SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

കാലഹരണ നിയമത്തിലെ കാര്യവും കാരണവും

a

നമ്മുടെ രാജ്യത്ത് ഏതു പൗരനും സ്വന്തം അവകാശ സംരക്ഷണത്തിനും അർഹമായ നീതി ലഭിക്കുന്നതിനും കോടതികളെയോ മറ്റു നീതിന്യായ സ്ഥാപനങ്ങളെയോ സമീപിക്കാമെന്നതാണ് നിയമവ്യവസ്ഥ. മനുഷ്യനന്മയ്ക്കു വേണ്ടിയുള്ള നമ്മുടെ നിയമങ്ങൾക്ക് ഒരു പൗരനും അതീതനല്ല. സത്യധർമ്മങ്ങളുടെ ശാസ്ത്രമായ നിയമം ഒരു പൗരനും ഹാനി വരുത്തുകയില്ലെന്ന പൊതുവിശ്വാസം നിയമസംഹിതയുടെ അടിസ്ഥാന പ്രമാണമാണ്. അതേസമയം, പൗരന്റെ അവകാശം ഹനിക്കപ്പെട്ടാൽ അത് നേടിയെടുക്കുന്നതിനായി നീതിന്യായ സ്ഥാപനങ്ങളെ സമീപിക്കുന്നതിന് ഒരു സമയപരിധി അനിവാര്യമായതിനാൽ അതും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അത്തരം വ്യവസ്ഥകൾ അടങ്ങിയതാണ് കാലഹരണ നിയമം അഥവാ ലിമിറ്റേഷൻ ആക്ട്- 1963.

തർക്കങ്ങൾക്കും കുറ്റങ്ങൾക്കും നീതിന്യായ സംവിധാനം വഴി പരിഹാരം കാണുന്നതിന് നിർബന്ധമായും ഒരു സമയപരിധി വേണമെന്നതാണ് കാലഹരണ നിയമം ലക്ഷ്യമിടുന്നത്. ഇങ്ങനെയൊരു സമയപരിധി നിശ്ചയിച്ചില്ലെങ്കിൽ പ്രവചനാതീത കാലംവരെ തർക്കങ്ങൾ തുടരുവാൻ സാദ്ധ്യതയുണ്ടല്ലോ! കാലം പിന്നിടുന്തോറും കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ നശിക്കുക, നശിപ്പിക്കപ്പെടുക, അല്ലെങ്കിൽ തെളിവു ശേഖരണം ബുദ്ധിമുട്ടേറിയതാവുക തുടങ്ങിയ സാഹചര്യങ്ങൾ സംജാതമായേക്കാം. അതുകൊണ്ടാണ് നിർദ്ദിഷ്ട കാലപരിധിക്കുള്ളിൽത്തന്നെ കോടതികളെ സമീപിക്കണമെന്നു പറയുന്നത്.

സിവിൽ,​ ക്രിമിനൽ

കുറ്റകൃത്യങ്ങൾ

കാലഹരണ നിയമത്തിൽ, വസ്തുവകകളും മറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും (സിവിൽ ഡിസ്‌പ്യൂട്ട്സ്), ക്രിമിനൽ കുറ്റങ്ങൾക്കും (ക്രൈം) പരിഹാരം തേടുന്നതിന് കാലഹരണ നിയമം സമയപരിധി നിശ്ചയിച്ചിരിക്കുന്നത് വെവ്വേറെയാണ്. സിവിൽ നടപടിക്രമങ്ങളിൽ,​ നിയമം വ്യവസ്ഥ ചെയ്തിരിക്കുന്ന കാലഹരണ പരിധിക്കുള്ളിൽ പരാതി നൽകുവാൻ കഴിയാതെ വരുന്ന പ്രത്യേക സന്ദർഭങ്ങളിൽ, മതിയായ കാരണങ്ങൾ കോടതിയെ ബോദ്ധ്യപ്പെടുത്തിയാൽ ആ കാലതാമസത്തിന് മാപ്പു നൽകുവാൻ വ്യവസ്ഥയുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം സന്ദർഭങ്ങളിൽ കാലതാമസമുണ്ടായാലും കേസ് നടത്തിപ്പിലൂടെ പരിഹാരം നേടാനുള്ള പൗരാവകാശം സംരക്ഷിക്കപ്പെടുന്നു.

ഒരു പ്രത്യേക തർക്കത്തിനോ കുറ്റകൃത്യത്തിനോ കാലഹരണ നിയമത്തിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ, അത്തരം സന്ദർഭങ്ങളിൽ കേസിന് ആധാരമായ സംഭവം നടന്ന് മൂന്നു വർഷത്തിനകം കേസ് ഫയൽ ചെയ്ത് പരിഹാരം നേടേണ്ടതാണ്. ക്രിമിനൽ കുറ്റകൃത്യത്തിനെതിരെ പരിഹാരം ലഭിക്കുന്നതിന് കാലാവധി നിശ്ചയിച്ചിരിക്കുന്നത് കുറ്റക്കാരന് നിയമപ്രകാരം ലഭിക്കാവുന്ന ശിക്ഷയുടെ കാലയളവ് അനുസരിച്ചാണ്. പിഴ മാത്രം (ഫൈൻ) ലഭിക്കാവുന്ന കുറ്റങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കേണ്ടത് കുറ്റം നടന്നുകഴിഞ്ഞ് ആറുമാസത്തിനകം ആയിരിക്കണം.

അതുപോലെ, ഒരുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിൽ ഒരു വർഷത്തിനകവും, ഒരുവർഷത്തിലധികം (മൂന്നുവർഷം വരെ) ശിക്ഷാർഹമായ കുറ്റങ്ങൾക്ക് മൂന്നു വർഷത്തിനകവുമാണ് വ്യവഹാര നടപടികൾ ആരംഭിക്കേണ്ടത്. തടവുശിക്ഷ മൂന്നുവർഷത്തിൽ കൂടുതൽ ലഭിക്കാവുന്ന ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ പരാതിപ്പെടുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടില്ല. കാലഹരണ പരിധി നിശ്ചയിക്കുന്നത് കുറ്റം നടന്ന ദിവസം മുതൽക്കോ, ആർക്കെതിരെയാണോ കുറ്റം നടന്നത്, അയാളുടെയോ പൊലീസിന്റെയോ അറിവിൽ വരുന്ന ആദ്യദിവസംതൊട്ടോ ആയിരിക്കും.

ദുർവിനിയോഗം

ചെയ്യപ്പെടരുത്

മൂന്നു വർഷത്തിലധികം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ, നിയമനടപടി ആരംഭിക്കുവാൻ കാലഹരണ നിയമത്തിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തത് സദുദ്ദേശ്യത്തോടെയാണ്. എന്നാൽ, ഈ വ്യവസ്ഥ ചിലപ്പോഴാെക്കെ ദുർവിനിയോഗത്തിന് സാദ്ധ്യതയുള്ളതാണെന്നും മറന്നുകൂടാ, സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന്, സിനിമാ മേഖലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള സ്ത്രീപീഡന വിവരങ്ങളിൽ പലതും പുറത്തുവരികയും അതിന്മേൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം,​ ഇങ്ങനെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളിൽ പലതും സംഭവിച്ചത് പത്തോ ഇരുപതോ വർഷങ്ങൾക്കു മുമ്പാണെന്നാണ് പല വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത്. ഇത്തരം പീഡന കേസുകൾ തെളിഞ്ഞാലും, മൂന്നുവർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കാവുന്നതുകൊണ്ട് കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കുവാൻ സമയപരിധിയില്ല. കുറ്റം ചെയ്തവർ നിയമാനുസൃതമായി ശിക്ഷിക്കപ്പെടട്ടെ. അതേസമയം, ഒരു പുരുഷനാൽ ലൈംഗികമായോ അല്ലാതെയോ പീഡിപ്പിക്കപ്പെട്ടുവെന്ന് ദീർഘ വർഷങ്ങൾക്കു ശേഷം പരാതിപ്പെടുന്ന സ്ത്രീയുടെ സത്യസന്ധതയെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത്.

നീതീകരണമില്ലാത്ത

നീക്കങ്ങൾ

സ്വന്തം കാര്യങ്ങൾ നേടുന്നതിനും മറ്റുമായി തൊഴിൽ മേഖലയിൽ പുരുഷന് വശംവദയായതിനു ശേഷം, ദീർഘകാലം കഴിഞ്ഞ് മറ്റെന്തെങ്കിലും കാരണത്താൽ അയാൾക്കെതിരെ പീഡനക്കുറ്രം ആരോപിക്കുന്നത് നീതീകരിക്കാവുന്നതല്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഒരു കുറ്റാരോപിതൻ നിരപരാധിയാണെങ്കിൽ, അയാൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും സമൂഹത്തിലെ ഒറ്റപ്പെടുത്തലും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഉണ്ടാകുന്ന നഷ്ടങ്ങളും പ്രശ്നങ്ങളും ഓർത്തുനോക്കുക!

തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പലപ്പോഴും ലൈംഗിക പീഡനം അനുഭവിക്കേണ്ടിവരുന്നു എന്നത് യാഥാർത്ഥ്യം തന്നെ. അഭിമാനത്തോടെ ജീവിക്കുവാനുള്ള സ്ത്രീകളുടെ മൗലികാവകാശമാണ് ഇത്തരം അവസരങ്ങളിൽ ധ്വംസിക്കപ്പെടുന്നത്. 2013- ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'തൊഴിൽ സ്ഥലത്ത് സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ലൈംഗിക പീഡനം (തടയലും നിരോധിക്കലും പരിഹാരവും)" എന്ന നിയമം നിലനിൽക്കുന്നുമ്പോഴും തൊഴിൽ സ്ഥലങ്ങളിലെ സ്ത്രീപീഡനങ്ങൾ തുടർക്കഥ തന്നെ.

പീഡന വിവരം യഥാസമയം ബന്ധപ്പെട്ട അധികാരികൾക്കു മുന്നിൽ പരാതിയായി ഉന്നയിക്കുവാൻ പല സ്ത്രീകളും മടിക്കുന്നതാണ് അവർ ആവർത്തിച്ച് ലൈംഗിക ചൂഷണങ്ങൾക്കു വിധേയരാകുവാൻ ഇടവരുത്തുന്നത്. പീഡനം നടന്ന് ഏറെ വർഷങ്ങൾക്കു ശേഷം അതുമായി ബന്ധപ്പെട്ട ആരോപണം,​ നിലവിലുള്ള നിയമമനുസരിച്ച് നിലനിൽക്കുമെങ്കിലും, ദുർവിനിയോഗം ചെയ്യപ്പെടുവാൻ സാദ്ധ്യതയുള്ളതിനാൽ കാലഹരണ നിയമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. നിലവിലെ കാലഹരണ നിയമം പാർലമെന്റ് പാസാക്കിയത് 1963-ലാണ്. 1964 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരികയും ചെയ്തു. കാലവും കുറ്റകൃത്യങ്ങളുടെ സ്വഭാവും എത്രയോ മാറിയിരിക്കുന്നു!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION