാണെന്ന് ഉദ്യോഗസ്ഥരൊന്നടങ്കം പറയുന്നു. ഇതിലൂടെ അതോറിട്ടിയെ സ്വകാര്യവത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് വിവിധ സംഘടന നേതാക്കളുടെ ആരോപണം.
ജൽജീവൻ മിഷന്
വേണ്ടി 12,000 കോടി
രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ വിഹിതം ലഭ്യമാക്കാത്ത പശ്ചാത്തലത്തിലാണ് ഹഡ്കോ, എൽ.ഐ.സി, നബാർഡ് എന്നിവിടങ്ങളിൽ നിന്ന് 12,000 കോടി വായ്പ ലഭ്യമാക്കണമെന്നാണ് വാട്ടർ അതോറിട്ടി എം.ഡി ജീവൻ ബാബു ജലവിഭവ വകുപ്പ് അഡി. ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്. 9.2 ശതമാനം പലിശനിരക്കിൽ 20 വർഷത്തേക്കാണ് വായ്പ കാലയളവ്. 2 വർഷം മോറട്ടോറിയം കാലാവധി ലഭിക്കുമെങ്കിലും 185 കോടിയോളം പ്രതിമാസം വായ്പാഗഡു അടയ്ക്കുന്നതിന് കണ്ടെത്തണം.
ഇത് എങ്ങനെ അടയ്ക്കുമെന്ന് വേണ്ടത്ര പഠനം പോലും നടത്താതെയാണ് ഈ വലിയ ബാദ്ധ്യത ഏറ്റെടുക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയിലൂടെ കുടിവെള്ളം നൽകുന്നതിനായി കണ്ടെത്തിയിരിക്കുന്ന 71.5 ലക്ഷം ഗുണഭോക്താക്കളിൽ നിന്ന് ഈ തുക തിരിച്ചടയ്ക്കാൻ കഴിയുമെന്നാണ് ജല അതോറിട്ടി എം.ഡി കത്തിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, നിലവിൽ 100 കോടിയോളം മാത്രം പ്രതിമാസം വരുമാനമുള്ള ബോർഡിന് എങ്ങനെ 185 കോടി രൂപ വായ്പഗഡു അടയ്ക്കാനാകുമെന്ന് ഉദ്യോഗസ്ഥർ ചോദിക്കുന്നു.
44,714.78 കോടി ചെലവിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയിൽ 50 ശതമാനം വീതമാണ് സംസ്ഥാന കേന്ദ്ര വിഹിതം. ആദ്യഘട്ടത്തിൽ 5152.51 കോടി സംസ്ഥാന വിഹിതവും 5610.30 കോടി കേന്ദ്ര വിഹിതമായും ലഭിച്ചിരുന്നു. രണ്ടാംഘട്ടത്തിന് സംസ്ഥാന വിഹിതം ലഭിക്കാത്തതിനാൽ കേന്ദ്രവിഹിതവും ലഭ്യമായിട്ടില്ല. ആകെ ചെലവിൽ സംസ്ഥാന വിഹിതത്തിലേക്ക് തദ്ദേശസ്ഥാപനങ്ങളുടേത് അടക്കമുള്ള ഫണ്ടുകളിൽ നിന്ന് കണ്ടെത്തുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നത്. അത് എങ്ങനെ വകയിരുത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
2511 കോടിയുടെ
എ.ഡി.ബി വായ്പ
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ കുടിവെള്ള വിതരണത്തിന് 2511 കോടിയുടെ എ.ഡി.ബി വായ്പയെടുക്കാനുള്ള നീക്കത്തിനെതിരേ ഉദ്യോഗസ്ഥ സംഘടനകൾ സംയുക്തമായി കടുത്ത സമരവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് പുതിയ വായ്പാ നിർദ്ദേശവും ഉന്നയിച്ചത്. സംഘടനകൾ ആവർത്തിക്കുന്നതുപോലെ എ.ഡി.ബി വായ്പയിലൂടെ സ്വകാര്യ കമ്പനിയെ ജലവിതരണം ഏൽപ്പിക്കാനാണ് സർക്കാരിന്റെയും നീക്കം. ആദ്യഘട്ടത്തിൽ കൊച്ചിയിലെ പദ്ധതി ഫ്രഞ്ച് കമ്പനിയായ സോയൂസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് നടപ്പാക്കുന്നതിന് ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ സംഘടനകളുമായി ജലവിഭവ സെക്രട്ടറി നേരത്തെ ചർച്ച നടത്തിയിരുന്നെങ്കിലും ഇതിനെതിരെ സമരവുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. എന്നാൽ, എ.ഡി.ബിയിൽ നിന്ന് വായ്പയെടുക്കുന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ജീവനക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളാണെങ്കിൽ മാത്രം ചർച്ച ചെയ്യാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
വ്യക്തതയില്ലാത്ത
വ്യവസ്ഥകൾ
വാട്ടർ അതോറിട്ടിയുടെ നിലവിലുള്ള ശൃംഖലയടക്കമുള്ള ജലവിതരണം സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിലൂടെ ഉപഭോക്താക്കൾക്ക് വലിയ നിരക്ക് കൊടുക്കേണ്ടി വരുമെന്നാണ് ആരോപണം. ബില്ലിംഗ് ആര് നടത്തുമെന്നോ നിരക്ക് നിശ്ചയിക്കുന്നത് ആരെന്നോ വ്യക്തത വരുത്തിയിട്ടില്ല. കമ്പനിയുമായി കരാറുണ്ടാക്കുന്നത് എസ്റ്റിമേറ്റിനേക്കാൾ 21 ശതമാനം അധിക തുകയ്ക്കാണെന്നും ആരോപണമുണ്ട്. തർക്കങ്ങളും നിയമനടപടികളും അവരുടെ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് വിധേയമാണെന്ന് ഫ്രഞ്ച് കമ്പനി പറയുന്നുണ്ടങ്കിലും അത്തരമൊരു വ്യവസ്ഥയില്ലെന്ന് വാട്ടർ അതോറിട്ടിയും പറയുന്നു. ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യ വിതരണം തുടരുമോയെന്നും പൊതുടാപ്പുകൾ നിറുത്തുമോയെന്നുമുള്ള കാര്യത്തിലും വ്യക്തത വരുത്തിയിട്ടില്ല.
തുലാസിലിരിക്കുന്ന സൗജന്യ വിതരണം ബി.പി.എൽ കുടുംബങ്ങൾക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന സൗജന്യ കുടിവെള്ള വിതരണം നിറുത്താനുള്ള ചർച്ചകളും നടക്കുന്നതാണ് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടത്. 2008 മുതലുള്ള 15 വർഷത്തെ കുടിശിക 123.88 കോടി സർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. എന്നാൽ, അത്തരമൊരു നീക്കവും ഉണ്ടാകില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറയുന്നത്. അതേസമയം, ജീവനക്കാരുടെ ശമ്പളവും പെൻഷനും വൈദ്യുതി ചാർജ് തുടങ്ങിയവയ്ക്ക് നിലവിലുള്ള വരുമാനംകൊണ്ട് മതിയാകുന്നില്ലെന്ന് വാട്ടർ അതോറിട്ടി തന്നെ വ്യക്തമാക്കുന്നു. ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രൊവിഡന്റ് ഫണ്ട് അടക്കമുള്ള ആനുകുല്യങ്ങൾ, കെ.എസ്.ഇ.ബിയുടെ വൈദ്യുതി ചാർജ്, കരാറുകാർക്ക് നൽകേണ്ട തുക എന്നിവ കുടിശികയാണ്. ബഡ്ജറ്റിൽ വകയിരുത്തി നോൺ പ്ലാൻ ഗ്രാന്റായി നൽകുന്ന 460.61 കോടി (2022-23ൽ 169.43 കോടി, 2023-24ൽ 291.18 കോടി) രൂപയും ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ, നിലവിലുള്ള സൗജന്യ വിതരണം വലിയ ബാദ്ധ്യതയാണുണ്ടാക്കുന്നതെന്നും അതോറിട്ടി ചൂണ്ടിക്കാട്ടുന്നു.
വാട്ടർ അതോറിട്ടിക്ക് നിലവിലുള്ള ബാദ്ധ്യത 1595.48 കോടി
കഴിഞ്ഞ വർഷത്തെ വാട്ടർ അതോറിട്ടി വരവ് 1826.40 കോടി
ചെലവ് 1987.68 കോടി
8,69,500 ബി.പി.എൽ ഉപഭോക്താക്കൾ
നിലവിലുള്ള ആകെ ഉപഭോക്താക്കൾ 37 ലക്ഷം
ജൽജീവൻ മിഷൻ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് 71.5 ലക്ഷം കണക്ഷനുകൾ
വായ്പയ്ക്കുള്ള തിരിച്ചടവ് ഏകദേശം 2,220 കോടി (പ്രതിവർഷം)
പുതിയ കണക്ഷനുകൾ നൽകിയതിന് ശേഷമുള്ള
വരവ് (പ്രതീക്ഷിക്കുന്നത്) 2283 കോടി
ചെലവ് 2295 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |