SignIn
Kerala Kaumudi Online
Friday, 23 October 2026 4.56 PM IST

ഞെരുക്കമുണ്ടെങ്കിലും കുരുക്കില്ല, അരി വിഹിതം കൂട്ടാൻ ഏതു വഴിയും തേടും

gr-anil

യു.പി.എ സർക്കാരിന്റെ കാലത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ കേരളത്തിന്റെ അരി വിഹിതം 16 ലക്ഷം ടണ്ണിൽ നിന്ന് 14.25 ലക്ഷം ടണ്ണായി കുറച്ചിരുന്നു. പിന്നീട് ജനസംഖ്യയിൽ വന്ന വർദ്ധന പരിഗണിച്ചെങ്കിലും വിഹിതം കൂട്ടിയിട്ടില്ല. നിലവിലേതിനേക്കാൾ രണ്ടു ലക്ഷം ടൺ അധികം ധാന്യം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്,​ ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ. കഴിഞ്ഞ ദിവസം ഡൽഹിയിൽ പോയപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെക്കണ്ട് ആവശ്യം ആവർത്തിച്ചു.

രാജ്യമൊട്ടെകെ റേഷൻ മസ്റ്ററിംഗ് പുരോഗമിക്കുകയാണ്. പൊതുവിതരണമേഖല ശക്തമായ കേരളത്തിൽ ജനപങ്കാളിത്തത്തോടെ മസ്റ്ററിംഗ് നൂറു ശതമാനവും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊതുവിതരണവകുപ്പും അതിനു നേതൃത്വം നൽകുന്ന മന്ത്രിയും. മസ്റ്ററിംഗിനു ശേഷം എന്തെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയും ചെയ്യുന്നു. മന്ത്രി ജി.ആർ. അനിൽ കേരളകൗമുദിയുമായി സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ:

?​ മസ്റ്ററിംഗിനൊടുവിൽ റേഷൻ വിഹിതം കുറയുന്ന സാഹചര്യമുണ്ടാകുമെന്ന് കരുതുന്നുണ്ടോ.

 അങ്ങനെ കേന്ദ്ര സർക്കാർ പറയുന്നില്ല, എങ്കിലും റേഷൻ വിഹിതത്തിൽ കുറവു വരുത്താനുള്ള രഹസ്യ അജണ്ടയ്ക്ക് സാദ്ധ്യതയുണ്ട്. ഇവിടെ മസ്റ്ററിംഗ് 87 ശതമാനം പൂർത്തിയായി. അത് നൂറിലെത്തിക്കുകയാണ് ലക്ഷ്യം. റേഷനിംഗ് ഇൻസ്പെക്ടർമാർക്കാണ് ചുമതല. നാലും അഞ്ചും റേഷൻകടകൾക്ക് ഒന്നെന്ന ക്രമത്തിൽ ക്യമ്പുകൾ നടത്തും. കിടപ്പുരോഗികളുടെ വീട്ടിൽച്ചെന്ന് മസ്റ്ററിംഗ് നടത്തും. ഒരു സ്ഥലത്ത് രണ്ടു തവണയായിരിക്കും ക്യാമ്പും ഭവനസന്ദർശനവും. ഈ മാസം അവസാനം വരെ മസ്റ്ററിംഗിന് സമയം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഷൻ കാർഡ് ഉടമകൾ മസ്റ്ററിംഗ് നടത്തിയത് കേരളത്തിലാണ്.

?​ റേഷൻ വിഹിതത്തിൽ കുറവു വരുന്ന തീരുമാനമുണ്ടായാൽ എങ്ങനെ നേരിടും.

 ഒരാൾക്കു പോലും റേഷൻ വിഹിതം നഷ്ടപ്പെടാതിരിക്കാൻ എല്ലാ വഴിയും നോക്കും രണ്ടു ലക്ഷം പേർക്കു കൂടി മുൻഗണനാ കാർഡിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് നമ്മുടെ ആവശ്യം. അപ്പോൾപ്പിന്നെ,​ ഉള്ള വിഹിതം തന്നെ കുറയാൻ പാടില്ലല്ലോ. കേന്ദ്ര നിർദ്ദേശമനുസരിച്ച് റേഷൻ കാർഡും ആധാറുമായുള്ള ലിങ്കിംഗ് സംസ്ഥാനം പൂർത്തിയാക്കിയിരുന്നു. ആ കണക്ക് പരിശോധിച്ചാൽപ്പോലും അരിവിഹിതം കൂടുതൽ വേണമെന്ന ആവശ്യം ന്യായമാണെന്ന് ബോദ്ധ്യപ്പെടും. ടൈഡ് ഓവർ വിഹിതത്തിലെങ്കിലും വർദ്ധന നൽകിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാകില്ല. ആവശ്യത്തിന്റെ 15 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദനം.

?​ ആഭ്യന്തര നെല്ലുത്പാദനം കൂട്ടാൻ കൃഷി വകുപ്പുമായി ചേർന്ന് പദ്ധതി....

 അതിനുളള ഭൂമിയില്ലല്ലോ. നമ്മുടെ കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ച് നെല്ലുത്പാദനം കൂട്ടുന്നതിന് പരിമിമിതികളുണ്ട്. നാണ്യവിളകൾക്ക് പ്രാധാന്യം നൽകിയുള്ള കൃഷിരീതിയാണ് ഇവിടെ. നെൽവയലുകൾ പലതും അതല്ലാതായി. ഈ സാഹചര്യത്തിൽ എഫ്.സി.ഐയിൽ നിന്നുള്ള വിഹിതം കൂട്ടുകയല്ലാതെ മാർഗമില്ല

?​ സപ്ലൈകോയിൽ വീണ്ടും പ്രതിസന്ധിയുണ്ടെന്നു കേൾക്കുന്നു...

 സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനങ്ങളുടെയും വിതരണത്തെ ബാധിക്കുന്ന വിധത്തിൽ ലഭ്യതക്കുറവ് സപ്ലൈകോയിൽ ഇല്ല. ഓണത്തിനു ശേഷം ടെൻഡർ നടപടികളിലെ താമസം കാരണം വെളിച്ചെണ്ണയുടെ ലഭ്യതയിൽ കുറവുണ്ടായി. മറ്റ് ഒന്നോ രണ്ടോ ഉത്പന്നങ്ങളുടെ കുറവുമുണ്ട്. പൂർണമായും പ്രതിസന്ധിയാകുന്ന അവസ്ഥയില്ല.

?​ ഓണത്തിന് സർക്കാർ അടിന്തരമായി നൽകുമെന്നു പറഞ്ഞ തുകപോലും മുഴുവനും നൽകിയില്ലല്ലോ.

 സർക്കാരിൽ നിന്ന് സപ്ലൈകോയ്ക്ക് പണം കിട്ടാനുണ്ട്. ഓണത്തിന് അനുവദിച്ചതിൽ ഇനി 50 കോടി കിട്ടാനുണ്ട്. 225 കോടി രൂപയാണ് പ്രഖ്യാപിച്ചത്. 100 കോടി കിട്ടാനുള്ളതിൽ കഴിഞ്ഞ ആഴ്ചയാണ് 50 കോടി ലഭ്യമാക്കിയത്. നെല്ല് സംഭരിച്ച വകയിൽ അനുവദിച്ച 75 കോടി കിട്ടിയിട്ടില്ല. അത്തരം പ്രയാസങ്ങളാണുള്ളത്. സാമ്പത്തിക പ്രശ്നം പൊതുവെ എല്ലാ വകുപ്പുകളെയും ബാധിച്ചിട്ടുണ്ട്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പായതുകൊണ്ട് ആദ്യം ബാധിക്കുന്നത് നമ്മുടെ വകുപ്പിനെയാണ്.

?​ അല്ലാതെ തന്നെ കണക്കനുസരിച്ച് പിന്നെയും തുക കിട്ടാനുണ്ടല്ലോ.

 ഒരുപാടുണ്ട്. നെല്ല് സംഭരണം, വിപണി ഇടപെടൽ ഉൾപ്പെടെയുള്ള കണക്കിൽ സർക്കാർ മൂവായിരം കോടിയോളം രൂപ നൽകാനുണ്ട്. സ്കൂൾ കുട്ടികൾക്ക് അരി വിതരണം ചെയ്തതിനും തുക കിട്ടാനുണ്ട്.

? ഇതു കിട്ടാൻ അടിയന്തര നടപടി വല്ലതും...

 ഊറി വരുന്നതനുസരിച്ചല്ലേ സർക്കാരിന് നൽകാൻ കഴിയൂ. മുൻഗണന ഈ മേഖലയ്ക്കാണെന്ന് തീരുമാനിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് കുറേശ്ശെ കുറേശ്ശെ തരും.

?​ കൂടുതൽ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്ന പദ്ധതി എന്തായി.

ഈ മാസംതന്നെ വയനാട്ടിൽ രണ്ട് സൂപ്പർ മാർക്കറ്റുകൾ തുറക്കുന്നുണ്ട്. ഓണത്തിന് അഞ്ചു കടകൾ തുടങ്ങി. പ്രതിസന്ധിയാണെങ്കിലും ഒരു കടയും അടച്ചിട്ടില്ല. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 106 കടകൾ പുതുക്കുകയോ തുടങ്ങുകയോ ചെയ്തിട്ടുണ്ട്. പെട്രോൾ പമ്പുകൾ പുതിയത് തുടങ്ങി. രണ്ടെണ്ണം കൂടി ഉടൻ തുടങ്ങും. പുതിയ മെ‌ഡിക്കൽ ഷോപ്പുകളും ആരംഭിക്കും.

?​ കെ- സ്റ്റോറുകൾ വ്യാപകമാക്കുന്ന പദ്ധതിയുടെ പുരോഗതി.

 1400 കെ- സ്റ്റോറുകൾ ഇതുവരെ തുടങ്ങി. ഈ സാമ്പത്തിക വർഷം ഇത് 2000 ആക്കും. അതാണ് ലക്ഷ്യമിട്ടിരുന്നതും.

?​ കെ- റൈസ് ഇപ്പോൾ വിതരണമുണ്ടോ.

 ഒരു പ്രതിസന്ധി ഘട്ടത്തിലാണ് കെ- റൈസ് കൊടുത്തുകൊണ്ടിരുന്നത്. ബ്രാൻഡഡ് അരിയായി നൽകിയത് ആ സമയത്താണ്. അന്ന് പത്ത് കിലോ അരി സബ്സിഡിയായി നൽകാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. അതുമാറി. ഇപ്പോൾ സബ്സിഡി നിരക്കിൽ 10 കിലോ അരി കൊടുക്കുന്നുണ്ട്.

?​ അളവ്- തൂക്ക വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ...

 സ്വർണം ഉൾപ്പെടെയുള്ള ആഭരണ പരിശോധനയ്ക്ക് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. തൂക്കവും ഗുണമേന്മയും പരിശോധനയ്ക്കു വിധേയമാക്കും.

?​ ആദിവാസി മേഖലകളിൽ ഭക്ഷ്യധാന്യം നേരിട്ടെത്തിക്കുന്ന പദ്ധതി വ്യാപിപ്പിക്കുന്നത്...

 ഇപ്പോൾ റേഷൻ സാധനങ്ങളുമായി 138 ഊരുകളിൽ വാഹനം പോകുന്നുണ്ട്. വകുപ്പിന്റെ കരാർ വാഹനങ്ങളിലാണ് ഇത്. അതിനു സ്ഥിരം സംവിധാനം വേണം. എം.എൽ.എമാരുടെ ഫണ്ട് ഉപയോഗപ്പെടുത്തി വാഹനം വാങ്ങാനുള്ള ശ്രമത്തിലാണ്. ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മണ്ഡലങ്ങളിലെ എം.എൽ.എമാർ സഹകരിക്കുമെന്നാണ് പ്രതീക്ഷ

?​ ഇ- പോസ് പ്രശ്നങ്ങൾ പരിഹരിച്ചോ.

ആറു മാസമായി ഇ- പോസ് തകരാറിന്റെ പ്രശ്നങ്ങളില്ല. ശാശ്വത പരിഹാരത്തിന് വാർഷിക മെയിന്റനൻസ് ആണ് ഇനി നടക്കാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GRANIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION