
സഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡ് കള്ളക്കടത്തുകാരുടെ പുതിയ ഹബ്ബായി മാറുകയാണ്. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഭവങ്ങൾ പിന്നാലെയാണ് അവിടെ നിന്നുള്ള അലങ്കാര പക്ഷിക്കടത്ത് ഏവരേയും അമ്പരപ്പിച്ചത്.
ഇന്ത്യയ്ക്ക് കിഴക്കുള്ള കൊച്ചു രാജ്യമാണ് തായ്‌ലൻഡ്. പസഫിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും തഴുകുന്ന തീരങ്ങൾ. പ്രകൃതി ഭംഗിയ്‌ക്കൊപ്പം മനുഷ്യസൗന്ദര്യവും അനുഗ്രഹിച്ച നാട്. ഉന്മാദ ടൂറിസത്തിൽ ഉറക്കം വെടിയുന്ന നഗരങ്ങൾ.
ആഗോള സന്തോഷസൂചികയിൽ 45-ാം സ്ഥാനമുണ്ട് തായ്‌ലൻഡിന് (ഇന്ത്യയുടെ സ്ഥാനം 126). സന്തോഷം തേടി തായ്‌നാട്ടിലെത്തുന്നവരിൽ ഏറെയും ഇന്ത്യക്കാരാണ്; നല്ലൊരു പങ്കും മലയാളികളും. തായ്‌ലൻഡിലേക്കുള്ള ഈ കുത്തൊഴുക്ക് തുടങ്ങിയിട്ട് അധിക വർഷങ്ങളായിട്ടില്ല. കേരളത്തിലേക്ക് ബജറ്റ് എയർലൈൻസുകളുടെ കടന്നുവരവാണ് സഹായകമായത്. ട്രാവൽ ബിസിനസുകാരുടെ മത്സരത്തിൽ നിന്ന് ചെലവു കുറഞ്ഞ പാക്കേജുകളും രൂപപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ നാടാണ് തായ്‌ലൻഡ്. സഞ്ചാരികൾക്ക് ചുറ്റും ക്യാമറാ കണ്ണുകളോ പൊലീസ് നിരീക്ഷണമോ ഇല്ല. പട്ടായ, ഫൂക്കെറ്റ് പോലെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ മാത്രമല്ല, തലസ്ഥാനമായ ബാങ്കോക്കിലും തെരുവുകളിൽ നൈറ്റ് ലൈഫ് സജീവം. അനുവദനീയമായ ഇടങ്ങളിൽ അർമാദിക്കാം. തരുണികൾ മാടി വിളിക്കുന്ന മസാജ് പാർലറുകൾ, മിഠായി ഭരണിയിലിട്ടു കഞ്ചാവ് വിൽക്കുന്ന കടകൾ, മദ്യക്കുപ്പികൾ വൈകിട്ട് എവിടെയും വാങ്ങാൻ കിട്ടും. എന്നാൽ എല്ലാ അടിച്ചുപൊളി ലൈഫിനും ഒരു മറുപുറമുണ്ടാകും. മുതലെടുപ്പുകാരുണ്ടാകും. അങ്ങനെ കള്ളക്കടത്തിന്റെ പുതിയ ഹബ്ബായിരിക്കുകയാണ് തായ്‌ലൻഡ്. കൊച്ചി വിമാനത്താവളത്തിൽ നിന്നടക്കം പുറത്തു വന്ന വാർത്തകൾ അത്തരത്തിലാണ്.
'പറന്നെത്തിയ' അലങ്കാരക്കിളികൾ
വലിയ ബാഗേജുകളുമായാണ് കഴിഞ്ഞയാഴ്ച തായ്‌ലൻഡിൽ നിന്ന് ഒരു അമ്മയും മകനും എത്തിയത്. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശികളായ ബിന്ദുമോളും മകൻ ശരത്തും. വിനോദയാത്ര പോയിരുന്ന ഇവർ ബാങ്കോക്കിൽ നിന്ന് എയർ ഏഷ്യ വിമാനത്തിലാണെത്തിയത്. അതുവരെ എല്ലാം സ്വാഭാവികം. എന്നാൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വിടാനുള്ള പരിശോധനയ്ക്കിടെ കസ്റ്റംസിന് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോൾ ഇതിനുള്ളിൽ നിന്നും ചിറകടിശബ്ദം കേട്ടു. തുറന്നുനോക്കിയപ്പോഴാണ് വേഴാമ്പൽ ഉൾപ്പെടെ വംശനാശം നേരിടുന്ന അപൂർവ ഇനത്തിൽപെട്ട 14 പക്ഷികളെ കണ്ടെത്തിയത്.
ചെറിയ പെട്ടികളിലാക്കിയാണ് പക്ഷികളെ ബാഗേജിൽ ഒളിപ്പിച്ചിരുന്നത്. 25,000 മുതൽ രണ്ടുലക്ഷം രൂപവരെ വിലയുള്ള പക്ഷികളാണിവ. കേസ് വനംവകുപ്പിന് കൈമാറി. പക്ഷികളെ തായ്‌ലൻഡ് വനംവകുപ്പിന്റെ കസ്റ്റഡിയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. വിദേശത്തുനിന്ന് ആവശ്യമായ രേഖകളും മുൻകൂർ അനുമതിയുമില്ലാതെ പക്ഷികളെ കടത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 75,000 രൂപ പ്രതിഫലത്തിന് വേണ്ടിയാണ് പക്ഷികളെ കടത്തിക്കൊണ്ടുവന്നതെന്നാണ് പ്രതികളായ അമ്മയുടേയും മകന്റേയും മൊഴി. അലങ്കാര പക്ഷിക്കടത്തിന് പിന്നിൽ വൻറാക്കറ്റുണ്ടെന്നാണ് വ്യക്തമാകുന്നത്. കോഴിക്കോട് സ്വദേശി കണ്ണൻ എന്നയാളാണ് മുഖ്യകണ്ണി. ബിന്ദുവിനും മകൻ ശരത്തിനും തായ്‌ലാൻഡിലേക്ക് മടക്കയാത്ര ഉൾപ്പെടെയുള്ള ടിക്കറ്റും താമസ സൗകര്യവുമെല്ലാം ഏർപ്പാടാക്കിയത് കണ്ണനാണെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. ഇരുവരും ബാങ്കോക്കിൽ 10 ദിവസം തങ്ങി. കണ്ണന്റെ സുഹൃത്താണ് ബാങ്കോക്കിൽ ഇവർക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത്.
തിരിച്ചുപോരുന്ന സമയത്ത് ഈ സുഹൃത്ത് രണ്ട് ബാഗുകൾ ഇവരെ ഏൽപ്പിച്ചു. ബാഗേജിൽ ചോക്ലേറ്റുകളാണെന്നും ഒരു ബാഗിൽ ഒരു പക്ഷിയുണ്ടെന്നും പറഞ്ഞു. കൊച്ചി വിമാനത്താവളത്തിൽ എത്തുമ്പോൾ ഒരാൾ അരികിലെത്തുമെന്നും അയാൾക്ക് ബാഗുകൾ കൈമാറണമെന്നും നിർദ്ദേശിച്ചു. ബിന്ദുവും ശരത്തിനും സൗണ്ട് ആൻഡ് ഡെക്കറേഷൻ ബിസിനസാണ്. കണ്ണനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ഹൈബ്രിഡ് കഞ്ചാവിന്റെ ഹബ്ബ്
പക്ഷിക്കടത്തിന് തൊട്ടുമുമ്പാണ് തായ്‌ലൻഡിൽ നിന്നുള്ള ഹൈബ്രിഡ് കഞ്ചാവുകടത്തിന്റെ മുഖ്യകണ്ണി മുഖ്യകണ്ണി കോഴിക്കോട് സ്വദേശി ഫവാസിനെ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. ബാഗേജിൽ 17 ബാഗുകളിലാക്കി ഒളിപ്പിച്ചത് എട്ട് കിലോ കഞ്ചാവാണ്. ഡി.ആർ.ഐ കണ്ണൂർ യൂണിറ്റ് നൽകിയ വിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൃത്രിമ വെളിച്ച സംവിധാനങ്ങളോടെ മുറിയിൽ വളർത്തുന്ന മുന്തിയ ഇനം കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. ഒഡീഷയിലും മറ്റും കൃഷി ചെയ്യുന്ന നാടൻ കഞ്ചാവിനെ അപേക്ഷിച്ച് വീര്യം കൂടുതലാണ് ഹൈബ്രിഡിന്. ചില രാജ്യങ്ങളിൽ മരുന്നുകൾക്കായും ഉപയോഗിക്കുന്നുണ്ട്.
രണ്ട് മാസത്തിനിടെ ഹൈബ്രിഡ് കഞ്ചാവ് കടത്തിയതിന് നെടുമ്പാശേരിയിൽ മാത്രം അഞ്ച് പേരാണ് പിടിയിലായത്. ഏഴ് കോടി രൂപ വിലമതിക്കുന്ന പതിനാല് കിലോ ഹൈബ്രിഡ് കഞ്ചാവുമായി നവംബർ പതിനഞ്ചിന് മലയാളികളായ മൂന്ന് പേർ പിടിയിലായി. തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനൻ സെപ്തംബർ 30ന് കടത്താൻ ശ്രമിച്ചത് നാലരകിലോ കഞ്ചാവാണ്. ബാങ്കോക്കിൽ ഹോട്ടൽ നടത്തുന്ന മലയാളി മുഹമ്മദ് അനൂഫിന്റെ നേതൃത്വത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് രാജ്യത്തേക്ക് കടത്തുന്നതെന്നാണ് വിവരം. ഇയാളുടെ കൂട്ടാളി കാസർഗോഡ് സ്വദേശി മുഹമ്മദ് മഹറൂഫടക്കം ഏഴ് പേരെ ഒരുമാസം മുമ്പ് കുടകിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചി, ബെംഗളൂരു വിമാനത്താവളങ്ങൾ വഴിയാണ് രാജ്യത്തേക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ ഇറക്കുമതി. ബാങ്കോക്കാണ് ഹൈബ്രിഡ് കഞ്ചാവിന്റെ പ്രഭവ കേന്ദ്രം. ഇവിടെ നിന്ന് കൊച്ചിയിലും ബംഗളൂരുവിലും എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ച് പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നതാണ് രീതി. സിന്തറ്റിക് ലഹരിയുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന അവകാശവാദവുമായാണ് ഹൈബ്രിഡ് കഞ്ചാവിന്റെ വിപണനമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതിനാൽ നാടനെക്കാൾ ഇരുപതിരട്ടി വരെ വില കൂടുതലാണ്. ഒരു കിലോ നാടൻ കഞ്ചാവിന് 10,000 രൂപയാണെങ്കിൽ ഹൈബ്രിഡിന് രണ്ടുലക്ഷത്തോളം രൂപയാകും.
ഏതായാലും തായ്‌ലൻഡ് കള്ളക്കടത്തുകാരുടെ പുതിയ താവളമാണെന്ന് എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് ബോദ്ധ്യമായിക്കഴിഞ്ഞു. യാത്രികരുടെ വരവുംപോക്കും ഇനി ശക്തമായ നിരീക്ഷണക്കണ്ണുകളിലാകുമെന്നുറപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |