
സംസ്ഥാനത്ത് നൂറുകണക്കിന് ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിയുന്നത്. ഈ വർഷം ഡിസംബർ 15 വരെ, കോഴിക്കോട് ജില്ലയിൽ മാത്രം 4783 റോഡപകടങ്ങളിൽ 299 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 11,225 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായവരും ഏറെയാണ്. സംസ്ഥാനത്ത് തന്നെ കൂടുതൽ റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്താണ് കോഴിക്കോടിന്റെ സ്ഥാനം. ഒന്നാം സ്ഥാനത്തുള്ള എറണാകുളത്ത് 7633 അപകടങ്ങളാണ് ഈ വർഷം ഇതുവരെ ഉണ്ടായത്. കൂടുതൽ അപകടങ്ങൾക്കും കാരണമായി മാറുന്നത് അശ്രദ്ധയും അമിതവേഗവുമാണെന്നാണ് പൊലീസിന്റെ നിഗമനം. റോഡിന്റെ ശോച്യാവസ്ഥയും, വാഹനത്തിന്റെ യന്ത്രത്തകരാറും പഴക്കവുമെല്ലാം അപകടങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ ദേശീയപാതയിൽ 18 ഇടങ്ങളും, സംസ്ഥാനപാതയിലെ ഒൻപത് ഇടങ്ങളുമാണ് സ്ഥിരം അപകടമേഖലയായി ട്രാഫിക് പൊലീസിന്റെ പട്ടികയിലുള്ളത്. ദേശീയപാത മുതൽ ഗ്രാമീണ റോഡുകൾ വരെയുള്ളവയുടെ പുനരുദ്ധാരണവും നിയമങ്ങൾ പാലിച്ചുള്ള ഡ്രൈവിംഗുമാണ് ഇതിനു പരിഹാരം.
ദേശീയപാതാ വികസനം, ജൽജീവൻ മിഷൻ തുടങ്ങിയ പദ്ധതികളുടെ ഭാഗമായിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിലെ റോഡുകളും തകർന്ന അവസ്ഥയാണ്. ഈ റോഡുകളിലൂടെ ആളുകളെ കുത്തിനിറച്ചുള്ള ദീർഘദൂര ബസുകളുടെ മത്സരയോട്ടവും പതിവാണ്. കോഴിക്കോട് നിന്ന് തൃശൂർ, പാലക്കാട്, കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളാണ് നഷ്ടപ്പെടുന്ന സമയം വീണ്ടെടുക്കാനായി മരണപ്പാച്ചിൽ പായുന്നത്. ഇതുസംബന്ധിച്ച് നിരവധി തവണ പരാതി ഉയർന്നെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല.
നിയമാനുസൃതമായി രൂപമാറ്റം വരുത്തുന്നതിന് മേട്ടോർ വാഹനവകുപ്പ് അധികൃതരിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം എന്നിരിക്കെ ഇതൊന്നുമില്ലാതെയാണ് കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും, കാതടപ്പിക്കുന്ന ശബ്ദവുമായി വാഹനങ്ങൾ നിരത്തിലോടുന്നത്.
ഒറ്റ രാത്രിയിൽ
788 നിയമലംഘനങ്ങൾ
കോഴിക്കോട് ബീച്ച് പരിസരത്ത് വാഹനങ്ങളുടെ അഭ്യാസയാത്രാ റീൽ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വടകര സ്വദേശിയായ ഇരുപതു വയസുകാരൻ മരിച്ച സംഭവം ഞെട്ടലോടെയാണ് പുറംലോകമറിഞ്ഞത്. ജില്ലയിൽ നിയമലംഘനങ്ങളുടെ എണ്ണം കൂടുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 788 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അപകടമുണ്ടായ ഡിസംബർ 10 ന് വൈകിട്ട് ഏഴ് മണിമുതൽ പുലർച്ചെ മൂന്ന് മണിവരെ കോഴിക്കോട് സിറ്റി, റൂറൽ പരിധിയിൽ മോട്ടോർ വാഹന വകുപ്പും, പൊലീസും ചേർന്ന് പരിശോധന നടത്തിയത്. പിടികൂടിയ വാഹന ഉടമസ്ഥരിൽ നിന്ന് 19,33,700 രൂപ പിഴ ഈടാക്കി. 172 വാഹനങ്ങൾ മറ്റ് യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ലൈറ്റ് ഉപയോഗിച്ചതിനും, 46 വാഹനങ്ങൾ രൂപമാറ്റം വരുത്തിയതിനും, അമിതഭാരം കയറ്റിയ ഏഴ് വാഹനങ്ങൾ, ഫിറ്റ്നസ്, നികുതി,പെർമിറ്ര് ഇല്ലാത്ത 26 വാഹനങ്ങൾ എന്നിങ്ങനെയാണ് നടപടി സ്വീകരിച്ചത്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 39 പേർക്കെതിരെയും, മദ്യപിച്ച് വാഹനമോടിച്ച മൂന്നുപേർക്കെതിരെയും നടപടിയുണ്ടായി. റോഡ് നിയമലംഘനം നടത്തിയവർക്കെതിരെ ലൈസൻസ് സസ്പെന്റ് ചെയ്യുക, പിഴ ഈടാക്കൽ തുടങ്ങിയ നടപടികളാണ് സ്വീകരിച്ചത്.
വീണ്ടും കൺതുറന്ന്
എ.ഐ ക്യാമറകൾ
എ.ഐ ക്യാമറകൾ സ്ഥാപിച്ചതോടെ കേരളത്തിലെ റോഡുകളിൽ ഗതാഗത നിയമലംഘനങ്ങളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇടക്കാലത്ത് പ്രവർത്തനം തകരാറിലായതിനാൽ നിയമലംഘനങ്ങൾ കണ്ടെത്തി ഫൈൻ ഈടാക്കുന്നത് തടസപ്പെട്ടു. തകരാറിലായ എ.ഐ ക്യാമറകളെല്ലാം വീണ്ടും പ്രവർത്തനക്ഷമമായിട്ടുണ്ട്. എന്നാൽ ഇത് കൂടാതെ 2012 മുതൽ മോട്ടോർ വാഹന വകുപ്പ് വിവിധയിടങ്ങളിലായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ അവസ്ഥയെന്താണെന്ന് ഒരറിവും ഇല്ല. കരാർ അവസാനിച്ചതോടെ ഇവയുടെ പരിപാലനത്തിൽ നിന്നും കെൽട്രോണും പിന്നോട്ട് പോയി. ഇപ്പോൾ ഇവയിൽ പലതും പ്രവർത്തനക്ഷമമല്ല. എ.ഐ ക്യാമറകൾ മാത്രം ഉപയോഗിച്ച് എങ്ങനെയാണ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുക എന്നതിലും ധാരാളം സംശയങ്ങൾ ഉയരുന്നുണ്ട്.
നിയമലംഘനങ്ങൾ
നോക്കിനിൽക്കേണ്ട
പൊതുനിരത്തുകളെ റേസിംഗ് ട്രാക്കാക്കി മാറ്റുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും മേട്ടോർ വാഹനവകുപ്പിനെ അറിയിക്കാം. കേന്ദ്ര ഗതാഗതമന്ത്രാലയം നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻ.ഐ.സി) യുടെ സഹായത്തോടെ നവീകരിച്ച 'നെക്സ്റ്റ് ജെൻ എം-പരിവാഹൻ' മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് ഈ സൗകര്യം ഒരുക്കിയത്. നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ ഫോട്ടേയോ വീഡിയോയോ പകർത്തി ആപ്പിലെ 'സിറ്റിസൺ സെന്റിനൽ' എന്ന സെക്ഷൻ വഴി അപ്ലോഡ് ചെയ്യാം. ആരാണ് പരാതി നൽകിയതെന്ന് ഉദ്യോഗസ്ഥർക്ക് പോലും കണ്ടെത്താൻ കഴിയാത്ത രീതിയിലാണ് ആപ്പിന്റെ ക്രമീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |