SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

ജീവനെടുക്കുന്ന സഹകരണം

sabu

കേരളത്തിന്റെ വികസനത്തിന് തന്നെ കൃത്യമായ സംഭാവന നൽകിയ സഹകരണ ബാങ്കുകളും സംഘങ്ങളും ഗ്രാമീണ പണപ്പെട്ടി കൂടിയാണ്. പാവപ്പെട്ടവന്റെ അത്താണിയായ സഹകരണ സ്ഥാപനങ്ങൾ നിക്ഷേപകന്റെ ജീവനെടുക്കുന്ന സ്ഥിതിയിലേക്ക് മാറിയതാണ് നാം അടുത്തിടെ കട്ടപ്പനയിൽ കണ്ടത്. ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകന് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് അതിദാരുണമായ സംഭവമായിരുന്നു. കട്ടപ്പന പള്ളിക്കവലയിൽ വെറൈറ്റി ഗിഫ്റ്റ് ആൻഡ് ഫാൻസി ഷോപ്പ് നടത്തുകയായിരുന്നു മുളങ്ങാശേരിയിൽ സാബു (56). കുടുംബ സ്വത്ത് വിറ്റ് കിട്ടിയ 50 ലക്ഷത്തിലധികം രൂപയാണ് കട്ടപ്പന റൂറൽ കോ- ഓറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. പല തവണകളായി 25 ലക്ഷം രൂപ തിരികെ ലഭിച്ചു. എന്നാൽ ബാക്കി തുക നൽകാൻ സൊസൈറ്റി തയ്യാറായില്ല. കഴിഞ്ഞ ദിവസം ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നിക്ഷേപത്തുക തിരികെ വാങ്ങാൻ സാബു സൊസൈറ്റിയെ സമീപിച്ചിരുന്നു. എന്നാൽ സെക്രട്ടറിയും ജീവനക്കാരും ഇദ്ദേഹത്തെ അപമാനിച്ച് തിരിച്ചയച്ചു. തൊടുപുഴയിലെ ആശുപത്രിയിൽ കഴിയുന്ന ഭാര്യയുടെ ചികിത്സയ്ക്കായി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് വ്യാഴാഴ്ച സാബു സൊസൈറ്റി ഓഫീസിൽ എത്തിയിരുന്നു. എന്നാൽ പണം നൽകാൻ ജീവനക്കാർ തയ്യാറായില്ല. തുടർന്ന് ജീവനക്കാരും സാബുവുമായി വാക്കുതർക്കമുണ്ടായി. ഓഫീസിലെത്തി പ്രശ്നമുണ്ടാക്കിയതിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും ബന്ധു ആരോപിച്ചു. പിറ്റേന്ന് രാവിലെ 7.30 ഓടെയാണ് സൊസൈറ്റി ഓഫീസിലേക്കുള്ള സ്റ്റെയർകേയ്സിൽ തൂങ്ങിമരിച്ച നിലയിൽ സാബുവിനെ കണ്ടത്. കെട്ടിടത്തിൽ താമസിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. സ്വന്തം അദ്ധ്വാനത്തിന്റെയും ആയുസിന്റെയും വിലയായ സമ്പാദ്യത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ നിരവധി തവണ തലകുനിക്കേണ്ടി വരികയും തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത സാഹചര്യത്തിലെത്തുകയും കണക്കുകൂട്ടലുകളെല്ലാം തെറ്റുകയും ചെയ്തപ്പോഴാണ് തന്നെ വഞ്ചിച്ചവരോടുള്ള പ്രതികാരമെന്ന നിലയ്ക്ക് സാബു ബാങ്കിന്റെ മുന്നിൽ ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിച്ചത്. സാബുവിന്റെ പോക്കറ്റിലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പിൽ എല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജാമോൾ എന്നിവരാണെന്നും തന്റെ ജീവിതകാലം മുഴുവൻ സമ്പാദിച്ച പണമാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നും ഭാര്യയുടെ ചികിത്സയുടെ ആവശ്യത്തിനായി പണം ആവശ്യപ്പെട്ട് വന്നപ്പോൾ ജീവനക്കാർ അപമാനിച്ചതായും പിടിച്ചുതള്ളിയതായും അസഭ്യം പറഞ്ഞ് ഒഴിവാക്കിയതായും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

മുമ്പ് കോൺഗ്രസ് ഭരിച്ചിരുന്ന കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി നാല് വർഷം മുമ്പാണ് സി.പി.എം ഭരണസമിതിക്ക് കീഴിൽ വരുന്നത്. കുറഞ്ഞ നിക്ഷേപകർ മാത്രമുള്ള ബാങ്ക് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. നിക്ഷേപകരുടെ ആശങ്കകൾക്കോ അവരുടെ താത്പര്യങ്ങൾക്കോ പുല്ലുവില പോലും കൽപ്പിക്കപ്പെടാതെ കൈയ്യൂക്കിന്റെ കരുത്തോടെ മുന്നോട്ടുപോകുമ്പോൾ ഇതുപോലെ നിരവധി സാബുമാരുടെ ജീവിതമാണ് തകർന്നുപോകുന്നത്. പലരും ജീവിതത്തെ അഭിമുഖീകരിക്കാൻ കഴിയാതെ മരണത്തിൽ അഭയം പ്രാപിക്കുമ്പോൾ വലിയൊരു വിഭാഗം സങ്കടങ്ങളുടെ അഗ്നിപർവതങ്ങൾ ഉള്ളിൽ പേറി നീറിപ്പുകയുകയാണ്.

മരിക്കും മുമ്പ് ഭീഷണിയും

നിക്ഷേപതുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വ്യാപാരി സാബു മരിക്കുന്നതിന് മുമ്പ് ബാങ്ക് മുൻ പ്രസിഡന്റ് വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്തായിരുന്നു. സി.പി.എം കട്ടപ്പന ഏരിയ മുൻ സെക്രട്ടറി വി.ആർ. സജിയാണ് സാബുവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. എന്നാൽ, ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി ചോദിക്കുന്നത്. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, 'പണി മനസിലാക്കി തരാം' എന്ന് ഭീഷണിപ്പെടുത്തുകയാണ്. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്നും സജി പറയുന്നുണ്ട്. തന്റെ നിരപരാധിത്വം സാബു ആവർത്തിക്കുന്നുണ്ടെങ്കിലും സജി ഭീഷണിയോടെയാണ് മറുപടി നൽകുന്നതെന്ന് ഫോൺ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. കൃത്യമായ തെളിവുകൾ ലഭിച്ചിട്ടും സജിക്കെതിരെ കേസെടുക്കാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. ആത്മഹത്യാക്കുറിപ്പിൽ പറയുന്ന ജീവനക്കാർക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല.

മരിച്ചിട്ടും വിടാതെ അധിക്ഷേപം

ജീവനൊടുക്കിയ സാബുവിനെ വീണ്ടും അധിക്ഷേപിച്ച കഴി‌ഞ്ഞ ദിവസത്തെ എം.എം. മണിയുടെ പ്രസംഗം വലിയ വിവാദമായിരുന്നു. സാബുവിന് എന്തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടോ ഡോക്ടറെ കണ്ടിട്ടുണ്ടോ എന്നൊന്നും തങ്ങൾക്ക് അറിയില്ലെന്നായിരുന്നു എം.എൽ.എയുടെ പരാമർശം. കട്ടപ്പനയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ നയ വിശദീകരണ യോഗത്തിലായിരുന്നു മണി വിവാദ പ്രസംഗം. സാബു പണം ചോദിച്ചുവന്നപ്പോൾ പണം ഇല്ലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തത് ഇടതുപക്ഷത്തിന്റെ തലയിൽ വെയ്ക്കാൻ ശ്രമമുണ്ട്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള യാതൊരു പ്രകോപനവും ബാങ്ക് ഭരണസമിതിയുടെയോ വി.ആർ. സജിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തങ്ങൾ അതിന്റെ എല്ലാ വശവും പരിശോധിച്ചിട്ടുണ്ട്. ബാങ്കിലെ പണം കിട്ടിയില്ല എന്നതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ലെന്നാണ് അറിയാൻ കഴിയുന്നത്. വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവെയ്ക്കാൻ ഒരുത്തനും ശ്രമിക്കേണ്ടെന്നും മണി പറഞ്ഞു. ഇതേ വേദിയിൽ തന്നെയാണ് പീനൽ കോഡ് അനുസരിച്ച് വി.ആർ. സജിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞത്. ശവം കണ്ടാൽ കെട്ടിപ്പിടിക്കാൻ ഓടുകയാണ് ഡീൻ കുര്യാക്കോസും കോൺഗ്രസും. അതിന്റെ കൂടെ ബി.ജെ.പിയും കൂടുന്നു. കട്ടപ്പനയിൽ മൃതദേഹവുമായി തെമ്മാടിത്തരമാണ് അവർ കാണിച്ചതെന്നുമാണ് വർഗീസ് പറഞ്ഞത്. സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന ക്രമക്കേടുകളും വഴിവിട്ട പെരുമാറ്റങ്ങളുമെല്ലാം ഭരണകൂടത്തിന്റെ അറിവോടെയാണെന്നതിനുള്ള തെളിവാണ് സാബുവിന്റെ മരണത്തിനുത്തരവാദികളായവർക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാൻ പൊലീസ് മുതിരാതിരിക്കുന്നതും മരിച്ചിട്ടും വെറുതെ വിടാതെയുള്ള നേതാക്കളുടെ അധിക്ഷേപങ്ങളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION