
നിതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗരിയ ചെയർമാനായ പതിനാറാം ധനകാര്യ കമ്മിഷൻ, അതിന്റെ റിപ്പോർട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധനകാര്യ കമ്മിഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും വലിയ പ്രധാന്യമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ 280–ാം ആർട്ടിക്കിൾ അനുസരിച്ച് രൂപീകരിക്കപ്പെട്ട കേന്ദ്ര ധനകാര്യ കമ്മിഷന്റെ പ്രധാന ചുമതല കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വിശകലനം ചെയ്യുകയും, ധനകാര്യ ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കുകയുമാണ്.
ഓരോ സംസ്ഥാനത്തിന്റെയും സവിശേഷ സാഹചര്യങ്ങൾ മനസിലാക്കി, സന്തുലിതമായി നികുതി വിതരണം നിർവഹിക്കേണ്ട ചുമതലയാണ് കമ്മിഷനുള്ളത്. രാജ്യത്തിന്റെ പൊതുവരുമാനം സംസ്ഥാനങ്ങൾക്ക് നീതിയുക്തമായി ലഭിക്കുന്നതിനുള്ള തീരുമാനങ്ങളും കമ്മിഷനാണ് കൈക്കൊള്ളുന്നത്. 2026 ഏപ്രിൽ ഒന്നു മുതലാണ് കമ്മിഷന്റെ ശുപാർശകൾ പ്രകാരമുള്ള ധനവിഹിതങ്ങൾ കേരളത്തിനും ലഭ്യമായിത്തുടങ്ങുക.
കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ എന്തെല്ലാം ഉൾപ്പെടണമെന്ന കാര്യത്തിൽ സംസ്ഥാനത്തിന്റെ നിലപാട് കൃത്യമായി ബോദ്ധ്യപ്പെടുത്താനായിട്ടുണ്ട്. വിഭവസമാഹരണ അധികാരങ്ങളിലെയും ചെലവിലെയും സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കമ്മിഷന്റെ ശുപാർശകളിൽ ഉൾപ്പെടേണ്ടതുണ്ട്.
വിഹിതത്തിലെ
വെട്ടിക്കുറവ്
പതിനഞ്ചാം ധന കമ്മിഷൻ ശുപാർശ പ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ച കേന്ദ്ര നികുതി വിഹിതത്തിൽ വലിയ കുറവുണ്ടായി. നികുതിക്കു പകരമായി കേന്ദ്ര സർക്കാർ വലിയ തോതിൽ സെസും സർചാർജും സമാഹരിക്കാൻ തുടങ്ങി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം 75 ശതമാനത്തിൽ നിന്ന് 60 ശതമാനത്തിലേക്ക് ചുരുക്കി. ജി.എസ്.ടിയിലൂടെ സംസ്ഥാനങ്ങൾ സമാഹരിക്കുന്ന നികുതിയുടെ പകുതി കേന്ദ്രത്തിന് അവകാശപ്പെട്ടതാക്കി. ഇതെല്ലാം സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം വരുത്തുന്നതാണ്. ഇതുകൂടി പരിഹരിക്കാൻ, വിഭജിക്കാവുന്ന കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്കായി നീക്കിവയ്ക്കണമെന്നാണ് നമ്മൾ ആവശ്യപ്പെട്ടത്. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ 41 ശതമാനമായിരുന്നു.
കേന്ദ്ര സർക്കാരിന് മതിയായ പണലഭ്യത ഉറപ്പാക്കാൻ ഇപ്പോൾ പുതിയ നികുതിയിതര മാർഗങ്ങൾ പലതുമുണ്ട്. കുത്തകാവകാശം നിലനിറുത്തിയിട്ടുള്ള പൊതുമേഖലാ കമ്പനികളുടെ ലാഭ വിഹിതം, സ്പെക്ട്രം വിൽപന, റിസർവ് ബാങ്കിന്റെ ലാഭവിഹിതം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയവയിലൂടെ വർഷംതോറും വലിയ തുക കേന്ദ്ര സർക്കാരിനു ലഭിക്കുന്നു. ഇത്തരം നികുതിയിതര വരുമാനവും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട ധനവിഭവങ്ങളിൽ ഉൾപ്പെടുത്തണം. ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതി അടിയന്തരമായി നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കേരളം നിർദേശിച്ചു.
വികസനം, ഗുണമേന്മയുള്ള സേവനങ്ങളുടെ വിതരണം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അസമത്വം ഇന്ത്യൻ സമ്പദ്ഘടനയിലെ സ്ഥിരവും വ്യാപകമായതുമായ സവിശേഷതയാണ്. തുല്യതയും നീതിയും അടിസ്ഥാനമാക്കിയും, ജനസംഖ്യാ നിയന്ത്രണ പ്രവർത്തനങ്ങളിലെ നേട്ടം പ്രകടമാകുന്ന രീതിയിലുമാകണം വിഹിത കൈമാറ്റത്തിനുള്ള മാർഗനിർദ്ദേശങ്ങളുടെ കാതൽ എന്നതാണ് നമ്മുടെ ആവശ്യം. ആർട്ടിക്കിൾ 275 പ്രകാരം ഗ്രാന്റുകൾ അനുവദിക്കുമ്പോൾ, വലിയതോതിൽ റവന്യു നഷ്ടം ഉണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് അത് പരിഹരിക്കും വിധം മതിയായ റവന്യു കമ്മി ഗ്രാന്റ് അനുവദിക്കേണ്ടതുമുണ്ട്.
നേട്ടത്തിനു
ഫലം ശിക്ഷ!
2011- ലെ ജനസംഖ്യ മാനദണ്ഡമാക്കിയ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ സമീപനം കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയിരുന്നു. ദേശീയ ജനസംഖ്യാ നിയന്ത്രണ പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളത്തെ ശിക്ഷിക്കുകയാണ് ചെയ്തത്. കൊവിഡ്, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങി പ്രകൃതി ദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി നേരിടേണ്ടിവന്നപ്പോഴും ഉയർന്ന സാമ്പത്തിക വളർച്ചയും, അതിൽ സ്ഥിരതയും കൈവരിക്കാൻ കേരളത്തിനായിട്ടുണ്ട്. കഴിഞ്ഞ ധനകാര്യ കമ്മിഷൻ നിർദ്ദേശിച്ച ധനദൃഢീകരണ പാതയിൽ മുന്നേറുകയാണെന്നതും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളെ അധികാരംകൊണ്ടും സാമ്പത്തികമായും വലിയ തോതിൽ ശാക്തീകരിക്കാൻ നമുക്കു കഴിഞ്ഞു. സംസ്ഥാന വരുമാനത്തിന്റെ നിശ്ചിത ഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവയ്ക്കുന്നു. ഇതേ രീതിയിൽ കേന്ദ്ര വരുമാനത്തിന്റെ ഒരു നിശ്ചിതഭാഗം തദ്ദേശ സ്ഥാപനങ്ങൾക്കു മാത്രമായി നീക്കിവയ്ക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇത്തരം ഗ്രാന്റ് പൂർണമായും ഉപാധിരഹിതമായിരിക്കുകയും വേണം. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വലിയ തോതിലാണ് കേരളത്തെ ബാധിക്കുന്നത്. ഇത്തരം ദുരന്തങ്ങളുമായി ബന്ധപ്പെട്ട് 2010 മുതൽ 2015 വരെയുള്ള കാലയളവിലേതിനെ അപേക്ഷിച്ച് 2018 മുതൽ 24 വരെയുള്ള കാലയളവിൽ 4,273 കോടി കോടി രൂപയുടെ അധികബാദ്ധ്യത സംസ്ഥാനത്തിന് ഏറ്റെടുക്കേണ്ടിവന്നു- ഏതാണ്ട് 25 ഇരട്ടി അധിക ബാധ്യത! അടിയന്തര ദുരന്ത പ്രതികരണ പ്രവർത്തനങ്ങളുടെ ചെലവുകൾ 40 മടങ്ങിലേറെ ഉയർന്നു.
ഇതെല്ലാം പരിഗണിച്ച് കേരളത്തിന്റെ (സംസ്ഥാന) ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്ര വിഹിതം നൂറു ശതമാനം ഉയർത്തണം. സംസ്ഥാനം നേരിടുന്ന തീരശോഷണം, മണ്ണിടിച്ചിൽ, അതിതീവ്ര മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണം. ദൈർഘ്യമേറിയ തീരദേശം, ജനസാന്ദ്രത, വിസ്തൃത വനമേഖല, തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മനുഷ്യ- മൃഗ സംഘർഷം, സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള തൊഴിൽപരമായ കുടിയേറ്റം, മുതിർന്ന പൗരന്മാരുടെ സംഖ്യാവർദ്ധനവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തിന്റെ പൊതുചെലവ് ഉയർത്തുന്നു.
ജനസാന്ദ്രത
എന്ന കടമ്പ
കേരളത്തിലെ 30 ശതമാനം ജനങ്ങൾ തീദേശത്താണ് താമസിക്കുന്നത്. 586 കിലോമീറ്റർ വരുന്ന തീരദേശത്തെ 360 കിലോമീറ്ററും തീരശോഷണ ഭീഷണി നേരിടുന്നതാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കടൽ നിരപ്പ് ഉയരുന്നത് മറ്റൊരു വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയിൽ 55 ശതമാനവും വനമാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ 1,898 പേർ എന്നതാണ് കേരളത്തിലെ ജനസാന്ദ്രത. ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ബീഹാർ, പശ്ചിമ ബംഗാൾ ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ഇരട്ടിയോളമാണ് ഇത്. ഉയർന്ന ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും മൂലം സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് വളരെ ഉയർന്ന വില നൽകേണ്ടിവരുന്നു. ദേശീയപാതാ വികസനത്തിന് ഏറ്റെടുത്ത ഭൂമിയ്ക്ക് വിലയുടെ 25 ശതമാനമാണ് സംസ്ഥാനം നൽകേണ്ടിവന്നത്.
അതിവേഗ നഗരവത്കരണം സൃഷ്ടിക്കുന്ന സവിശേഷ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് ധനവിഭവ വിഭജന മാനദണ്ഡങ്ങളിൽ ഭൂവിസ്തൃതി, ഭൂമിയുടെ വില, നഗരവത്കരണത്തിന്റെ തോത് എന്നിവ മാത്രമല്ല,ജനസാന്ദ്രതയും സൂചകമാകണം. 2036 ആകുമ്പോഴേക്കും കേരളത്തിലെ മുതിർന്ന പൗരമാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. 2011-ലെ 42 ലക്ഷത്തിൽനിന്ന് 2036-ൽ അത് 84 ലക്ഷത്തിലേക്ക് എത്തും. ഇതെല്ലാം സംസ്ഥാനത്തിന്റെ റവന്യു ചെലവ് വലിയ തോതിൽ ഉയർത്താവുന്ന ഘടകങ്ങളാണ്. മുതിർന്ന പൗരന്മാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികൾക്കും ആവശ്യത്തിന് പണം ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നിലവിൽ സംസ്ഥാനം.
ഇതെല്ലാം പരിഗണിച്ച്, മേഖലകൾ തിരിച്ചും സംസ്ഥാനത്തിന്റെ സവിശേഷമായ പ്രശ്നങ്ങൾ പരിഗണിച്ചും പ്രത്യേക ഉപാധിരഹിത ഗ്രാന്റുകൾ ലഭ്യമാക്കണം. പാർലമെന്റും സംസ്ഥാന നിയമസഭകളും പാസാക്കിയ ധന ഉത്തരവാദിത്ത നിയമത്തിലെ വ്യവസ്ഥകൾക്ക് അതീതമായി, സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശങ്ങളിൽ കേന്ദ്ര സർക്കാർ നടത്തുന്ന കൈകടത്തലുകളും കമ്മിഷനോട് വിശദമാക്കിയിട്ടുണ്ട്. നികുതി വിഹിതം വിഭജിക്കുന്നതിലെ അസമത്വം ഉൾപ്പെടെ മുഴുവൻ കാര്യങ്ങളിലും അർഹമായ പരിഗണന കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |