
കേരളത്തിലെ പരിസ്ഥിതി സംരക്ഷണ സമരങ്ങൾക്ക് ഈ നാടിന്റെ രൂപീകരണത്തിനോളം ചരിത്രമുണ്ട്. ഒരു നാടും അവിടുത്തെ ജനങ്ങളും പലകാലങ്ങളിൽ തങ്ങളുടെയും നാടിന്റെയും നിലനിൽപ്പിനായി നടത്തിയ ഒട്ടനവധി സമരങ്ങൾ നമുക്കു മുന്നിലുണ്ട്. സൈലന്റ് വാലിയും, പ്ലാച്ചിമടയും, ചാലിയാറുമെല്ലാം ഇത്തരം സമരങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ കോട്ടൂളി തണ്ണീർത്തടത്തെ വികസനത്തിന്റെ പേരിൽ നടത്തുന്ന കൈയ്യേറ്റങ്ങളിൽ നിന്നു സംരക്ഷിക്കാൻ വീണ്ടുമൊരു സമരം ആരംഭിക്കേണ്ട അവസ്ഥയിലാണ് ഇന്ന് കോഴിക്കോടും. അധികൃതർ നീതിയുടെ നേർക്കുള്ള കണ്ണ് മൂടിക്കെട്ടുമ്പോൾ ജനങ്ങൾ തന്നെ പ്രകൃതിയ്ക്ക് സംരക്ഷണത്തിനായി ഇറങ്ങുന്ന കാഴ്ചകളാണ് ഇവിടെ കാണുന്നത്.
കോട്ടൂളിയിലെ
ത(ക)ണ്ണീർത്തടം
രാജ്യത്തെ തന്നെ പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളിലൊന്നാണ് കോട്ടൂളി തണ്ണീത്തടം. ജൈവ വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ കോട്ടൂളി തണ്ണീർത്തടം കോഴിക്കോട് നഗരത്തിന്റെ പ്രകൃതി കവചം കൂടിയാണ്. പലതരം കണ്ടൽ ചെടികളും അപൂർവ്വയിനം ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിവിടം. സരോവരം, കനോലി കനാൽ, കളിപ്പൊയ്ക, എല്ലാം ചേർന്നുള്ള പ്രദേശം കൂടിയാണ് കോട്ടൂളി തണ്ണീർത്തടം. നിലവിൽ 150 ഏക്കറിൽ 240 ഇനം സസ്യങ്ങളും 90 ലധികം ഇനം ചിത്രശലഭങ്ങളും, 134 ഇനം പക്ഷികളും 30 ഇനം മത്സ്യങ്ങളും ഇവിടെയുണ്ട്. തണ്ണീർത്തടത്തിന്റെ പല പ്രദേശങ്ങളും ഇപ്പോൾ തന്നെ കൈയേറിക്കഴിഞ്ഞു.
പ്രദേശത്തുനിന്നും കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ നാട്ടുകാർ തന്നെ രംഗത്ത് വരേണ്ട സ്ഥിതിയാണിപ്പോൾ. സരോവരം വാഴത്തുരുത്തി പ്രദേശത്തെ മൂന്ന് റസിഡൻസ് അസോസിയേഷനുകളിലെ 107 വീട്ടുകാരാണ് ഇപ്പോൾ തണ്ണീർത്തടത്തിന്റെ കാവൽക്കാർ. രാപകൽ വ്യത്യാസമില്ലാതെ മണ്ണുമാന്തി യന്ത്രം എത്തുന്നുണ്ടോ എന്ന് കാതോർത്താണ് ഇപ്പോൾ ഇവിടുത്തുകാരുടെ ജീവിതം. ഈ സമരമൊരിക്കലും സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയല്ല. നാളെയും ഈ നാട് ഇങ്ങനെ നിലനിൽക്കണം എന്ന ബോദ്ധ്യത്തിനുവേണ്ടി കൂടിയാണ്. ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്തി തണ്ണീർത്തടമായി പ്രഖ്യാപിച്ച പ്രദേശത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും കോഴിക്കോട് കോർപ്പറേഷനും മുഖ്യമന്ത്രിക്കും വരെ പരാതി നൽകിയിട്ടും അനുകൂലമായ മറുപടികൾ ലഭിച്ചില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കഴിഞ്ഞ നവംബർ 21ന് വാഴത്തുരുത്തി പ്രദേശത്തെ കണ്ടൽകാട് നശിപ്പിച്ച് റോഡ് നിർമ്മിക്കാനെത്തിച്ച മണ്ണുമാന്തി യന്ത്രം നാട്ടുകാർ തടഞ്ഞിരുന്നു. ഇതോടെയാണ് സരോവരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം വീണ്ടും ശക്തമായത്.
സംഭവത്തിൽ സ്ഥലമുടമയ്ക്കുനേരെ കർശന നടപടികൾ സ്വീകരിച്ച കോഴിക്കോട് വേങ്ങേരിയിലെ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയെന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്. ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണ സമിതി ജില്ലാ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്. വിവിധയിനം കണ്ടൽച്ചെടികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ പ്രദേശം. സരോവരം ബയോപാർക്കിന് ചുറ്റുമുള്ള പ്രദേശം മാത്രമാണ് ഇപ്പോൾ ജൈവവൈവിദ്ധ്യത്തിന്റെ കേന്ദ്രമായി നിലനിൽക്കുന്നത്. കുറച്ചുനാൾ മുമ്പാണ് മാലിന്യങ്ങൾ നീക്കം ചെയ്ത് സരോവരത്തിലെ കളിപ്പൊയ്കയിൽ വീണ്ടും പെഡൽ ബോട്ടുകൾ സജീവമായത്. ഇതുകൊണ്ടുമാത്രം കാര്യമില്ല. നഗരത്തിൽ ആകെ അവശേഷിക്കുന്ന പച്ചപ്പിനെ നിലനിറുത്താൻ അധികൃതരുടെ കൃത്യമായ ഇടപെടൽ കൂടെ ആവശ്യമാണ്.
നൂറ്റാണ്ടുകളുടെ ചരക്കുഗതാഗതത്തിന്റെ ഓർമ്മകളുള്ള കനോലി കനാൽ ഇന്ന് നഗരത്തിന്റെ ചവറ്റുകൊട്ടയാണ്. കൊട്ടിഘോഷിച്ച് തുടങ്ങിയ നവീകരണ പദ്ധതികളാകട്ടെ ഇതുവരെ എങ്ങും എത്തിയിട്ടുമില്ല. കോഴിക്കോടിനെ കനാൽ സിറ്റിയാക്കുമെന്ന പ്രഖ്യാപനത്തിലും ഇതുവരെ യാതൊരു പുരോഗതിയുമുണ്ടായില്ല. കനോലി കനാലിന്റെ താഴെ തട്ടിൽ അടിഞ്ഞുകിടക്കുന്ന ചെളിയും പല സ്ഥാപനങ്ങളിൽനിന്നുള്ള മലിനജലവും കക്കൂസ് മാലിന്യവും കോട്ടൂളി തണ്ണീർത്തടത്തെ സാരമായി ബാധിക്കുന്നുണ്ട്.
മാലിന്യച്ചാലായി കല്ലായി പുഴ
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2023 ലെ പഠനപ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ മലിനമായ പുഴയാണ് കല്ലായിയിലേത്. കുളിക്കാനെങ്കിലും പുഴയിലെ വെള്ളം ഉപയോഗിക്കണമെങ്കിൽ വെള്ളത്തിന്റെ ബി.ഒ.ഡി ( ബയോക്കെമിക്കൽ ഓക്സിജൻ ഡിമാന്റ്) 3 മില്ലിഗ്രാം ആയിക്കണം. കല്ലായി പുഴയിൽ ഇത് 12 മില്ലിഗ്രാമാണ്. ഓടകളിൽ നിന്ന് മലിനജലം പുഴയിലേക്ക് നേരിട്ടും കനോലി കനാൽ വഴിയും ഒഴുക്കുന്നതും ചെളി കെട്ടിനിൽക്കുന്നതുമാണ് ഇതിന്റെ പ്രധാന കാരണം. കല്ലായി പുഴയെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളും, മരക്കച്ചവടക്കാരുടെയും ജീവിതം കൂടെയാണ് ഇത് കാരണം ബുദ്ധിമുട്ടിലാകുന്നത്. കൈയേറ്റം മൂലം പലഭാഗത്തും പുഴ വെറുമൊരു നീർച്ചാൽ മാത്രമാണ്. കൈയേറ്റത്തിൽ നടപടിയെടുക്കേണ്ട റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസർമാർ കല്ലായി പുഴ ഉൾപ്പെടുന്ന പ്രദേശം കസബ വില്ലേജിലാണോ അതോ പന്നിയങ്കര വില്ലേജിലാണോ എന്നതിൽ ധാരണയില്ലാതെ തമ്മിലടിക്കുകയാണ്. കൈയേറ്റം ഒഴിപ്പിക്കുന്നതുവരെ സമരങ്ങളുമായി മുന്നോട്ട് പോകാനാണ് കല്ലായി പുഴ സംരക്ഷണ സമിതിയുടെയും തീരുമാനം.
വെല്ലുവിളിയാകുന്ന ഖനനങ്ങളും
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാറപൊട്ടിക്കലും ഖനനവും നടക്കുന്നത്. മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പുറക്കാമലയിലെ ഖനനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രദേശവാസികൾ നടത്തിയ സമരം സംഘർഷത്തിലാണ് കലാശിച്ചത്. 2014 ൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നിറുത്തിവച്ച ഖനനമാണ് ഇപ്പോൾ പുനരാരംഭിച്ചത്.
പഞ്ചായത്ത് തടഞ്ഞിട്ടും ഹൈക്കോടതിയിൽ നിന്നും ലൈസൻസ് വാങ്ങിയാണ് ക്വാറി ഉടമകൾ ഖനനം തുടങ്ങിയത്. ജില്ലയിലെ മലയോര പ്രദേശങ്ങളായ കോടഞ്ചേരി, തിരുവമ്പാടി, മുക്കം തുടങ്ങിയ പ്രദേശങ്ങളിലും കുന്നിടിക്കലും ഖനനവുമെല്ലാം അനുമതിയോടെയും അല്ലാതെയും നടക്കുന്നുണ്ട്. പരിസ്ഥിതി ലോല മേഖലകളിൽ ഖനനം നടത്തരുതെന്ന ഉത്തരവുകളും മുന്നറിയിപ്പുകളും കാറ്റിൽ പറത്തിയാണ് ഇത്തരം ഖനനങ്ങൾ യഥേഷ്ടം നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |