SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

അധികാരത്തിന്റെ സംഖ്യാശാസ്ത്രം

aq

പ്രശസ്ത ഫ്രഞ്ച് ചരിത്രകാരൻ, ഫ്രാൻസ്വാ ഹാർട്ടോഗ് (Francois Hartog) രാഷ്ട്രീയചരിത്രത്തെ മൂന്നായി തിരിക്കുന്നു- ഭൂതകാലം രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ആദ്യകാലം (1700 വരെ), രാഷ്ട്രീയം ഭാവികാലത്താൽ നിയന്ത്രിക്കപ്പെട്ട രണ്ടാം ഘട്ടം (1700- 1900), ചരിത്രത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ചിന്തയേതുമില്ലാത്ത വർത്തമാനകാലത്തിന്റെ രാഷ്ട്രീയം. ചരിത്രത്തെ വിവേകത്തിന്റെ ഉറവിടമായോ, ഭാവിയെ പ്രതീക്ഷയുടെ വസന്തകാലമായോ പരിഗണിക്കാത്ത അധികാര രാഷ്ട്രീയത്തിന്റെ കാലം. ഇവിടെ അധികാരത്തിന് വിരാമവും അർദ്ധവിരാമവും ഒന്നുമില്ല. ഇതൊന്നുമില്ലാത്ത സുദീർഘവാക്യം പോലെ അധികാരത്തോടുള്ള രാഷ്ട്രീയക്കാരുടെ മോഹം നീണ്ടുനീണ്ടു പോകുന്നു. രാഷ്ട്രീയം അധികാരത്തിന്റെ കലയായി അധഃപതിച്ച കാലം. പോയവർഷത്തെ ഇന്ത്യൻ രാഷ്ട്രീയം ഇതിന് ഒന്നാന്തരം ഉദാഹരണമാണ്.

തിരഞ്ഞെടുപ്പിനാൽ സമൃദ്ധമായ വർഷമാണ് കടന്നുപോകുന്നത്. ലോക്‌സഭയിലേക്കും എട്ടു നിയമസഭകളിലേക്കും നടന്ന ഒമ്പത് തിരഞ്ഞെടുപ്പുകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ ഉദ്ദേശിച്ച '400+" സീറ്റ് എന്ന മോഹം പൊലിഞ്ഞുപോയെങ്കിലും എൻ.ഡി.എ നിഷ്പ്രയാസം മുന്നാമൂഴവും അധികാരത്തിലേറി. മറുവശത്ത്, ഇന്ത്യാ മുന്നണിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെങ്കിലും നില മെച്ചപ്പെടുത്താനായി. എന്നാൽ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ അവരുടെ അജയ്യത തെളിയിക്കുക തന്നെ ചെയ്തു. എട്ടു സംസ്ഥാനങ്ങളിൽ അഞ്ചെണ്ണത്തിലും അവർ അധികാരത്തിലെത്തി. രണ്ടെണ്ണത്തിൽ മാത്രമാണ് ഇന്ത്യാ സഖ്യത്തിന് പിടിച്ചു നിൽക്കാനായത്.

ആവർത്തിച്ച

ചേരുവകൾ

സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ മതവും രാഷ്ട്രീയവും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന് വീണ്ടും തെളിയിച്ചൊരു വർഷമായിരുന്നു 2024. രാഷ്ട്രീയപ്പാർട്ടികൾ, പ്രത്യേകിച്ച് ബി.ജെ.പി തിരഞ്ഞെടുപ്പുകളിൽ ഉടനീളം വർഗീയചേരുവകൾ പരീക്ഷിച്ചതും, പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതും, അമ്പലം- പള്ളി തർക്കം പുതിയ അവകാശവാദങ്ങളിലേക്കു നീങ്ങിയതും ഇതിന്റെ ദൃഷ്ടാന്തമാണ്. ബഹുജന പ്രക്ഷോഭങ്ങൾക്കും സാമൂഹിക സംഘർഷങ്ങൾക്കും കുറവൊന്നുമുണ്ടായില്ല. കർഷക പ്രക്ഷോഭവും ഛത്തിസ്ഗഢിൽ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട് ആദിവാസികൾ നടത്തിയ സമരവും ഇതിൽ ചിലതു മാത്രം. രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ ന്യായ് യാത്ര"യും ഇതിന്റെ മറ്റൊരു രൂപമായിരുന്നു. മണിപ്പൂരും ഉത്തർപ്രദേശിലെ സംഭലും സാമൂഹിക സംഘർഷങ്ങൾക്ക് വേദിയായതും തിരശ്ശീലവീഴുന്ന ഈ വർഷത്തിലാണ്.

അഴിമതി ആരോപണങ്ങളുടെ പേരിൽ രണ്ടു മുഖ്യമന്ത്രിമാരെ- അരവിന്ദ് കെജ്‌രിവാളും ഹേമന്ത് സോറനും - കേന്ദ്ര അന്വേഷണ ഏജൻസികൾ ജയിലിലടച്ചതും 2024-ൽ തന്നെ. രാഷ്ട്രീയത്തിലെ പതിവു പരിപാടിയായ കാലുമാറ്റവും ചേരിമാറ്റവും ശമനമില്ലാതെ തുടർന്നു. ഇന്ത്യാ മുന്നണിയിൽ നിന്ന് എൻ.ഡി.എയിലേക്ക് ചേരി മാറിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇതിലെ പ്രമുഖൻ. ഇതിനിടയിൽ പൗരത്വനിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനും, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നതിനും, ഏകികൃത വ്യക്തിനിയമം ഉത്തരാഖണ്ഡ് നിയമസഭ പാസാക്കുന്നതിനും നമ്മൾ സാക്ഷ്യം വഹിച്ചു.

കേരളത്തിലും

കൂറുമാറ്റ ശീലം!

പള്ളി- അമ്പല തർക്കവും ഏകീകൃത വ്യക്തിനിയമവും സാമൂഹിക സംഘർഷങ്ങളും ഒഴിച്ചു നിർത്തിയാൽ, ഏതാണ്ട് ദേശീയ രാഷ്ട്രീയത്തിന്റെ തനിയാവർത്തനമായിരുന്നു കേരളത്തിലും അരങ്ങേറിയത്. കൂറുമാറ്റം അനുസ്യൂതം തുടർന്നു. പതിവിനു വിപരീതമായി ഇക്കുറി സി.പി.എമ്മിനാണ് കൂടുതൽ നഷ്ടമുണ്ടായത്. പാർട്ടിയിൽ നിന്ന് അനവധി പേർ ബി.ജെ.പിയിലേക്കും കോൺഗ്രസിലേക്കും ചേക്കേറി. മറുവശത്ത്, ബി.ജെ.പിയിൽ നിന്ന് ഒരു പ്രമുഖ നേതാവുൾപ്പെടെ ചിലർ കോൺഗ്രസിലേക്കും, കോൺഗ്രസിൽ നിന്ന് ചിലർ സി.പി.എം/ ബി.ജെ.പിയിലും എത്തി.

വിവാദങ്ങൾക്കും പഞ്ഞമുണ്ടായില്ല. ഇ.പി. ജയരാജൻ- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും, തൃശൂർ പൂരവുമായി ബന്ധപ്പെട്ടും, മുഖ്യമന്ത്രി 'ദ ഹിന്ദു" പത്രത്തിനു നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെക്കുറിച്ചു നടത്തിയ പരാമർശവും, സി.പി.എം ന്യൂനപക്ഷ വർഗീയതയെക്കുറിച്ചു നടത്തിയ പ്രഖ്യാപനങ്ങളും, ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും ആർ.എസ്.എസ് നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയും, മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണവും, പി.വി അൻവർ ഉയർത്തിയ പ്രശ്നങ്ങളും, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നടന്ന ചില സംഭവവികാസങ്ങളുമാണ് ഇതിൽ പ്രധാനം.

ഗവർണർ- സർക്കാർ പോരും, കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്ക,​ വിതർക്കങ്ങളും മേമ്പൊടിയായെത്തി.എന്നാൽ ഇതിനെയെല്ലാം കവച്ചുവയ്ക്കുന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വോട്ടുകൾ ബി.ജെ.പിയിലേക്കു പോയതും, ബി.ജെ.പി ഒരു സീറ്റ് കരസ്ഥമാക്കിയതും, സി.പി.എം നേരിടുന്ന ജീർണതയെക്കുറിച്ചും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചും പാർട്ടി സമ്മേളനങ്ങളിൽ നടന്ന നിശിത വിമർശനങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടായ പൊട്ടിത്തെറികളും.

അന്യമാകുന്ന

പാരസ്പര്യം

ഏതാനും വർഷങ്ങളായി നമ്മുടെ രാഷ്ട്രീയത്തിൽ കണ്ടുവരുന്ന ഏറ്റവും പ്രധാന ന്യൂനതയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന അകൽച്ചയും മൂല്യച്യുതിയും. ഇതിന്റെ പിന്തുടർച്ചയാണ് 2024-ഉം കണ്ടത്. രാഷ്ട്രീയം വെറും അധികാരത്തിന്റെ സംഖ്യാശാസ്ത്രമായി മാറിയിരിക്കുന്നു. ഇതോടെ, തിരഞ്ഞെടുപ്പുകളിൽ നേടുന്ന സീറ്റുകളുടെ എണ്ണത്തിനപ്പുറം അതിന് മറ്റൊരു അർത്ഥമുണ്ടെന്ന കാര്യം രാഷ്ട്രീയക്കാർ വിസ്മരിച്ചു. ഒപ്പം യഥാർത്ഥ ജനാധിപത്യം തുടങ്ങുന്നത് തിരഞ്ഞെടുപ്പിനു ശേഷമാണെന്ന വസ്തുതയും. അധികാരത്തിൽ ആരു വന്നാലും ജനങ്ങളെ ഒന്നായിക്കാണുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും വേണമെന്ന് അർത്ഥം. ഇതിന് അത്യന്താപേക്ഷിതം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുളള കൊടുക്കൽ വാങ്ങലും സംവാദവുമാണ്.

തിരഞ്ഞെടുപ്പുകളിൽ ജയവും പരാജയവും സുനിശ്ചിതമാണ്. എല്ലാ യുദ്ധവും വിജയിക്കാനല്ല, പിന്നെയോ; യുദ്ധക്കളത്തിൽ എതിരാളികളുണ്ടെന്ന് ലോകത്തെ അറിയിക്കാനാണെന്ന് പറയാറുണ്ട്. ഇതുതന്നെയാണ് തിരഞ്ഞെടുപ്പിന്റെ കാര്യവും. ഭരണകക്ഷി എണ്ണത്തിൽ വിജയിക്കുമ്പോൾ പ്രതിപക്ഷത്തിന്റേത് ജനാധിപത്യ ധർമ്മത്തിന്റെ വിജയമാണ്, ഭരണപക്ഷത്തെ നേർവഴി നയിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ വിജയം. ഇത് സാദ്ധ്യമാകുന്നത് പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും ഇരുവരും ഇടപഴകുമ്പോഴാണ്. റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിൽ വന്നപ്പോൾ ട്രോട്സ്‌കി അവർക്കു നൽകിയ ഉപദേശം ജനാധിപത്യത്തിനും ബാധകമാണ്- 'സൗമ്യതയും ആദരവും വിനയവുമായിരിക്കണം രാഷ്ട്രീയത്തെ അടയാളപ്പെടുത്തേണ്ട ഘടകങ്ങൾ." നിർഭാഗ്യവശാൽ ഇതാണ് നമ്മുടെ രാഷ്ട്രീയത്തിൽ ഇപ്പോൾ ഇല്ലാത്തത്.

ഇല്ലാതാകുന്ന

സംവാദങ്ങൾ

ഇതിന്റെ നേർതെളിവാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സംവാദം അപ്രത്യക്ഷമായത്. രാഷ്ട്രീയക്കാർക്ക് പ്രസംഗിക്കാനേ അറിയൂ; സംസാരിക്കാൻ അറിയില്ല. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ക്ഷമയില്ലാതാവുമ്പോൾ എങ്ങനെ സംസാരിക്കാനാവും? അവരുടെ പ്രസംഗത്തിന്റെ ഭാഷ തന്നെ പോരിന്റേതാണ്. പ്രതിയോഗികൾ ശത്രുക്കളാവുന്നു; സംവാദം സംഘർഷമാകുന്നു. പാർലമെന്റിന്റെയും നിയമസഭകളുടെയും പ്രവർത്തനങ്ങളിലൂടെ കണ്ണോടിച്ചാൽ മതി,​ ഇതു ബോദ്ധ്യമാകാൻ.

ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തിയ കാര്യം നാം കണ്ടതാണല്ലോ. നെഹ്രുവും ഷേക്ക് അബ്ദുള്ളയും തമ്മിലുണ്ടായിരുന്ന ബന്ധമാണ് ഓർമ്മവരുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ നെഹ്രു ഷേക്ക് അബ്ദുള്ളയെ ജയിലിലടച്ചു. എന്നാൽ അദ്ദേഹത്തിന്റെ മകന്റെ വിദ്യാഭ്യാസത്തിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തി. വെക്കേഷന്റെ ഒരു ഭാഗം അദ്ദേഹം ചെലവഴിച്ചതു പോലും നെഹ്രു കുടുംബത്തിനൊപ്പമാണ്. ഇവിടെ വിയോജിപ്പ് രാഷ്ട്രീയമാണ്; വ്യക്തിപരമല്ല. എന്നാൽ ഇതിന്റെ അഭാവമാണ് സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടയാളം. ഫ്രാൻസ്വാ ഹാർട്ടോഗിന്റെ ഭാഷയിൽ,​ 'ഭൂതവും ഭാവിയുമില്ലാത്ത വെറും വർത്തമാനത്തിന്റെ രാഷ്ട്രീയം!"

ഇന്ത്യൻ രാഷ്‌ട്രീയം പുത്തൻ ആശയങ്ങൾ തേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. സമൂഹത്തിലും രാഷ്ട്രീയത്തിലും പാരസ്പര്യവും വിശ്വാസവും ഊട്ടിയുറപ്പിക്കാൻ പര്യാപ്തമായ ആശയങ്ങൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇതിനാവശ്യം സാംസ്കാരിക നവോത്ഥാനമാണ്, ബഹുസ്വരതയെയും സംവാദത്തെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന നവോത്ഥാനം.

(പ്രമുഖ സാമൂഹിക നിരീക്ഷകനാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION