SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 AM IST

മഞ്ഞപ്പിത്തം വില്ലനാകുമ്പോൾ

a

ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കുമ്പോഴും സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനയാണുണ്ടാകുന്നത്. കഴിഞ്ഞവർഷം സംസ്ഥാനത്ത് 6424 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നെങ്കിൽ ഈ വർഷം നവംബർവരെയുള്ള കണക്കനുസരിച്ച് 24,324 പേർക്ക് രോഗം പിടിപെട്ടു. മലപ്പുറം ജില്ലയിലാണ് രോഗം ആദ്യം പടർന്നതെങ്കിലും പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപനമുണ്ടായി. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപകമായതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂലായിൽ 693 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീക്കുകയും എട്ട് പേർ മരിക്കുകയും ചെയ്തു. ആഗസ്തിൽ രോഗികളുടെ എണ്ണം 869 ആയി. ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. നവംബറിൽ ഇതുവരെ 306 പേരാണ് രോഗബാധിതരായത്. മൂന്ന് പേരുടെ മരണവും സംഭവിച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിനിയായ 10 വയസുകാരി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 11ന് മരിച്ചതാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്ത മരണം. മഞ്ഞപ്പിത്തത്തിന് പുറമെ ജലജന്യരോഗങ്ങളായ ടൈഫോയ്ഡ്, കോളറ, വയറിളക്കം എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജാഗ്രത അനിവാര്യം
ഹെപ്പറ്റെറ്റിസ് എ വൈറസ് കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തമാണ് കേരളത്തിൽ ഇപ്പോൾ വ്യാപിക്കുന്നത്. രോഗബാധിതരിൽ കൂടുതലും 30-54നും ഇടയിൽ പ്രായമുള്ളവരാണ്. 12 ശതമാനം പേർ 18 വയസിന് താഴെയുള്ളവരാണ്. പുരുഷൻമാരിലാണ് മഞ്ഞപ്പിത്തം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള വകഭേദങ്ങളാണുള്ളത്. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം എന്നിവ വഴിയും ബി, സി, ഡി രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയുമാണ് പകരുന്നത്. ലോകത്ത് ആകെയുള്ള മഞ്ഞപ്പിത്ത രോഗികളുടെ 27.5 ശതമാനം ചൈനയിലും 11.6 ശതമാനം ഇന്ത്യയിലുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചികിത്സയുടെ ഭാഗമായി രക്തവും രക്തോല്പന്നങ്ങളും ഇടയ്ക്കിടെ സ്വീകരിക്കേണ്ടി വരുന്ന രോഗികൾ, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവർ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുള്ളവർ, രക്തവും, രക്തോത്പന്നങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, പച്ചകുത്തുന്നവർ എന്നിവർക്ക് രോഗസാദ്ധ്യത കൂടുതലാണ്. ലോകത്ത് പ്രതിദിനം 3,500ഓളം പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.
മഞ്ഞപ്പിത്തം ബാധിച്ചാൽ കരൾ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകും. വെള്ളം തിളപ്പിക്കാതെയോ ക്ലോറിൻ ചേർക്കാതെയോ ശുദ്ധീകരിക്കാതെയോ നേരിട്ട് ഉപയോഗിച്ചാൽ വൈറസ് അകത്തെത്തും. ഇതും രോഗവ്യാപനത്തിന് പ്രധാന കാരണമാണ്.

കൃത്യമായ ചികിത്സ

ഉറപ്പാക്കണം

അടുത്തിടെ ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവരിൽ രോഗം ഏറെ സങ്കീർണമാകുന്നുവെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പൊതുവെ, കരളിനെയാണ് മഞ്ഞപ്പിത്തം ബാധിക്കാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പടരുന്ന മഞ്ഞപ്പിത്തം നേരിട്ട് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. കൊവിഡിന് ശേഷമാണ് രോഗം കരളിനെ കൂടാതെ മറ്റ് അവയവങ്ങളെയും ബാധിക്കുന്നതായി കണ്ടുതുടങ്ങിയതെന്നാണ് ആരോഗ്യ അധികൃതർ പറയുന്നത്.
മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലങ്കിൽ ഗുരുതരമായ കരൾരോഗങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. കരളിന്റെ പ്രവർത്തന തകരാറുകൾ മൂലം 'ബിലിറൂബിൻ' രക്തത്തിൽ കൂടുന്നതാണ് മഞ്ഞനിറത്തിന് കാരണം. കരളിന്റെ പ്രവർത്തനത്തിൽ തടസം നേരിടുമ്പോൾ പിത്തരസം പുറത്ത് പോവാത്തത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യ പരിരക്ഷയിൽ പ്രധാന പങ്ക് വഹിക്കുന്ന ധാരാളം കർമ്മങ്ങൾ കരൾ നിർവഹിക്കുന്നുണ്ട്. അതിനാൽ കരളിന് രോഗബാധ ഉണ്ടാവുമ്പോൾ കരളിന്റെ പ്രവർത്തനത്തെ മാത്രമല്ല മറിച്ച്, ശരീരത്തെ മൊത്തം ദോഷകരമായി ബാധിക്കും.
കിണറുകളിൽ ജലവിതാനം കുറഞ്ഞതോടെ ചെരിഞ്ഞ പ്രദേശങ്ങളിൽ നിന്ന് സെപ്റ്റിക് മാലിന്യങ്ങൾ താഴേക്ക് ഊർന്നിറങ്ങിയതും രോഗവ്യാപനത്തിന് കാരണമായി.

കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗികൾ കൂടുതലുള്ളത്. നവംബർ മാസത്തിൽ മാത്രം കോഴിക്കോട് 113 പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് 107 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ മാത്രം 54 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മഞ്ഞപ്പിത്തത്തിന് കാരണമായ വൈറസ് നശിക്കണമെങ്കിൽ വെള്ളം തിളപ്പിച്ചേ മതിയാവൂ. അതിനാൽ, പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റെങ്കിലും തിളപ്പിച്ചതായിരിക്കണം. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയാക്കുക. തുറന്ന് വെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണപാനീയങ്ങൾ പാടില്ല. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതിൽ പച്ചവെള്ളമൊഴിക്കുന്നത് ഒഴിവാക്കുക. മഞ്ഞപ്പിത്ത രോഗികൾക്ക് പ്രത്യേക പാത്രത്തിൽ ഭക്ഷണം നൽകുക. ശേഷം, തിളപ്പിച്ച വെള്ളത്തിൽ കഴുകി അണുവിമുക്തമാക്കുക. മഞ്ഞപ്പിത്ത രോഗികളുടെ വസ്ത്രങ്ങൾ അണുവിമുക്തമാക്കണം.

ലക്ഷണങ്ങൾ അവഗണിക്കരുത്

പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛർദ്ദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്. രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിർണയം സ്ഥിരീകരിക്കാൻ സാധിക്കൂ. സാധാരണയായി രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോൾ ഒരാഴ്ച മുതൽ മൂന്നാഴ്ച വരെയാകാം. സൂക്ഷിച്ചാൽ ഒഴിവാക്കാൻ കഴിയുന്ന രോഗമാണ് മഞ്ഞപ്പിത്തം. അതിനാൽ, അതീവ ജാഗ്രത പുലർത്തി രോഗത്തിൽ നിന്നും അകന്ന് നിൽക്കാൻ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം...

പുതുതായി മഞ്ഞപ്പിത്തം ബാധിക്കുന്നവരിൽ രോഗം തീവ്രമാകുന്നതിന് മൂന്ന് കാരണങ്ങളാണ്. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് പ്രധാന കാരണം. ഫാറ്റി ലിവർ ഉൾപ്പടെയുള്ളവരിൽ രോഗം തീവ്രമാകാൻ സാദ്ധ്യതയുണ്ട്. മറ്റൊന്ന് ശരീരത്തിന്റെ പ്രതിരോധ ശേഷിയിലെ കുറവാണ്. രോഗത്തിന് വകഭേദം സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണം.

ഡോ.അനീഷ് കുമാർ

ഗ്യാസ്‌ട്രോ വിഭാഗം മേധാവി

മിംമ്സ് കോഴിക്കോട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION