SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

അച്ഛൻ; സ്‌നേഹത്തിന്റെ ആഴക്കടൽ

jagannadha-panikker

''ജഗന്നാഥപ്പണിക്കർ സാറിന്റെ മകളല്ലേ....?""

കഴിഞ്ഞ ദിവസം ഒരു വിദേശ യാത്ര‌യ്ക്കായി എയർപോർട്ടിൽ നിൽക്കുമ്പോൾ ഒരാൾ വന്നു ചോദിച്ചു. ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നത്... ഏറ്റവും ഇഷ്ടപ്പെടുന്ന മേൽവിലാസം: പ്രൊഫസർ വി. ജഗന്നാഥപ്പണിക്കരുടെ മകൾ. അച്ഛൻ വിടപറഞ്ഞിട്ട് ഇരുപത്തിമൂന്നു വർഷം പിന്നിടുമ്പോഴും വെട്ടിത്തിളങ്ങുന്ന ഓർമ്മകൾ (2001 നവംബർ 28-നായിരുന്നു അച്ഛന്റെ വിയോഗം)​. അച്ഛൻ പഠിപ്പിച്ചയാളായിരുന്നു വന്നു പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു അച്ഛൻ. ജീവിതത്തിൽ തനിക്കു വഴികാട്ടിയായതിനെക്കുറിച്ചാണ് ആ ഉയർന്ന ഉദ്യോഗസ്ഥൻ വാചാലമായി സംസാരിച്ചത്.

ഞാൻ ഓർക്കാറുണ്ട്; ഒരു മകൾ എന്ന നിലയിൽ എന്റെ വ്യക്‌തിത്വത്തെ അച്ഛൻ രൂപപ്പെടുത്തിയ രീതികൾ. ഇപ്പോൾ മാദ്ധ്യമങ്ങൾ മറിച്ചു നോക്കുമ്പോൾ,​ കുട്ടികൾ വഴിതെറ്റുന്നതിനെക്കുറിച്ചും, ലഹരിക്ക് അടിമയാകുന്നതിനെക്കുറിച്ചും, തെറ്റായ കൂട്ടുകെട്ടുകളിൽ എത്തിച്ചേരുന്നതിനെക്കുറിച്ചുമുള്ള വാർത്തകൾ കാണാം. എന്നെയും ഏട്ടൻ ശിവജി ജഗന്നാഥനെയും എത്ര കരുതലോടെയാണ് അച്ഛനും അമ്മയും വളർത്തിയത്! സ്‌നേഹത്തിന്റെ കരുതലായിരുന്നു അത്. എന്നാൽ പെരുമാറ്റം, മറ്റുള്ളവരോടുള്ള ഇടപെടൽ എന്നിവ എങ്ങനെയൊക്കെ ആയിരിക്കണമെന്ന കർശന പാഠങ്ങളും അതിലുണ്ടായിരുന്നു. പക്ഷെ,​ ചൂരലിന്റെ കഷായം അച്ഛൻ ഒരിക്കലും അതിൽ കലർത്തിയിരുന്നില്ല.

കൂടുതൽ വായിക്കണമെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. പഠിക്കുവാനുള്ള വിഷയങ്ങളിൽ വായന ഒതുക്കരുതെന്ന നിർദ്ദേശമായിരുന്നു അതിൽ ഏറ്റവും പ്രധാനം. വേദങ്ങളിലും ശ്രീനാരായണ ദർശനത്തിലും അഗാധമായ അറിവുള്ള ആളായിരുന്നു അച്ഛൻ. ആഴവും പരപ്പുമുള്ള വായന. ലോക ക്ളാസിക്കുകളെല്ലാം അച്ഛന്റെ ശേഖരത്തിലുണ്ടായിരുന്നു. അതിൽ ആദ്യം വായിച്ചു തുടങ്ങേണ്ടത് ഏതാണെന്ന് വ്യക്‌തമായി പറഞ്ഞുതരുമായിരുന്നു. വായിക്കുന്ന പുസ്‌തകങ്ങളിൽ എന്തെങ്കിലും സംശയമുണ്ടായാൽ അത് ചോദിക്കുന്നതായിരുന്നു അച്ഛന് ഏറ്റവും വലിയ സന്തോഷം. ലളിതമായി, ഗ്രഹിക്കാൻ കഴിയും വിധം അത് പറഞ്ഞു മനസിലാക്കിത്തരുമായിരുന്നു. അച്ഛന്റെയൊപ്പം ചെലവിട്ട ആ ദിനങ്ങളുടെ ധന്യതയാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം.

പെൺകുട്ടികളുടെ ജീവിതത്തിൽ അച്ഛനുള്ള സ്ഥാനം പ്രത്യേകിച്ചു പറഞ്ഞറിയിക്കേണ്ടതില്ല. ആ സ്‌നേഹവാത്സല്യങ്ങളുടെ തണലിൽ വളർന്ന കാലം എന്റെ ജീവിതത്തിലെ അവിസ്‌മരണീയമായ കാലഘട്ടമായിരുന്നു. എന്റെ ഭാഗ്യമെന്നോണം,​ എന്നെ വിവാഹം ചെയ്ത മോഹൻചേട്ടനും (ജി. മോഹൻദാസ്) അച്ഛനോട് ആരാധന കലർന്ന അടുപ്പമാണ്. അച്ഛന്റെ മഹനീയ സാന്നിദ്ധ്യം തന്നെ വളരെ സ്വാധീനിച്ചതായി മോഹൻചേട്ടൻ എപ്പോഴും പറയും. ഞങ്ങളുടെ മക്കളോട് അച്ഛൻ ഒപ്പമുണ്ടായിരുന്ന നാളുകളിലെ അനുഭവങ്ങൾ പങ്കുവയ്‌ക്കാൻ മോഹൻചേട്ടന് നൂറു നാവാണ്.

അച്ഛൻ ഒരു ബഹുമുഖ പ്രതിഭയായിരുന്നു. അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ എന്നിങ്ങനെ കർമ്മപഥങ്ങളിൽ ഉജ്ജ്വലമായ വ്യക്‌തിമുദ്ര പതിപ്പിച്ചു. എക്കണോമിക്സിലും പൊളിറ്റിക്‌സിലും മാസ്റ്റർ ബിരുദം നേടിയ അച്ഛൻ താരതമ്യേന ചെറുപ്രായത്തിൽത്തന്നെ കോളേജ് അദ്ധ്യാപകനായി. സിവിൽ സർവീസ് അച്ഛന് താത്‌പര്യമുണ്ടായിരുന്നു. പക്ഷെ ആ വഴിക്കു സഞ്ചരിക്കാൻ അന്ന് വീട്ടിലെ സാഹചര്യങ്ങൾ ഒട്ടും അനുകൂലമായിരുന്നില്ല. പക്ഷെ ഐ.എ.എസുകാരെയടക്കം വാർത്തെടുക്കുന്നതിൽ അച്ഛനിലെ അദ്ധ്യാപകൻ വഴികാട്ടിയായി. സൗഹൃദങ്ങൾ സ്ഥാപിക്കുന്നതിലും,​ അത് ഒരു കലപോലെ മനോഹരമായി നിലനിറുത്തുന്നതിലും അച്ഛന് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. പ്രധാനമന്ത്രി മുതൽ പ്രമുഖ സാഹിത്യകാരന്മാർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളിൽപ്പെട്ടവരുടെ ഒരു പരിച്ഛേദം തന്നെ അതിലുണ്ടായിരുന്നു. ആതിഥ്യമര്യാദയുടെ കാര്യത്തിലും അച്ഛൻ ഒരു ആശാനായിരുന്നു. അച്ഛനിൽ നിന്ന് അക്കാര്യത്തിലും മനസിലാക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.

ജീവിതം ഒരു നദിപോലെയോ അരുവിപോലെയോ ഒക്കെ ആയിരിക്കുമെന്ന് പറയാറുണ്ട്. പ്രതിബന്ധങ്ങളുടെ പാറക്കെട്ടുകൾ. സ്‌നേഹത്തിന്റെ തെളിനീരുറവകൾ. എല്ലാം പതിക്കുന്നത് കടലിലാകാം. അച്ഛൻ അനന്തമായ ഒരു കടലാണ്. ഓരോ നിമിഷവും തീരത്തെ തലോടുന്ന തിരകൾ പോലെ സ്‌നേഹത്തിന്റെ ആ കടൽത്തീരത്ത് ഞാനിപ്പോഴും നിൽക്കുന്നു. അച്ഛന്റെ സ്‌നേഹത്തലോടലുകൾ എനിക്ക് അനുഭവപ്പെടുന്നു. പ്രിയപ്പെട്ട അച്ഛാ... ഈ മകൾ എന്നും കടപ്പെട്ടിരിക്കുന്നു; എന്റെ ജീവിതത്തെ അനുഗൃഹീതമാക്കിയതിൽ. അച്ഛന്റെ മകളായ അനുഗ്രഹം.

(പ്രൊഫ. വി. ജഗന്നാഥപ്പണിക്കരുടെ മകളും മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകയുമാണ് ലേഖിക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION